കണ്ണടച്ചാലെന്തൊരിരുട്ട്!
നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങൾ ഏതെങ്കിലും തരത്തിൽ നമ്മെ ബാധിക്കുമെന്ന കാര്യം തീർച്ചയാണ്.അപ്പോൾ ഒട്ടകപ്പക്ഷിയെപ്പോലെ മുഖം മണ്ണിൽ പൂഴ്ത്തിവെച്ചതുകൊണ്ട് രക്ഷപ്പെടാൻ പോകുന്നില്ല.കണ്ണടച്ചാൽ എന്തായാലും ഇരുട്ടാകില്ലെന്നെനിക്കറിയാം.അതുകൊണ്ടുതന്നെയാണ് സമൂഹത്തിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ ഞാൻ പ്രതികരിക്കുന്നത്.
അത്തരത്തിലൊരു പ്രതികരണമാണ് ‘സ്ത്രീപീഡനങ്ങൾക്ക് പുതിയ മുഖങ്ങൾ’എന്ന കുറിപ്പ്.അത് ബ്ലോഗിൽ പ്രസിദ്ധീകരിച്ചപ്പോൾ കിട്ടിയ പ്രതികരണങ്ങളാണ് എന്നെക്കൊണ്ട് വീണ്ടും ഇങ്ങനെയൊരു കുറിപ്പെഴുതിക്കുന്നത്.സാധാരണമായി ബ്ലോഗിൽ കിട്ടുന്ന പ്രതികരണങ്ങൾക്ക് അവിടെത്തന്നെയാണ് മറുപടി എഴുതാറുള്ളത്.അങ്ങനെ ചെയ്താൽ തെസ്നിബാനു പ്രശ്നത്തിൽ എന്റെ കാഴ്ച്ചപ്പാടുകൾ ബോധ്യമാകാത്തവർക്കുള്ള മറുപടി അവരിലെത്താൻ പ്രയാസമായേക്കാം എന്നു തോന്നിയതുകൊണ്ടാണ് കമന്റിനു പുറത്ത് എഴുതാമെന്ന് തീരുമാനിച്ചത്.
ഏതായാലും തരക്കേടില്ലാത്തൊരു ചർച്ച ‘സ്ത്രീപീഡനങ്ങൾക്ക് പുതിയ മുഖങ്ങൾ’എന്ന കുറിപ്പിനുണ്ടായതിൽ സന്തോഷമുണ്ട്. ലഭിച്ച അഭിപ്രായങ്ങൾ പരിശോധിച്ചപ്പോൾ പോസിറ്റീവായി ചിന്തിക്കുന്നവർ ധാരാളമുണ്ടെന്ന് മനസ്സിലായി.അതുതന്നെ നല്ലൊരു മാറ്റമായിട്ട് കണക്കാക്കാം.എല്ലാക്കാര്യങ്ങളും എല്ലാവരും എപ്പോഴും ശരിയായിത്തന്നെ മനസ്സിലാക്കണമെന്ന് ശഠിക്കുന്നതിൽ അർഥമില്ല.എങ്കിലും ചില പ്രസ്താവനകളോട് ഒട്ടും യോജിക്കാനാവില്ല.അവയ്ക്ക് കൃത്യമായ മറുപടി പറഞ്ഞേ തീരൂ.
സമൂഹത്തിലെ സ്വതന്ത്രരായ വ്യക്തികളാണ് സ്ത്രീകൾ. തങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുമ്പോൾ അതിനെതിരെ സ്ത്രീകൾ രംഗത്തു വരിക സ്വാഭാവികം മാത്രമാണ്.സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ രംഗത്തെത്തുമ്പോൾ സ്ത്രീവാദം എന്ന് വിശേഷിപ്പിച്ച് പുച്ഛിക്കേണ്ട കാര്യമില്ല.അല്ലെങ്കിലും സ്ത്രീവാദം എന്നത് ഒരു മോശം കാര്യമായി എനിക്ക് തോന്നിയിട്ടില്ല.പ്രത്യേകിച്ചും സമൂഹം നിലനിൽക്കുന്നത് സ്ത്രീകളെ ആശ്രയിച്ചാകുമ്പോൾ.
‘അവിവാഹിതകളായ യുവതികളെ കുറിച്ചോ പട്ടിണിപ്പാവങ്ങളായ വിധവകളെ കുറിച്ചോ ഒന്നും പറയാതെ പാതിരാത്രിയില്‍ പര പുരുഷനൊപ്പം ചുറ്റിയടിക്കാനുള്ള സ്വാതന്ത്ര്യമാണ് അടിസ്ഥാനമായി സ്ത്രീ നേരിടുന്ന പ്രശ്നം എന്ന രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്’ എന്നൊരാക്ഷേപം ഉന്നയിച്ചിട്ടുണ്ട്.ഇതൊന്നു വിശകലനം ചെയ്തു നോക്കാം.
അവിവാഹിതകളായ യുവതികളെക്കുറിച്ച് എന്തു പറയണമെന്നാണ് പ്രതീക്ഷിക്കുന്നത്?വേഗം വിവാഹം കഴിക്കണമെന്നോ? പക്ഷേ അതെന്റെ വിഷയമല്ല.വിവാഹം കഴിക്കണമെന്നാഗ്രഹിക്കുന്ന യുവതീയുവാക്കൾ വിവാഹം കഴിക്കും.വിവാഹം കൊണ്ടുമാത്രം ഒരു സ്ത്രീയെ രക്ഷപ്പെടുത്താമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.അങ്ങനെയാണെങ്കിൽ വിവാഹിതരായ സ്ത്രീകളാരും കഷ്ടപ്പെടില്ലല്ലോ?ഒരു പുരുഷന്റെ തണലിൽ സുരക്ഷിതരാകണമെന്നാണോ? അത്തരത്തിലൊരു സുരക്ഷിതത്വം പെൺകുട്ടികൾക്ക് ശുപാർശ ചെയ്യാൻ ഞാൻ തയ്യാറല്ല.സ്ത്രീ സ്വന്തം കാലിൽ നിന്നതിനുശേഷം മാത്രം വിവാഹത്തെക്കുറിച്ച് ആലോചിക്കണം.പിന്നെ വിധവകൾ.പ്രിയപ്പെട്ട ഇണ നഷ്ടപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കുചേരാം.അതിൽ പുരുഷൻമാരും പെടില്ലേ? ഭാര്യ മരിച്ചുപോയ പുരുഷൻമാർ.അവർക്കും സങ്കടമുണ്ടാവില്ലേ?അല്ലാതെ വിധവ എന്നൊരു വിഭാഗമുണ്ടെന്ന് ഞാനംഗീകരിക്കുന്നില്ല. എന്റെ വീക്ഷണത്തിൽ സ്ത്രീ മറ്റാരുടേയും കൈയിൽ നിന്ന് ചെലവിനു വാങ്ങേണ്ടവളല്ല.സ്വന്തമായി അധ്വാനിച്ച് വരുമാനമുണ്ടാക്കി ജീവിക്കേണ്ടവളാണ്.അത്തരക്കാർക്കു മാത്രമേ അഭിമാനത്തോടെ ജീവിക്കാനാവൂ.അവനവനു പറ്റിയ ജോലി സ്ത്രീ കണ്ടെത്തിയേ തീരൂ.അത് തെങ്ങ് കയറലായാലും പാണ്ടിലോറി ഓടിക്കലായാലും കുഴപ്പമില്ല.
