Tuesday, July 7, 2015

വിസര്‍ജ്ജനത്തിന്റെ നീതിശാസ്ത്രം തെറ്റുമ്പോൾ

കഴിഞ്ഞ ദിവസം രാവിലെ ടി.വി. തുറന്നപ്പോൾ ഒട്ടും ആശ്വാസകരമല്ലാത്ത ഒരു വാര്‍ത്ത കേട്ടു. വീട്ടിൽ ശുചിമുറി പണിയാത്തതിന് ഝാർഖണ്ഡിൽ കുശ്ബു കുമാരിയെന്ന പതിനേഴുകാരി ആത്മഹത്യ ചെയ്തു. കന്നുകാലികളെപ്പോലെ വെളിമ്പ്രദേശത്ത് വിസര്‍ജ്ജിക്കുക എന്നത് നാട്ടിൽ സര്‍വസാധാരണമായ നമ്മുടെ നാട്ടിൽ ഇങ്ങനെയും ഒരു പെണ്‍കുട്ടിയോ എന്ന്‍ അത്ഭുതം തോന്നി. വിവാഹത്തേക്കാൾ അത്യാവശ്യം വീട്ടിൽ ശൌചാലയമാണ് എന്ന് അവള്‍ക്ക് തോന്നാൻ കാരണം ശുചിത്വത്തെക്കുറിച്ചുള്ള അവബോധം ആ പെണ്‍കുട്ടിക്ക് ലഭിച്ചു എന്നതുമാത്രമാണോ? ജീവൻ പറിച്ചെറിയാൻ അതുമാത്രം മതിയായ കാരണമല്ല. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മലമൂത്രവിസര്‍ജ്ജന ത്തിനു കുറ്റിക്കാട്ടിലും മറ്റും പോകുന്ന പാവപ്പെട്ട പെണ്‍കുട്ടികൾ ക്രൂരമായി പീഡിപ്പി ക്കപ്പെട്ട സംഭവങ്ങൾ പോലും മുമ്പുണ്ടായിട്ടുണ്ട്. വീട്ടിലും പൊതു സ്ഥലത്തും വൃത്തിഹീ നമായ, അരക്ഷിതമായ, അപമാനകരമായ സാഹച ര്യത്തിലാണ് ഇന്ത്യൻ പെണ്‍കുട്ടികൾ ജീവൻ നിലനിര്‍ത്തുന്നത്.
ഇന്ത്യയുടെ പലഭാഗത്തും പരസ്യമായി മലമൂത്രവിസര്‍ജ്ജനംചെയ്യുക പതിവാണത്രെ. മറ്റ് മാര്‍ഗമില്ലാത്തതുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്ന്‍ കണ്ണടക്കുകയാണ് പതിവ്. ഭാരത ത്തിൽ പകുതിയിലേറെപ്പേര്‍ക്കും ശൌചാലയങ്ങൾ ഇല്ലല്ലോ. ഈ അപമാനകരമായ അവസ്ഥയെ മറികടക്കാനാണ് നമ്മുടെ പ്രധാനമന്ത്രി ശുചിത്വഭാരതം പരിപാടി പ്രഖ്യാ പിച്ചത്. അതിൽ ഓരോ കുടുംബത്തിനും ആവശ്യത്തിന് ശുചിമുറികൾ ഉണ്ടാക്കുക എന്ന ലക്‌ഷ്യം പൂര്‍ത്തീകരിക്കാൻ പരസ്യവും ബോധാവത്കരണവും മാത്രം പോര. സഹായവും നല്‍കണം. എങ്കിൽ ഈ പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു.
വീടുകളിലും പൊതുവിടങ്ങളിലും ശൌചാലയങ്ങൾ ഉണ്ടായാലേ ഈച്ചയാര്‍ക്കുന്ന മല ക്കൂമ്പാരത്തിൽ ചവിട്ടാതെ ആളുകള്‍ക്ക് നടന്നുപോകാൻ കഴിയൂ. കേരളത്തിൽ വീടുള്ള വര്‍ക്കെല്ലാം കക്കൂസ് വേണമെന്ന നിര്‍ബ്ബന്ധം ഉണ്ടായത് സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനം മൂലമാണ്.
