Wednesday, July 20, 2011

അതിജീവനം

ഡിപ്പാർച്ചർ എന്റ്രൻസിൽ വെച്ച് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.
അച്ഛൻ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു “ഫ്ലൈറ്റ് വരാറായി, ബാക്കി 
കാര്യങ്ങൾ ഇനി ഫോണിൽ പറയാം”.അമ്മയുടെ കൈകൾ 
പതുക്കെ മാറ്റി രാഹുലിന്റെ പിറകെ നടന്നു.രാഹുൽ ബോർഡിംഗ് 
പാസ്സ് വാങ്ങി ലഗ്ഗേജ് ഡെപ്പോസിറ്റ് ചെയ്തു. ലോഞ്ചിൽ 
ഇരിക്കുമ്പോൾ കണ്ടു രാഹുലിന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നു.
അവന് അച്ഛനുമമ്മയും ദൈവങ്ങളാണ്.എന്നിട്ടും അവരെ 
നിഷേധിച്ചുകൊണ്ടു തന്റെ കൈ പിടിച്ചുകൊണ്ട് പുതിയ 
ജീവിതത്തിലേക്കു നടന്നു കയറി.

മുംബൈയിലെ ഒരു ഇന്റർ നാഷണൽ കാൾ സെന്ററിൽ വെച്ച് 
രാഹുലിനെ കണ്ടത് ഇന്നലെയാണെന്ന് തോന്നിപ്പോകുന്നു.

അമ്മയും പപ്പയും പ്രണയിച്ച് വിവാഹിതരായവർ.അമ്മയുടെ 
വീട്ടുകാരെ അറിയില്ല എന്നു തന്നെ പറയാം.അന്യ മതത്തിൽ 
പെട്ടവനെ കല്യാണം കഴിച്ചതുകൊണ്ട് അവർ ഉപേക്ഷിച്ചു.
പപ്പയുടെ വീട്ടുകാർ അമ്മയെ സ്വീകരിച്ചു.എല്ലാ 
സൌകര്യങ്ങളുമുള്ള കൊട്ടാരം പോലുള്ള വീട്ടിൽ 
ആഢംബരമായി തന്നെ ജീവിച്ചു.മൂന്ന് 
പെൺകുട്ടികളായതിൽ അമ്മയ്ക്കും പപ്പക്കും ഒട്ടും 
വിഷമമില്ലായിരുന്നു.സഹപാഠികൾ മാതാപിതാക്കളുടെ  
വലിയ വഴക്കിന്റെ കഥകൾ പറയുമ്പോൾ 
അതിശയമായിരുന്നു.കാരണം അമ്മയും പപ്പയും 
അത്ര സ്നേഹത്തോടെയായിരുന്നു കഴിഞ്ഞത്.
ഒരിക്കൽ‌പ്പോലും അവർ പിണങ്ങുന്നത് കണ്ടിട്ടേയില്ല.

വരാൻ പോകുന്ന കൊടുങ്കാറ്റിന്റെ ശാന്തതയായിരുന്നു അതെന്ന് 
അന്നറിഞ്ഞില്ല.അറിഞ്ഞാലും ഒന്നും ചെയ്യാനാവില്ലായിരുന്നു.
പപ്പയുടെ ബിസ്സിനസ് കാര്യങ്ങളിലൊന്നും അമ്മ തലയിടാറില്ല.
മിക്കപ്പോഴും ടൂറിലായിരിക്കും.വീട്ടിലെത്തുമ്പോൾ ഭാ‍ര്യയേയും 
മക്കളേയും സ്നേഹിച്ചു കൊല്ലും.പുറത്ത് കൊണ്ടുപോകും.വീക്കെന്റ് 
നൈറ്റൌട്ടുകളും, പാർട്ടിയും ബീച്ചും സിനിമയും.ഒരു പാർട്ടിയിൽ 
വെച്ചാണ് ആദ്യമായി പപ്പയുടെ സെക്രട്ടറി മിസ് നിസ്രയെ കണ്ടത്.
ലിപ്‌സ്റ്റിക്കിട്ട ചുവന്ന ചുണ്ടുകൾ.തോളത്തു മുട്ടുന്ന 
ഞാത്തുകളിളക്കിക്കൊണ്ട് സംസാരിക്കുന്നത് കാണാൻ നല്ല 
ഭംഗിയുണ്ട്.അന്ന് അവരുടെ സ്വർണനിറമുള്ള ലാച്ചയിൽ 
ഒന്നു തൊടാൻ കൊതി തോന്നിയിരുന്നു.പിന്നെപ്പിന്നെ 
പപ്പയുടെ ടൂറിന് നീളം കൂടി വന്നു.വീട്ടിൽ വരാതായി.
പെട്ടെന്നൊരു ദിവസം പപ്പ വീട്ടിൽ കയറി വന്നു. തന്റെ 
സെക്രട്ടറിയെ വിവാഹം കഴിക്കുകയാണെന്ന് അമ്മയെ 
അറിയിക്കാൻ.ഒരു മുസ്ലീം പെൺകുട്ടിയെ മതാചാരപ്രകാരം 
വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന്റെ വീട്ടുകാർക്കും 
സമ്മതമായിരുന്നു.

