Friday, June 24, 2011

സ്ത്രീപീഡനങ്ങൾക്ക് പുതിയ മുഖങ്ങൾ


തെസ്നിബാനു എന്ന പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് പെണ്ണിന്റെ നേർക്ക് നീളുന്ന പുതിയ അക്രമത്തിനുദാഹരണമാണ്.‘സൂര്യനസ്തമിച്ചുകഴിഞ്ഞാൽ പെണ്ണ് അടങ്ങിയൊതുങ്ങി വീട്ടിനുള്ളിലിരുന്നുകൊള്ളണം.അതുവരെ ചെയ്യാവുന്നതൊക്കെ പുറത്തിറങ്ങി ചെയ്താൽ മതി.ഇല്ലെങ്കിൽ ഞങ്ങളാൺപിള്ളേർ നിങ്ങളെ ഒതുക്കും.ഒറ്റക്കു പുറത്തിറങ്ങിയാൽ ഞങ്ങൾ കടിച്ചുകീറും.ആൺ‌തുണയുണ്ടെങ്കിൽ ഞങ്ങളക്രമിക്കും. സന്ധ്യ കഴിഞ്ഞാൽ പൊതുവിടങ്ങളിൽ ഞങ്ങൾക്കു മാത്രമേ പ്രവേശനമുള്ളൂ.
ജോലിസ്ഥലത്തേക്ക് കൂട്ടുകാരനൊപ്പം പോയ പെൺ‌കുട്ടിയെ സ്ഥലത്തെ സദാചാരത്തിന്റെ കാവൽക്കാർ കൈകാര്യം ചെയ്തതിനുള്ള ന്യായം ഇതല്ലേ? ആരാണ് അവർക്കതിനുള്ള അവകാശം നൽകിയത്? പെൺ‌കുട്ടി വിജനസ്ഥലത്ത് ഒറ്റക്കായിരുന്നെങ്കിൽ ഇതേ സദാചാരക്കാർ തന്നെ അവളെ കടിച്ചുകീറില്ലായിരുന്നോ?
രാത്രിയിൽ ഒരു പുരുഷന്റെ കൂടെ പുറത്തിറങ്ങിയതിനാണെങ്കിൽ ആരുടെ കൂടെ പുറത്തിറങ്ങണം എന്ന് തീരുമാനിക്കാനുള്ള അവകാശം പെൺകുട്ടിക്ക് മാത്രമാണുള്ളത്.അവളുടെ കൂടെയുള്ള ആൾ അവളുടെ ആരാണെന്നത് മറ്റുള്ളവരെ അറിയിക്കേണ്ട ബാധ്യത അവൾക്കില്ല.അത് അവളുടെ കാമുകനോ,ഭർത്താവോ,
സഹോദരനോ,കൂട്ടുകാരനോ എന്നന്വേഷിക്കേണ്ട ആവശ്യവും മറ്റുള്ളവർക്കില്ല.

ഒരു ആണും പെണ്ണും പരസ്പരം ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഒന്നിച്ച് യാത്ര ചെയ്യാനും ഒന്നിച്ച് താമസിക്കാനും പാടില്ലേ?പൊതുസ്ഥലത്തുവെച്ച് അവരുടെ ഇഷ്ടം പ്രകടിപ്പിച്ചാൽ കാഴ്ച്ചക്കാർക്ക് അവരെ കല്ലെറിഞ്ഞുകൊല്ലാൻ ഇന്ന് അവകാശമുണ്ടോ?ഇല്ലെന്നാണ് എന്റെ അറിവ്.മറ്റുള്ളവർക്ക് അലോസരമുണ്ടാക്കുകയാണെങ്കിൽ അവരെ തടയാനും ശിക്ഷിക്കാനും അധികാരമുള്ളവർ ഉണ്ടല്ലോ.നിയമത്തിന്റെ വഴിയിലൂടെ അവർ ചെയ്യട്ടെ.

ഒരു പുരുഷന്റെ കൂടെ ഒരു പെണ്ണിന് രാത്രിയിൽ സഞ്ചരിക്കാൻ പാടില്ല എന്ന് മറ്റുള്ളവർക്ക് പറയാൻ യാതൊരവകാശവുമില്ല.ഒരു പൌരൻ എന്ന നിലക്കുള്ള പെണ്ണിന്റെ സഞ്ചാരസ്വാതന്ത്ര്യത്തെ ഒരുപറ്റം തെമ്മാടികൾ തടയുമ്പോൾ അത് നിയമത്തിന്റെ മാർഗത്തിലൂടെ പെണ്ണിനു നേടിയെടുക്കണം.അപ്പോൾ നിയമപാലകർ നിശബ്ദരായി തെമ്മാടികൾക്ക് കൂട്ടുനിൽക്കുന്നത് മഹാകഷ്ടമാണ്.

