Saturday, October 17, 2009

ദുരിതപ്പുഴയോരത്തൊരു പെണ്ണായ്...

അവര് വന്ന് പോയതിനു ശേഷം മനസ്സമാധാനമുണ്ടായിട്ടില്ല.നാശം.ഒരു സ്വൈര്യം തരില്യാന്ന് വെച്ചാൽ.വേണ്ടാ വേണ്ടാന്ന് പറഞ്ഞിറ്റും..ആ ചെറിയമ്മോനാ എല്ലാറ്റിനും കാരണം.


ഉച്ചയ്ക്ക് കുറച്ച് കിടന്നു. ഉറങ്ങിയില്ല.കിടക്കപ്പൊറുതിയില്ലാതെ എഴുന്നേറ്റു നടന്നു.പുഴയിലേക്ക്.


ആകെ പുകയുകയാണ്.പുഴയ്ക്കിതൊന്നുമറിയേണ്ട.ഇളകിച്ചിരി-ച്ചൊഴുകുകയാണ്.
പരിഹസിക്ക്യാണല്ലേ.കല്ലെടുത്തെറിഞ്ഞു.വീണ്ടും വീണ്ടും.

'നിൻക്കെന്താ പ്രാന്ത് പിടിച്ചാ'ദെച്ചുവാണ്.


'നീയെന്താടീ എന്ന കൂട്ടാണ്ട് വന്നെ'


'മനസ്സില്ലായിറ്റ്'ദേഷ്യാ തോന്ന്യത്.ഓള്യൊരു കിന്നാരം.


'എന്നോടെന്തിനാപ്പാ കേറിക്കടിക്ക്ന്ന്.ഓ എനീപ്പം മറ്റാരീം ബേണ്ട്യേരില്ല.'ഓള ചൊറീന്ന വർത്താനം തൊടങ്ങി.

'ഞാനാരേം കടിച്ച്റ്റ്ല.ഞാൻ നായ്യൊന്ന്വല്ല കടിക്കാൻ.'


'നിൻക്ക് പുര്വൻ ബര്ന്ന്ണ്ട്ന്ന് കേട്ട്നല്ലാ.നേരാ?'


'നിന്നോടാരാ പറഞ്ഞെ? ആ ചിര്തേയ്യ്യാരിക്കും ഞാനോക്ക് ബെച്റ്റ്ണ്ട്'.ദേഷ്യം കത്തിക്കാളുകയാണ്.


'അയ്യോ! ആ പാവത്തിന കലമ്പണ്ട.അമ്മ പറേന്നത് ഒളിച്ച് നിന്ന് കേട്ടതാ'


നാണൂല്ലാത്ത അസത്ത്.ഈയൊരു വിചാരേള്ളൂ.ബാക്കിള്ളോർക്ക് ഓർക്കുമ്പോത്തന്നെ പേട്യാവ്ന്ന്.


'കേക്കോട്ടാന്നെങ്കിലും നല്ല കോപ്പ്കാറാ പോലും'.ഓള ബായീന്ന് ബെള്ള്റ്റുന്ന്ണ്ട്ന്ന് തോന്നി.


'എന്നാ നീ കയ്ചൊ'


'അയ്ന് ഞങ്ങക്ക് കോപ്പ്ണ്ടാ.നിങ്ങള് ബെല്യെ കോപ്പ്കാറല്ലേ.എന്ന കാണാൻ ബന്നവരെല്ലാം കോപ്പ്ല്ലായ്റ്റ് പോയി'.ഓക്ക് സങ്കടം.


'അനക്ക് മലക്ക് പോയി പണിയെടുക്കാനൊന്ന്വാവൂല.പൊടോറി കയ്ക്കാൻ ഇങ്ങോട്ട് വരട്ടെ.പൊട വാങ്ങാൻ ബേറെയാള നോക്ക്ണ്ട്യേരും'.