മൂന്ന് പെണ്മക്കളേയും കൂട്ടി അമ്മ അന്ന് ആ വീട്ടിൽ നിന്നിറങ്ങിയതാണ്.
കൂട്ടുകാരിയുടെ വീട്ടിൽ കുറച്ചു ദിവസം തങ്ങി.അമ്മയ്ക്ക് ചെറിയൊരു 
ജോലിയും വൺ റൂം കിച്ചനും അവർ തരപ്പെടുത്തിക്കൊടുത്തു. 
ബോളിവുഡ് താരങ്ങൾ തിങ്ങിപ്പാർക്കുന്ന ബാന്ദ്രയിലെ ബംഗ്ലാവിൽ 
നിന്ന് അവിടുത്തെ സ്ലം ഏരിയയിലേക്കൊരു കൂടുമാറ്റം. തണുത്ത 
തറയിൽ അമ്മയും മുന്ന് പെണ്മക്കളും ചുരുണ്ടുകൂടി.അവിടെ അങ്ങനെ 
ഒന്നു കിട്ടുക എന്നതു തന്നെ വലിയ കാര്യമാണ്.വാടക,ഭക്ഷണം,
മക്കളുടെ പഠനം അങ്ങനെ ചെലവുകൾ നീണ്ടുപോയി.
അമ്മയുടെ ആഭരണങ്ങൾ ഒന്നൊന്നായി തീർന്നു. പിടിച്ചു നിൽക്കാ
നാവാഞ്ഞപ്പോൾ മക്കളെയും ജോലിക്കയക്കാൻ അമ്മ തീരുമാനിച്ചു.
പ്ലസ് ടു കഴിഞ്ഞ ഉടനെ കൂട്ടുകാരൊക്കെ പ്രൊഫഷണൽ കോഴ്സുകൾ 
തേടിയപ്പോൾ താൻ തൊഴിൽ തേടി.

മലാഡിലെ കാൾ സെന്റ്‌റിൽ ഇന്റർവ്യൂവിനു പോയപ്പോൾ ഇന്റർവ്യൂ 
പാനലിലെ ഒരാൾ ചോദിച്ചതോർമ്മയുണ്ട്.പഠനം പൂർത്തിയാക്കാതെ 
ഇത്ര ചെറുപ്പത്തിലേ എന്തിനാണ് ജോലിക്ക് വരുന്നതെന്ന്.വീട്ടിലെ 
സാമ്പത്തിക പ്രയാസം കാരണം എന്ന്  വളച്ചു കെട്ടാതെ മറുപടി 
പറഞ്ഞത് അവർക്കിഷ്ടമായെന്നു തോന്നി. ഏതായാലും ജോലി കിട്ടി.