അക്രമികളെ നേരിടാൻ തളരാതെ നിയമത്തിന്റെ വഴിയിലൂടെ നീങ്ങുന്ന തെസ്നിബാനുവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.അനീതിക്കെതിരായുള്ള തന്റെ സമരം വിജയിച്ചില്ലെങ്കിലും അതിൽനിന്നും പിൻ‌മാറാൻ താൻ തയ്യാറല്ല എന്ന അവളുടെ നിലപാട് എല്ലാ സ്ത്രീകൾക്കും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പീഡനവീരന്മാരേയും അക്രമികളേയും ഒരു പരിധി വരെയെങ്കിലും നിലക്കുനിർത്താൻ അതുകൊണ്ട് കഴിഞ്ഞേനെ.എങ്കിലും തെസ്നിബാനുവിന്റെ തന്റേടം ഒരു മാറ്റത്തിന്റെ കാഹളമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.പെൺ‌കുട്ടികളുടെ രക്ഷകൻ അവർ തന്നെയാവുന്ന കാലം ഏതായാലും അതി വിദൂരമല്ല തന്നെ.

26 comments:

മുകിൽ said...

nannayi ee post.

അനില്‍@ബ്ലോഗ് // anil said...

ആരോട് പറയാന്‍ !

ajith said...

പെണ്‍കുട്ടികളുടെ രക്ഷയ്ക്ക് അവര്‍ തന്നെ ഇറങ്ങേണം....ധൈര്യവതികളായി

Unknown said...

കാള പെറ്റൂ എന്നറിയുംപോഴേക്കും കയറെടുക്കുകയാണ് മാധ്യമങ്ങളും കുറെ സ്ത്രീവാദ തംബുരാട്ടികളും..!
പ്രശ്നത്തെ ഏകപക്ഷീയമായി വായിച്ചെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത് .
പട്ടിണിപ്പാവങ്ങളായ , അവിവാഹിതകളായ , ദരിദ്രരും വിധവകലുമായ ഒരു പാട് സ്ത്രീ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും പാതിരാത്രിയില്‍ പര പുരുഷനൊപ്പം ചുറ്റിയടിക്കാനുള്ള സ്വാതന്ത്ര്യമാണ് അടിസ്ഥാനമായി സ്ത്രീ നേരിടുന്ന പ്രശ്നം എന്ന രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്.
മാധ്യമ ശ്രദ്ദയും പൊങ്ങച്ച പ്രദര്‍ശനത്തിനു ചില ഇടങ്ങളും ലഭിക്കുന്നിടങ്ങളില്‍ മാത്രമേ ഇത്തരം വികാര പ്രദര്‍ശനങ്ങള്‍ നടക്കുന്നുള്ളൂ എന്നുള്ളത് തന്നെയാണ് സത്യം..
അവിവാഹിതകളായ യുവതികളെ കുറിച്ചോ പട്ടിണിപ്പാവങ്ങളായ വിധവകളെ കുറിച്ചോ ഒന്നും പറയാതെ തെങ്ങ് കയറാനും പാണ്ടി ലോറി ഓടിക്കാനുമുള്ള സ്ത്രീകളുടെ തുല്യതാ അവകാശത്തെ കുറിച്ചൊക്കെയുള്ള വാചോടോപങ്ങളില്‍ അഭിരമിക്കയാണ് അഭിനവ സ്ത്രീവാദ തമ്പുരാട്ടികള്‍!

ജഗദീശ്.എസ്സ് said...

സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ​ണം സ്ത്രീ പ്രശ്നമല്ല.

അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല. ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. അവക്കെതിരെ സ്ഥായിയായ സമരം സ്വന്തം ജീവിതത്തില്‍ നിന്ന് തുടങ്ങുക. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും.

മാധ്യമങ്ങളുടേയും സിനിമയുടേയും കള്ള മുഖം പുറത്തുകൊണ്ടുവരൂ. അവ ബഹിഷ്കരിക്കൂ.

Anonymous said...

“....തെങ്ങ് കയറാനും പാണ്ടി ലോറി ഓടിക്കാനുമുള്ള സ്ത്രീകളുടെ തുല്യതാ അവകാശത്തെ കുറിച്ചൊക്കെയുള്ള വാചോടോപങ്ങളില്‍ അഭിരമിക്കയാണ് അഭിനവ സ്ത്രീവാദ തമ്പുരാട്ടികള്‍!”

എന്താ കുമ്പിഡി, പെണ്ണുങ്ങൾ പാണ്ടിലോറി ഓടിച്ചാൽ ചക്രം ഉരുളുകയില്ലേ?

സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശങ്ങളുണ്ട്. തെസ്സിബാനുവിനെ അക്രമിക്കുകയും അവരോടു അപമര്യാദയായി പെരുമാറുകയും ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കുകയാണു വേണ്ടത്.

VANIYATHAN said...

