Tuesday, February 18, 2014

കാപ്പിത്തോട്ടത്തിനൊരു കാവല്‍ക്കാരിപെട്ടെന്നാണ് മധു പറഞ്ഞത്. “കാപ്പി പറിക്കാന്‍ കൊടകിൽ പോകുന്നുണ്ട് വരുന്നുണ്ടോ?”
അവന്‍ പറഞ്ഞുതീരുന്നതിനു മുമ്പ് വിളിച്ചു പറഞ്ഞു. “ഞാന്ണ്ട്”
അപ്പോൾ അമ്മക്കുശുമ്പിയുടെ കുശുമ്പ് തലപൊക്കി. “ഓളെ എന്തിനാ കൂട്ടുന്ന്‍. ഇന്നാള് ബന്നിറ്റ് ബണ്ടീന്ന്‍ കീഞ്ഞിനാ?”
എന്റെ ഒച്ച പൊന്തി. (ഒച്ച്യെങ്കിലും പൊന്തട്ടപ്പാ) “ങ്ങള് മിണ്ടാണ്ട് നിന്നോ. ഞാനെന്തായാലും പോവും.”
കുടക് നാട് മാടിവിളിക്കുന്നതുകൊണ്ട് പുലര്‍ച്ചയ്ക്കു തന്നെ എഴുനേറ്റു. അത് പതിവുള്ളതല്ല. സാധാരണ എഴുന്നേല്‍ക്കുന്ന സമയം...അല്ലെങ്കിൽ വേണ്ട. വെറുതെ വടി കൊടുത്ത് അടി വാങ്ങണോ?
എങ്ങന്യെല്ലോ ജീപ്പിന്റെ മുന്‍ സീറ്റിൽ കയറിയിരുന്നു.
 കണ്ണൂര്‍ നിന്ന് കൂടാളി, ഇരിട്ടി തുടങ്ങിയ ദേശങ്ങളെല്ലാം താണ്ടി, കൂട്ടുപുഴയും കടന്ന് മാക്കൂട്ടം വഴി കര്‍ണാടക റിസര്‍വ് വനത്തിലേക്ക്,എന്റെ സ്വപ്നഭൂമിയിലേക്ക്. അവിടെ എന്തൊക്കെയോ, ആരൊക്കെയോ എന്നെ കാത്തിരിക്കുന്നുണ്ടെന്നറിയാലോ. പൂമ്പാറ്റകളുണ്ട്.പക്ഷികളുണ്ട്.മാനുണ്ട്.മയിലുണ്ട് (കക്ഷിയെ ഞാന്‍ മുമ്പ് പോയപ്പോഴൊന്നും കണ്ടില്ല.) അവരെയൊക്കെ കാണാനല്ലേ ഞാന്‍ പോകുന്നത്.
കണ്ണെടുക്കാതെ നോക്കി നോക്കി ഇരിക്കുമ്പോഴതാ ഒരു കോഴി. കാട്ടുകോഴിയാണ്. കൂടെയുള്ള ദുഷ്ടക്കൂട്ടം കാടിന്റെയും കാട്ടുകോഴിയുടെയും പടമെടുക്കാനൊന്നും സമ്മതിച്ചില്ല. ‘കാപ്പിക്കുരു പറിക്കാൻ പോകുമ്പോഴാ ഒരു കാട്ടുകോഴി.”
ദാ,ഒരു സ്റ്റൈലന്‍ പൂവന്‍. പിന്നെയും പിടകൾ. കുറച്ചുകൂടി പോയപ്പോൾ റോഡരികിലൊരു  ധര്‍ണ. കുരങ്ങന്മാരാണ്. ഡ്രൈവറോട് വണ്ടി നിര്‍ത്താൻ പറഞ്ഞപ്പോൾ വണ്ടി സ്ലോ ആക്കി. വണ്ടിയിലെ മറ്റ് ധീരന്മാർ ഇടപെട്ട് പറഞ്ഞു. “വേഗം വണ്ടി വിട്ടോ. അല്ലെങ്കിൽ പൂര്‍വികരുടെ പിന്‍ഗാമികൾ വണ്ടിയിൽ കയറി കാപ്പി പറിക്കാൻ വരും.” കേള്‍ക്കേണ്ട താമസം ഡ്രൈവർ വണ്ടി പറത്തിവിട്ടു.