ജോലി വലിയ പ്രയാസമുള്ളതായിരുന്നില്ല.നല്ല ഇംഗ്ലീഷ് ആക്സന്റും 
കമ്പ്യൂട്ടർ പരിചയവും ജോലി എളുപ്പമാക്കി.തരക്കേടില്ലാത്ത 
ശമ്പളവും.രണ്ടു മക്കളുംഅമ്മയും ജോലി ചെയ്തു.അനിയത്തി 
പഠിച്ചു.ജീവിതം കരുപ്പിടിപ്പിക്കാനുള്ള തീവ്രശ്രമത്തിൽ 
ഒരു പരിധി വരെ അമ്മ വിജയിച്ചു.ഒരു തുള്ളി കണ്ണീർ 
പൊഴിക്കാൻ കൂട്ടാക്കാതെ മക്കളെ ആശ്വസിപ്പിച്ചും ഓമനിച്ചും 
അമ്മ വളർത്തി.വീണ്ടുമൊരു പരീക്ഷണം.ഇപ്രാവശ്യം 
മും‌ബൈയിലെ വെള്ളപ്പൊക്കത്തിന്റെ രൂപത്തിൽ.
ചേരിപ്രദേശമായതുകൊണ്ട് പെട്ടെന്ന് വെള്ളം കയറും.
പക്ഷേ,ആ വെള്ളപ്പൊക്കം ആരും ഒരിക്കലും മറക്കില്ല.
തങ്ങളുടെ സമ്പാദ്യമെല്ലാം ഒറ്റ രാത്രി കൊണ്ട് 
സംഹാരരൂപിണിയായി  ആർത്തലച്ചെത്തിയ ജലപ്രവാഹം 
കവർന്നെടുത്തു.ടി.വി.,ഫ്രിഡ്ജ്,വീട്ടുപകരണങ്ങൾ എല്ലാം 
തകർന്നു.ഉടുവ്സത്രമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ട് ജീവനും 
കൊണ്ട് അഭയാർത്ഥികളായി ഓടിപ്പോകേണ്ടി വന്നു.
തള്ളക്കോഴിയെപ്പോലെ അമ്മ മക്കളെ ചിറകിന്നടിയിൽ 
ഒളിപ്പിച്ചു.ഒരു കൊടുങ്കാറ്റിനും ആ രക്ഷാകവചം 
ഭേദിക്കാനായില്ല.അമ്മയുടെ അത്മവിശ്വാസത്തെ
മുക്കിക്കളയാനും.  

ഒരു ദിവസം രാ‍വിലെ ഒരു ആസ്ട്രേല്യൻ സായിപ്പുമായുള്ള  
നീണ്ട കാളിനു ശേഷം ഒരു കോഫി സിപ് ചെയ്യണമെന്നു 
തോന്നി.കോഫി വെൻഡിങ്ങ് മെഷീനിൽ നിന്ന് കോഫി 
എടുക്കുമ്പോൾ കണ്ടു. നല്ല ഉയരമുള്ള ഒരു ഹാൻഡ്സം ഡ്യൂഡ്.
ന്യൂജോയിനിആണ്.വിഷ് ചെയ്തപ്പോൾ മല്ലു ആണെന്ന് 
മനസ്സിലായി.ആദ്യ കാഴ്ച്ചയിൽ തന്നെ എന്തോ ഒരിഷ്ടം തോന്നി.

പിന്നെ കണ്ടത് ഒരു ബെർത്ഡേ പാർട്ടിയിൽ വെച്ചാണ്.
അവൻ നല്ലൊരു ഡാൻസറാണെന്ന് അന്ന് മനസ്സിലായി. 
ചിരപരിചിതരെപ്പോലെ 
ഒരുപാട് സംസാരിച്ചു.അവന്റെ തമാശകൾ കേട്ട് ചിരിച്ചു ചിരിച്ച് 
മണ്ണുകപ്പി.അവന്റെ തമാശയും ചുറുചുറുക്കും ആരേയും 
ആകർഷിക്കുന്നതായിരുന്നു.