'നീ കുളിക്കുന്നില്ലേ? വാ നമ്മക്കൊന്ന് നീന്താം.നീ പോയാപ്പിന്നെ അയിനൊന്നും പറ്റൂല്ലല്ലോ?'


‘ദെച്ചൂ നീയെന്ന ദേഷ്യം പിടിപ്പിക്കണ്ട'.


പുഴയിലിറങ്ങി കുളിച്ചെന്ന് വരുത്തി.വഴി നീളെ ദെച്ചു ചറപറാ സംസാരിക്കുന്നുണ്ടായിരുന്നു.കുറേ ഉപദേശങ്ങളും .ഒന്നും മിണ്ടാതെ കേട്ടു നടന്നു.


'ഈട്യൊരാളൂല്ലല്ലോ ഒന്നു ബെളക്ക് കത്തിക്കാൻ.ഒരുത്തി പെറ്റ് കെടക്ക്ന്ന്.മറ്റോള് നീരാട്ടിനും.ബാക്കിള്ളോര് സന്ധ്യ വരെ പാണിക്കാര കൂട നാട്ടിപ്പണിയെടുത്ത് ബെരുവാന്ന്.
അച്ഛനും മക്കളും അങ്ങോട്ട് തിരിഞ്ഞ് നോക്കീറ്റ്ല്ല.'

അമ്മയുടെ പിറുപിറുപ്പ് കേട്ടില്ലാന്ന് നടിച്ചു.

'നിന്റെ മീടെന്താ കടന്നല് കുത്തിയപോലെ.ഇഷ്ടൂല്ലെങ്കില് ഇങ്ങോട്ട് ബന്നൂടെ?'


'തോന്നുമ്പം തോന്നുമ്പം ബാരിക്കെട്ടി ബരണം ഞാനും.അല്ലേ? അതിനെന്നെ കിട്ടൂല.'പൊട്ടിത്തെറിച്ചു.


നനഞ്ഞ തോർത്ത് അയലിന്മിലിട്ട് അട്ടത്തേക്ക് കയറി.കട്ടിലിൽ കണ്ണടച്ച് കിടന്നു.
ഓർക്കുന്തോറും പ്രാന്ത് പിടിക്കുന്നു.


മലക്കോട്ട്.ഞാനില്ല.കുഞ്ഞമ്മോൻ പറഞ്ഞതാണെങ്കിൽ പിന്നേം വേണ്ടില്ല.


'ദേവിയോട്തു.’അച്ഛന്റെ ശബ്ദം.


'ഓള് ചോറുണ്ണാൻ ബിളിച്ചിറ്റ് ബെരുന്നില്ല'.


'എന്താ ബയറു ബേദനയുണ്ടോ?'


'ഒരു ബേദനയൂല്ല.പൊടോറി ബേണ്ടപോലും.'


'ബേണ്ടെങ്കിൽ ബേണ്ട'.


'നിങ്ങക്കങ്ങനെ പറയാം.അന്റച്ഛനും ആങ്ങളാറും നാണം കെടും.'




'നിന്റാങ്ങളാറ കാര്യൊന്നും പറേണ്ട.കുടുംബസ്നേഹുല്ലാത്ത വഹ.'


'അച്ഛനും മോളും കൂടി എന്തോ ആയ്ക്കോ.ഞാൻ പിന്നെ ഈടിണ്ടാവൂല.പറഞ്ഞില്ലാന്ന് ബേണ്ട.'


ദേഷ്യം പുകഞ്ഞ് കണ്ണിലൂടൊഴുകി.വെറുതെയാണ് തന്റെ സമരം.എല്ലാം തീരുമാനിച്ചതുപോലെ നടക്കും.ചത്താ മതിയായിരുന്നു.