എങ്കിലും കേരളത്തിലിങ്ങനെയൊന്നും സഭവിക്കില്ലല്ലോയെന്ന് ആശ്വസിക്കാൻ വരട്ടെ. അടു ത്ത കാലത്ത് സാനിറ്ററി പാഡ് ഉപയോഗിച്ച് ഉപേക്ഷിച്ച സ്ത്രീയെ കണ്ടുപിടിക്കാൻ സ്ത്രീകളെ നിരത്തി നിര്‍ത്തി വസ്ത്രമുരിഞ്ഞ്‌ ആര്‍ത്തവം സ്ഥിരീകരിച്ചതും നമ്മുടെ കേരളത്തിലാണല്ലോ സംഭവിച്ചത്.
‘ത്വങ്മാംസരക്താസ്ഥി വിണ്മൂത്ര രേതസാം
സമ്മേളനം പഞ്ചഭൂതകനിർമ്മിതം’ എന്നാണ് ശരീരത്തെക്കുറിച്ച് എഴുത്തച്ഛൻ പാടിയത്. അങ്ങനെയുള്ള ശരീരത്തില്‍നിന്നും മലവും മൂത്രവും ആര്‍ത്തവരക്തവുമൊക്കെ പുറന്തള്ള പ്പെട്ടുകൊണ്ടിരിക്കും. പുറത്തെത്തിക്കഴിഞ്ഞാൽ ആ മാലിന്യം പുറന്തള്ളിയ ശരീരത്തിന്റെ ഉടമയ്ക്കുപോലും അറപ്പുണ്ടാക്കുകയുംചെയ്യും. അതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് അലോസ രമുണ്ടാക്കാതെ ഇത്തരം വിസര്‍ജ്ജ്യങ്ങൾ നശിപ്പിക്കണമെന്നു പറയുന്നത്.
പഴയ കാലത്ത് പെണ്‍കുട്ടി ഋതുമതിയാകുന്നത് സമൂഹം ആഘോഷപൂര്‍വ്വം കൊണ്ടാടി യിരുന്നു.സ്ത്രീകള്‍ക്ക് മാസമുറ ഉണ്ടാകുമ്പോൾ അശുദ്ധി കല്പിച്ച് സ്ത്രീകളെ വീട്ടിലെ പാചകം തുടങ്ങിയ ദൈനംദിനജോലികളിൽ നിന്ന്‍ മാറ്റി നിര്‍ത്തിയിരുന്നു. അക്കാലത്ത് ആര്‍ത്തവം എന്നത് ഇന്നത്തെപ്പോലെ രഹസ്യസ്വഭാവമുള്ളതായിരുന്നില്ല. ആര്‍ത്തവ രക്തം പുരണ്ട തുണികൾ മണ്ണാത്തി കൊണ്ടുപോയി പ്രത്യേകസ്ഥലത്ത് വെച്ച് അലക്കി വൃത്തിയാക്കുന്ന സമ്പ്രദായം ചില സമുദായങ്ങളിലെങ്കിലും ഉണ്ടായിരുന്നു. പൊതുജലാ ശയങ്ങൾ മലിനമാക്ക രുത് എന്ന ഉദ്ദേശ്യമായിരിക്കാം ഇതിനു പിറകിലുള്ളത് എന്ന് തോന്നുന്നു.
പഴന്തുണിക്ക് പകരം സാനിട്ടറി പാഡുകളും മറ്റും ഉപയോഗിക്കാൻ തുടങ്ങിയതോടെ ആര്‍ത്തവം ഒളിച്ചുവെക്കേണ്ട ഒന്നായി മാറുകയാണുണ്ടായത്. പാഡ് ഉപയോഗിക്കുമ്പോ ഴുണ്ടാകുന്ന സൗകര്യങ്ങൾ മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. സാനിട്ടറി പാഡ് സ്ത്രീകളുടെ ശുചിത്വവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു എന്നത് വാസ്തവമാണ്. ഇപ്പോഴത്തെ പരിഷ്കൃതസമൂഹം ആര്‍ത്തവം അശുദ്ധമാണെന്ന ചിന്തയിൽ നിന്ന് മോചിതരാണ് എന്നത് ഒരു വശത്തുനിന്ന് നോക്കുമ്പോൾ ആശാസ്യമാണ്. അതേസമയം ഇപ്പോഴുണ്ടായ പ്രശ്നങ്ങളടക്കം വിശകലനംചെയ്യുമ്പോൾ അതൊരു അശ്ലീലമായോ എന്ന സംശയം ബാക്കിയാവുകയുംചെയ്യുന്നു. അങ്ങനെ തോന്നാൻ കുറെ കാരണങ്ങളുണ്ട്. വഴിയരികിൽ നിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരെ ഇപ്പോഴും നമ്മുടെ നാട്ടിൽ കാണാൻ കഴിയും അതൊരു അശ്ലീലമോ,കുറ്റകൃത്യമോ ആയി ആരും കണക്കാറില്ല. അവരുടെ യൊന്നും ഉടുതുണി ഉരിയാനും ആരും മെനക്കെടാറില്ല.