തെസ്നി ബാനൂ എന്ന പെൺകുട്ടി നല്ലവളായി ജീവിക്കുകയോ ചീത്തയായി ജീവിക്കുകയോ അത്‌ അവരു സ്വ്ന്തം ഇഷ്ട്ം തന്നെ ആയിക്കൊള്ളട്ടെ, മാത്രമല്ല ഒരാളെ വിവാഹനിശ്ചയം കഴിച്ചിട്ട്‌ മറ്റൊരുത്ത്ന്റെകൂടെ ട്രെയിനിൽ മധുവിധു ആഘോഷിച്ച്‌ യാത്ര ചെയ്തതും ആർക്കും ചോദിക്കുവാൻ പാടില്ലാത്തതൂം ആകാം. പക്ഷേ തെസ്നി ബാനൂ എന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബൈക്കിൽ അസ്സമയത്ത്‌ കടത്തിക്കൊണ്ടുപോയതായിരുന്നൂ എങ്കിൽ ആചെറുപ്പക്കാർ ചെയ്തത്‌ ശെരി ആകുമായിരുന്നില്ലേ.? സ്ത്രീ വാദ തമ്പുരാട്ടിമാരോടു് എനിക്കും പറയുവാനുള്ളത്‌, ഷാർജയിൽ മാത്രമല്ല 100% പെൺ വാണിഭക്കേസിലും പെൺകുട്ടികളെ വഴി തെറ്റിച്ചു കൊണ്ടു പോയതും പെൺവർഗം തന്നെയാണു്. ഓരോസ്ത്രീയും സുരക്ഷിതയാണു് എന്ന് ഉറപ്പ്‌ വരുത്തേണ്ടത്‌ ഓരോ പുരുഷന്റേയും കടമയും കർത്തവ്യവും ആണു്

ആവനാഴി said...

അലിഫ് കുംബിഡി context വിട്ടു സംസാരിക്കുന്നു. ജഗദീശാകട്ടെ കുറെ ടെക്നിക്കാലിറ്റിയിൽ പിടിച്ചാണു കളി

കുറ്റക്കാരെ കർശനമായി ശിക്ഷിക്കുകയാണു വേണ്ടത്. ഒരു സ്ത്രീ രാത്രി ഒരു പുരുഷനോടൊപ്പം പോവാൻ പാടില്ല എന്നു പറയുന്നതിന്റെ ന്യായീകരണം മനസ്സിലാകുന്നില്ല.

തനി ഞരമ്പുരോഗികളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു കേരളം. ഇവറ്റകളെ പിടിച്ചു നിർത്തി സൌദി അറേബ്യയിലും മറ്റും ചെയ്യുന്ന പോലെ ചാട്ടക്കടി കൊടുക്കട്ടെ. അപ്പോൾ കാണാം ഈ രോഗം ഭേദമാകുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം said...

അക്രമികളെ നേരിടാൻ തളരാതെ നിയമത്തിന്റെ വഴിയിലൂടെ നീങ്ങുന്ന തെസ്നിബാനുവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല....!
അനീതിക്കെതിരായുള്ള തന്റെ സമരം വിജയിച്ചില്ലെങ്കിലും അതിൽനിന്നും പിൻ‌മാറാൻ താൻ തയ്യാറല്ല എന്ന അവളുടെ നിലപാട് എല്ലാ സ്ത്രീകൾക്കും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായിരുന്നു...അല്ലേ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഈ പ്രശ്നത്തിന് മറ്റൊരു വശം ഉണ്ടോ എന്നതിനെ പറ്റിയാണ് ഞാന്‍ അന്വേഷിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍.ഡി.എഫുകാര്‍ കൈകാര്യം ചെയ്ത അതെ തെസ്നിബാനു ആണ് ഇത് എന്നാണു അറിയാന്‍ കഴിഞ്ഞത്. ചിലപ്പോള്‍ ഇതൊരു പ്രീ പ്ലാന്‍ഡ് ആക്രമണം ആയിക്കൂടെ?

ChethuVasu said...

ഇതൊരു അക്രമം എന്നെ പറയാന്‍ പറ്റൂ ....തന്‍ പോരിമ കാണിക്കാനുള്ള ആളുകളുടെ ആക്രാന്തം .... ഇവിടെ ഞാനാണ് ബോസ്സ് എന്ന് ഉള്ള തോന്നല്‍ ... അതാണല്ലോ ഈ നാട്ടുകാര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .. ! പിന്നെ കൂടുതല്‍ സാധ്യത ഇതൊരു എഗോ പ്രശ്നം ആകാന്‍ ആണ് .. ഏഎ ഓട്ടോ പിള്ളേര്‍ കൂടെ വന്ന പയ്യനെ കൊച്ചാക്കി പെന്‍ കുട്ടിയുടെ മുന്നില്‍ ആളാവാന്‍ ചെയ്ത ഒരു പരിപാടി .. എന്തയാലും തസ്നിക്ക് ധൈര്യമുന്ടെന്നു ഒരിക്കല്‍ കൂടി തെളിയിച്ചു .. എന്നാല്‍ മറ്റുള്ളവര്‍ ഇത് ഇതുപോലെ അനുകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക ... ധൈര്യവും വിഡ്ഢിത്തവും ഒക്കെ ചങ്ങാതിമാരായി വരും ..ഈ പറഞ്ഞ ചെറുപ്പക്കാരെക്കാള്‍ വളരെ മോശമാണ് പലരും ,പ്രത്യേകിച്ച് രാത്രിയില്‍ ,ഓര്‍ക്കുക ..മട്ടങ്ക്ഗല്‍ ഉണ്ടാക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കണം , പസ്ഖെ അതിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നത് വിവേകമല്ല തന്നെ .

Unknown said...