‘ഓരോസ്ത്രീയും സുരക്ഷിതയാണു് എന്ന് ഉറപ്പ് വരുത്തേണ്ടത് ഓരോ പുരുഷന്റേയും കടമയും കർത്തവ്യവും ആണു്.’ ഒട്ടും വിശ്വസിക്കാനാവാത്തൊരു കാര്യമാണിത്.സ്ത്രീയുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയർത്തുന്നവർ തന്നെ സ്ത്രീ സുരക്ഷിതയാണെന്ന് ഉറപ്പ് വരുത്തുമെന്ന് പറയുമ്പോൾ വളരെ ക്രൂരമായൊരു ഫലിതമായിട്ടേ തോന്നുന്നുള്ളൂ.സ്വന്തം വീടുകളിൽപ്പോലും പല സ്ത്രീകളും സുരക്ഷിതരല്ല എന്നാണ് സമീപകാലവാർത്തകൾ തെളിയിക്കുന്നത്. ആ നിലക്ക് സ്ത്രീകളുടെ സുരക്ഷിതത്വം അവർ തന്നെയാണ് ഉറപ്പ് വരുത്തേണ്ടത്.ആരോപിക്കപ്പെടുന്ന അബലത്വം സ്ത്രീകൾ അംഗീകരിക്കണമെന്നില്ല.
‘പക്ഷേ രാത്രി ഇറങ്ങി നടക്കുന്നവരുടെ മൊത്തം സംരക്ഷണം ഏറ്റെടുക്കാനുള്ള ഫോഴ്സ് സർക്കാരിനുണ്ടോ? അറബി നാടിന്റെ സംസ്കാരമല്ല ഈ നാട്ടിലെന്ന് തിരിച്ചറിഞ്ഞാൽ നന്ന്.ഇങ്ങനെ ഇറങ്ങി നടക്കുന്നതിനെതിരെ ഇപ്പോൾ ചിലർ പ്രകടിപ്പിക്കുന്ന എതിർപ്പ് ഒഴിവാകുമ്പോൾ, ഇറങ്ങി നടന്ന് വല്ലയിടത്തും പെട്ടാൽ വല്ല കുരുത്തം കെട്ട ആൺ ശരീരത്തിലും തട്ടി ചളുങ്ങിയാൽ സഹിച്ചോളണം .’
രാത്രിയിലും പകലും ഇറങ്ങി നടക്കുന്നവരുടെ മൊത്തം സംരക്ഷണം സർക്കാറിനുണ്ട്.ഇറങ്ങിനടക്കരുത് എന്ന് നിരോധനാജ്ന പുറപ്പെടുവിച്ച പ്രദേശത്തുകൂടിയല്ല തെസ്നി ബാനുവും മറ്റു സ്ത്രീകളും ഇറങ്ങിനടക്കുന്നത്.അത് പാടില്ലെന്നു പറയാൻ ആർക്കാണധികാരം?ആർക്കുമില്ല.വല്ല കുരുത്തം കെട്ട ആൺ ശരീരത്തിലും തട്ടി ചളുങ്ങിയാൽ സഹിച്ചോളണം പോലും. കുരുത്തക്കേട് കാണിക്കുന്നതൊരവകാശം പോലുണ്ടല്ലോ. അങ്ങനെ സഹിക്കാൻ മനസ്സില്ലെങ്കിലോ?അതിനെ നേരിട്ടാലോ? കുരുത്തംകെട്ടവരെ നേരിടാനും കൈകാര്യം ചെയ്യാനും ഒരുപാട് മാർഗങ്ങളുണ്ടെന്ന് മറക്കേണ്ട.മാറുന്ന സമൂഹത്തിൽ പെണ്ണിനു മാത്രമായിട്ട് ഒന്നും ചളുങ്ങാനില്ല എന്ന കാര്യവും ആരും മറക്കേണ്ട.‘ആണുങ്ങൾ ചെളിയിൽ ചവിട്ടും വെള്ളം കാണുമ്പോൾ കഴുകും ’എന്നൊന്നും ഇപ്പോൾ പറയാനാവില്ല.ചെളി പറ്റിയാൽ കഴുകിക്കളയാൻ ആണിനും കുറച്ച് പ്രയാസപ്പെടേണ്ടി വരും.അതിനു പെണ്ണ് കുറച്ച് ധൈര്യം കാണിക്കണമെന്നുമാത്രം.സ്ത്രീയുടെ നേരെ ഒരക്രമമുണ്ടായാൽ അവൾ അപമാനിതയായി എന്നു കരുതേണ്ട കാര്യമില്ല.അക്രമിയെ പിടികൂടാനും പരമാവധി ശിക്ഷ നൽകാനും ശ്രമിച്ചാൽ മതി.
ഒരു നാടിന്റെ സംസ്കാരമെന്നത് കല്ലിൽ കൊത്തിവെച്ച കാര്യമൊന്നുമല്ല.അത് മാറിക്കൊണ്ടിരിക്കും.നമ്മുടെ നാട്ടിന്റെ സംസ്കാരം എന്നൊക്കെ പറയുന്നത് ഊതി വീർപ്പിച്ച സംഭവം മാത്രമാണ്.കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതറിയാൻ പറ്റും.അപ്പോൾ അറബിനാട്ടിൽ കൊടുക്കാൻ കഴിയുന്ന സുരക്ഷിതത്വം നമ്മുടെ നാട്ടിലും തീർച്ചയായും ഉണ്ടാക്കാൻ കഴിയും.അതാവശ്യമാണെന്നു തോന്നണമെന്നു മാത്രം.