പിന്നെ ഇടക്കൊരു മിസ്ഡ് കാൾ അല്ലെങ്കിലൊരു എസ്.എം.എസ്.
തങ്ങളറിയാതെ തന്നെ അടുക്കുകയായിരുന്നു.വെവ്വേറെ ഷിഫ്റ്റിൽ 
ആയ ദിവസങ്ങൾക്ക് വല്ലാതെ നീളം തോന്നി.ഓഫീസ് വിട്ട് 
ഒന്നിച്ചിറങ്ങുന്ന ദിവസങ്ങളിൽ കഫേ കോഫി ഡേകളിലും 
മക്ഡൊണാൾഡ്സിലും അല്പസമയം ചെലവഴിക്കാൻ തുടങ്ങി.
ബെർഗറും കടിച്ചുകൊണ്ട് വെറുതെ കണ്ണിൽക്കണ്ണിൽ 
നോക്കിയിരിക്കാൻ. ഒരായുസ്സു മുഴുവൻ അങ്ങനെ നോക്കിയിരിക്കാൻ 
കൊതിച്ചിട്ടുണ്ട്.തങ്ങളുടെ അടുപ്പം ഫ്രൻഡ്സിനൊക്കെ മനസ്സിലായി.
എല്ലാവരും സപ്പോർട്ട് ചെയ്തു.ഏറെ സന്തോഷിച്ചത് നീതയായിരുന്നു.
തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണവൾ. അലീഷ നിനക്ക് നല്ലൊരു 
ഫ്യൂച്ചർ ഉണ്ടാവും എന്നവൾ പറയുമായിരുന്നു.

വീട്ടിലെത്തിയാലും രാഹുലിന്റെ വിശേഷങ്ങളേ 
പറയാനുണ്ടായിരുന്നുള്ളു.എന്നും കേട്ടപ്പോൾ അമ്മ 
പന്തികേട് മണത്തു. മദ്രാസികളോടൊക്കെ സൂക്ഷിച്ച്
അടുത്താൽ മതിയെന്ന് പറഞ്ഞു.അപ്പോൾ തിരിച്ചടിച്ചു.പപ്പ
മദ്രാസിയായിരുന്നില്ലല്ലോ.ഗുജറാത്തി തന്നെയായിരുന്നല്ലോ.
പിന്നെ അമ്മ ഒന്നും മിണ്ടിയില്ല.ജുഹുവിലെ പഞ്ചാര മണലിൽ 
തിരമാലകളിൽ കാൽ നനച്ച് കൈകോർത്തു നടക്കുമ്പോൾ
ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി.രാഹുലിന് ഒന്നിലും സംശയം 
ഇല്ലായിരുന്നു.അത്രയേറെ സ്നേഹിക്കുന്ന അച്ഛനുമമ്മയും 
സഹോദരിയും തങ്ങളെ സ്വീകരിക്കുമെന്നവനുറപ്പുണ്ടായിരുന്നു.