എന്റെ ഭാര്യയോ, പെങ്ങളോ, അമ്മയോ അന്യ പുരുഷന്റെ കൂടെ പാതിരാത്രിയിലോന്നും ചുറ്റിക്കറങ്ങാന്‍ പാടില്ല എന്നത് എന്റെ സദാചാരം! അതില്‍ ഞാന്‍ നിയമ വശം നോക്കില്ല
എന്നാല്‍ അന്യ സ്ത്രീക്ക് എന്റെ കൂടെ കറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു നിയമ പരമായ പരിരക്ഷ വേണം അത് എന്റെ വീക്ഷണത്തിലെ സഞ്ചാര സ്വാതന്ത്ര്യവും സ്ത്രീ സമത്വ വാദവും! ഈ കണക്കിനാണ് മലയാളി മനസ്സ് ചിന്തിക്കുന്നത്.
തസ്നീ പ്രശ്നം ഒരു പെണ്‍കുട്ടിക്ക് നേരെയുള്ള കടന്നാക്രമണം എന്ന രീതിയില്‍ വാര്‍ത്ത വരുന്നതിനു പിന്നിലെ യുക്തിയും ചോദ്യം ചെയ്യണം! മാറിയ കാലത്ത് സ്ത്രീത്വം കച്ചവട സാധനം മാത്രമായി മാറുന്ന കാലത്ത് അപരിചിതരായ രണ്ടു പേരെ അസമയത്ത് കാണുമ്പോള്‍ ചോദ്യം ചെയ്യുന്നതില്‍ എന്താണ് തെറ്റ്? അങ്ങിനെയുള്ള വിഷയങ്ങളില്‍ നിസ്സംഗത പുലര്തിയതിനാല്‍ മാത്രം ഇവിടെ എത്ര ബാലികമാര്‍ പെണ് ജന്മങ്ങളുടെ തന്നെ കൂട്ടിക്കൊടുപ്പില്‍ പീഡനങ്ങള്ക്കിരയായി ..!
ഇനി പ്രശ്നത്തിന്റെ മറു വശം : ഈ സംഭവത്തില്‍ വിവരങ്ങള്‍ ചോദിക്കാന്‍ ചെന്ന ചെറുപ്പക്കാരനെ തസ്നി ബാനു ആദ്യം അങ്ങോട്ട്‌ അടിക്കുകയാണ് ഉണ്ടായത് . അത് കൊണ്ടു പുരുഷനെ തിരെയുള്ള അതിക്രമം എന്ന പേരില്‍ ഒരു സാമ്സ്കാരികനും വ്യഥയൊന്നും തോന്നിയില്ല!
അപ്പോള്‍ സ്ത്രീ അബലയാകും സംവരണ യോഗ്യ ആകും...
നിയമത്തിന്റെ ഭാഷയില്‍ ഒരു നമ്പൂതിരിയെ ഒരു ഹരിജന് പട്ടീ എന്ന് വിളിച്ചാല്‍ ചെറിയ കേസാണ് തിരിച്ചു നമ്പൂതിരി അയാളെ ഹരിജന്‍ സുഹൃത്തേ എന്ന് വിളിച്ചാല്‍ അതൊരു എമണ്ടന്‍ കേസായി വരും!
അതിനു പുറമേ മാധ്യമങ്ങളുടെ സാമാന്യ വല്‍ക്കരണവും..
സ്ത്രീ ആയാല്‍ സ്ത്രീ പീഡനം
മുസ്ലിമായാല്‍ ന്യൂന പക്ഷ വിരോധം...
പിന്നെ ദളിത പീഡനം...
ആദിവാസി ചൂഷണം..
പ്രശ്നങ്ങളെ യഥാവിധി പഠിക്കാതെ വാദികളെയും പ്രതികളെയും മാത്രം നോക്കി കാറ്റഗരൈസ് ചെയ്യും എല്ലാ മീഡിയകളും..
ഫോര്‍ത്ത് എസ്റ്റേറ്റു മുതലാളിമാര്‍ നീണാള്‍ വാഴ്ക!

സുശീല്‍ കുമാര്‍ said...

എന്റെ ഭാര്യയോ, പെങ്ങളോ, അമ്മയോ അന്യ പുരുഷന്റെ കൂടെ പാതിരാത്രിയിലോന്നും ചുറ്റിക്കറങ്ങാന്‍ പാടില്ല എന്നത് എന്റെ സദാചാരം! അതില്‍ ഞാന്‍ നിയമ വശം നോക്കില്ല. എന്നാല്‍ അന്യ സ്ത്രീക്ക് എന്റെ കൂടെ കറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു നിയമ പരമായ പരിരക്ഷ വേണം അത് എന്റെ വീക്ഷണത്തിലെ സഞ്ചാര സ്വാതന്ത്ര്യവും സ്ത്രീ സമത്വ വാദവും! ഈ കണക്കിനാണ് മലയാളി മനസ്സ് ചിന്തിക്കുന്നത്.തസ്നീ പ്രശ്നം ഒരു പെണ്‍കുട്ടിക്ക് നേരെയുള്ള കടന്നാക്രമണം എന്ന രീതിയില്‍ വാര്‍ത്ത വരുന്നതിനു പിന്നിലെ യുക്തിയും ചോദ്യം ചെയ്യണം!