മദ്യം വിൽക്കുന്നിടത്തെ ക്യൂവിൽ, രതിനിർവേദം പ്രദർശിപ്പിക്കുന്ന റ്റാക്കീസുകളിൽ, എല്ലാം സ്ത്രീകൾ എത്തിയാൽ കൂടുതലൊന്നും സംഭവിക്കില്ല.മദ്യം വിൽക്കുന്നിടത്ത് സ്ത്രീയും പുരുഷനുമെത്താൻ പാടില്ല.അപ്പോൾ മദ്യം വിൽക്കേണ്ടി വരില്ല.മദ്യം വലിയൊരു സാമൂഹ്യദുരന്തമാണ്.രതിനിർവേദം സ്ത്രീകൾക്ക് കാണാൻ പാടില്ലാത്ത സിനിമയല്ല.ആ സിനിമ ഇഷ്ടം പോലെ സ്ത്രീകൾ കാണുന്നുമുണ്ട്.അതുകണ്ടതുകൊണ്ട് അവിടെവെച്ച് അക്രമിക്കപ്പെടുമെന്നാണോ? അങ്ങനെയൊരു സമൂഹത്തിൽ വീട്ടിലിരുന്നാലും അക്രമിക്കപ്പെടാമല്ലോ. ഇഷ്ടംപോലെ അത് സംഭവിക്കുന്നുമുണ്ട്. അതോ കൌമാരക്കാരെ മുതിർന്ന സ്ത്രീകൾ പ്രണയിക്കുമെന്നാണോ? അത്തരത്തിലുള്ള സംഭവങ്ങൾ സമൂഹത്തിൽ എക്കാലവും നടന്നിട്ടുണ്ട്.ഇനി നടക്കുകയും ചെയ്യും.അതൊന്നും സ്ത്രീകൾ റ്റാക്കീസിൽ പോയി രതിനിർവേദം കണ്ടതുകൊണ്ടല്ല.സ്ത്രീപുരുഷന്മാരുടെ പരസ്പരാകർഷണത്തെ പ്രത്യേക കള്ളികളിൽ ഒതുക്കിനിർത്താൻ ഒരുകാലത്തുമാവില്ല.പിന്നെ അത്തരം കാര്യങ്ങളൊക്കെ പുരുഷൻ കാണുകയും അതൊക്കെ സ്ത്രീകളിൽ പ്രയോഗിക്കയും എന്ന പഴയ സങ്കല്പം ഇന്നത്തെ സമൂഹത്തിൽ ശരിയാവില്ല.തനിക്കിഷ്ടമില്ലാത്തതിനെ ഇന്നത്തെ സ്ത്രീ സഹിക്കില്ല.അതിനെ പല്ലും നഖവും കിട്ടുന്ന മറ്റെന്ത് ആയുധവുമുപയോഗിച്ച് അവൾ തടയും.
പണത്തിനു വേണ്ടിയാണല്ലോ എന്തും വിൽക്കുന്നത്.പെൺശരീരങ്ങൾ വില്പനക്ക് വെച്ചിരിക്കുന്നതും പണത്തിനുവേണ്ടി തന്നെയാണ്.പണം ഉള്ളവൻ പുരുഷനാണല്ലോ.പെണ്ണിനു പണമില്ല,സമ്പത്തില്ല.അതിന്റെയൊക്കെ അവകാശി പുരുഷനാണ്.സമ്പത്ത് പുരുഷന്റേതും സ്ത്രീയുടേതുമാണ്.പുരുഷൻ സമ്പത്ത് അനധികൃതമായി കൈയടക്കിവെച്ചിരിക്കുകയാണ്.അപ്പോൾ അവൻ അർഹതയില്ലാത്തത് പണം കൊടുത്ത് വാങ്ങുന്നു.അത് ആരോഗ്യകരമായ ലൈംഗികതയല്ല.സ്ത്രീ ഇവിടെ പലപ്പോഴും ഇഷ്ടമില്ലാത്തവരെ സഹിക്കുകയാണ് ചെയ്യുന്നത്.അങ്ങനെ സഹിക്കേണ്ട അവസ്ഥയിലേക്ക് അവൾ എത്തിപ്പെടുകയാണ്. പരസ്പരമുള്ള ഇഷ്ടത്തിൽ നിന്നാണ് ലൈംഗികത ഉണ്ടാകേണ്ടത്. സ്വതന്ത്രയായ സ്ത്രീക്ക് മാത്രമേ തന്റെ ഇഷ്ടമനുസരിച്ച് ഇണയെ തെരഞ്ഞെടുക്കാൻ കഴിയൂ.
ധൈര്യം പ്രകടിപ്പിക്കുന്ന സ്ത്രീകളെ ഝാൻസിറാണി എന്ന് വിളിക്കുന്നത് ഒരു അപമാനമല്ല.എത്ര അടിച്ചമർത്തിയാലും അവരെപ്പോലുള്ള സ്ത്രീകൾ ഉയിർത്തെഴുന്നേൽക്കും.തന്റെ ജീവിതം തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കും.എപ്പോൾ പൊതുസ്ഥലങ്ങളിലിറങ്ങണം,ആരുടെ കൂടെ ഇറങ്ങണം,ആരുടെ കൂടെ ജീവിക്കണം,എന്തു ജോലി ചെയ്യണം എന്നൊക്കെ അവർ തന്നെ തീരുമാനിച്ചുകൊള്ളും.അതിൽ സംഭവിക്കുന്ന അപകടങ്ങളും അവർ നേരിട്ടുകൊള്ളും.സഹായം അവശ്യപ്പെടുമ്പോൾ മാത്രം നൽകുക.അതും നല്ല മനസ്സുള്ളവർ മാത്രം.അവർക്ക് മാത്രമേ അത് ചെയ്യാനുമാവൂ.
13 comments:
ശാന്താ കാവുമ്പായി അശാന്തയായി എഴുതിയ മുന്‍ കുറിപ്പ് വായിച്ചതിനു ഞാന്‍ എഴുതിയ മറുകുറിക്കു പ്രത്യേക മറുപടി നല്കി വീക്ഷണങ്ങള്‍ അപ്ഡേറ്റ് ചെയ്ത പുതിയ ബ്ലോഗു വായിച്ചു ...
അവ പലയിടങ്ങളിലും ബാലിശമെങ്കിലും മറുപടി അര്‍ഹിക്കുന്നു.
ദാരിദ്ര്യം മൂലം വിവാഹ സ്വപ്നം കണ്ടു അതിനു സാധിക്കാതെ വരുന്നവരോട് സ്വന്തം കാലില്‍ നിന്നിട്ടെ വിവാഹത്തിന് മുതിരാവൂ എന്നും വിവാഹം കഴിച്ചവര്‍ക്കും പല ബുദ്ടിമുട്ടുകള്‍ ഉണ്ട് എന്നത് കൊണ്ടും അത്തരം അവിവാഹിതകളായ സ്ത്രീകളുടെ വിഷയത്തില്‍ അവര്‍ക്ക് ഒട്ടും താല്‍പ്പര്യമില്ലെന്നും എഴുതിക്കണ്ടു! നല്ലത്!!
ഇത്തരം പെണ്‍കുട്ടികളുടെ വിഷയങ്ങളില്‍ സമൂഹ മനസ്സിനുള്ള ശ്രദ്ദ കൊണ്ടു പരാശ്രയത്തിലൂടെ എങ്കിലും പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള നിലനില്‍ക്കുന്ന സൌകര്യങ്ങളെ കൂടി പറിച്ചെറിയണമെന്നോ..?
ഇന്ന് സമൂഹത്തില്‍ സ്വന്തം കാലില്‍ എത്ര സ്ത്രീകള്‍ നില്ക്കുന്നു എന്നതും കൂടി കൂട്ടി വായിക്കുക.. (സ്വന്തം കാലില്‍ നില്ക്കാന് കഴിയുന്നത് അഭിനന്ദനീയമായ കാര്യം തന്നെ! )എന്ന് കരുതി അങ്ങിനെ അല്ലാത്തവര്‍ ആ നിലയില്‍ എത്താന്‍ കഴിയുന്നത് വരെ പരസഹായം സ്വീകരിക്കാതിരിക്കണം എന്നോ?