അമ്മയും സഹോദരിമാരും ജീജുവും സമ്മതിക്കില്ല എന്ന് 
തനിക്കുമുറപ്പുണ്ടായിരുന്നു.അമ്മ ചൂടു വെള്ളത്തിൽ വീണ 
പൂച്ചയാണ്.മകൾക്കും അതേ അനുഭവം ഉണ്ടായാൽ അമ്മ 
തകർന്നു പോകും.മക്കൾക്കു വേണ്ടി മാത്രമാണ് അവരിപ്പോൾ 
ജീവിക്കുന്നത്.രാഹുൽ  ഇല്ലാത്ത ഒരു ജീവിതം തനിക്ക് 
ആലോചിക്കാൻ കൂടി വയ്യ.അച്ഛനമ്മമാരുടെ സമ്മതം 
വാങ്ങിയിട്ട് വരാം എന്നു പറഞ്ഞ് രാഹുൽ നാട്ടിൽ പോയി.
കുറെ ദിവസത്തേക്ക് ഒരു വിവരവുമറിയാതെ താൻ 
എരിപൊരിക്കൊള്ളുകയായിരുന്നു.മൊബൈൽ എപ്പോഴും 
എൻ‌ഗേജ്ഡും സ്വിച്ച്ഡ് ഓഫും.ഒരാഴ്ച്ച കഴിഞ്ഞപ്പോൾ 
ലീവ് തീരുന്നതിനു മുമ്പ് രാഹുൽ തിരിച്ചെത്തി.മൂടിക്കെട്ടിയ 
മുഖവുമായി.ചോദിച്ചിട്ടൊന്നും വിട്ടു പറഞ്ഞില്ല.വൈകുന്നേരം 
കാണണം എന്നു മാത്രം പറഞ്ഞു..എന്നും പോകാറുള്ള 
സി.സി.ഡി.യിൽ ഒഴിഞ്ഞൊരു മൂലയിലെ ടേബിളിനടുത്ത്
പോയിരുന്നു.രണ്ട് കപുച്ചിനൊ ഓർഡർ ചെയ്തിട്ട് രാഹുൽ 
എല്ലാം പറഞ്ഞു.അമ്മപൊട്ടിത്തെറിച്ചു, കരഞ്ഞു.
അച്ഛൻ ഉപദേശിച്ചു.ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ,
കുട്ടികളുടെ ഭാവി,വ്യത്യസ്ത സംസ്കാരങ്ങൾ,ഭാഷ അങ്ങനെ 
ഒരുപാടു കാര്യങ്ങൾ. നിന്റെ തോന്ന്യാസങ്ങൾക്കൊന്നും കൂട്ടു 
നിൽക്കാനാവില്ലെന്ന് ചേച്ചിയുംപറഞ്ഞു.എല്ലാറ്റിനും കൂട്ട് 
നിൽക്കാറുള്ള അളിയൻ ഒന്നും മിണ്ടിയില്ല.ബന്ധുക്കളെല്ലാവരും 
ആളാം‌പ്രതി ഉപദേശിച്ചു.

തലയും താങ്ങിയിരിക്കുന്ന രാഹുലിനെ കണ്ടപ്പോൾ അലിവ് 
തോന്നി.വീട്ടുകാരെക്കുറിച്ചുള്ള കണക്കു കൂട്ടലുകൾ തെറ്റിയത് 
അവനെ തകിടം മറിച്ചു.അവസാനം തന്റെ നാവിൽ നിന്നും 
വാക്കുകൾ പുറത്തേക്കു തെറിച്ചു വീണു. 
‘നമുക്ക് പിരിയാം.’
അവിശ്വസനീയതയോടെ അവൻ തലയുയർത്തി നോക്കി.
മുഖം ചുവന്നു.ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നപ്പോൾ 
തിരിച്ചു വിളിക്കാൻ തോന്നിയില്ല.ബില്ല് പേ ചെയ്ത് 
പുറത്തേക്കിറങ്ങി.ഒരാഴ്ച്ച പരസ്പരം മിണ്ടാതെ ഭ്രാന്ത് 
പിടിച്ച് നടന്നു.ഉറങ്ങാനാവാതെ,ജോലി ചെയ്യാനാവാതെ 
എരിപൊരിക്കൊള്ളുമ്പോൾ മരണത്തെക്കുറിച്ചുപോലും 
ചിന്തിച്ചുപോയി.അമ്മയും സഹോദരങ്ങളും തന്റെ 
അരികിൽ നിന്നു മാറിയില്ല.കൂടുതൽ പിടിച്ചു നിൽക്കാൻ 
കഴിഞ്ഞില്ല.പിരിഞ്ഞപ്പോഴാണ് അവൻ തനിക്കെന്താണെന്ന് 
ബോധ്യമായത്.