പുലർച്ചയ്ക്ക് കുന്നുമ്പുറത്തേക്ക് നടന്നു.ആരേയും കാണണ്ട.അവിടെ കുത്തിയിരുന്നു.ഒച്ച കേട്ട് കണ്ണു തുറന്നു.എല്ലാരുമുണ്ട്.അച്ഛനുമമ്മയും ഏട്ടനും അനിയത്തിമാരുമെല്ലാം.


അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.’ഇന്ന് രാത്രി പൊടോറി കയ്ക്കണ്ട പെണ്ണാ.കാട്ട്ല് ബന്ന് . കുത്ത്രിക്ക്ന്ന്
എല്ലാരും കൂടി പിടിച്ചുകൊണ്ടുപോയി.അമ്മയുടെ തറവാട്ടിലേക്ക്.
അവിടെ വെച്ച് ഇന്ന്...


ആരൊക്കൊയോ വരുന്നു,പോകുന്നു.ഒന്നും ശ്രദ്ധിക്കാൻ പോയില്ല..


‘പൊടോറിക്കാര് ബെര്ന്ന്ണ്ട്'ആരോ പറഞ്ഞു.


നിലവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ കുറെ നിഴലുകൾ.


'കൈ നീട്ട്'ചെറിയമ്മോൻ.


കുഞ്ഞമ്മായ്മ്മ പിന്നിൽ നിന്ന് മുന്നോട്ട് തള്ളി.


മുഖമുയർത്തിയില്ല.കൈയിലൊരു തുണ്ട് പുടവ വീണതറിഞ്ഞു.


പന്തലിൽ പെട്രോമാക്സിന്റെ വെളിച്ചത്തിൽ സദ്യ വിളമ്പുന്നതിന്റെ കോലാഹലം.

ആരോ പിടിച്ചൊരിലയുടെ മുമ്പിലിരുത്തി.ഒന്നും കൈകൊണ്ട് തൊട്ടില്ല.
വീണ്ടും പടിഞ്ഞാറ്റിയുടെ ഇരുട്ടിൽ.

എത്ര നേരം ഇരുന്നെന്നോർമ്മയില്ല.വാതിലിന്റെ കിറുകിറാ ശബ്ദം.നോക്കാൻ പോയില്ല.
അടുത്ത് ഒരാൾ വന്ന് കിടന്നു. മൂലയിലൊന്നുകൂടി ചുരുണ്ടു.ദേഹത്ത് തട്ടാതിരിക്കാൻ.കണ്ണുകളിറുക്കിയടച്ചു.ഒന്നും കാണണ്ട.ഒന്നും.




(പഴയ കാലത്തെ ഒന്ന് തോറ്റിയുണർത്താൻ ശ്രമിച്ചതാണ്.വിജയിച്ചോ എന്നു നിങ്ങൾ തീരുമാനിക്കുക.ചില പദങ്ങൾ വഴിമുടക്കി നിന്നേക്കാം.ഏതൊക്കെയാണെന്നറിയിച്ചാൽ വ്യക്തമാക്കിത്തരാം.)

41 comments:

OAB/ഒഎബി said...

പേടികൊണ്ടുള്ള ഒരു തരം വിഭ്രാന്തി അത്രയല്ലെയുള്ളു....കൂടുതല്‍ പറയാത്തതിനാല്‍ പൊടോറി ബേണ്ട എന്നതിന് കാരണമില്ല.

വാക്കുകള്‍ രണ്ടും മൂന്നും പ്രാവശ്യം വായിച്ചപ്പോള്‍ മനസ്സിലാവുന്നു. കഥ നന്നായിട്ടുണ്ട്.

ANITHA HARISH said...

kurachu buddimuttiyenkilum vaayichu.... nannaayirikkunnu.... deepaavali aashamsakal.

വീകെ said...

