Tuesday, June 25, 2013

മരണമില്ലാത്തവർ

മാറിലൊളിപ്പിച്ച പൊന്നോമനകളെ
വെടിയുണ്ടയടർത്തിയെറിയുമ്പോൾ
മനമിടറാതെ, മിഴിനനയാതെ
അധികാരമുഷ്കിൻ നേർക്ക്
കാർക്കിച്ചു തുപ്പിയ വീരപ്രസുവേ,
കാവുമ്പായീ, നിനക്ക് സുസ്വാഗതം.
അടിമച്ചങ്ങലയറുത്തെറിയാൻ
ദേഹവും ദേഹിയുമർപ്പിച്ച്
വീരചരമമടഞ്ഞവർ
തളയനുമോപിയും കുമാരനും
പുളുക്കൂൽ കുഞ്ഞിരാമനും
മഞ്ഞേരി ഗോവിന്ദനും
ആലോറമ്പൻ കൃഷ്ണനും
തെങ്ങിലപ്പനമ്പ്യാരും.
ഡിസംബറും ഫെബ്രുവരിയും
ചോരകുടിച്ചു മദിച്ച്
പിശാചനൃത്തമാടുമ്പോൾ
നരബലിയിൽ മദിക്കും
കാപാലികരടുക്കുമ്പോൾ
കയ്യൂരും കരിവെള്ളൂരും
തില്ലങ്കേരിയുമങ്ങനെ
നീണ്ടുപോയ് പേരുകളിവിടെ.
ധീരരക്തസാക്ഷികളിവരുടെ
മഹത്പ്രാണത്യാഗത്തിൻ
സ്മരണയിൽ തിളയ്ക്കും ഹൃദയത്തിൽ
നിന്നുയരും സ്വാഗതവചനങ്ങളാൽ
രക്തപുഷ്പങ്ങളർപ്പിക്കുന്നു ഞങ്ങൾ.
ജന്മിത്തത്തിൻ കാവൽക്കാർ
തുളവീഴ്ത്തിയ ദേഹത്തിൽ
വെടിയുണ്ടകൾ മൂലധനമാക്കി
ജീവിച്ചു മൺമറഞ്ഞുപോയവർ.
ഒരിക്കലും മരിക്കാത്ത നിങ്ങളമരന്മാർ.
പോരാട്ടത്തിലും തടവറയിലും
മരണത്തെ മുഖാമുഖം കണ്ടവർ
മരിച്ചു ജീവിച്ച രക്തസാക്ഷികളിവർ.
ആവേശത്തോടെയഭിമാനത്തോടെ
സ്വാഗതംചെയ്യട്ടെയീ നാടിൻ വീരപുത്രരെ.
ജഡമായ്ത്തള്ളിയ ജന്മിത്തത്തിൻ
തടവറയിലുയിർക്കൊണ്ടവർ.
വെടിയുണ്ട പിളർത്തിയ മാറിലൊഴുകിയ
ചെഞ്ചോരയിൽ തിരുത്തിയെഴുതി ചരിത്രം.
അവർക്കു നൽകാം വാഗ്ദാനം
സമരാഗ്നിയിലെരിഞ്ഞതിൻ
ചാരത്തിലുയിർത്തവർ ഞങ്ങൾ
അടിയറവെക്കില്ല ഞങ്ങളീ സ്വാതന്ത്ര്യം
അടിമകളാകില്ല ഞങ്ങളൊരിക്കലും
കൈകൾ കോർത്തൊന്നായ്
പോരാടാം നമുക്കിനി.


7 comments:

Cv Thankappan said...

ധീരരക്തസാക്ഷികള്‍ക്ക് സ്മരണാഞ്ജലികള്‍.....
ആശംസകളോടെ

ബഷീർ said...

പോരാളികൾ വിസമരിക്കപ്പെടുകയില്ല കവിത നന്നായി

ajith said...

വിപ്ലവമനസ്സും രക്തവും

ശ്രീ said...

ആശംസകള്‍, ചേച്ചീ

സൗഗന്ധികം said...

ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ..!!!

നല്ല കവിത

ശുഭാശംസകൾ.....

AnuRaj.Ks said...

രക്തസാക്ഷികള്‍ മരിക്കുന്നില്ല......

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിപ്ലവസ്മരനകള്‍ പുതുക്കാന്‍ പറ്റുന്ന വരികള്‍