അണപൊട്ടിയൊഴുകിയ പ്രവാഹത്തിന് സമുദ്രത്തിലെത്താതെ 
നിൽക്കാനാവില്ല.അവന്റെ അടുത്തെത്തിയതേ 
ഓർമയുണ്ടായിരുന്നുള്ളൂ.കെട്ടിപ്പിടിച്ച് കരഞ്ഞു രണ്ടുപേരും.
മതിയാവോളം.പിന്നെ ഉറച്ച തീരുമാനമെടുത്തു.ഇനി എല്ലാം ഒന്നിച്ച്.
ജീവിതമായാലും മരണമായാലും.ഭാവിയെക്കുറിച്ച് ഗൌരവത്തോടെ 
ചിന്തിക്കാൻ തുടങ്ങി.രാഹുൽ വീട്ടിൽ വന്ന് അമ്മയോട് സംസാരിച്ചു.
അമ്മ എതിർത്തു.എന്തു വന്നാലും പിൻവാങ്ങില്ലെന്ന് അമ്മയെ 
ബോധ്യപ്പെടുത്തി.രാഹുലിന് ദുബായിൽ ജോലി ശരിയായിട്ടുണ്ട്.
മുടങ്ങിപ്പോയ തന്റെ പഠനം പൂർത്തിയാക്കണം. പാർട് ടൈം 
കോഴ്സിനു ചേർന്നു. രാത്രി ജോലി, പകൽ പഠനം.

രാഹുൽ അവധിക്കു നാട്ടിൽ വന്നു പോകും.ഒന്നും 
സംഭവിക്കാത്തതുപോലെ എല്ലാവരും പെരുമാറി. 
എല്ലാമറിയുന്നവരുടെ നാട്യങ്ങൾ.മുറിച്ചെറിയാൻ 
പറ്റാത്ത രക്തബന്ധത്തിന്റെ അഭിനയം.

കാത്തിരിപ്പിന്റെ അഞ്ചു വർഷങ്ങൾ. മഞ്ഞുമലകളൊന്നും 
അതിനിടയിൽ ഉരുകിയില്ല.ഒന്നുകൂടി തണുത്തുറഞ്ഞു.
ഇനി വയ്യ. മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള 
അമ്മ വേറെ വിവാഹാലോചന തുടങ്ങിയപ്പോൾ ഒന്നിക്കൽ 
മാത്രമായിരുന്നു പോംവഴി.നാലു ദിവസത്തെ അവധിയിൽ 
രാഹുൽ മുംബൈയിൽപറന്നെത്തി.അവൻ അച്ഛനെ 
വിളിച്ചറിയിച്ചു. നാളെ വിവാഹമാണ്.അനുഗ്രഹിക്കണം.

തന്റെ അമ്മയും സഹോദരിമാരും ഏറ്റവുമടുത്ത രണ്ടുമൂന്നു 
കൂട്ടുകാരുംമാത്രംപങ്കെടുത്ത വിവാഹം.വിവാഹ രജിസ്റ്ററിൽ 
ഒപ്പ് വെക്കുമ്പോൾ രാഹുലിന്റെ കണ്ണു നിറഞ്ഞത് കണ്ടില്ലെന്ന 
ഭാവത്തിൽ നിൽക്കുമ്പോൾ മനസ് വിങ്ങി. രാഹുൽ അടുത്ത 
ദിവസം തന്നെ ഗൾഫിലേക്കു മടങ്ങി. കുറ്റബോധത്തോടെ. 
വിസ ശരിയായാലുടനെ തന്നേയും കൊണ്ടുപോകും.