എന്ത് ജോലി ചെയ്തും സമൂഹത്തില്‍ സ്വന്തമായ ഇടം അടയാളപ്പെടുതാനുള്ള ആഹ്വാനം നല്ലത് തന്നെ.
പക്ഷെ നിലവിലുള്ള പരിസ്ഥിതിയില്‍ ദയനീയമായ അവസ്ഥയിലുള്ള സ്ത്രീ പരിഗണനയാണ് അര്‍ഹിക്കുന്നത്.. അതൊരു ദയാ വായ്പല്ല.. അത് നിലവിലെ പുരുഷ കേന്ദ്രീകൃതമായ സമൂഹം നല്കുന്ന സ്നേഹ പൂര്‍ണ്ണമായ പരിഗണനയാണ്...
എന്തിനു സ്ത്രീകള്‍ക്ക് പലയിടങ്ങളിലും സംവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുക! കേവലം ഒരു ബസ്സില്‍ പോലും സ്ത്രീക്ക് ഇരിക്കാന്‍ പ്രത്യേക സീറ്റുകള്‍ ഉണ്ട്. അതില്‍ അവകാശത്തോടെ ഇരിക്കാമെന്നത് അവള്‍ക്കുള്ള പരിഗണനയാണ് . അല്ലാതെ സ്ത്രീകള്‍ക്ക് പ്രത്യേക ദയയുടെ ഒന്നും ആവശ്യമില്ല അത് അവള് പൊരുതി നേടേണ്ടതും ബസ്സില്‍ പുരുഷനും കൂടി ഉള്ളതാണ് തുല്യതാ സ്വാതന്ത്ര്യമെന്നും താങ്കള്‍ക്കു അഭിപ്രായമുണ്ടാകില്ലെന്നു കരുതുന്നു..
പിന്നെ സ്ത്രീ അബലയാണെന്നത് പുരുഷന്റെ ആരോപണമല്ല. അതൊരു പ്രകൃതി പരമായ വാസ്തവമല്ലേ..?
ശാരീരികമായി, കായികശക്തിയില്‍ ഒക്കെ വളരെ പിന്നില്‍ തന്നെയല്ലേ പൊതുവേ സ്ത്രീകള്‍?
ഒറ്റപ്പെട്ട ഏതെങ്കിലും ഉദാഹരണങ്ങള്‍ എടുത്തു കാട്ടരുത്..( അപൂര്‍വ്വം ചില തവളകള്‍ പാമ്പിനെ തിന്നാറുണ്ട് എന്ന കൌതുക വാര്‍ത്ത പോലെ)
അത് കൊണ്ടു തന്നെയാണ് പാണ്ടി ലോറികള്‍ ഓടിക്കാനും തെങ്ങ് കയറാനും കവലകളില്‍ ചുമട്ടു തൊഴിലാളികളാവാനും ഒക്കെ അവരുടെ പങ്കാളിത്തം കുറഞ്ഞു വരുന്നത്. അല്ലാതെ അവിടെ ഒക്കെ തൊഴില്‍ നിഷേധം ഉണ്ടായിട്ടല്ലല്ലോ!
പരിമിതികളെ തിരിച്ചറിയുകയും കടമകളെ പാലിക്കുകയും ചെയ്യാതെ അവകാശങ്ങളെ കുറിച്ചു മാത്രം വാചാലരാവുകയാണു നാം ഓരോരുത്തരും!
പരിമിതികളെ ഉള്‍ക്കൊള്ളാനാകണം സ്ത്രീയായാലും പുരുഷനായാലും...
രാത്രിയില്‍ പുരുഷന്മാരും ആക്രമിക്കപ്പെടുന്നുണ്ട് എന്ന് കരുതി അതൊന്നും പുരുഷ പീഡനം എന്ന് കാറ്റഗറൈസ് ചെയ്യപ്പെടാത്തത് എന്ത് കൊണ്ടാണ്? സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം മുറവിളി കൂട്ടുന്നതെന്തിനു? പുരുഷന്മാര്ക്ക് വേണ്ടിയും ശബ്ദം ഉയര്‍ത്തുക.. രണ്ടുപേര്‍ക്കും തുല്യ നീതിയല്ലേ നമ്മുടെ ലക്ഷ്യം? അല്ലാതെ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന അല്ലല്ലോ? നമ്മൾ സ്വപ്നം കാണുന്ന തുല്യനീതി ഒക്കെ പുലരും വരെയൊക്കെ അബലയായ സ്ത്രീജനം പരിഗണന തന്നെയാണു അർഹിക്കുന്നത്... രാത്രി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ പുരുഷ സഹായം തേടിയ തസ്നീബാനുവിനോടും , പാതിരാത്രി ജാഥ നടത്താൻ ‘പുരുഷ‘ഭർത്താക്കന്മാരുടെ തുണയിൽ എത്തിയ സ്ത്രീവാദക്കാരോടും ചോദിച്ചാല്‍ മനസ്സ്സിലാകാവുന്നതേ ഉള്ളൂ അതൊക്കെ!
പുരുഷനായാലും സ്ത്രീയായാലും അകാരണമായി ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിക്കണം!
നീതിയും ന്യായവും ആര്‍ക്കു വേണ്ടിയും പരിമിതപ്പെടാന്‍ പാടില്ല!
സംസ്കാരവും സദാചാരവും ഒക്കെ ചിലര്‍ ചില മനസ്സുകളില്‍ മാത്രം മാറ്റിയാല്‍ പോരാ .. പൊതു സമൂഹത്തില്‍ അത് പ്രാവര്‍ത്തികമാകും വരെ (അറബി നാട്ടിലെ സംസ്കാര അഭിവൃദ്ദികള് പുലരും വരെയെങ്കിലും ) കണ്ണു തുറന്നു പിടിച്ചാലും ചില ഇടങ്ങളിലെ ഇരുട്ട് കണ്ടില്ലെന്നു നടിക്കാതിരിക്കുക!
വെളിച്ചം പ്രസരിക്കും വരെ നിശാചാരികള്‍ക്ക് തുണയും പരിഗണയും സ്നേഹപൂര്‍വ്വം സ്വീകരിക്കാം...
അദ്ദാണ് ടീച്ചറെ..മൊത്തം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. സ്ത്രീകള്‍ എന്നും പര സഹായത്തോടെ കഴിഞ്ഞു പോകുന്ന ജീവി വര്ഗ്ഗമാകണം എന്നിട്ട് ബാക്കി പകുതി പറയുന്നതു മുഴുവന്‍ അതെ പടി കേട്ടാല്‍ ഓവുദാര്യം എന്നാ നിലയ്ക്ക് ചില്ലറ സ്നഹം സംരക്ഷണം മുതലായവയൊക്കെ പറ്റിയാല്‍ തിരിച്ചു തന്നേക്കാം. ഇതാണ് ചിലരുടെയെങ്കിലും സ്ത്രീ സങ്കല്പം.