ഇവിടെ അതിരാവിലെ വീട്ടിൽ നിന്നും വിദ്യാലയങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും പോകുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. ഒന്നു സ്വൈര്യമായിരുന്നു മൂത്രമൊഴിക്കാനോ മാസത്തിൽ അഞ്ചാറുദിവസങ്ങൾ ശരീരം പുറന്തള്ളുന്ന രക്തം പുറത്തുകളഞ്ഞു ശരീരം കഴുകി വൃത്തിയാക്കാനോ സൗകര്യം എത്രമാത്രമുണ്ടെന്ന് അന്വേഷിക്കുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാൻ കഴിയുന്നത്. ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ മിക്ക സ്ഥാപനങ്ങളിലും പൊതുവിടങ്ങളിലുമില്ല.
ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ വിരലിലെണ്ണാവുന്ന കക്കൂസു കളേ കാണുകയുള്ളൂ. അവ തന്നെ സാനിട്ടറി പാഡും മറ്റ് പലതും കുത്തിനിറച്ച് ഉപയോഗ ശൂന്യമാക്കിയിട്ടുണ്ടാകും. സന്മനസ്സുള്ള അധ്യാപികമാർ അത് ശരിയാക്കിയെടുക്കാൻ പെടാപ്പാട് പെടുന്നത് അറിയാവുന്ന കാര്യമാണ്. ഇത് സ്കൂളുകളിലെ മാത്രം കാര്യമല്ല. മിക്ക സ്ഥാപനങ്ങളിലും സ്ഥിതി ഏതാണ്ടിങ്ങനൊക്കെത്തന്നെയാണ്. മുതിര്‍ന്ന പെണ്‍കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഉപയോഗിച്ചു കഴിഞ്ഞ സാനിട്ടറി പാഡ് കുത്തിനിറച്ചതു കാരണം ടോയ്ലറ്റുകൾ ബ്ലോക്കായി അടച്ചിടേണ്ടി വന്ന ചരിത്രവുമുണ്ട്.
സ്ത്രീകളള്‍ക്ക് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്? പഴയകാലത്തേക്കാൾ ഇപ്പോൾ ‘ആ നാളുകളിൽ’ സ്ത്രീ സുരക്ഷിതയും സ്വതന്ത്രയുമാണെന്ന്‍ നാപ്കിൻ പരസ്യം ആവര്‍ത്തിച്ചു പറയാറുണ്ടെങ്കിലും യഥാര്‍ത്ഥത്തിൽ അത് അങ്ങനെയല്ല. അത് പാഡ് നിര്‍മ്മിച്ചതിന്റെ കുഴപ്പമല്ല. അത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴി യാത്തതാണ്. രാവിലെ മുതൽ വൈകുന്നേരംവരെ ഒറ്റ പാഡ് മാത്രം മതിയാവില്ല. അങ്ങനെ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. മൂത്രാശയ രോഗങ്ങളും മറ്റും ഉണ്ടാകാൻ കാരണമാകും. സ്ത്രീയുടെ ആരോഗ്യം നഷ്ടപ്പെട്ടാൽ അടുത്ത തലമുറയും രോഗികളാകും. അതറിഞ്ഞു കൊണ്ടുതന്നെ പാഡ് മാറ്റിയാൽ അതെവിടെ നിക്ഷേപിക്കും എന്നറിയാതെ, അത് മാറ്റാനോ ഒന്ന് മൂത്രമൊഴിച്ചു കഴുകാനോ പറ്റാതെ സാധാരണ സ്ത്രീകൾ സഹിക്കുകയാണ് പതിവ് . ഇത് സഹിക്കാൻ കഴിയാത്തതുകൊണ്ട് ആര്‍ത്തവദിനങ്ങളിൽ സ്കൂളിൽ പോകാൻ മടി കാണിക്കുന്ന പല കുട്ടികളെയും കണ്ടിട്ടുണ്ട്.