>>> എന്റെ ഭാര്യയോ, പെങ്ങളോ, അമ്മയോ 'അന്യപുരുഷന്റെകൂടെ' 'പാതിരാത്രിയില്‍' 'ചുറ്റിക്കറങ്ങിയാല്‍' ലോകം ഇടിഞ്ഞുവീഴുമെന്ന് കരുതുന്ന 'എനിക്ക്' അവരുടെ 'സുരക്ഷയില്‍' അക്ഷമനാകാതെ തരമില്ല. അതുകൊണ്ട് അന്യപുരുഷന്റെ അമ്മയോ, പെങ്ങളോ, ഭാര്യയോ ഇതുപോലെ ചുറ്റിക്കറങ്ങുന്നതു കണ്ടാല്‍ ഞാന്‍ കേറി എടവെട്ട്‌കളയും. അതിനെ പെണ്‍കുട്ടിക്ക് നേരെയുള്ള കടന്നാക്രമണം എന്ന് വിളിക്കരുത്.

സമൂഹത്തിന്റെ പൊതുബാധത്തില്‍ നിന്നുകൊണ്ട് അലിഫ് സംസാരിക്കുന്നത് മനസ്സിലാക്കാം. സ്ത്രീ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവളും, 'ഞാന്‍' എല്ലോഴും സംരക്ഷിക്കേണ്ടവനും എന്ന ബോധത്തില്‍ നിന്നാണ്‌ അദ്ദേഹത്തിന്റെ വാക്കുകള്‍, അത് ദുരുദ്ദേശത്തോടെ പറഞ്ഞതാണെന്ന് കരുതാനാകില്ല. എന്നാല്‍ പാതിരാത്രിയില്‍ അന്യപുരുഷന്റെ കൂടെ ചുറ്റിക്കറങ്ങാനാണ്‌ തസ്നി പോയതെന്ന് അലിഫ് എങ്ങനെയറിഞ്ഞു? തസ്നിയല്ല ഏതൊരാളും വഴിയില്‍ പോകുന്നവനെ വെറുതെ കയറി അടിക്കുമെന്ന് കരുതാനാകില്ല. ആദ്യം അടിച്ചത് തസ്നിയാണെങ്കിലും(ആണോ എന്ന് അറിയില്ല) അടി കിട്ടത്തക്കവിധം സദാചാരക്കാര്‍ പെരുമാറിയിരിക്കുമെന്ന് ഉറപ്പ്.

ഈ അതിക്രമത്തിനെ പെണ്‍കുട്ടിക്കുനേരെയുള്ള അക്രമമായല്ലാതെ പിന്നെ ഏത് ഗണത്തിലാണ്‌ പെടുത്തേണ്ടത്?

നിസ്സഹായന്‍ said...

@ VANIYATHAN,

"പക്ഷേ തെസ്നി ബാനൂ എന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബൈക്കില്‍ അസ്സമയത്ത്‌ കടത്തിക്കൊണ്ടുപോയതായിരുന്നൂ എങ്കില്‍ ആചെറുപ്പക്കാര്‍ ചെയ്തത്‌ ശെരി ആകുമായിരുന്നില്ലേ.?"

തസ്നിബാനു അവളെ അക്രമിച്ച പോക്രികളോട് അവളുടെ കൂടെയുള്ള ആള്‍ അവളെ തട്ടിക്കൊണ്ടു പോകുകയാണ് അതിനാല്‍ രക്ഷിക്കണം എന്നു കരഞ്ഞു പറഞ്ഞോ സുഹൃത്തേ? നിസ്സഹായാവസ്ഥയില്‍ ആരെങ്കിലും രക്ഷിക്കുമെന്നു കരുതി ട്രെയിനുള്ളില്‍ അലറിക്കരഞ്ഞ സൌമ്യയെ ട്രെയിനില്‍ നിന്നും വീഴുന്നതു കണ്ട പുരുഷകേസരിമാര്‍ അലാം ചെയിന്‍ വലിച്ച് രച്ചിക്കാന്‍ തയ്യാറായില്ലല്ലോ സുഹൃത്തേ ?! ഒരു സ്ത്രീ അക്രമിക്കപ്പെടുന്നതും അവള്‍ ഒരു സുഹൃത്തിന്റെ കൂടെ പ്രത്യക്ഷപ്പെടുന്നതും തിരിച്ചറിയാനാവാതെ കാണുന്നിടത്തില്ലാം ഒളിഞ്ഞുനോക്കി സമയം കളയാതെ നമ്മള്‍ പുരുഷന്മാര്‍ എത്രത്തോളം പോക്രികളാണെന്നു സ്വയം വിലയിരുത്തി സ്വയം തിരുത്താന്‍ ശ്രമിക്കൂ സുഹൃത്തേ. അതാണ് വര്‍ത്തമാനകാലത്തെ സമൂഹത്തില്‍ നമ്മുടെയൊക്കെ അടിയന്തിര കടമ.

"100% പെണ്‍ വാണിഭക്കേസിലും പെണ്‍കുട്ടികളെ വഴി തെറ്റിച്ചു കൊണ്ടു പോയതും പെണ്‍വര്‍ഗം തന്നെയാണു്."