എന്റെ പോസ്റ്റിനുള്ള ആലിഫ് കുമ്പിടിയുടെ വിശദമായ അഭിപ്രായത്തെ ഞാൻ സഹർഷം സ്വാഗതം ചെയ്യുന്നു.പക്ഷേ അദ്ദേഹത്തിന്റെ ഒരു വീക്ഷണത്തോടും എനിക്ക് യോജിക്കാനാവില്ല.അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമായിട്ടേ എനിക്ക് കരുതാനാവൂ.
പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാനാണ് ഞാനെപ്പോഴും പ്രേരിപ്പിക്കുക.അതിനു അവർക്ക് വേണ്ട വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞ മുപ്പതോളം വർഷമായി രക്ഷിതാക്കളേയും പ്രേരിപ്പിക്കാറുണ്ട്.ഇനിയും ഞാനതു തന്നെ തുടരും.കാരണം സ്വാതന്ത്ര്യത്തിന്റെ ആദ്യപടി അതാണെന്ന് സ്വാനുഭവത്തിൽ നിന്നുമെനിക്കറിയാം.പെണ്ണ് സാമ്പത്തികസ്വാതന്ത്ര്യം നേടിയേ തീരൂ.സംവരണത്തിന്റെ കാര്യം.ഒരു പുരുഷകേന്ദ്രിതസമൂഹത്തിൽ മാത്രമേ സംവരണം ആവശ്യമുള്ളൂ.ബസിൽ സംവരണമില്ലാത്ത സ്ഥലങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ടെന്നാണെന്റെ അറിവ്.ഇവിടുള്ളത്ര കുഴപ്പങ്ങൾ അവിടങ്ങളിലില്ല.
കായികശക്തിയും അബലത്വവും വളരെ ബാലിശമായ കാര്യങ്ങൾ മാത്രമാണ്.കൈയൂക്കുകൊണ്ടല്ല നമ്മൾ ഇന്ന് ഒന്നും നേടുന്നത്.അങ്ങനെയാണെങ്കിൽ ആരോഗ്യം കുറഞ്ഞ പുരുഷന്മാർ എന്തു ചെയ്യും?
സ്ത്രീപീഡനം എന്ന് കാറ്റഗറൈസ് ചെയ്യാതെ തന്നെ അക്രമിയെ പിടികൂടാനും ശിക്ഷിക്കാനും കഴിയുന്നിടത്തേക്ക് ഭരണകൂടം വളരണമെന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്.
ശാന്ത കാവുമ്പായി ശാന്തയാവുന്നതും അശാന്തയാവുന്നതും ശാന്ത കാവുമ്പായിയുടെ മാത്രം വിഷയമാണ്.അതിൽ മറ്റൊരാൾക്ക് കാര്യമില്ല.ശാന്ത കാവുമ്പായിയോട് ഇങ്ങനെയൊക്കെ ജീവിക്കണം എന്ന് മറ്റൊരാൾ പറഞ്ഞാൽ അത് അനുസരിക്കാതിരിക്കാനുള്ള ധൈര്യമൊക്കെ ഇന്ന് ശാന്ത കാവുമ്പായിക്കുണ്ട്.അല്ലെങ്കിൽ ഇത്തരത്തിലൊരു വിഷയത്തെക്കുറിച്ച് എഴുതില്ല എന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധിയുള്ളവർക്ക് കഴിയും.ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുന്നതിനെ ഞാൻ വലിയ കാര്യമാക്കുന്നില്ല.
ഫയർഫ്ലൈ താങ്കളുടെ ആക്ഷേപഹാസ്യത്തെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.നന്ദി.പിന്നെ സ്ത്രീകൾ എന്നും പരസഹായത്തോടെ കഴിഞ്ഞുപോകുന്ന ജീവിവർഗമാകില്ല എന്നുറപ്പിക്കാം.
ഒരു സ്ത്രീപക്ഷ വായന.നന്നായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങൾ ടീച്ചർ..
താങ്കളെഴുതിയത് വായിച്ചപ്പോള്‍ ഒരു സത്യം മനസ്സിലായി.
സ്ത്രീയും പുരുഷനും രണ്ട് വര്‍ഗ്ഗങ്ങളാണ് .
പുലിയും കടുവയും പോലെ, അല്ലെങ്കില്‍ മാനും മ്ലാവും പോലെ .
മറ്റുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ ആണ് പെണ് വിഭാഗങ്ങള്‍ ഒരേ ജീവി വര്ഗ്ഗത്തിലുള്ളപ്പോള് മനുഷ്യന്റെ കാര്യം നേരെ തിരിച്ചാണ് .
വംശ വര്‍ദ്ധനയ്ക്കു വേണ്ടി മാത്രം സ്ത്രീ പുരുഷനെ അല്ലെങ്കില്‍ തിരിച്ച് ആശ്രയിക്കുന്നെന്നു മാത്രം.
കാലം പോകെപ്പോകെ രണ്ടു കൂട്ടര്‍ക്കും ഇങ്ങനെയുള്ള ആശ്രയത്വം വേണ്ടെന്ന തോന്നല്‍ ഉണ്ടാവുക സ്വാഭാവികം.
ഇപ്പോള്‍ തന്നെ നിങ്ങളെപ്പോലെ ബൗദ്ധികമായി ഉന്നമനം പ്രാപിച്ചവര്‍ നേരത്തേ പറഞ്ഞ ആശ്രയത്വത്തിന്റെ പൊള്ളത്തരം മനസ്സിലാക്കി.
അത് മനസ്സിലാക്കാത്ത മഹാ ഭൂരിപക്ഷം വരുന്ന സ്ത്രീകളെ ബോധവല്ക്കരിക്കുകയാകട്ടെ അടുത്തലക്ഷ്യം.
എല്ലാ വിധ ആശംസകളും നേരുന്നു.
പുരുഷന്മാരില്ലാത്ത ഒരു നൂതന സമൂഹം/രാജ്യം കെട്ടിപ്പടുക്കുവാന്‍ കഴിയുമാറാകട്ടെ !!!
എന്റെ ജൂലൈമാസ പോസ്റ്റിനു കമന്റിട്ടപ്പോഴാണ് “വി.എ” ബ്ലോഗിലൊന്ന് പോകാൻ കഴിഞ്ഞത്.
ഈ പോസ്റ്റിന്റെ ബാക്കിയായി എല്ലാവരും ശ്രീ വി. എ യുടെ പോസ്റ്റ് കൂടി വായിക്കുക.
ശാന്താ കാവുമ്പായി എഴുതിയ മറുപടി കണ്ടു..
എന്റെ ഒരു വീക്ഷണത്തോടും താങ്കള്‍ക്കു യോജിക്കാനാവില്ലെന്ന് എഴുതിക്കണ്ടു...
