Sunday, August 14, 2011

സ്വാതന്ത്ര്യഗീതം


അറുപത്തിനാലാണ്ടു തികഞ്ഞാ-
ഘോഷത്തിൻ പുലരിയണഞ്ഞൂ.
സ്വാതന്ത്ര്യപ്പറുദീസയിലിന്ന്   
സ്വാഭിമാനം  വിറ്റുതുലക്കാം. 
വിലയിടുന്നുറ്റവരെത്തി
വിരിഞ്ഞുതീരാക്കുരുന്നിനും. 
ഇളമാംസത്തിന്നേറെ പ്രിയം
ഇറുത്തുമാറ്റിയെടുത്താലും.
നരഭോജികൾ മാംസഭുക്കുകൾ
നരനായാട്ടു നടത്തുന്നൂ.
മതങ്ങൾ മറയിട്ടുയർത്തും
മാനവന്റെ പൊയ്മുഖങ്ങളിൽ.
മരണദേവതയുറഞ്ഞുതുള്ളി
മനുഷ്യചേതന മരിച്ചുവീണു.
ചിതലരിച്ചൂ ചെറുപ്പമിവിടെ
ചിതറിത്തെറിക്കും ബാല്യവും.
തീവ്രവാദപ്പാളയത്തിൽ 
തീക്ഷ്ണമെരിഞ്ഞു ചാമ്പലാവാൻ.
കത്തിയെരിയും പുരയുടെ ചുറ്റും  
കഴുക്കോലൂരി വിൽക്കാനായ്
മണ്ടിനടക്കുമഴിമതി വീരർ
മിണ്ടാനാവാപ്പരിഷകളൊപ്പം.
കോടികൾ കൈവെള്ളയിലാക്കി
കോഴച്ചരിതമരങ്ങ് തകർത്തു.
ജനാധിപത്യമാതൃകയായി
ജയിൽ നിറച്ച് ജനസേവകരും.
ജനങ്ങളിവിടെ കഴുതകളെന്നും.
ജയിച്ചുപോകുമെന്തെളുപ്പം! 
നേട്ടത്തിന്റെ കണക്കുകളിൽ
നേതൃത്വത്തിന്നഭിമാനിക്കാം.
അഴിമതിയക്രമപീഡനത്തിൽ
അലസത വിട്ടുയരാം ഞങ്ങൾ.
സ്വാതന്ത്ര്യപ്പൊൻകൊടിക്കൂറ
സാനന്ദമുയർത്താമിനിയും.

21 comments:

ശാന്ത കാവുമ്പായി said...

സ്വാതന്ത്ര്യപ്പുലരിയെ വരവേൽക്കാനൊരുങ്ങുമ്പോൾ ചുറ്റുമുള്ള കാഴ്ചകൾ കണ്ട് വേദന തോന്നുന്നു.

Manoraj said...

വന്ദേമാതരം.

നമുക്ക് ലജ്ജിക്കാം. ഇതൊക്കെ കണ്ട്.. ഒന്നുചേര്‍ന്ന് പാടാം..

We shall overcome.. we shall overcome..

എസ് കെ ജയദേവന്‍ said...

അറുപത്തിനാലാണ്ടു തികഞ്ഞാ-
ഘോഷത്തിൻ പുലരിയണഞ്ഞൂ......
സ്വാതന്ത്ര്യദിനാശംസകള്‍!

mini//മിനി said...

അല്ലയോ ഭാരതമാതാവെ,
എന്തിനീ സ്വാതന്ത്ര്യം?

yousufpa said...

സ്വാതന്ത്യം കിട്ടീന്നൊക്കെ വെറുതെ പറയാന്നേയ്..

keraladasanunni said...

സ്വാതന്ത്ര്യദിന ആശംസകള്‍ .

Unknown said...

താളമുള്ള വരികൾ...

വിനുവേട്ടന്‍ said...

എന്തിനുള്ള സ്വാതന്ത്ര്യം...? ഖജനാവ് കട്ട് മുടിക്കാനുള്ള സ്വാതന്ത്ര്യം... യഥേഷ്ടം അഴിമതി നടത്തുവാനുള്ള സ്വാതന്ത്ര്യം...