വായിച്ചു വന്നപ്പോൾ തോന്നി ഏതോ അകത്തളങ്ങളിലെ കാര്യങ്ങളാണല്ലോന്നു. പെൺകുട്ടികൾക്ക് ഒരു വിലയും കൊടുക്കാതിരുന്ന കാലം. കാർന്നോമ്മാര് കഴുത്തു നീട്ടാൻ പറയുമ്പൊൾ നീട്ടുക. അതിനപ്പുറത്തേക്ക് ഒന്നിനും കഴിയുമായിരുന്നില്ല ഒരു പെണ്ണിനും..!!
കേട്ടിട്ടുണ്ട് അങ്ങനെയൊക്കെ...!!

ആ പഴയ കാലം വായിക്കുമ്പോൾ തോന്നുന്നുണ്ട്..
ആശംസകൾ..

VEERU said...

ഒരൽ‌പ്പം ചെറുതായെങ്കിലും കഥ കൊള്ളാം കേട്ടോ..
ആശംസകൾ !!

Typist | എഴുത്തുകാരി said...

കഥ നന്നായിട്ടുണ്ട്.എന്നാലും ഇത്തിരി ബുദ്ധിമുട്ടി വായിച്ചു മനസ്സിലാക്കിയെടുക്കാന്‍.

Anil cheleri kumaran said...

എനിക്ക് വളരെ വ്യക്തമായി വായിക്കാന്‍ പറ്റി.. ഹഹഹ്.. ഞാള് സ്ഥിരമായി ഉപയോഗിക്കുന്നതല്ലേ ഇതൊക്കെ.. പഴയകാലത്തിന്റെ ഒരു നേര്‍‌ക്കാഴ്ച്ച.

ബിന്ദു കെ പി said...

പഴയകാലത്തെ തൊട്ടുണർത്താനുള്ള ശ്രമം തീർച്ചയായും വിജയിച്ചിരിക്കുന്നു..

ഇത്തരം സംഭാഷണങ്ങൾ അത്യാവശ്യം കേട്ടുപരിചയമുള്ളതുകൊണ്ട് മനസ്സിലാക്കാനും ബുദ്ധിമുട്ട് തോന്നിയില്ല.

ഗീത said...

കഥയുടെ ഇതിവൃത്തം മനസ്സിലായി. ഇഷ്ടായി.
ആ വടക്കന്‍ ഭാഷ മനസ്സിലാക്കിയെടുക്കാന്‍ ഇത്തിരി പണിപ്പെടേണ്ടി വന്നൂട്ടോ...

raadha said...

പൊടോറി എന്നെ കുറെ വിഷമിപ്പിച്ചു...എന്താ അര്‍ഥം എന്ന് ആലോചിച്ചിട്ട്..മൂന്നാം തവണ വായിച്ചപ്പോള്‍ പിടികിട്ടി. പുടമുറി..!!! എനിക്ക് തീരെ പരിചയമില്ലാത്ത ഒരു ഭാഷയില്‍ കഥ പറഞ്ഞു തന്നതിന് നന്ദി...

ഏതു നാട്ടിലെ ഭാഷയാ ഇത്?

Novice Writer said...

Hmm that was really difficult to understand..Anyway managed to make out the story:-)Good one!
Hope you had a wonderful Deepavali!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ശാന്താ,

നന്നായിട്ടുണ്ട്..ഇതാണു നിങ്ങളുടെ ഒറിജിനൽ കണ്ണൂർ ഭാഷ..അതോ ഇരിക്കൂർ ഭാഷയോ? എന്തായാലും ഇനിയും ഇതേ ഭാഷയിൽ എഴുതൂ..വള്ളുവനാടൻ ഭാഷ മാത്രമാണു മലയാളം എന്ന് കരുതി വച്ചിരിക്കുന്നവർ ഇങ്ങനെയും ചില വാക്കുകൾ പഠിക്കട്ടെ

ആശംസകൾ!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഒന്നു പറയാൻ മറന്നു...സ്തീപക്ഷത്തു നിന്നുള്ള ആ വീക്ഷണം നന്നായിട്ടുണ്ട് കേട്ടോ..