നിലവിലെ പുരുഷ കേന്ദ്രീകൃതമായ സാമൂഹിക വ്യവസ്ഥ മാറും വരെ സ്ത്രീകള്‍ പരിഗണനയും പരിരക്ഷയും അര്‍ഹിക്കുന്നു എന്നാണു ഞാന്‍ ഊന്നി പറഞ്ഞിട്ടുള്ളത് .
സ്ത്രീകള്‍ സ്വാതന്ത്ര്യവും സുരക്ഷയും അര്‍ഹിക്കുന്നു.
മാറുമറക്കാന്‍ പോലും അവകാശമില്ലാത്ത ഒരു കാലമുണ്ടായിരുന്നു സ്ത്രീക്ക്. അതൊരു സാമൂഹിക വിഷയമായിരുന്നു , എന്ന് വെച്ചാല്‍ അതൊരു ഒറ്റപ്പെട്ട സംഭവമല്ലായിരുന്നു! അതിനാല്‍ അതിനെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ സമൂഹം ഏറ്റെടുത്തു .
സാമൂഹിക വിപ്ലവത്തിലൂടെ സമൂഹം പരിഷ്ക്രുതമായി. അവകാശങ്ങള്‍ സ്ഥാപിക്കപ്പെട്ടു
എന്നാല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങളെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളിയായി ചിത്രീകരിക്കുമ്പോള്‍ അവള് സുരക്ഷ അര്‍ഹിക്കുന്നു എന്നല്ലാതെ സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത ഒരു സമൂഹത്തിലാണോ നാം നില കൊളളുന്നത്?.
വിദ്യാഭ്യാസപരമായും സാമ്പതീകപരമായും സ്ത്രീകള്‍ മുന്‍പന്തിയില്‍ വരട്ടെ!
അതിനുള്ള ടീച്ചറുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു
അത്തരം ധീരമായ സാമൂഹിക മുന്നെട്ടങ്ങള്ക്കുള്ള പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകും...
പക്ഷെ നിലവിലെ വ്യവസ്ഥയില്‍ നമ്മള് വിശ്വസിച്ച് പരിപാലിക്കുന്ന സദാചാര സാമൂഹിക കീഴ്വഴക്കങ്ങളില്‍ പോലും ആദരണീയ സ്ഥാനമുള്ള സ്ത്രീകള്‍ക്ക് മാത്രമായി ഒരു പൊളിച്ചെഴുത്തിനു മാത്രം ഇവിടെ ഒരു ആകാശവും ഇടിഞ്ഞു വീണില്ലെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ..
തസ്നിയോ, രൈഹാനയോ ഒക്കെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ്. അത് അത്ര വലിയ സാമൂഹിക പ്രശനങ്ങളൊന്നും ഉയര്‍ത്തി വിടുന്നുമില്ല.
സ്ത്രീകളുടെ വിദ്യാഭ്യാസവും , സാമ്പത്തീക സ്വയംപര്യാപ്തതയും ലക്ഷ്യമാക്കിയുള്ള മുന്നേറ്റങ്ങള്‍ ഉണ്ടാകട്ടെ.. അതായിരിക്കണം സ്ത്രീ പക്ഷ പോരാട്ടങ്ങളുടെ ഉന്നം ..
പിന്നെ
അലിഫിനോ ശാന്താ കാവുംപായിക്കോ നിയമങ്ങളെ പാലിച്ച് കൊണ്ടു എങ്ങിനെയും ജീവിക്കാന്‍ സൌകര്യമുള്ള ഒരിടത്താണല്ലോ നാം വസിക്കുന്നതു .
അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ട്.
ഞാന്‍ ഒന്നും അടിച്ചേല്‍പ്പിക്കാനോ,കെട്ടിവെക്കാനോ വന്നുമില്ല!
എനിക്ക് ആശയങ്ങളോടുള്ള വിയോജിപ്പുകള്‍ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് വഴുതി വീഴില്ല ഒരിക്കലും
'അശാന്തമായി എഴുതിയ' എന്ന വാക്ക് ഒരു സന്ദര്ഭീക ഉപയോഗം എന്നതിലുപരി ഒരു അധിക്ഷേപ രൂപത്തില്‍ എടുക്കാതിരിക്കുക.
ആ പ്രയോഗം ടീച്ചര്‍ക്ക് വിഷമായെങ്കില്‍ സദയം ക്ഷമിക്കുകയും ചെയ്യുക !
എന്റെ വാക്കുകളില്‍ ഇല്ലാത്ത സ്ത്രീ വിരുദ്ദത സൂക്ഷ്മ ദൃഷ്ട്ടിയോടെ തിരയുന്നതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന സ്കൂപ്പുകള്‍ക്കു മറുപടി പറയാന്‍ താല്‍പ്പര്യമില്ല!
അതൊരു തെറ്റിദ്ദാരണയായിരിക്കാം...
നിലവിലുള്ള സാഹചര്യങ്ങളില്‍ സ്ത്രീ പരിഗണനയും സംരക്ഷണവും ആണ് അര്‍ഹിക്കുന്നത് എന്നാണു അപ്പോഴും ഇപ്പോഴും ഞാന്‍ പറഞ്ഞിട്ടുള്ളതും പറയുന്നതും....
അല്ലാതെ ഒരു സ്ത്രീയെയും പുരുഷനെയും അപരിചിത സ്ഥലത്ത് വെച്ച് കാണുമ്പോള്‍ കാര്യങ്ങള്‍ തിരക്കുന്നതില്‍ ചിലപ്പോള്‍ നന്മയും കാണും ..
പല പീഡന കഥകളിലും ഇത്തരം അവസരങ്ങളിലെ പൊതു ജനത്തിന്റെ നിസ്സംഗതയായിരുന്നു പ്രധാന വില്ലന്‍!
അപ്പോള്‍ ഇത്തരം കാര്യങ്ങളെല്ലാം ആപക്ഷികമാണ് എന്ന് ചുരുക്കം!
അല്ലാതെ അപരിചിത സ്ഥലത്തെ അന്യ സ്ത്രീപുരുഷന്മാരുടെ അസ്വാഭാവികതയെ തിരക്കുന്നതിനു സഞ്ചാര സ്വാതന്ത്ര്യ മുദ്ര നല്‍കുന്നതിനും അപര മതത്തിന്റെ ദൈവ ഭാവനകളെ തുണി ഉരിച്ചു വരയ്ക്കുന്നതിനു ആവിഷ്കാര സ്വാതന്ത്ര്യ പട്ടവും ഒക്കെ നല്കുന്ന ചിന്തകളെ അംഗീകരിക്കാനുള്ള ഒരു വൈമനസ്യം...!
വാഴ്ത്തുകള്‍ മാത്രമല്ലല്ലോ വിയോജിപ്പുകള്‍ കൂടി പ്രതീക്ഷിച്ചാവുമല്ലോ ഇത്തരം സംവാദങ്ങള്‍ പൊതു ഇടത്തില്‍ പ്രസിദ്ദം ചെയ്യുന്നതിന് പിന്നിലും കാണുക..!