കാടിറങ്ങുമ്പോൾ ഒരു കേഴമാനിനെപ്പോലെ കാട്ടിലേക്കൂളിയിടാൻ മനസ് കൊതിച്ചു.
കാട് കടന്ന് നാട്ടിലെത്തി. വിരാജ് പേട്ടയിൽ പോയി ഭക്ഷണം കഴിച്ച് വീണ്ടും വന്ന വഴിയെ സഞ്ചരിച്ച് പെരുമ്പാടിയിലെത്തി. സഹോദരന്റെ കാപ്പിത്തോട്ടം അവിടെയാണ്. മഴക്കാലത്ത് ഒരു പ്രാവശ്യം വന്നിട്ടുണ്ട്. വൈകുന്നേരം അഞ്ചുമണിക്ക്. മഴയും തോടും തണുപ്പും ചീവിടുകളുടെ കാതടപ്പിക്കുന്ന പാട്ടും. ചീവിടുകളുടെ സംഗീതത്തിന് ഇത്രയ്ക്ക് സ്വരഭേദങ്ങളുണ്ടെന്നു അന്നാണറിഞ്ഞത്. അത് മൊബൈലിൽ റിക്കാര്‍ഡ് ചെയ്ത് കുറെനാൾ എന്റെ ഫോണിന്റെ റിംഗ് ടോണാക്കി സൂക്ഷിച്ചിരുന്നു.
ഇപ്പോൾ തോട്ടിൽ കുറച്ചേ വെള്ളമുള്ളു. ചീവിടിന്റെ കരച്ചിൽ കേട്ടില്ല. വൈകുന്നേരം ആവാത്തതുകൊണ്ടും ആയിരിക്കാം. റോഡ്‌ പറമ്പിനുള്ളിലേക്ക് കയറിയിട്ടുണ്ട്.ഒരു ഗേറ്റും പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ വശത്തുകൂടി ആള്‍ക്ക് കയറാം.പശുക്കള്‍ക്ക് ആവില്ല. വണ്ടി ഉള്ളിൽ കയറി.പറമ്പിന്റെ മുക്കാൽ ഭാഗവും കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന മലയാണ്. അതിന്റെ നെറുകയിലെത്താൻ സാധാരണ ആരോഗ്യമുള്ളവര്‍ക്ക് തന്നെ പ്രയാസമാണ്. പറമ്പിൽ നിറയെ കാപ്പിയും ഓറഞ്ചു മരങ്ങളും സില്‍വർ ഓക്കും കവുങ്ങും വാഴയും പേരറിയാത്ത ഒരുപാട് മരങ്ങളും. ഓറഞ്ചുവര്‍ണമുള്ള തളിരുകള്‍ മാത്രമുള്ള ഒരുപാട് മരങ്ങള്‍ പൂമരങ്ങളെ നാണിപ്പിച്ചുകൊണ്ട്‌ അവിടവിടെ വിലസി നില്‍ക്കുന്നുണ്ട്. പൂത്തമരങ്ങളുമുണ്ട്.
വണ്ടി ഉള്ളിൽ കയറിയപ്പോൾ മധു പറഞ്ഞു. “ഏച്ചീന വണ്ടീല്‍ തന്നെ ഇരുത്താം. താഴെയിറക്കേണ്ട.”
ഞാന്‍ സമ്മതിച്ചില്ല.വാശിപിടിച്ച് താഴെ ഇറങ്ങി. അവന്‍ അടുത്ത വീട്ടിൽ നിന്ന് ഒരു കസേര കൊണ്ടുവന്ന് എന്നെ അതിലിരുത്തി. പറമ്പിൽ ഇരുന്നോളാം എന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ല. സാരമില്ല. ഇവിടെയിരുന്നാൽ എനിക്ക് എല്ലാവരെയും കാണാം.


