Wednesday, May 16, 2018

കത്തി



രാകിമിനുക്കിയിട്ടുണ്ട്;
ഇരുതലമൂര്‍ച്ചയുള്ള കത്തി.
കൈമുറിയാതെടുക്കാന്‍
ചുടുനിണമഭിഷേകംചെയ്യണം.
ബലിമൃഗം ഏതുമാകാം;
എവിടെയെന്നുമാരെന്നുമറിയേണ്ട.
പകമൂത്ത രാഷ്ട്രതന്ത്രം
മുകളിൽ നിന്നുത്തരവിടും.
മുഖംമൂടികൾ എറിഞ്ഞുതരും.
അറവുകാരന്‍റെ കൈ വിറയ്ക്കരുത്.
നരനായാലും,
നായായാലും
മുഖം കാണരുത്,
കാണിക്കരുത്.
കൈയും കാലും കഴുത്തുമായാൽ
സൌകര്യമേറും.
വൈദഗ്ദ്ധ്യമേതിലായാലും
പ്രായോജകരെത്തുമെളുപ്പം.
തെളുതെളെ തിളക്കത്തിൽ
മുരുമുരെ മൂര്‍ച്ചയിൽ
മനംമയങ്ങി വരും.
ആയുധപൂജയ്ക്കായ്
ഹിംസ്രജന്തുക്കളിനിയും.
കാവിയായ്,
ചുവപ്പായ്,
പച്ചയായ്,
കറുപ്പായ്, 
പലനിറമായ്....
ചെഞ്ചോരയൊഴുക്കും.
പക്ഷേ, വെളുപ്പ് മാത്രമില്ല.
അധിനിവേശത്തിന്റെ കാലടയാളങ്ങളിൽ
പാവം വെണ്മ മറഞ്ഞുപോയി.  
ഏതു വര്‍ണത്തിലലിഞ്ഞാലും
കത്തിക്കു രുധിരം പ്രിയതരം.
ഇളമാംസത്തിൽ താഴ്ന്നുപൊങ്ങുമ്പോൾ 
വിറയ്ക്കാത്ത കൈകളിലിരുന്ന കത്തി
വെറുതെയൊന്നു ഞെട്ടിവിറച്ചു.
അരികുകളിൽ രക്തംപുരളാതെ....
ദൌത്യമത് പൂര്‍ത്തിയാക്കാതെ....
പിന്മടക്കമെങ്ങനെയിനി!
 


No comments: