Tuesday, August 1, 2017

മാംസഭുക്ക്

ഉപ്പും മുളകും പുരട്ടിവെക്കണം.
മസാലക്കൂട്ടിൽ മുക്കി പൊരിച്ചെടുക്കണം
തേങ്ങാക്കൊത്തിട്ടു വരട്ടിയെടുക്കണം.
വറുത്തരച്ചു കറിവെച്ചതി ൽ മാംസത്തുണ്ടുകൾ
മുങ്ങിപ്പൊങ്ങിക്കളിക്കണം.
തീൻമേശമേലലങ്കരിച്ചു വെക്കണം.
ആര്ത്തി്യോടെ ചവച്ചും ചവക്കാതെയും വിഴുങ്ങാം.
ആരാന്റെ അടുക്കളയിൽ വെന്ത്
ആമാശയത്തിൽ ദഹിച്ചത്
ആടോ,പന്നിയോ,ഗോമാതാവോയെന്ന ശങ്കയിൽ
തലവെട്ടിയെടുക്കാം.
ചത്ത പയ്യിന്റെ തോലുരിച്ച്
ചീഞ്ഞ മാംസം കൊത്തിനുറുക്കി
ചുട്ടുതിന്ന് പൈയടക്കുന്നവനെ
ഷൂസിട്ട കാലുകൊണ്ട്‌ ചവിട്ടിക്കൊല്ലാം.
എന്നിട്ട്,
ഭഗവാന്റെ തിരുനടയിൽ
ഇടയ്ക്ക കൊട്ടിപ്പാടാം.
എന്നിട്ട്,
അമ്മ പെറ്റ മകളുടെ പച്ചമാംസം
ഉപ്പും മുളകും പുരട്ടാതെ ,
മൂടിവെക്കാതെ,
അടുപ്പിൽ വേവിക്കാതെ,
കോമ്പല്ലുകൊണ്ട് കടിച്ചുകീറി ഭക്ഷിക്കാം.
പെരുകുന്ന ബുഭുക്ഷയടങ്ങുവോളം;
പ്രാണന്റെ പിടച്ചിൽ നിലയ്ക്കുവോളം.
‘തിന്നാൽ പാപം കൊന്നാൽ തീരും.’

1 comment:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കലികാലവിശേഷണങ്ങള്‍...ചിന്തിപ്പിക്കുന്നു.