ആയിക്കോട്ടെ രക്ഷിതാവു ചമയുന്ന പുരുഷന്‍ എന്തിനു ഉപഭോക്താവായി നിന്നു കൊടുത്തു. സ്ത്രീയെ വില്‍ക്കാന്‍ സ്ത്രീ തയ്യാറായതു മാത്രമല്ലല്ലോ , അവളെ വാങ്ങാന്‍ പുരുഷന്‍ തയ്യാറായതുമല്ലേ പീഢനങ്ങളെ പൂര്‍ത്തിയാക്കുന്നത് ? തുല്യ ഉത്തരവാദിത്വം !!

സുമേഷ്‌ വി ഗണപതിയാട് said...

രാത്രി ഷിഫ്റ്റിനു ജോലിക്ക് പോകുന്ന സ്ത്രീയെ തടഞ്ഞു നിര്‍ത്തി സദാചാരം അടിച്ചു പഠിപ്പിക്കുന്നവര്‍ തന്നെയാണ് ശരീരം വില്‍ക്കുന്ന സ്തീകളെയും കൂട്ടി സുഖം തേടി പോകുന്നത്

അവജ്ഞ തോന്നുന്നു ഇവരെ ന്യായീകരിക്കുന്നവരോട്

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ.
ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ.

സ്ത്രീവാദവും സ്ത്രീ സംരക്ഷണ വ്യഗ്രതയും, ഒരുമ്പെട്ടിറങ്ങുന്നവർക്ക് കുട പിടിച്ചു കൊടുക്കുന്ന തരത്തിലായിപ്പോകുന്നതിലും ശെരികേടുണ്ട്.

ശ്രീനാഥന്‍ said...

നല്ല ലേഖനം. പെങ്ങളെ കയറിപ്പിടിച്ചാലും രണ്ടുണ്ട് പക്ഷം അല്ലേ?

വിധു ചോപ്ര said...

എന്തായാലും ദു:ഖം കലക്കിയ കവിതകളെക്കാൾ ഗംഭീരമായ ഒരു പോസ്റ്റ്. അതിനിരിക്കട്ടൊരു മാർക്ക്. ടീച്ചറുടെ പ്രശ്നം വേഗം പരിഹൃതമാകട്ടെ എന്ന് ആശംസിക്കുന്നു. ചിലപ്പോൾ തോന്നും, ഇതൊരു വല്ലാത്ത നാട് തന്നെ എന്ന് .ട്രെയിനിൽ ജനറൽ സീറ്റിൽ പെണ്ണുങ്ങൾക്ക് ആണുങ്ങൾക്കൊപ്പം ഇരിക്കാം. പക്ഷെ ബസ്സിലതു പറ്റില്ല. ആരെങ്കിലുമിരുന്നാൽ മറ്റുള്ളവരുടെ ശ്രദ്ധ മുഴുവനും ആ സീറ്റിലേക്കായിരിക്കും.ഇത് ലേശം മാറി വരുന്നുണ്ട്.സദാചാരപ്പോലീസു കാർക്ക് മറ്റെന്തോ ചില തിരക്കുകൾ ! പെണ്ണുങ്ങൾ രാത്രി ഒറ്റക്ക് കാറോടിച്ചും നടന്നും പോകുന്നത് ഞാൻ ഗൾഫിൽ വച്ച് കണ്ടിട്ടുണ്ട്.അവർക്കൊന്നും അച്ഛനും ആങ്ങളയും ഇല്ലായിരിക്കാം.പക്ഷേ അത് എന്റെ വിഷയമായി ഞാൻ എടുത്തിരുന്നില്ല. ഇവിടെയും പെണ്ണുങ്ങൾ ഇറങ്ങി നടന്നോട്ടെ. ആർക്ക് നഷ്ടം?പട്ടാപ്പകൽ ബൈക്കിൽ പറന്നു വന്ന് കഴുത്തിലെ മാല പൊട്ടിച്ച് കടന്നു കളയുന്നവൻ അവന്റെ രീതിക്കനുസരിച്ചുള്ള സാമൂഹ്യ വിരുദ്ധതയാണ് പ്രകടമാക്കുന്നത്. ഇതു തന്നെയാണ് രാത്രി ഒറ്റക്കു നടക്കുന്ന പെണ്ണിനെ കാണുമ്പോൾ മറ്റൊരുത്തൻ അവന്റെ ആവശ്യം നടത്താനുള്ള സാധ്യത ആ പെൺ ശരീരത്തിൽ അന്വേഷിക്കുന്നത്. ടീച്ചർ പറഞ്ഞത് ശരിയാണ് സ്വാതന്ത്ര്യം വേണം.അത് തീർച്ചയായും അനുവദിക്കുക തന്നെ വേണം.പക്ഷേ രാത്രി ഇറങ്ങി നടക്കുന്നവരുടെ മൊത്തം സംരക്ഷണം ഏറ്റെടുക്കാനുള്ള ഫോഴ്സ് സർക്കാരിനുണ്ടോ? അറബി നാടിന്റെ സംസ്കാരമല്ല ഈ നാട്ടിലെന്ന് തിരിച്ചറിഞ്ഞാൽ നന്ന്.ഇങ്ങനെ ഇറങ്ങി നടക്കുന്നതിനെതിരെ ഇപ്പോൾ ചിലർ പ്രകടിപ്പിക്കുന്ന എതിർപ്പ് ഒഴിവാകുമ്പോൾ, ഇറങ്ങി നടന്ന് വല്ലയിടത്തും പെട്ടാൽ ,വല്ല കുരുത്തം കെട്ട ആൺ ശരീരത്തിലും തട്ടി ചളുങ്ങിയാൽ സഹിച്ചോളണം .അപ്പോൾ പ്രതികരണശേഷിയില്ലാ, പ്രബുദ്ധതയില്ലാ, അതില്ലാ, ഇതില്ലാ എന്നും പറഞ്ഞ് സമൂഹത്തിന്റെ നേരെ കുതിര കയറാൻ വന്നേക്കരുത്.ഇപ്പോൾ തന്നെ സ്വന്തം കാര്യത്തിലപ്പുറം ഒരു പണത്തൂക്കം സേവന മനോഭാവമില്ലാത്ത നമ്മുടെ നാട്ടുകാർക്ക് അതിനൊന്നും നേരം കിട്ടിയെന്നു വരില്ല.അതു കൊണ്ട് ഓരോ നാട്ടിന്റെയും സംസ്ക്കാരം തിരിച്ചറിഞ്ഞ് ജീവിച്ചാൽ അവളവൾക്ക് കൊള്ളാം. മദ്യം വിൽക്കുന്നിടത്തെ ക്യൂവിൽ, രതിനിർവേദം പ്രദർശിപ്പിക്കുന്ന റ്റാക്കീസുകളിൽ, എല്ലാം പെണ്ണുങ്ങളുടെ തിരക്കാവട്ടെ. എന്നിട്ടീ സമൂഹം വികസിച്ചങ്ങ് പൊട്ടട്ടെ.അപ്പോഴെങ്കിലും ആവുമല്ലോ നമുക്ക് സമാധാനം.......!? അപ്പോഴും ഇവിടൊക്കെ തന്നെ കാണുമായിരിക്കും അല്ലേ ടീച്ചറേ........?