അച്ഛന്റേയും അമ്മയുടേയും മുമ്പിൽ തോൽക്കാനും അവരെ 
തോൽ‌പ്പിക്കാനും തയ്യാറെടുത്തുകൊണ്ടാണ് രാഹുൽ അടുത്ത 
അവധിക്കെത്തിയത്.അവൻ നേരെ പോയി അമ്മയുടെ 
കാൽക്കൽ വീണു.അച്ഛന്റേയും.ആരും ഒന്നും മിണ്ടിയില്ല.
പക്ഷേ പ്രതികരണമുണ്ടായി.അച്ഛൻ ബന്ധുക്കളെയൊക്കെ 
ക്ഷണിച്ചു.വിവാഹത്തിന്റെ റിസപ്ഷന്.മുംബൈയിൽ 
മെസ്സേജ് കിട്ടിയപ്പോൾ ആദ്യം കരഞ്ഞു.പിന്നെ ചിരിച്ചു.
വീണ്ടും വീണ്ടും.അമ്മയും സഹോദരിമാരും ഒരു ബന്ധുവും 
കൂടി കേരളത്തിലേക്ക് വണ്ടി കയറി.താമസിക്കാനുള്ള 
ഹോട്ടൽ മുറികൾ നേരത്തെ രാഹുൽ ഏർപ്പാടാക്കിയിരുന്നു.
അലങ്കരിച്ച ഓഡിറ്റോറിയത്തിന്റെ മുമ്പിൽ കാറിൽ 
ചെന്നിറങ്ങുമ്പോൾ ചങ്കിടിച്ചു. വെളുത്ത അക്ഷരങ്ങൾ 
പുഞ്ചിരി തൂകിക്കൊണ്ട് സ്വാഗതം ചെയ്തു.
‘അലീഷ ആന്റ് രാഹുൽ.’
രാഹുലിന്റെ സഹോദരിയും ഭർത്താവും വന്ന് സ്വീകരിച്ചു.
പെങ്ങൾ അമ്മയുടേയും അച്ഛന്റേയുമടുത്തേക്കാനയിച്ചു.
കാലുതൊട്ടു വണങ്ങുമ്പോൾ മനസ്സുകൊണ്ട് കേണു.
‘അമ്മേ പൊറുക്കണേ.’
മൂടിക്കെട്ടിയ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞു. 
സ്നേഹത്തിന്റെ പൊൻ‌വെയിൽ പരന്നു.മകളായി 
പെരുമാറിയപ്പോൾ അമ്മ ആയുധം വെച്ച് കീഴടങ്ങി.
എത്ര പെട്ടെന്നാണ് ഒരാഴ്ച്ച കടന്നു പോയത്.
ഇപ്പോൾ,ഈ നിമിഷത്തിൽ ഇവരെയൊന്നും 
പിരിയാൻ തോന്നുന്നില്ലല്ലോ.ഇതുവരെ 
അനുഭവിച്ചതെല്ലാം ഒരു സ്വപ്നമായിരുന്നോ!
ഈ വടവൃക്ഷത്തണലിലേക്ക് തിരിച്ചുവരാൻ വേണ്ടി 
പ്രിയപ്പെട്ടവരേ വിട തരൂ.പോയ് വരട്ടെ

26 comments:

the man to walk with said...

Nice One

Best wishes

mini//മിനി said...

കഥ നന്നായി, തുടരുക.

എസ് കെ ജയദേവന്‍ said...

കഥ വായിച്ചു...മഹാനഗരങ്ങളിലെ ജീവിതങ്ങളെ ടീച്ചര്‍ ഗ്രാമത്തിലിരുന്നും കാണുന്നു.അഭിനന്ദനം...

Kalavallabhan said...

പുതിയ ജീവിതങ്ങളൊക്കെ കഥകളായി വരുന്നു.
നന്നായിട്ടുണ്ട്.

പൈമ said...

ജിവിതഗന്ധിയയത്
വായിച്ചു ഇഷ്ട്ടപ്പെട്ടു

ശ്രീനാഥന്‍ said...

പുതിയ ജീവിതത്തെക്കുറിച്ചെഴുതിയ ഈ കഥ നന്നായി.അലീഷ, രാഹുൽ- രണ്ടു പേർക്കും നന്മ വരട്ടെ. ചരിത്രം ആവർത്തിക്കാതിരിക്കട്ടെ.

മുകിൽ said...

nalla katha. idakku kallu kadiyonnumillathe smooth aayi vaayikan sadhichu. nalla katha.

Sabu Hariharan said...

ലേഖനം.

വിധു ചോപ്ര said...

കമന്റ് അടുത്ത വരവിൽ .വലിയ കഥകൾ വായിക്കാൻ കുറച്ച് നല്ല സമയം വേണം. സമയമുണ്ടാക്കാനൊരു വാച്ചും വാങ്ങി ഇനിയും വരാം.

Yasmin NK said...

നന്നായി.ആശംസകള്‍

Unknown said...

വായിച്ചു ..
ജീവിതം മണക്കുന്ന മുഹൂര്‍ത്തങ്ങള്‍...
ഭാവുകങ്ങള്‍!

ജെ പി വെട്ടിയാട്ടില്‍ said...