അതിനാല്‍ ആശയ പരമായ വിയോജിപ്പുകള്‍ക്കുമപ്പുറം സൌഹൃദങ്ങള്‍ക്ക് ഒരു ഇടമുണ്ടാകട്ടെ!
ടീച്ചര്‍ക്ക് അഭിവാദ്യങ്ങള്‍...
താഴേകിടയിലുള്ള സ്ത്രീകളുടെ വിദ്യാഭ്യാസപരമായും സാമ്പത്തീക ഉന്നമനത്തിനു വേണ്ടിയുമുള്ള പോരാട്ടങ്ങള്‍ക്ക് ആശംസകളും...
നമ്മൾ ഭാരതീയർക്ക്, പ്രത്യേകിച്ച് കേരളീയർക്ക് ഒരു വിശേഷസ്വഭാവമുണ്ട്. എന്തിനേയും വിമർശിച്ച് നീണ്ട
ലേഖനങ്ങളെഴുതും, വാതോരാതെ പ്രസംഗിക്കും, കാണുന്നവരുടെയെല്ലാം ഉപദേശികളാവും. എന്നാൽ ഏതൊക്കെ
രീതിയിൽ ഓരോ അപായസന്ധികൾ തരണം ചെയ്യാമെന്നോ, എങ്ങനെയൊക്കെ കരുക്കൾ നീക്കി കുറേ പരിഹാരം
കണ്ടെത്താമെന്നോ ആരും നിർദ്ദേശിച്ചു കണ്ടിട്ടില്ല. ആണിനായാലും പെണ്ണിനായാലും അക്രമങ്ങളിൽ അകപ്പെട്ടാൽ
അതിനെതിരെ ജാഗരൂകരാകണം.
എനിക്കു തോന്നിയ പല പരിഹാരക്രിയകളിൽ ഒന്നുമാത്രമേ സ്ത്രീപക്ഷത്തുനിന്ന് എഴുതിയിട്ടുള്ളൂ. അത് ബ്ലോഗിൽ
ചേർത്തത് ജൂൺ 19-ന്. ജൂലായ് രണ്ടിന് ഇറങ്ങിയ ഗൾഫ് മാധ്യമത്തിൽ മൂന്ന് മഹനീയമഹതികളുടെ ലേഖനങ്ങൾ
വായിക്കാം. അതിലെ പ്രധാനപ്പെട്ട ഓരോ വാചകങ്ങൾമാത്രം എടുത്തുകാട്ടുന്നു.
‘........ഈ സാഹചര്യത്തിനെതിരായ ചെറുത്തുനിൽപ്പ് എങ്ങനെ വേണമെന്ന് സ്ത്രീകൾ മാത്രമല്ല, പൊതുസമൂഹവും
ഗൌരവപൂർവ്വം ചിന്തിക്കേണ്ടതുണ്ട്.’ (കെ.അജിത, ‘അന്വേഷി’ പ്രസിഡന്റ്)
‘........ഭരണവും പണവും സ്വാധീനശക്തിയുമുള്ള വേട്ടക്കാർ രക്ഷപ്പെടുകയും ഇരകൾ നിരന്തരം വേട്ടയാടപ്പെടുകയും
ചെയ്യുന്ന ചരിത്രമാണ് ഇവിടെ കണ്ടുവരുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതം പിച്ചിച്ചീന്തി സമൂഹത്തിന്റെ മുന്നിലിട്ട്
അലക്കുന്നത് ഇരയോട് കാണിക്കുന്ന ക്രൂരതയാണ്.’ (ബി.എം. സുഹറ, എഴുത്തുകാരി)
‘.....ലൈംഗിക പീഡനങ്ങളിലെ പ്രതികൾക്ക് രാഷ്ട്രീയസംരക്ഷണം ലഭിക്കുന്നുവെന്നത് ചിലർക്കെങ്കിലും
ആവേശമാകുന്നുണ്ട്. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ സമയത്തിന് ലഭിക്കുന്നുവെന്ന് പ്രതീക്ഷിക്കാൻ
കഴിയില്ല. സ്ത്രീകൾ സ്വയം ‘സുരക്ഷ’ ഒരുക്കുന്നതായിരിക്കും കൂടുതൽ ഫലപ്രദം എന്ന് ‘തോന്നിപ്പോവുക’യാണ്.
(കെ.കെ.ഫാത്വിമാ സുഹ്റ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി)
‘ഈ ദുരവസ്ഥകൾ മാറണം, മാറ്റണ’മെന്ന് മുന്നൂറ് ലേഖനങ്ങൾ എഴുതിയാലോ, മുക്കിലും മൂലയിലും നിന്ന് മുറവിളി
കൂട്ടിയാലോ മാറിക്കിട്ടുമോ? അതിനെന്തുചെയ്യണം, എങ്ങനെയൊക്കെ...? ‘ആയിരം പ്രസംഗത്തെക്കാൾ ഒരു
പ്രവൃത്തിയാണ് ഉൾകൃഷ്ടമായത്.’ സിംഹഭാഗം സ്ത്രീകളും അജഭാഗം ആണുങ്ങളും ധൈര്യമായി
മുന്നോട്ടുവരട്ടെയെന്ന അഭ്യർത്ഥനയോടെ, വി. എ.
സാമ്പത്തികസ്വാതന്ത്ര്യമുള്ള സ്ത്രീകളും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം വളരെ വലുതുതന്നെയാണ്. അതുകൊണ്ടു സാമ്പത്തികസ്വാതന്ത്ര്യം നേടുക എന്നതു ആദ്യപടിയായിത്തന്നെ കരുതണം.
സ്ത്രീകളുടെ നേരനുഭവങ്ങള്‍ മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുതന്നെയാണ്, പലര്‍ക്കും. സിദ്ധാന്തങ്ങള്‍ കൂട്ടിക്കുഴച്ച് പ്രസംഗിക്കുന്നതുപോലെ എളുപ്പമല്ല അത്.
അഭിനന്ദനങ്ങള്‍ ടീച്ചറെ. പറഞ്ഞകാര്യങ്ങളിലെ ആത്മാര്‍ത്ഥതയ്ക്ക്.
ആർക്കും ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്.
‘പിതാ രക്ഷതി കൌമാരെ,
ഭർതൃ രക്ഷതി യൌവനേ,
പുത്രോ രക്ഷതി വാർദ്ധക്ക്യേ’
എന്ന് പറയുന്നത് മാറ്റി രക്ഷിക്കുന്നവൾ സ്വന്തം മുതലാണെന്ന് കണക്കാക്കി എന്തും ചെയ്യാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
സ്ത്രീകളുടെ രക്ഷക്ക് വേണ്ടത് സ്ത്രീകൾ തന്നെ ചെയ്യേണ്ടതാണ്, അതിന് മറ്റാരെയും കാത്തിരിക്കേണ്ടതില്ല.
'സ്ത്രീയും പുരുഷനും രണ്ട് വര്‍ഗ്ഗങ്ങളാണ് .
പുലിയും കടുവയും പോലെ, അല്ലെങ്കില്‍ മാനും മ്ലാവും പോലെ .