ഇവിടെയിരിക്കാം.കാപ്പിത്തോട്ടത്തിനൊരു കാവല്‍ക്കാരിയായി. ഇനിയാരും പറയില്ലല്ലോ.ഓള് വണ്ടീന്ന് കീഞ്ഞിറ്റ്ല്ലാന്ന്.       .    
                          കാപ്പിച്ചെടികള്‍ എപ്പോഴേ പാകമായി ഇനി പറിച്ചെടുക്കാം. 
                                             രാഹുല്‍ പണി തുടങ്ങിക്കഴിഞ്ഞു.
   

ആര്‍കിടെക്റ്റ് മധുകുമാറിന് കെട്ടിടങ്ങളുടെ പ്ളാന്‍ വരയ്ക്കാന്‍ മാത്രമല്ല,           കാപ്പിക്കുരു  പറിക്കാനും അറിയാം. കൃഷിപ്പണികള്‍ ജീവിതത്തിന്റെ അവിഭാജ്യഘടകമായി കൊണ്ടുനടക്കുന്ന    ആളാണ്‌ എന്റെ സഹോദരന്‍. തലമുറകളായി ഞങ്ങളില്‍ സ്ഥിതിചെയ്യുന്ന കൃഷിയുടെ        ജീനുകള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് കണ്ടോ.   

                        ഭര്‍ത്താവിന്റെ പാതയിലൂടെ മുന്നേറാനൊരു ശ്രമം. ഷീജ(മഞ്ചു)

                                       പറിച്ചിട്ടൊന്നും തീരുന്നില്ലല്ലോ
ഇത് ജയചന്ദ്രന്‍. മറ്റൊരു എഞ്ചിനീയര്‍. കക്ഷി പുലര്‍ച്ചയ്ക്ക് എഴുന്നേറ്റ് വയലില്‍ പോയി വെള്ളരിക്ക് നനച്ചിട്ടാണ് ഞങ്ങളുടെ കൂടെ കാപ്പിക്കുരു പറിക്കാന്‍ കുടകിലേക്ക് വന്നത്.


മലകയറിപ്പോകുന്ന മരങ്ങള്‍ക്ക് താഴെ ഞാനും.                    
                          മല കയറിപ്പോകുന്ന മരങ്ങളെ നോക്കി ഇങ്ങു താഴെ ഞാനും.


                   കാപ്പിയോട് മത്സരിച്ച് വാഴയും കവുങ്ങും തലയുയര്‍ത്തി നില്‍ക്കുന്നു. 


