കത്തുന്ന കാമത്തിന് ഡല്‍ഹി മോഡലിൽ ഒരിര കൂടി. പഞ്ചാബിലെ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് അമ്മയുടെയും ബസിലെ മറ്റു യാത്രക്കാരുടെയും കണ്മുന്നിൽ വെച്ചായിരുന്നു. അമ്മയല്ലാതെ മറ്റാരും അത് തടഞ്ഞില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പെണ്‍കുട്ടി ബസ്സിൽ നിന്നും ചാടിയില്ലായിരുന്നെങ്കിൽ ഒരു കൂട്ടബലാത്സംഗം കണ്ടാസ്വദിക്കാനും ബസ്സിലെ മന:സാക്ഷി മരവിച്ച പൊതുസമൂഹം തയ്യാറാവുമായിരുന്നു എന്നാണ് തോന്നുന്നത്. അവര്‍ക്ക് സ്ത്രീ മകളല്ല,അമ്മയല്ല,സഹോദരിയുമല്ല. ഓടിച്ചിട്ട് പിടിച്ച് കടിച്ചുകീറേണ്ട ഒരിരമാത്രം.
സ്ത്രീക്ക് നിര്‍ഭയമായി ജീവിക്കാൻ ഒരിടവും ഇന്ന് ഇന്ത്യയിലില്ല. ഏതുനിമിഷവും അക്രമിക്കപ്പെട്ടേക്കാവുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് ഓരോ പെണ്‍കുഞ്ഞും പിറന്നു വീഴുന്നത്. ഒരു കണക്കിന് ഈ അവസ്ഥയേക്കാൾ എത്രയോ ഭേദമാണ് വയറ്റിൽ വെച്ചുതന്നെ നശിപ്പിക്കപ്പെടുന്നത്. വയറ്റിലെ കുഞ്ഞിന്റെ ലിംഗനിര്‍ണയം സാധ്യമായ കാലംതൊട്ടേ ഇന്ത്യയിലത് നിര്‍ബ്ബാധം നടക്കുന്നുണ്ടല്ലോ. അതിന്റെ കൂടി ഫലമായിട്ടാണ് ഇന്ത്യയിലെ സ്ത്രീപുരുഷാനുപാതത്തിൽ വലിയ അന്തരമുണ്ടായത്. ഏറ്റവുമൊടുവിലത്തെ ജനസംഖ്യാ കണക്കനുസരിച്ച് ഇന്ത്യയിൽ ആയിരം പുരുഷന്മാര്ക്ക് 940സ്ത്രീകളാണുള്ളത്. ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ ഇന്ത്യയിൽ അമ്പത് കൊല്ലത്തിനുള്ളിൽ191പുരുഷന്മാര്ക്ക് 100സ്ത്രീകൾ എന്ന അവസ്ഥ ഉണ്ടാകും എന്നാണ് പ്രവചിക്കുന്നത്. അങ്ങനെയൊരു അവസ്ഥയിൽ ന്യൂനപക്ഷമാകുന്ന സ്ത്രീശരീരങ്ങള്‍ക്ക് അറവുശാലയിൽ തൂക്കിയിടുന്ന മാംസത്തുണ്ടിന്റെ സുരക്ഷിതത്വംപോലുമുണ്ടാവില്ല. അതിനൊരു പ്രധാന കാരണം സ്ത്രീപീഡനം നടത്തുന്നവക്ക് നമ്മുടെ രാജ്യത്ത് ലഭിക്കുന്ന അംഗീകാരവും മാന്യതയുമാണ്. അവര്‍ക്കൊക്കെ എല്ലാ പൌരാവകാശങ്ങളോടെയും നമ്മുടെ രാജ്യത്ത് ഏത് തടവിനുള്ളിലും വാഴാൻ കഴിയുന്നുണ്ടല്ലോ. അര്‍ഹിക്കുന്ന ശിക്ഷ ഒരിക്കലും കിട്ടാറുമില്ല. കണ്ണില്ലാത്ത കാമത്തിന് പിന്നെ ആരെയാണ് പേടിക്കേണ്ടത്! അങ്ങനെ സ്ത്രീപീഡനം ഒരു കലയായി മാറുമ്പോൾ അമ്മമാർ പെണ്‍കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറാവാതാകും. അധികം വൈകാതെ നമ്മുടെ നാട്ടിൽ നിന്നും അമ്മമാരെന്ന വര്‍ഗ്ഗവും അപ്രത്യക്ഷരാകും. ഒടുവിലായി ഇന്ത്യയിലെ പുരുഷവര്‍ഗവും അവസാനിക്കും. ലോകത്തിന് വേണമെങ്കിൽ ക്ലോണിംഗിന്റെ സഹായത്തോടെ ഇന്ത്യൻ പുരുഷനെന്ന അപൂര്‍വജീവിയെ പരീക്ഷണശാലയിൽ നിര്‍മ്മിച്ച് നിലനിര്‍ത്താം . അത് വേണോയെന്ന് മറ്റ് രാജ്യങ്ങളിലെ മനുഷ്യർ തീരുമാനിക്കട്ടെ.
4 comments:
ഇത്തരം മനുഷ്യമൃഗങ്ങള്‍ക്ക് കടുത്ത ശിക്ഷതന്നെ നല്‍കണം.....
ബലാത്സംഗം ചെയ്യപ്പെടുന്നത് ദൈവവിധിയാണെന്ന് പറയുന്ന മന്ത്രിമാരുള്ള രാജ്യത്ത് പിന്നെ എവിടെയാണ് രക്ഷ
എന്തൊരു ലോകം!?
നാറിയ ലോകത്തേ നാറുന്ന കൂട്ടങ്ങള്‍ ....
ജീവനോടെ ചുട്ടു കൊല്ലണം......
Post a Comment