മറ്റുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ ആണ് പെണ് വിഭാഗങ്ങള്‍ ഒരേ ജീവി വര്ഗ്ഗത്തിലുള്ളപ്പോള് മനുഷ്യന്റെ കാര്യം നേരെ തിരിച്ചാണ്.' അന്തിക്കാടന്‍ പറഞ്ഞത് ശരിയാണ്.മറ്റേതു ജീവിയാണ് പെണ് വര്‍ഗത്തെ ഇത്രയേറെ ആക്രമിക്കുന്നത്?
അപരിചിത സ്ഥലത്തെ അന്യ സ്ത്രീപുരുഷന്മാരുടെ അസ്വാഭാവികതയെ തിരക്കലല്ല അവിടെ നടന്നത് എന്ന് ആലിഫ് കുമ്പിടിക്കും അറിയാം എന്നാണെന്റെ വിശ്വാസം.
'ആണിനായാലും പെണ്ണിനായാലും അക്രമങ്ങളിൽ അകപ്പെട്ടാൽ
അതിനെതിരെ ജാഗരൂകരാകണം.'വി.എ.യുടെ അഭിപ്രായത്തോട് യോജിക്കുന്നു.
മുകില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തോടൊപ്പം പെണ്ണിന് ആത്മവിശ്വാസവും വേണം.
മിനിടീച്ചര്‍ പറഞ്ഞത് ഒരു സത്യമാണ്.'സ്ത്രീകളുടെ രക്ഷക്ക് വേണ്ടത് സ്ത്രീകൾ തന്നെ ചെയ്യേണ്ടതാണ്, അതിന് മറ്റാരെയും കാത്തിരിക്കേണ്ടതില്ല.'മാറിയ സമൂഹത്തില്‍ പിതാവും ഭര്‍ത്താവും പുത്രനും രക്ഷിക്കുമെന്ന് വിശ്വസിക്കാനാവില്ല.ഇവിടെ വന്ന എല്ലാവർക്കും നന്ദി. .
ശാന്തട്ടീച്ചറുടെ മനസ്സല്പം പ്രക്ഷുബ്ധമാകാൻ എന്റെ കമന്റ് കാരണമായതിൽ എനിക്ക് വല്ലാത്ത ദു:ഖം തോന്നുന്നു.സത്യത്തിൽ മരണഭയമില്ലാതെ യാത്ര ചെയ്യാനും മറ്റുമുള്ള സാഹചര്യം എല്ലാവർക്കും വേണം എന്ന പക്ഷക്കാർ തന്നെയാണ് ടീച്ചറുടെ പോസ്റ്റിൽ കമന്റിട്ടവരെല്ലാം എന്നു തോന്നുന്നു.എന്നാൽ അതിനുള്ള സാഹചര്യം നമുക്കായോ എന്ന കാര്യം പരിശോധനക്ക് വിധേയമാക്കണം എന്നാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം.ലിപി രഞ്ജുവും മിനിട്ടീച്ചറും അവരവരുടെ യാത്രാനുഭവങ്ങളിൽ വിവരിച്ച കാര്യം ശാന്തട്ടീച്ചറും വായിച്ചു കാണും എന്ന് തോന്നുന്നു.ഇതിൽ നഷ്ടം സംഭവിച്ചത് ആർക്കെന്ന് ലിപിയോടും,മിനിട്ടീച്ചറോടും ചോദിച്ചാൽ മതി.വെറും ഭാഗ്യം കൊണ്ട് മാത്രമാണ് അവരെല്ലാം അപകടമില്ലാതെ രക്ഷപ്പെട്ടതെന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഈയവസ്ഥ മാറാൻ ഇനിയും അല്പകാലം കൂടി എടുത്തേക്കും.അതൊരനിവാര്യത തന്നെയാണ്.സ്വാഭാവികമായി തന്നെ അതു വന്നു ചേരും.അതിന് വെറുതെ കലഹിച്ചതു കൊണ്ടായില്ല.നമ്മളൊന്നും നിങ്ങളുടെ ശത്രുക്കളോ, നിങ്ങൾക്കവകാശപ്പെട്ട സ്വാതന്ത്ര്യത്തെ നിഷേധിക്കാനിറങ്ങിപ്പുറപ്പെട്ടവരോ അല്ല.നിങ്ങൾ സ്വപ്നം കാണുന്ന സാമൂഹികാവസ്ഥയെ കണ്ണ് തുറന്ന് കാത്തിരിക്കുന്നവരാണ് മഹാഭൂരിപക്ഷവും എന്ന് തോന്നുന്നു.അല്ലാതെ ഇത് ശാന്തട്ടീച്ചറുടെ മാത്രം പദ്ധതിയായി കാണാൻ ആർക്കുമാവില്ല.കമന്റിട്ടവരെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നല്ലതു തന്നെയാണ് പറഞ്ഞതെന്നാണ് എന്റെ അഭിപ്രായം.പിന്നെ ഇതിലൊരു പോസിറ്റീവായ വശമുള്ളത്,നിലവിലുള്ള ഒരു ദുരവസ്ഥ മാറാൻ അതിലേക്ക് ശ്രദ്ധ ക്ഷണിക്കൽ നടത്തി എന്നത് മാത്രമാണ്.അത് നിരന്തരം നടന്നാൽ കൂടുതൽ ദുർബ്ബല വിഭാഗം ഈ ചിന്താ സരണിയിലേക്ക് വരാനിടയുണ്ടെന്നതും നല്ല കാര്യം തന്നെ.അവർ പ്രബലരായി കാണാൻ ഭാഗ്യമുണ്ടാകുമെന്നും,അശാന്തിപർവ്വത്തിൽ നിന്നും ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു പുതുലോകം ഉരുത്തിരിയുമെന്നും പ്രത്യാശിക്കാം.ഇതിനൊക്കെ തന്നെയാണ് ഞങ്ങളെപ്പോലുള്ളവർ ബ്ലോഗിനെ ഉപയോഗിക്കുന്നതെന്ന് അതിലെ പോസ്റ്റുകളിൽ നിന്നും മനസ്സിലാകും എന്നു വിചാരിക്കുന്നു.എന്നാൽ എന്തിനെയെങ്കിലും പറ്റി ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ച് അതിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് ഈ നാടാകെ മാറിപ്പോകുമെന്ന അതിബുദ്ധി എനിക്കില്ല.കാരണം,ഇതൊന്നും അധികമാരും വായിക്കുന്നില്ല എന്നതു തന്നെ.പക്ഷേ നമ്മുടെ പ്രത്യാശ-അതു നിലനിർത്താൻ ഇതൊരു വഴിയാകുന്നല്ലൊ എന്ന ഒരു സമാധാനം മാത്രമാണ് വീണ്ടും എഴുതാൻ പ്രചോദനമാകുന്നത്.ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
ഈ മറുപടി പോസ്റ്റും ഉഷാറായി ടീച്ചർ, ഫൈർഫ്ലൈയുടെ മറുപടിയും നന്നായി.
Post a Comment