ശാന്ത കാവുമ്പായി said...

ഒരു പത്തറുപത്‌ കൊല്ലം മുമ്പ്‌ കണ്ണൂരിന്റെ ഉൾഗ്രാമങ്ങളിലെ കർഷകർ(മിക്കവാറും എല്ലാവരും കർഷകരാണ്‌)സംസാരിച്ചിരുന്ന ഭാഷയാണിത്‌.ഇപ്പോഴും ഞങ്ങൾ സംസാരിക്കുമ്പോൾ ഈ ഭാഷ ഉപയോഗിക്കും.ഭാഷ എപ്പോഴും എളുപ്പത്തിലേക്കു പോകും.പിന്നെ ഭാഷയിൽ പ്രാദേശിക ഭേദങ്ങളല്ലാതെ ഉച്ചനീചത്വങ്ങളില്ല.അതുകൊണ്ടു തന്നെ ഏതു ജീവൽഭാഷയും സാഹിത്യത്തിൽ ഉപയോഗിക്കാം.മറ്റുള്ളവർക്ക്‌ മനസ്സിലായില്ലെങ്കിലോ എന്ന് സംശയം തോന്നിയതുകൊണ്ടാണ്‌ വ്യക്തമാക്കാം എന്നു പറഞ്ഞത്‌.
ഒഎബി പേടികൊണ്ടുള്ള വിഭ്രാന്തി അല്ല.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ്‌ വിവാഹം കഴിച്ചയക്കുന്നത്‌.വരനാരാണെന്നു പോലും അവളറിയില്ല.ഭർത്താവിന്റെ വീട്ടിൽ അവളെ കാത്തിരിക്കുന്നത്‌ കഠിന ജോലികളും(നെല്ലുകുത്ത്‌ തുടങ്ങിയ)പീഡനവും പട്ടിണിയുമാണ്‌.ഈ കാരണങ്ങൾ കൊണ്ട്‌ എത്രയോ പെൺകുട്ടികൾ ചാടിപ്പോയിട്ടുണ്ട്‌(ബാരിക്കെട്ടിപ്പോവുക).വായിച്ച്‌ കമന്റെഴുതിയതിൽ നന്ദി.
അനിത വന്നതിലും വായിച്ചതിലും നന്ദി.
വീകെ എഴുതിയത്‌ മനസ്സിലായി എന്നതിൽ സന്തോഷിക്കുന്നു.കഴുത്തല്ല കൈ നീട്ടിയാൽ മതി.പുടവ വാങ്ങാൻ.
വീരു,എഴുത്തുകാരി,ബിന്ദു കെ.പി,ഗീത,രാധ.Novice writer വായിച്ചതിൽ ഒരുപാട്‌ നന്ദി.നിങ്ങളെയൊക്കെ കാണുന്നതു തന്നെ സന്തോഷമാണ്‌.
കുമാരൻ സന്തോഷമല്ല,അത്യാനന്ദമാണ്‌ ഞാൻ കമന്റ്‌ വായിച്ചപ്പോളനുഭവിച്ചത്‌.
സുനിൽകൃഷ്ണൻ ഞാനൊരു സ്ത്രീയായതുകൊണ്ടാണ്‌ എനിക്കിങ്ങനെ എഴുതാൻ പറ്റുന്നത്‌.താങ്കളുടെ വായനയെ ആത്മാർത്ഥമായ വിലയിരുത്തലായി കണക്കാക്കുന്നു.

Magician RC Bose said...

വായിച്ചെടുക്കാന്‍ ഇത്തിരി പാടുപെട്ടു നന്നായി കഥയല്ല കാര്യം..........

shajkumar said...

കഥ നന്നായിട്ടുണ്ട്.എന്നാലും ഇത്തിരി ബുദ്ധിമുട്ടി വായിച്ചു മനസ്സിലാക്കിയെടുക്കാന്‍

Manoraj said...

വായിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടി....എന്നാലും അതിനു വേണ്ടി എടുത്ത effort സമ്മതിക്കാതെ വയ്യ...എന്തായാലും വീണ്ടും എഴുതുക...

anupama said...

Dear Santha,
Good Evening!
Thanks a lot for your visit n comment in my post.
a difefrent language,of which district?but i loved the dialogues.:)
do write often n readers love your posts.:)
have a cool n lovely evening!
sasneham,
anu

Sabu Kottotty said...

ഇതിനെ കഥയെന്നു പറയാന്‍ വയ്യ, ശരിയ്ക്കും ജീവിതത്തിന്റെ ഒരു പ്രധാന ഭാഗത്തിന്റെ ചുരുക്കെഴുത്ത്. രണ്ടുമൂന്നു പ്രാവശ്യം വായിയ്ക്കേണ്ടിവന്നു ഒന്നു മനസ്സിലാക്കിയെടുക്കാന്‍.
ആശംസകള്‍...

അരുണ്‍ കരിമുട്ടം said...

വായിച്ചെടുക്കാനും, മനസിലാക്കാനും കഷ്ടപ്പെട്ടങ്കിലെന്താ..
നല്ല കഥ

jyo.mds said...

വായിക്കാന്‍ ബുദ്ധിമുട്ടി-കുറച്ചു മനസ്സിലായി,കുറച്ചു മനസ്സിലായില്ല

നന്ദന said...

വിജയിക്കുന്നുണ്ട്
നന്നായിരിക്കുന്നു....... തുടര്‍ന്നും പ്രതീക്ഷിക്കുന്നു....
നന്ദന

ശാന്ത കാവുമ്പായി said...

ബോസ്‌,ഷാജ്കുമാർ,മനോരാജ്‌,അനുപമ,കൊട്ടോട്ടിക്കാരൻ,അരുൺകായംകുളം,ജ്യോ,നന്ദന വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.ബോസ്‌,കൊട്ടോട്ടിക്കരൻ ഇത്‌ ഞാൻ കുറെയൊക്കെ കാണുകയും കേൾക്കുകയും ചെയ്ത ജീവിതമാണ്‌.ജ്യോ മനസ്സിലാവാത്തത്‌ ഏതൊക്കെ എന്നറിയിച്ചാൽ വ്യക്തമാക്കാം.

വിജയലക്ഷ്മി said...

pazhayakaala akathalangalile bhaashakondu katha nannaayi alnkarichhirikkunnu..kollaam.

രാജീവ്‌ .എ . കുറുപ്പ് said...

വായിച്ചെടുക്കാന്‍ ഇച്ചിരി പാട് പെട്ടു. നന്നായി കഥ

പൊടോറി=പുടമുറി എന്ന് രാധയുടെ കമന്റില്‍ നിന്നും മനസിലായി

പ്രേം I prem said...

ഉറങ്ങിയില്ല.കിടക്കപ്പൊറുതിയില്ലാതെ എഴുന്നേറ്റു നടന്നു.പുഴയിലേക്ക്.
പെട്ടെന്ന് എന്തൊക്കെയോ ചിന്തിച്ചുപോയി , നന്നായിട്ടുണ്ട്, കണ്ണൂര്‍ ഭാഷയല്ലേ ...

Anonymous said...

ശാന്തേച്ചീ....വളരെ ഇഷ്ടായി..നമ്മുടെ കണ്ണൂര്‍ ഭാഷ അന്യമായിക്കൊണ്ടിരിക്കുകയാണെന്നു തോന്നും ചിലപ്പോഴൊക്കെ..എന്നാല്‍ ഇത് വായിച്ചപ്പോ..ശരിക്കും എന്റെ ഭാഷയെ മിസ്സ്‌ ചെയ്തു..നന്ദി....

Muralee Mukundan , ബിലാത്തിപട്ടണം said...

ആ പഴയകാ‍ല പുടമുറിമുതൽ ആദ്യരാത്രിവരെ ;അതു തനി വടക്കൻ ഭാഷയിൽ...
ഉന്തുട്ടായാലും സാനം ഉഗ്രനായിൻണ്ട്ട്ടാ‍ാ...

ഒരു നുറുങ്ങ് said...

സ്വന്തഭാഷയിലും ശൈലിയിലും എഴുമ്പോള്‍,ആശയങ്ങള്‍
കൂടുതല്‍ തെളിനീരൊഴുക്കും.കടമെടുക്കുമ്പോള്‍ അതു
കലങ്ങും!അന്യംനിന്നുപോവുന്ന വടക്കന്‍ പ്രയോഗങ്ങള്‍,
അതു നിങ്ങള്‍ കൈമോശം വരാതെ നിലനിര്‍ത്തുമല്ലോ!
അഭിനന്ദനങ്ങള്‍

ഭായി said...

ഈ കഥയിലെ പദങള്‍ വെച്ച് ഒരു നിഘണ്ടു ഇറക്കി
“ഗുണ്ടര്‍ട്ട് ഭായി” എന്ന് പേര് സംബാധിച്ചാലോ എന്നാലോചിച്ചതാ ടീച്ചറേ...:-)

ചില പദങള്‍ വഴിതടയുക മാത്രമല്ലാ, ഇടിച്ച് തറയിലിടുകയും ചെയ്തു...

ഏതായാലും നമ്മുടെ സാധാരണ വായനയില്‍ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരുന്നു!! നന്നായിരുന്നു!

ഭാവുകങള്‍!

mukthaRionism said...

കഥ നന്നായിട്ടുണ്ട്.

Anya said...

Thanks for your visit :)
You are welcome
its just fun :))))

greetings
Anya :)

റോസാപ്പൂക്കള്‍ said...

വളരെ നല്ല ഒരു കഥ..
അവതരണവും മനോഹരം..
ഭാവുകങ്ങള്‍..

രാജന്‍ വെങ്ങര said...

ഇതിവൃത്തവും,ആഖ്യാനവും നന്നായിരിക്കുന്നു.
ഒരു ജീവിത നൊമ്പരം വളരെ ഭംഗിയായി പകര്‍ത്തിയിരിക്കുന്നു.എന്നാല്‍,എന്തിനാ്ണു പൊടമുറിയെ ഇത്രയാ പെണ്‍കുട്ടി ഭയപെട്ടതു എന്നു മാത്രം തെളിഞ്ഞു വന്നില്ല.എങ്കിലും അനവശ്യമായതും അരുചിയുള്ളതും ഒന്നും തൊട്ടുവരാതെ നന്നായി എഴുതി.
പിന്നെ ഞാന്‍ എന്റെ ബ്ലൊഗില്‍ നാളുകള്‍ക്കു മുമ്പ് കണ്ണൂര്‍ ഭാഷാ നിഘണ്ടു എന്നൂ ഒരു പോസ്റ്റു ഇട്ടിരുന്നു.ലിങ്ക് ഇവിടെ നല്‍കാം. http://rajvengara.blogspot.com/2007/12/blog-post_01.html ഇതിലേക്കയി നിങ്ങളുടെയും കൂട്ട് ചേരല്‍ പ്രതീക്ഷിക്കട്ടെ.

Irshad said...

കൊള്ളാം. നല്ല ഒരു മിനിക്കഥ.

പഴയ കാലം അങ്ങനെയൊക്കെയായിരുന്നുവല്ലെ? ഭാഷ വലിയ പ്രശ്നമായി തോന്നിയില്ല.

സ്വപ്നാടകന്‍ said...
This comment has been removed by the author.
സ്വപ്നാടകന്‍ said...