സമൂഹവും അധികാരികളും കാലാകാലങ്ങളായി സ്ത്രീയുടെ മിക്ക ആവശ്യങ്ങള്‍ക്കു നേരെയും കണ്ണടക്കുന്നത് സാധാരാണമാണ്. അതിന് പ്രധാനകാരണം സ്ത്രീയുടെ ലജ്ജാശീലവും സഹനശീലവുമാണ്. കാലാകാലങ്ങളായി ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യങ്ങൾ അമര്‍ത്തി വെക്കാനാണ് സ്ത്രീ ശീലിച്ചിട്ടുള്ളത്‌. സ്ത്രീക്ക് ആര്‍ത്തവ മുണ്ടാവുക എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആണെന്നും അതിൽ ലജ്ജിക്കാനൊ ന്നുമില്ലെന്നും അവള്‍ക്കു തന്നെ ബോധമുണ്ടാകണം. പ്രായപൂര്‍ത്തിയാവുക പുരുഷനെ സംബന്ധിച്ച് അഭിമാനകരമാകുമ്പോൾ സ്ത്രീക്ക് അത് അപമാനമാകുന്ന വ്യവസ്ഥിതി യിലാണ് ഇന്ന്‍ ജീവിക്കുന്നത്. വളര്‍ന്നു പോയതിന്റെ യാതനകൾ പെണ്‍കുട്ടികൾ അനുഭവിച്ചുതീര്‍ക്കുകയാണ്. ഋതുമതിയാവുക ആഘോഷമാക്കിയിരുന്ന സ്ഥാനത്ത് ഇന്ന്‍ ഒളിച്ചുവെക്കേണ്ട ഒന്നാണെന്ന് സമൂഹം പെണ്‍കുട്ടിയെ പഠിപ്പിച്ചുകഴിഞ്ഞു. അങ്ങനെ ഒളിച്ചുവെക്കേണ്ടി വരുമ്പോൾ തന്റെ ശരീരം ഇപ്പോൾ ആര്‍ത്തവാവസ്ഥയിലാണെന്നും ശരീരം പുറന്തള്ളുന്ന രക്തംപുരണ്ട സാനിറ്ററി പാഡ് നിക്ഷേപിക്കാനുള്ള സൗകര്യം പഠനസ്ഥലത്തും ജോലിസ്ഥലത്തുമെല്ലാം വേണമെന്ന് പറയാനുള്ള ധൈര്യം സ്ത്രീക്ക് നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ആരും കാണാതെ ഉപയോഗിച്ച പാഡ് ടോയ്ലറ്റിൽ തള്ളാനും പുറത്തു വലിച്ചെറിയാനുമൊക്കെ സ്ത്രീ നിര്‍ബ്ബന്ധിതയാവുന്നത്. രക്തത്തിൽ കുതിര്‍ന്ന് ദുര്‍ഗ്ഗന്ധം വമിക്കുന്ന സാനിറ്ററി പാഡ് പൊതിഞ്ഞ് ബേഗിൽ വെച്ച് തിരക്കുള്ള ബസിൽ കയറി വീട്ടിലേക്ക് പോകുമ്പോൾ മറ്റ് യാത്രക്കാർ ദുര്‍ഗന്ധത്തിന്റെ ഉറവിടം കണ്ടുപിടിച്ചാലുള്ള അവസ്ഥ ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ. ആ ഗതികേടിൽ നിന്ന് രക്ഷപ്പെ ടാൻ കാണുന്ന ക്ലോസെറ്റിൽ തള്ളുകയല്ലാതെ മറ്റെന്തുവഴി!