                                         ഒളിച്ചൊളിച്ചെത്തിനോക്കുന്ന സൂര്യന്‍ 

പണിയാളര്‍ക്ക് ഭക്ഷണമൊക്കെ എത്തിച്ചു തരാന്‍ കൊടകില്‍ സ്ഥിരവാസമാക്കി ഹോട്ടല്‍ നടത്തുന്ന മലയാളിയായ ഭാസ്കരേട്ടനുണ്ട്. അദ്ദേഹത്തിന്റെ സ്നേഹം പോലെ  വറ്റാത്ത  ഉറവയില്‍ കുളിര്‍മയേറിയ വെള്ളമുണ്ട്. ചായയുംകൊണ്ട് വന്നപ്പോള്‍ അദ്ദേഹം കോരി കുപ്പിയില്‍ നിറച്ചുതന്ന വെള്ളം കൊണ്ട് മുഖം കഴുകി. ഇത്തിരി കുടിക്കുകയും ചെയ്തു. നമ്മുടെ പിള്ളേര് അതില്‍ കൈയും കാലും കഴുകുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി.മഞ്ജുവിനോട് പറഞ്ഞപ്പോള്‍ അവള്‍ ആശ്വസിപ്പിച്ചു. "അതിനെന്താ ഏച്ചി. ഒഴുക്കുണ്ടല്ലോ.കുഴപ്പമില്ല." 
അതു കേട്ടപ്പോള്‍ ആശ്വാസമായി 
അഞ്ചു മണിയാകാറായപ്പോള്‍ സ്വിച്ച് ഓണ്‍ ചെയ്തതുപോലെ ഒരു ചീവിട് രാഗാലാപം തുടങ്ങി.ഒരു മൂന്ന്‍ മിനുറ്റ് മാത്രം.അത് നിര്‍ത്തിയപ്പോള്‍ മറുപാട്ട് ദൂരെ നിന്നും കേട്ടു. സൂര്യന്‍ അസ്തമിച്ചതിനുശേഷം പറിച്ചെടുത്ത കാപ്പി ചാക്കില്‍ നിറച്ച് അശോകന്റെ വീട്ടിലെത്തി.അശോകന്‍ ആന്ധ്രയില്‍ നിന്നും കുടകിലെത്തിയ ആളാണ്‌. വീടും കുടിയുമെല്ലാം ഇപ്പോള്‍ കുടകില്‍ തന്നെ. പിന്നെ നമ്മുടെ പറിക്കാര്‍ക്ക് ഒരമളി പറ്റി. അശോകന്‍ പറഞ്ഞു.ആറുപേര്‍ ചേര്‍ന്ന്‍ പറിച്ചത് ഒരാള്‍ പറിക്കുന്നത്ര മാത്രം. കാരണം ചെടികള്‍ക്ക് താഴെ പായ് കെട്ടി വേഗം വേഗം ഉതിര്ത്തിടണം. കുറേപ്പേര്‍ ഒന്നിച്ച്. മൂന്ന്‍ മണിക്ക് അശോകന്റെ വീട്ടില്‍ മധു പോയപ്പോഴാണ് ആ വിദ്യയും ഒരു തുണിപ്പായയും കിട്ടിയത്. പിന്നീട് പറിയോടു പറിതന്നെയായിരുന്നു.  
നല്ല കട്ടന്‍ കാപ്പിയും കുടിച്ച് അശോകനോടും കുടുംബത്തോടും യാത്ര പറഞ്ഞ് പിരിഞ്ഞു. 
ഇരുൾ മൂടിയ കരിങ്കാടിനു നടുവിലൂടെ വണ്ടി കുതിച്ചു. കാടിന്റെ ഗഹനത ഹൃദയത്തിൽ തിങ്ങി നിറയുന്ന ഭക്തിഭാവമെന്നോ, ആധ്യാത്മികതയെന്നോ പറയാവുന്ന എന്തോ ഒന്ന്‍ കോരിനിറ യ്ക്കുന്നത് അതിശയത്തോടെ ഞാനറിഞ്ഞു. പ്രകൃതീ...മാതാവേ...സര്‍വ അഹങ്കാരവും ഇവിടെ, ഈ കാട്ടില്‍  ഉപേക്ഷിക്കുന്നു...

           

10 comments:

ശ്രീ said...

കൊള്ളാം, കഴിഞ്ഞ വര്‍ഷം മൂഡിഗെരെയിലെ ഒരു കോഫി എസ്റ്റേറ്റ് സന്ദര്‍ശിച്ചത് ഓര്‍മ്മ വന്നു

Harinath said...

കൊള്ളാം. രസകരം :)

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

എഴുത്തും ചിത്രങ്ങളും മനോഹരം

മോഹന്‍ കരയത്ത് said...

വിവരണം നന്നായി,ഒപ്പമുള്ള ചിത്രങ്ങളും!!
ആശംസകള്‍!!

jyo mds said...

fotosല്‍ നിന്ന്‍മനസ്സിലായി എത്ര ഭംഗിയുള്ള സ്ഥലമാണന്ന്‍.എന്തേ കോഫി തോട്ടത്തിലിറങ്ങാതിരുന്നത്?ഞാനായിരുന്നെങ്കില്‍ അവര്‍ക്ക് മുന്നേ ഓടിയേനെ.

ശാന്ത കാവുമ്പായി said...

മനസുകൊണ്ട് ഓടി. കാലുകൊണ്ട് ഓടാന്‍ പറ്റാത്തതുകൊണ്ട്.

ജന്മസുകൃതം said...

manassukond ethanulla aa nishchayadaardyam prasamsaneeyam thanne.
kaalukal kond odiyethan menakkedathavarekkaal mahatharamaaya kaaryangal ninakkakunathil
daivathinu nandi parayaam.
ee dheeratha jeevithathil udaneelam undaakatte.
aashamsakal.

കുഞ്ഞൂസ് (Kunjuss) said...

മനോഹരമായ പ്രകൃതിയും മനോഹരമായ വിവരണവും.... കൂടെ കഥ പറയുന്ന ചിത്രങ്ങളും....

krishnakumar513 said...

മനോഹരമായ വിവരണം.ചിത്രങ്ങളും.

ബിലാത്തിപട്ടണം Muralee Mukundan said...

അസ്സൽ വിവരണം...
ഒപ്പം നല്ല ചിത്രങ്ങളും