Anonymous said...

തെസ്നി ബാനു ചാന്‍സി റാണി തന്നെ സമ്മതിച്ചു.
പക്ഷെ മുഘാ പരിജയം ഇല്ലാത്ത ഒരണിനെയും പെണ്ണിനേയും കണ്ടാല്‍
ആരാ എന്താ എന്ന് ചോദിക്കുന്നത് കേരളം; കേരളം ആയതു കൊണ്ടാണ് .
അതില്‍ യാതൊരു തെറ്റും ഇല്ല . അതിനു ചോദിച്ച ചെറുപ്പക്കാരന്റെ മുഖത്തടിക്കേണ്ട
കാര്യം ചാന്‍സി രാനിക്കില്ലയിരുന്നു . പിന്നെ സാധാചാര കമ്മിറ്റി കളിച്ചതനെങ്കില്‍
ഒന്ന് കിട്ടിയതില്‍ തെറ്റില്ല . നമ്മള്‍ ഒരു വശം മാത്രം കണ്ടു എന്തെങ്കിലും പറഞ്ഞിട്ട്
ഒരു കാര്യവും ഇല്ല . പിന്നെ ഈ ചാന്‍സി ഭാനു വിന്റെ ഫോട്ടോ ഞാന്‍ കണ്ടിരുന്നു
കണ്ടാല്‍ തന്നെ അറിയാം ബടക്കനെന്നു .... ബാനു ക്ഷമിക്കണം എന്റെ വ്യക്തി പരമായ
അഭിപ്രായമാണ് എനിക്ക് തോന്നിയത് പറഞ്ഞു എന്ന് മാത്രം . "എന്റെ പേര് ബാനു എന്റെ ഫ്രണ്ട് ആണ് ഇത് ഞങ്ങള്‍ ഇന്ന കമ്പനിയില്‍ ജോലി ചെയ്യുന്നു
ചായ കുടിക്കാന്‍ നിര്‍ത്തി (സിഗരെട്ടെന്നു പറയണ്ട ) " ഇത്രയും കാര്യം വളരെ ക്ഷമയോട് കൂടി പറഞ്ഞിരുന്നെങ്കില്‍ ഒരു വിഷയം ഉണ്ടാകും എന്ന് തോന്നുന്നില്ല .
പിന്നെ ഇത്രയും ഫേമസ് ആകാനും കുറെ പുരുഷന്‍ മാര്‍ അതായതു ഞരമ്പ്‌ രോഗികള്‍ എന്ന് ബാനു പറയുന്ന വര്‍ഗക്കാരെ അകത്താക്കാന്‍ പറ്റില്ലായിരുന്നു .
ഞാന്‍ സംഭവം നേരിട്ട് കണ്ട വ്യക്തി അല്ലാത്തതിനാല്‍ എന്റെ അഭിപ്രായം ചിലപ്പോള്‍ തെറ്റായിരിക്കാം ആണെങ്കില്‍ ക്ഷമിക്കുക

the man to walk with said...

