Monday, August 20, 2012

ഓണക്കാഴ്ചകൾ


തോവാളയിലെക്കുമ്പിളിലന്നം പകർ-
ന്നോണപ്പൂക്കളമണിഞ്ഞൊരുങ്ങി.
ഉത്രാടത്തലേന്നോഫീസോണവുമെത്തി.
സദ്യവട്ടങ്ങളൊന്നൊന്നായെത്തി.
സാമ്പാറുപ്പേരി പപ്പടം കൂട്ടുകറി
കെങ്കേമം സദ്യയുണ്ണുമ്പോൾ തിളങ്ങീ
ഫ്ലാഷ് ന്യൂസുകൾ ടിവിയിൽ
ഡെൽഹിയിൽ സ്ഫോടനം
പതിനൊന്നുപേരും മരണപ്പെട്ടവർ
പരിക്കേറ്റവർ തൊണ്ണൂറു കവിയും
കസവുധാരികൾ ഞങ്ങൾ ഞെട്ടിയില്ല
കരിഞ്ഞിടുമീയാംപാറ്റകളെത്രമേൽ
തൊണ്ടയിൽ തടഞ്ഞൂ ഗദ്‌ഗദമല്ലതു
ചങ്ങാതിമാരൊപ്പമാർക്കും ചിരിയല്ലേ.
നാലഞ്ചുദിനംകൂടിയോണമുണ്ണണമിനി.
ബോണസഡ്വാൻസലവൻസുകൾ
വാങ്ങിയാഘോഷിക്കട്ടെ ഞങ്ങളതും.
പിന്തിരിഞ്ഞു പടിയിറങ്ങും മാവേലി
മിണ്ടാതെ മിണ്ടിപ്പറയുന്നു മെല്ലെ
ഓണമല്ലിതൊരോണാഭാസം
അന്യന്റെ ദു:ഖം തന്റേതാകും വരെ
യെത്തില്ല ഞാനീ മലനാട്ടിലെന്നും .

9 comments:

Cv Thankappan said...

"അന്യന്റെ ദു:ഖം തന്റേതാകും വരെ
യെത്തില്ല ഞാനീ മലനാട്ടിലെന്നും "
ഇന്നത്തെ ലോകം അതായിപോയി ടീച്ചറെ.
സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക്‌ മാത്രം
മുന്‍ഗണന...
ആശംസകള്‍

mini//മിനി said...

മാവേലിയൊക്കെ പാതാളത്തിൽ തന്നെ ഒളിച്ചിരിക്കയാണ്. പോയകാലത്തെ ഓണത്തിന്റെ ഓർമ്മകളിൽ നമുക്ക് മുങ്ങിതാഴാം.

Unknown said...

ഓണം ഓര്‍മ്മകളില്‍ മാത്രം

ആശംസകള്‍

Unknown said...

നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....

ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

Madhusudanan P.V. said...

ഓണക്കാഴ്ചകൾ വായിച്ചു. എല്ലാം യാഥാർത്ഥ്യങ്ങൾതന്നെ. ആശംസകൾ ടീച്ചറെ

Unknown said...

നല്ല കവിത ആണ്.
തിരുവോണ ആശംസകള്‍ നേരുന്നു.

ശാന്ത കാവുമ്പായി said...

എല്ലാവര്ക്കും ഓണാശംസകള്‍ .ഓണക്കാഴ്ചകള്‍ കാണാനെത്തിയവര്‍ക്ക്‌ നന്ദിയും.

Anonymous said...

kavitha vayichu teacherkku onaashamsakal nerunnu .................

Unknown said...

ടീച്ചറുടെ കവിത വളരെ ഇഷ്ടപ്പെട്ടു.