നമ്മുടെ നാട്ടിൽ വലിച്ചെറിയൽ സംസ്കാരം ഇത്രയേറെ രൂക്ഷമായത് പൊതുസ്ഥലങ്ങ ളിലും സ്ഥാപനങ്ങളിലും മാലിന്യം നിക്ഷേപിക്കാനുള്ള യാതൊരു സംവിധാനവും നില വിലില്ലാത്തതു കൊണ്ടല്ലേ? പൊതുസ്ഥലങ്ങളിൽ ചവറ്റുകുട്ടകൾ സ്ഥാപിച്ച് അതിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എവിടെയുമില്ല. അതുകൊണ്ട് വലിച്ചെറിയൽ നമ്മുടെ ശീലമായി മാറിയിരിക്കുന്നു. ഇതുവരെ പാലിച്ച ശീലങ്ങൾ പെട്ടെന്ന് മാറ്റാൻ കഴിയില്ല. അതുകൊണ്ട് പൊതുവിടങ്ങളിലും വഴിയോര ങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനും അര്‍ഹമായ ശിക്ഷ നല്‍കാനും കഴിയണം. അത് പക്ഷേ, ആരുടേയും വസ്ത്രമുരിഞ്ഞല്ല കണ്ടുപിടിക്കേണ്ടത്.
സാനിറ്ററി പാഡ് ഉപയോഗിച്ച് ഉപേക്ഷിച്ച സ്ത്രീയെ കണ്ടുപിടിക്കാൻ സ്ത്രീകളെ നിരത്തി നിര്‍ത്തി വസ്ത്രമുരിഞ്ഞ്‌ ആര്‍ത്തവം സ്ഥിരീകരിച്ചപ്പോൾ സ്ത്രീയുടെ ശരീര ത്തെയും ആത്മാവിനെയുമാണ് അപമാനിച്ചത്. ആര്‍ത്തവം ഒരു അശ്ലീലമാണെന്നും അത് ആരുമറിയാതെ സൂക്ഷിക്കണമെന്നുമുള്ള നാട്ടുനീതി ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്. ഇന്നത്തെ പരിഷ്കൃതസമൂഹത്തിലെ സ്ത്രീകളേക്കാൾ എത്രയോ ഭേദമാ യിരുന്നു പഴയ മുത്തശിമാരുടെ അവസ്ഥ. അവര്‍ക്ക് സാനിറ്ററി പാഡും കൈയിലെടുത്ത് ശ്വാസംമുട്ടി നടക്കേണ്ടിയിരുന്നില്ലല്ലോ.
സ്ത്രീയെ അറിഞ്ഞ്, അവളുടെ ആവശ്യമറിഞ്ഞ് എന്നെങ്കിലും പുരുഷാധിപത്യത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്ന വ്യവസ്ഥിതി മാറുമെന്ന് വിശ്വാസമില്ലാത്തതിനാൽ ഈ ആവശ്യം സ്ത്രീ ചോദിച്ചുവാങ്ങുക തന്നെ വേണം. ഇപ്പോൾ ഈ സംഭവം പൊതു സമൂഹത്തിൽ ഒരു ചര്‍ച്ചയെങ്കിലും ഉയര്‍ത്തിയിട്ടുണ്ട് എന്നത് നേരിയ പ്രതീക്ഷയു ണര്‍ത്തുന്നു. ഇത് സ്ത്രീകള്‍ക്ക് തങ്ങളുടെ ന്യായമായ ആവശ്യം പിടിച്ചുവാങ്ങാനുള്ള അവസരമാണ്. സ്ത്രീകൾ ഈ അവസരം വേണ്ടതുപോലെ പ്രയോജനപ്പെടുത്തണം. വീട്ടിൽ മാത്രമല്ല, സ്ത്രീ എവിടെയൊക്കെ പെരുമാറുന്നുണ്ടോ അവിടെയൊക്കെ അവള്‍ക്ക് പ്രാഥമിക ആവശ്യങ്ങൾ നിര്‍വഹിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കണം.
പുരുഷനായാലും സ്ത്രീയായാലും വിസര്‍ജ്ജിക്കുക എന്നത് ശരീരത്തിന്റെ ആവശ്യമാണ്‌. ഇടപെടുന്ന എല്ലാ സ്ഥലത്തും അതിനുള്ള സൗകര്യം മറ്റുള്ളവര്‍ക്ക് ശല്യമാകാത്ത തര ത്തില്‍ ഉണ്ടാക്കിയേ തീരൂ.അത് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ഒന്നാമത്തെ കര്‍ത്തവ്യമാണ്.
7 comments:

