Saturday, June 27, 2020

കൊറോണക്കാലം

ചുരവും കപ്പലുമിറങ്ങീ
ചീനക്കോപ്പുകളെമ്പാടും.
കൌശലവും കരകൌശലവും
പണ്ടൊരു കൈക്കുമ്പിൾ വിപ്ലവവും.

നീട്ടും കൈകളിലിപ്പോൾ
പുതിയൊരു വിപ്ലവം.  
കണ്ണുരുട്ടി, ഒട്ടിപ്പിടിച്ച്,
ഉമ്മവെച്ചുമ്മവെച്ച്...

പതിവുകൾ, രീതികൾ
മാറ്റുന്നുണ്ടത്.
ആചാരങ്ങളെ ലംഘിക്കുന്നൂ.
നാമജപമില്ല,
ഘോഷയാത്രയില്ല,
കുര്‍ബാനയെങ്ങുമില്ല.
തിരുനാളെങ്ങോ,
പെരുന്നാളെങ്ങോ,
ഉത്സവമെങ്ങോ!

ദൈവങ്ങളുറങ്ങുകയാണ്,
പോര്‍വിളികൾ കേള്‍ക്കാതെ,
കപടവേഷങ്ങൾ കാണാതെ,
ഒന്നുമേയുരിയാടാതെ,
സ്വസ്ഥമായി....

ഡോളറിന്‍ ഹുങ്കൊടുങ്ങി
വിനയാന്വിതമിപ്പോൾ.
പഞ്ചപുച്ഛമടക്കേണ്ട രൂപേ,
ഡോളറും യൂറോയുമൊപ്പം
‘വഹ്നിസന്തപ്തലോഹസ്ഥാംബു’വിൽ
കത്തിയെരിയാം.
അഷ്ടദിക്കുകൾ കീഴടക്കാൻ
വാളെടുത്തുറയുമവനവൻ കോമരങ്ങൾ
മന്ത്രിയും മന്ത്രിപത്നിയും
താരവും താരകുമാരനും
തെരുവിലടിയുവോരുമേക-
ലോകത്തിന്‍ കീഴിൽ...
മഹാമാരികളുയിരേകും
സാമ്യവാദത്തിന്‍ കീഴിൽ.
മൃഗലോകം പകരംവെച്ചത്  
മായ്ച്ചുകളയുമോ മര്‍ത്യലോകം?
കീഴടങ്ങുകില്ല മര്‍ത്യനെന്നാൽ
വിജിഗീഷുവല്ല താനും!

1 comment:

Cv Thankappan said...

കീഴടങ്ങുകില്ല മര്‍ത്യനെന്നാൽ
വിജിഗീഷുവല്ല താനും!
ആശംസകൾ