പോസ്റ്റും കമ്മന്റുകളും ചര്‍ച്ചയും ഗംഭീരം ...

ആശംസകള്‍

mini//മിനി said...

ചർച്ചകൾ നടക്കട്ടെ,
കാലോചിതമായ പോസ്റ്റ്.

പൈമ said...

lahariyanu ellathinu karanam ...

ശാന്ത കാവുമ്പായി said...

‘സ്ത്രീ പീഡനങ്ങൾക്ക് പുതിയ മുഖങ്ങൾ’ വായിച്ച് ചർച്ചയിൽ പങ്കെടുത്തവർക്ക് നന്ദി.ചില കമന്റുകൾ കൂടുതൽ വിശദീകരണം അവശ്യപ്പെടുമ്പോലെ തോന്നിയതുകൊണ്ട് പുതിയൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അത് എല്ലാവരും വായിക്കണമെന്നഭ്യർഥിക്കുന്നു.

Anonymous said...

സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ് . സ്വാതന്ത്ര്യം എന്നാ വാക്കിനു തന്നെ ചില അതിര്‍ വരമ്പുകള്‍ ഇല്ലേ . മനുഷ്യര്‍ ഉള്‍പ്പടെ എല്ലാ ജീവികള്‍ക്കും ഉള്ളത് പരിമിതമായ സ്വാതന്ത്ര്യം ആണ് . ഈ അതിര്‍വരമ്പുകളെ മാനിക്കുകയാണ് വ്യക്തിക്കും സമൂഹത്തിനും നല്ലത് . അധ്വാനിക്കാനും സംബാതിക്കാനും എനിക്ക് സ്വാതന്ത്ര്യമുണ്ട് , എന്നാല്‍ കൊള്ളയടിക്കാന്‍ ഇല്ല . വിമര്ശിക്കുവാനുള്ള സ്വാതന്ത്ര്യം അവഹേളിക്കുവാന്‍ ഉപയോഗപ്പെടുത്തിക്കൂടാ . ഇത് തന്നെയാണ് ആണും പെണ്ണും തമ്മിലുള്ള പെരുമാറ്റത്തിലും കാത്തു സൂക്ഷിക്കേണ്ടത് . കിടപ്പറയില്‍ പെരുമാറുന്ന രീതി പൊതു സ്ഥലത്ത് പാടില്ല . ഇതിനെ നമ്മള്‍ ആധുനികത അശ്ലീലം ആയി ഗണിക്കുന്ന "സദാചാരം " എന്നാ പേര്‍ ചൊല്ലി വിളിക്കും . ഈ സദാചാരത്തിന്റെ നേര്‍ത്ത ആവരണം പോലും കീറി എറിയലാണ് സ്ത്രീയെ എന്നും ചൂഷണ ഉപാധിയായി മാത്രം കണ്ടുപോന്ന പുരുഷന് ആവശ്യം , അതായത് പൊതു സ്ഥലത്ത് വ്യഭിച്ചരിക്കാനുള്ള സ്വാതന്ത്ര്യം .

കേരള - ബംഗ്ലൂര്‍ റൂട്ടില്‍ ഓടുന്ന രാത്രി ബസ്സുകളില്‍ നടക്കുന്ന അഴിഞ്ഞാട്ടം ഈ സാമൂഹിക സദാചാര ബോധം നഷ്ടപ്പെട്ടതിന്റെ ഫലമാണ് . ഇത് വായിച്ചറിഞ്ഞ മാതാ പിതാക്കള്‍ മക്കളെ ട്രെയിനില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു , കാരണം സദാചാരത്തെ എന്നും അശ്ലീലമായി മാത്രം വീക്ഷിക്കുന്ന കപട പുരോഗമന വാദികള്‍ക്ക് ഇല്ലാത്ത ആശങ്ക മക്കളുടെ കാര്യത്തില്‍ അപ്പനും അമ്മയ്ക്കും ഉണ്ടാവും . ഉള്ള സദാചാര ബോധം കൂടി നശിപ്പിക്കപ്പെട്ടാല്‍ അതിന്റെ നേര്‍ ഇരകള്‍ സ്ത്രീകള്‍ തന്നെ ആയിരിക്കും എന്ന് പെണ്‍ /പുരോഗമന വാദികള്‍ ചിന്തിക്കുന്നത് നന്ന് . പെണ്ണിന് അവളുടെ ആവശ്യങ്ങള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യം വേണമെന്ന കാര്യത്തില്‍ നമുക്ക് രണ്ടഭിപ്രായം ഇല്ല , പക്ഷെ അത് കണ്ടവന്റെ കൂടെ അഴിഞാടാനുള്ള സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കാതിരിക്കുക . ട്രാഫിക് നിയമങ്ങള്‍ ഉള്ളതാണ് വാഹനങ്ങളുടെ സഞ്ചാരത്തിനു നല്ലത് .

Anonymous said...

poornamayaum nan yogikkunnu.kalanusrutham aaya nalla chinda .
jessy

Echmukutty said...

പോസ്റ്റ് വളരെ നന്നായി. കമന്റുകൾ വായിച്ചു. നിസ്സഹായന്റെ കമന്റിനു താഴെ ഒപ്പിടുന്നു.