കാലമിത്രയായെങ്കിലും ഒരു ഏകീകൃത സിവിൽ കോഡെങ്കിലും കൊണ്ടു വരുവാൻ കഴിഞ്ഞുവോ മാറി മാറി ഭരിച്ച ഭരണാധികാരികൾക്ക്...?

ശ്രീനാഥന്‍ said...

നല്ലസ്വാതന്ത്ര്യദിന ചിന്തകൾ!

വിധു ചോപ്ര said...

അമർഷമിത്തിരി ഏറിപ്പോയോ
കവിതക്കൂ‍ട്ടു കുഴക്കുമ്പോൾ?
രസിച്ചു ചൊല്ലി വരികളുറക്കെ
മുദ്രാവാക്യം വിളി പോലെ!

സ്നേഹപൂർവ്വം വിധു

(കണ്ണൂർ മീറ്റിൽ കാണുമല്ലോ)

വി.എ || V.A said...

നല്ലതുപോലെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞിരിക്കുന്നു, എങ്കിലും നമ്മൾ ഇതെത്ര പറഞ്ഞാലും ബധിരന്മാർ കേൾക്കുമോ? പക്ഷേ, പറയാതെങ്ങനെ മനസ്സിന്റെ പ്രതികരണാത്മകചിന്തകൾ പങ്കുവയ്ക്കും, അല്ലേ? നല്ല ഒരു നാളേയ്ക്കുവേണ്ടി ശ്രമിച്ചുമുന്നേറാം....

Unknown said...

we got the freedom in midnite..but we still in midnite....we need the freedom from midnte

വെള്ളരി പ്രാവ് said...

നന്നായി..നന്മകള്‍.

ദൃശ്യ- INTIMATE STRANGER said...

വരികള്‍ നന്നായി ..ആശംസകള്‍

Anoopkumar said...

സ്വാതന്ത്ര്യദിന ആശംസകള്‍
http://manodalangal.blogspot.com/2011/08/blog-post_15.html

Echmukutty said...

എന്നാലും സ്വാതന്ത്ര്യമല്ലേ.....
അഫ്ഗാനിസ്ഥാൻ, ഇറാക്ക്, പാലസ്തീൻ അങ്ങനെ പലരാലും അധിനിവേശിയ്ക്കപ്പെട്ട ഏതെങ്കിലും ഒരു രാജ്യത്ത് ....അവിടെയൊക്കെ ജനിച്ചിരുന്നെങ്കിലോ...

Echmukutty said...

അതേയ്, ഞാനിന്ന് മനോരമയിൽ കണ്ടല്ലോ. അഭിനന്ദനങ്ങൾ കേട്ടൊ. ഈ മിടുക്കിക്ക്....എല്ലാറ്റിനും....

ഋതുസഞ്ജന said...

നന്നായി ..ആശംസകള്‍

Vinodkumar Thallasseri said...

നമസ്കാരം ടീച്ചറേ...

കണ്ണൂര്‍ മീറ്റില്‍ കണ്ടതോര്‍മ്മയുണ്ടോ?

വിനോദ്‌

ജയിംസ് സണ്ണി പാറ്റൂർ said...

ഇരുട്ടില്‍ ലഭിച്ച സ്വാതന്ത്ര്യം
ഇരുട്ടു വിഴുങ്ങും സ്വാതന്ത്ര്യം

ശാന്ത കാവുമ്പായി said...

മനോരാജ്,എസ്.കെ.ജയദേവൻ,മിനി,Yousupa,കേരളകാളിദാസനുണ്ണി,അലിഫ് കുമ്പിടി,വിനുവേട്ടൻ,ശ്രീനാഥൻ,വിധുചോപ്ര,വി‌എ,മൈ മൈഡ്രീംസ്,വെള്ളരിപ്രാവ്,ഇൻഡിമേറ്റ് സ്ട്രേൻ‌ജർ,എച്ചുമുക്കുട്ട്റ്റി,റ്‌തുസൻ‌ജന,അനൂപ്കുമാർ,വിനോദ്കുമാർ തലശേരി,ജെയിംസ് സണ്ണി പാറ്റൂർ.എല്ലാവരും നൽകുന്ന പ്രോത്സാഹനങ്ങൾക്ക് നന്ദി.തുടർന്നും പ്രതീക്ഷിക്കുന്നു.