mini//മിനി said...

എന്റമ്മോ,,, ആർത്തവം ഉണ്ടായിരുന്ന കാലത്ത് മൊത്തം സഹിക്കുക ആയിരുന്നു,, അതൊരു 10 പേജിൽ എഴുതാനുണ്ട്. അതുപോലെ മലമൂത്രവിസർജ്ജനത്തിനും. വിവാഹം കഴിഞ്ഞപ്പോൽ എന്റെ ഭർതൃവീട്ടിൽ ശൌചാലയം ഇല്ലാത്ത കാരണത്താൽ ഞാൻ ഡൈവോഴ്സ് ഒന്നും ചെയ്തില്ല. കാരണം എന്റെ വീട്ടിലും ശൌചാലയം ഇല്ലായിരുന്നു. ഇക്കാലത്ത് അതൊന്നും പറഞ്ഞാൽ പഴയ തലമുറക്കുപോലും മനസ്സിലാവില്ല. അന്നത്തെ കാലത്ത് വീട്ടിൽ കക്കൂസ് നിർമ്മിച്ചിട്ടുണ്ട്,,, എന്നത് നാട്ടിൻപുറത്തുകാർക്ക് ഒരു അത്ഭുതവാർത്ത ആയിരുന്നു.

ഒരു കുഞ്ഞുമയിൽപീലി said...

കക്കൂസിന്റെ ഇല്ലായ്മ .
....ഓര്‍മ്മകള്‍ പല്ലിളിക്കുന്നു

ajith said...

മാലിന്യസംസ്കരണം ഒരു കൂട്ടുത്തരവാദിത്തവും ഒരു സംസ്കാരത്തിന്റെ പ്രതിഫലനവുമാണ്

Feroze Babu said...

Very nice post !!

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation

indrasena indu said...

ആധുനിക ഭാരതത്തിന്റെ ശോച്യാവസ്ഥ വിളിച്ചു പറയുന്ന പോസ്റ്റ്‌ തന്നെ ഇത് ..ഇരുളില്‍ മല മൂത്ര വിസര്‍ജനത്തിനു പോകുന്ന യുവതികളെ ബലാസംഗം ചെയ്യുക എന്നത് ഉത്തര ഭാരതത്തിലെ ഒരു സ്ഥിരം വാര്‍ത്തയാണ് ..ഒളിഞ്ഞു ഇരുന്നു ഇവര്‍ ഇരുളില്‍ വരുന്നത് കാത്തു കാമാര്‍ത്തരായി പുരുഷന്മാര്‍ ഇരിക്കുന്നു
ഒരു അവ ബോധം ഈക്കര്യത്തില്‍ നല്ലതാണ്
നല്ല ലേഖനം

വിനോദ് കുട്ടത്ത് said...

വളരെ വലിയ രീതിയിൽ ഇനിയും ചര്‍ച്ച നടക്കേണ്ട വസ്തുതയാണ് ,നമ്മുടെ പ്രബുദ്ധ കേരളത്തിാണ്.....നിരത്തി നിര്‍ത്തി സ്ത്രീത്വത്തെ അപനിക്കുന്ന അവസ്ഥയുണ്ടായത് എന്നത് ലജ്ജിപ്പിക്കുന്ന കാര്യമാണ് ..... ഇന്നും വടക്കന്‍ ഭാരതത്തില്‍ വളരെ വലിയ രീതിയിൽ തന്നെ....സ്ത്രീകൾ ഒറ്റയായി പോകുന്ന സന്ദർഭങ്ങളിൽ പീഢനം നടക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്....
കാലിക പ്രസക്തമായ ലേഖനം.... ആശംസകൾ....
ഇപ്പോഴാണ് ശ്രദ്ധിച്ചത് ..... കൂട്ടു കൂടാന്‍ മറന്നു പോയി..... ഇനിയുള്ള യാത്രയിൽ ഞാനുമുണ്ട് കൂടെ.....

Cv Thankappan said...

കാലികപ്രസക്തിയുള്ള ലേഖനം
പണ്ടൊക്കെ വൃക്ഷലതാദികള്‍ തിങ്ങിനിറഞ്ഞ വിശാലമായ പറമ്പുകളിലായിരുന്നു വീടുണ്ടാക്കി ആളുകള്‍ താമസിച്ചിരുന്നത്.പിന്നെ നീണ്ടുകിടക്കുന്ന കൃഷിയിടങ്ങളും.ഇപ്പോള്‍ അതൊക്കെ ഇല്ലാതായല്ലോ.ഇപ്പോള്‍ തൊട്ടുതൊട്ട് വീടുകളായി.ഫ്ലാറ്റുകളായി....
അപ്പോള്‍ അതിനനുസരിച്ചുള്ള സൌകര്യങ്ങള്‍ ഉണ്ടാക്കുക തന്നെവേണം...........
ആശംസകള്‍ ടീച്ചര്‍