അക്ഷരപ്പിശാചിനെ ഓടിച്ചുവിട്ടിട്ടുണ്ട്

ഭാഷ, കേട്ട് പരിചയമുള്ളതോണ്ട് പ്രശ്നമായില്ല.ന്നാലും ബാരിക്കെട്ടിപ്പോരല്‍ ആദ്യം മനസ്സിലായില്ല.
നല്ല കഥ...അഭിനന്ദനങ്ങള്‍.

സാഹിത്യം(കഥ,നോവല്‍) എന്നാല്‍ പ്രാദേശിക ഭാഷാഭേദം കൊണ്ടുള്ള അമ്മാനമാട്ടമല്ലെന്നു ആരാണ് പറഞ്ഞത്..?

ശാന്ത കാവുമ്പായി said...

വിജയലക്ഷ്മി,കുറുപ്പിന്റെ കണക്കു പുസ്തകം,ബൃഹസ്പതി,ബിജിലി,ബിലാത്തിപട്ടണം,ഒരു നുറുങ്ങ്‌,ഭായി.മുക്തർ ഉദരമ്പൊയിൽ,അന്യ.റോസാപ്പൂക്കൾ,രാജൻ വേങ്ങര,പഥികൻ,സ്വപ്നാടകൻ എല്ലാവരോടും എന്റെ നന്ദി പറയുന്നു.ചെറിയൊരു കുറ്റബോധമുണ്ട്‌.കാരണം ഇത്‌ നേരത്തേ ചെയ്യേണ്ടതായിരുന്നു.എന്തൊക്കെയോ കാരണങ്ങൾ കൊണ്ട്‌ നീണ്ടുപോയി.
രാജൻ വെങ്ങര എനിക്ക്‌ സഹകരിക്കാൻ സന്തോഷമേയുള്ളൂ.
സ്വപ്നാടകൻ ഇനി തിരിച്ചു വരണം എന്നാഗ്രഹമില്ലാത്ത പെൺകുട്ടികളാണ്‌ ബാരിക്കെട്ടിപ്പോവുക.അവളുടെ വസ്തുക്കളെല്ലാമെടുത്തു പോവുക.മറ്റുള്ളവർ ഇതിനെ പരിഹസിച്ചു പറയുന്നതാണ്‌ ബാരിക്കെട്ടി പോവുക എന്ന്.കാരണം അടക്കവും ഒതുക്കവും ഉള്ളവർ,ശീലാവതിയുടെ പിന്മുറക്കാർ എല്ലാ പീഡനവും സഹീച്ച്‌ ജീവിക്കണം.

സ്വപ്നാടകന്‍ said...

ഉം..പക്ഷെ ടീച്ചറെ..ഇപ്പോഴും പെങ്കുട്ട്യോള്‍ടെ അവസ്ഥ ഇതുപോലോക്കെത്തന്നെയല്ലേ..?വിവാഹപ്രായത്തില്‍ മാത്രം മാറ്റമുണ്ട്.. മിക്കവാറും അറേന്‍ജ്ഡ് മാരേജുകളില്‍ വീട്ടുകാരുടെ ഇഷ്ടം മാത്രമനുസരിച്ചു കഴുത്തും കൈയും നീട്ടിക്കൊടുക്ക്വല്ലേ?

ശാന്ത കാവുമ്പായി said...

അല്ല.പെൺകുട്ടി തീർത്തു പറ്റില്ല എന്നു പറഞ്ഞാൽ രക്ഷിതാക്കൾക്കെന്തു ചെയ്യാനാവും?

Unknown said...
This comment has been removed by the author.
Unknown said...

കണ്ണൂര്‍കാര്‍ക്ക് പോലും ചിലപ്പോ മനസിലാക്കി എടുക്കാന്‍ പ്രയാസമാണ്
എനാലും ഒരു വിധം വായിച്ചു എടുത്തു
കൊള്ളാം