ഇത് വഴി നടാടെയാണ്. നല്ല കഥ.

ഭാവുകങ്ങള്‍
\

Unknown said...

ഒഴുക്കോടെ വായിച്ചു, നല്ല എഴുത്തും.

പക്ഷെ കഥയുടെ ചട്ടകൂട്ടില്‍ കാണാന്‍ പറ്റുന്നില്ല.
ഘടകങ്ങള്‍ മിസ്സിംഗാണ്.

മുഹമ്മദ്കുഞ്ഞി said...

കഥ നന്നായി,
ടീച്ചര് വിശാലമായ ലോകത്ത് ജീവിക്ക്ഉന്നു,അത്ഭുതം തോന്നി
അഭിനന്ദനങ്ങള്

വീകെ said...

പുതിയ ജീവിതരീതികൾ... കഥകൾ....
ആശംസകൾ...

ശാന്ത കാവുമ്പായി said...

കഥ കേൾക്കാനെത്തിയവരെയെല്ലാം നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നു.ഇതൊരു കഥയെന്നു പറയുന്നതിനേക്കാൾ അനുഭവം എന്ന് പറയുന്നതായിരിക്കും ശരി.ലോകത്തെങ്ങുമുള്ള പ്രണയഭാവം ഒരുപോലെയല്ലേ.
അത്തരമൊരനുഭവത്തെ കഥയുടെ ചട്ടക്കൂട്ടിലാക്കിയെന്നേയുള്ളൂ.

വി കെ ബാലകൃഷ്ണന്‍ said...

നന്നായിട്ടുണ്ട്.

ദൃശ്യ- INTIMATE STRANGER said...

വായിച്ചു. ആശംസകള്‍

SUJITH KAYYUR said...

aashamsakal

SUJITH KAYYUR said...

aashamsakal

കോമൺ സെൻസ് said...

കഥ നന്നായി. ആശംസകള്‍

Echmukutty said...

ആശംസകൾ.

Aneesh TV said...

50% credit enikku...:)))

ഇ.എ.സജിം തട്ടത്തുമല said...

സംഭവബഹുലമായ സമൂഹത്തെ നന്നായി നോക്കിക്കാണുന്നുണ്ട് കഥാകൃത്ത്. കഥയെഴുതുന്നവർക്കും വായിക്കുന്നവർക്കും സമാനമായ സമൂഹക്കാഴ്ചകളുടെ അനുഭവങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുമ്പോൾ വായന അവാച്യമായ ഒരു അനുഭവമായി മാറും. ഇക്കഥ ഈ വായനക്കാരനിൽ അത്തരമൊരു വായനാനുഭവമായി മാറി. അധികം പൊടിപ്പും തൊങ്ങലുമില്ലാതെ പറഞ്ഞങ്ങു പോയെങ്കിലും കണ്മുന്നിൽ എല്ലാം കാണുന്നതുപോലെതന്നെ തോന്നി. ചുരുക്കത്തിൽ വാക്കുകളുടെ മാസ്മരികതയൊന്നും സൃഷ്ടിക്കാതെ തന്നെ കഥാകാരി ഒരു നല്ല കഥ പറഞ്ഞു. സമൂഹത്തിൽ അടർത്തിയെടുത്ത സംഭവബഹുലമായ ജീവിതത്തിന്റെ ഒരു ചിന്ത്. ഒരു നേർക്കാഴ്ച. അത് ഈ വായനക്കാരന് ഇഷ്ടമായത് ഇവ്വിധം അടയാളപ്പെടുത്തുന്നു.

ശാന്ത കാവുമ്പായി said...

വി.കെ.ബാലകൃഷ്ണൻ,ഇൻഡിമേറ്റ് സ്ട്രേഞ്ചർ,
സുജിത് കയ്യൂർ,കോമൺസെൻസ്,എച്ചുമു
ക്കുട്ടി,അനീഷ്,സജിം തട്ടത്തുമല കഥ
കേട്ടതിൽ നന്ദി.ഇനിയും വരണം.

Unknown said...

നല്ല കഥ