Friday, January 13, 2012

കുഞ്ഞിന്റച്ഛൻ

ക്ലോണിംഗ് ശിശുവല്ലിവളെങ്കിലു-
മച്ഛനില്ലാതുണ്ടായവൾ.
പതിനാലിൻ കൌമാരത്തിന്
പ്രണയവഴികളിൽ
പുത്തനറിവു പകർന്നവൻ.
ത്രസിക്കും ജീവകോശങ്ങളിലഗ്നി
പടർത്തി പിൻ‌വാങ്ങിയവൻ.
പിൻ‌വാതിലിലൂടിറങ്ങിപ്പോയവൻ.
കാണാമറയത്തൊളിച്ചവൻ.
അച്ഛനാവാനവനില്ല.
ഉദരത്തിൽ കുരുത്തത്
വിരിയിച്ചെടുത്ത്;
ചീറിവരും കല്ലുകളെ
പുറംകൈയാൽ തടുത്ത്;
കണ്ണീരുമമ്മിഞ്ഞപ്പാലുമൂട്ടി;
താഴത്തുവെക്കാനൊരു
തറയില്ലാതെ;
പ്രാണന്റെയംശത്തെ
മാറോടമർത്തിയവൾ.
രണ്ടായി പിന്നിയിട്ട
മുടിയിളക്കിയാർത്തു ചിരിച്ച്;
യൂനിഫോമിൽ
തുള്ളിത്തുളുമ്പി;
കൂട്ടുകാരികളടുക്കുമ്പോൾ
ഒക്കത്തിരിക്കും
കുഞ്ഞിന്റെ കരച്ചിലമർത്തി;
ചിരട്ടയിൽ നിറയും
റബ്ബർപ്പാലിൽ
കണ്ണുനട്ടതുകാണാതെ;
വിറക്കും കരങ്ങളാലന്നം
തേടിയവൾ.
അപശകുനം മൂശേട്ടയെന്ന്
മറ്റുള്ളോർ മുഖം തിരിക്കെ
തങ്കക്കുടത്തിനെ
മാറോടണച്ച്
കൂരയ്ക്കുള്ളിലൊളിക്കാനിടം
കാണാതുഴറുന്നവൾ.
അച്ഛനില്ലാക്കുഞ്ഞി-
നിവളമ്മയാണ്.
പേറ്റുനോവറിഞ്ഞൊരു ജീവനെ
ഭൂമിയിൽ വാഴിക്കുമമ്മ.
മാനത്തോളം വലുതല്ലാത്തൊരു
മാനത്തിന്നായേതൊരു
പാതാളത്തിൽ
താഴ്ത്താമിനിയും!

പ്രസക്തി കവിതാപതിപ്പിൽ പ്രസിദ്ധീകരിച്ചത്

11 comments:

c v ajith cheleri said...

aariaro

മുകിൽ said...

kaumaarathile maathruthwam.

ഷെരീഫ് കൊട്ടാരക്കര said...

മനസിനെ സ്പര്‍ശിച്ച വരികള്‍

Blessy said...

Good one!

മനോജ് കെ.ഭാസ്കര്‍ said...

കാലിക പ്രസക്തമായ ഒരു നല്ല കവിത....

സങ്കൽ‌പ്പങ്ങൾ said...

ഒരുപാടു പരിചിതമായ സങ്കടങ്ങൾ..
ആശംസകൾ.

Kalavallabhan said...

എങ്കിലും പറയില്ലവനാരെന്ന്
അവനോ തേടുന്നടുത്തിരയെ
...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എന്തെല്ലാം അമ്മകള്‍ ..!
എന്തെല്ലാം മക്കള്‍ ..!
എങ്ങിനെയെല്ലാം ജീവിതം..!
കവിത ചിന്തിപ്പിച്ചു.

പട്ടേപ്പാടം റാംജി said...

കണ്മുന്നില്‍ കാണുന്ന കാഴ്ചകള്‍ എത്ര ക്രൂരം.

Echmukutty said...

വേദനിപ്പിച്ചല്ലോ.

Unknown said...

നല്ല കവിത
http://admadalangal.blogspot.com/