Saturday, December 8, 2012

ചക്കക്കാര്യം

പറയാനൊരു കാര്യമുണ്ടല്ലോ
കേള്‍വിക്കാര്‍ തലകുടഞ്ഞു
'ഓ..വലിയൊരു ചക്കക്കാര്യം.'
ആരോ വലിച്ചെറിഞ്ഞ്
മണ്ണില്‍ പൂണ്ട്
പുതുമഴയില്‍ കുതിര്‍ന്ന്,
മുളപൊട്ടി
ഓരില,ഈരില,മൂവില
കൂപ്പുകൈ നിവര്‍ത്തി
ഇളംകാറ്റിലാടി
വളര്‍ന്ന്, പടര്‍ന്ന്,പന്തലിച്ച്
പൂവിട്ട്,കായിട്ട്
മൂത്തുപഴുത്തൊരു ചക്ക.
ചക്കയ്ക്കുമുണ്ടേറെ പറയാന്‍.
തട്ടിന്‍പുറത്തെ ചീനഭരണയില്‍
ശര്‍ക്കരപ്പാവില്‍ കുഴഞ്ഞ്
അഗ്നിയില്‍ സ്ഫുടംവരാന്‍
കാത്തുകാത്തിരുന്നതും
അച്ഛനില്ലാത്തഞ്ചാറു മക്കള്‍ക്ക്
അടുക്കിയരിഞ്ഞമ്മ വെച്ചുവിളമ്പിയതും
കര്‍ക്കിടകത്തിലെ പട്ടിണിക്കുളിരില്‍
വടക്കുഭാഗത്തെ മണ്‍കൂന
മാന്തിയെടുത്തടുപ്പില്‍ ചുട്ട്
എരിവയറിന്‍ പുകച്ചിലകറ്റിയതു
മിന്നു വെറും പഴങ്കഥ.
തായ്ത്തടിയിലറക്കവാളിന്‍ വായ്ത്തല
രാകിമുറിച്ച് മണ്ണിലടിഞ്ഞു വീണ്,
ഇനിയൊരു തളിരില്ലെന്നു
മനംകലങ്ങിയുതിര്‍ന്നുവീണ
കുരുപെറുക്കിയെടുത്തൊരാള്‍
വെളുത്തതാളിലടുക്കിവെച്ച്
ജീവന്റെ പച്ച നിറച്ച്
പറയുന്നുണ്ടൊരുപാട് ചക്കക്കാര്യം.
തേനൊലിക്കും ചുളയില്‍
കൊതിയൂറി
ചക്കമാഹാത്മ്യത്തില്‍
മനംമയങ്ങി
താളുകള്‍ മറിഞ്ഞു
മറിഞ്ഞൊരു 'ചക്ക'.

(കുയിലൂരെ സാഹിത്യപ്രേമികള്‍ പ്രസിദ്ധീകരിക്കുന്ന ചക്ക കൈയെഴുത്തു മാസികയ്ക്കു വേണ്ടിയെഴുതിയത്)



11 comments:

എസ് കെ ജയദേവന്‍ said...

മലയാളി ചക്കയെ വീണ്ടെടുത്തേ മതിയാവൂ...വിലക്കയറ്റം ഇങ്ങനെ പോയാല്‍....

mini//മിനി said...

കവിത നന്നായിരിക്കുന്നു.

Cv Thankappan said...

നന്നായിരിക്കുന്നു
ചക്കയുടെ പ്രാധാന്യം അറിയണമെങ്കില്‍..,....
ആശംസകള്‍

Madhusudanan P.V. said...

റെയിൽ വെപാലം കടക്കുമ്പോൾ കയ്യിലുള്ള കുഞ്ഞിനെവിട്ട്‌ തലയിൽനിന്ന്‌ ഉരുണ്ട ചക്ക പിടിച്ച ഒരു സ്ത്രീയുടെ പഴയ കഥ എനിക്ക്‌ ഓർമ്മവന്നു. ചക്കക്കുറി പോലും ഉണ്ടായ കാലം നമുക്കുണ്ടായിരുന്നു. കവിത ഇഷ്ടമായി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അച്ഛനില്ലാത്തഞ്ചാറു മക്കള്‍ക്ക്
അടുക്കിയരിഞ്ഞമ്മ വെച്ചുവിളമ്പിയതും ..
ചക്കക്കൂട്ടാനും കഞ്ഞിയുംപോലെ ഒരു നല്ല വിഭവം തന്നെയായി ഈ കവിത.
ആശംസകള്‍

ശാന്ത കാവുമ്പായി said...

ചക്കയെ സ്വീകരിച്ചതിനു നന്ദി. 'ചക്ക മാസിക' പുറത്തിറക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞെന്നു എന്റെ സുഹൃത്ത് പറഞ്ഞു.പിന്നെ പ്ലാവെല്ലാം കായ്ചുതുടങ്ങിയല്ലോ.ഇടിച്ചക്ക മുതല്‍ തുടങ്ങിക്കോളൂ.

ശ്രീ said...

അതു കൊള്ളാം :)

കമ്പ്യൂട്ടര്‍ ടിപ്സ് said...

നന്നായിരിക്കുന്നു.

Anonymous said...

thean varikka nalla thenvarikka
ithu teacherude muttatthe plavinte kaariamaanennu thonniyallo . munpu njaan oru photo kaanukayundaayi.
chakkappazham enikku nalla ishtamaanu

chakka magazinte koottukkarkku m santha teacher kkum abhinandanamgal.

മുകിൽ said...

chakka..

അക്ഷരപകര്‍ച്ചകള്‍. said...

ജീവന്റെ പച്ച നിറച്ച്
പറയുന്നുണ്ടൊരുപാട് ചക്കക്കാര്യം.....നല്ല എഴുത്ത്...അഭിനന്ദനങ്ങള്‍