Friday, April 22, 2011

അന്നവിചാരം മുന്നവിചാരം

ഇക്കൊല്ലം എസ്.എസ്.എൽ.സി.പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനുള്ള അപേക്ഷ ഓൺലൈനിൽ കൊടുക്കാൻ സമയമായപ്പോൾ ഒന്ന് സംശയിച്ചു നിന്നു.ഈ മുടിഞ്ഞ മുട്ടുവേദനയുംകൊണ്ട് എങ്ങനെ പോകും.ഇനി പോകാൻ അവസരമില്ലല്ലോ.അതുകൊണ്ട് എന്തായാലും പോകണം എന്നായി നല്ലവനായ മുരളിമാസ്റ്റർ.

മലയാളം ഒന്നാം പേപ്പറിന്റെ ക്യാമ്പ്  തളിപറമ്പ് മൂത്തേടത്ത് ഹൈസ്കൂളിലാണ്.വളരെ അടുത്തല്ലേ.ഏതായാലും കൊടുക്കുക തന്നെ.

മൊബൈലിൽ സെലൿഷൻ മെസ്സേജ് കിട്ടിയപ്പോൾ ചെറിയൊരു ടെൻഷൻ.എന്നാലും പോകാൻ തീരുമാനിച്ച് ഒരുക്കങ്ങൾ തുടങ്ങി.വീട്ടുകാരെ ബോധ്യപ്പെടുത്തുക എന്ന കടമ്പ 
ഏറെ പ്രയാസപ്പെട്ട് കടന്നു.സുഖമില്ലാത്ത നിനക്കിതിന്റെയൊക്കെ ആവശ്യമെന്താണെന്നും പറഞ്ഞ് ഇടന്തടിച്ച് നിൽക്കുകയായിരുന്നു അവർ.ആൻസർ പേപ്പർ വാല്യു ചെയ്യുക ഒരു ബോറടിപ്പിക്കുന്ന ജോലിയാണെന്നാണ് കോളേജധ്യാപകനായ സഹോദരന്റെ അഭിപ്രായം.അവർക്കൊന്നുമറിയില്ലല്ലോ ബോറടി മാറ്റാനുള്ള മരുന്നൊക്കെ വാല്യുവേഷൻ ക്യാമ്പിലുണ്ടെന്ന്.പാവങ്ങൾ!

അമ്മയേയുമച്ഛനേയും സോപ്പിട്ട് സഹോദരന്റെ തളിപ്പറമ്പിലുള്ള വീട്ടിലെത്തിച്ചു.
മൂല്യനിർണയം കഴിയുന്നതുവരെ പൊറുതി അവിടെയാക്കാം.

മുൻ‌കാല മൂല്യനിർണയ ക്യാമ്പുകളുടെ മധുരസ്മരണകളാണ് എന്നെക്കൊണ്ട് 
ഇത്രയേറെ ത്യാഗം ചെയ്യിപ്പിച്ചത്.പ്രതിഫലമായി കിട്ടുന്ന 
കാശ് വിലപ്പെട്ടതാണെങ്കിലും അതിനേക്കാൾ വിലപ്പെട്ട  കുറെ 
സൌഹൃദങ്ങൾ അവിടെ നിന്നും എനിക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്.
അവരെയൊക്കെ കാണാനും പരിചയം പുതുക്കാനും പറ്റിയ 
അവസരമാണിത്.തമാശയും ചിരിയുമൊക്കെയായി മനസ്സിന് 
ഉല്ലാസമുണ്ടാക്കുന്ന ഒരന്തരീക്ഷം അവിടെ എല്ലാവരും കൂടി  
സൃഷ്ടിക്കും.മൂല്യനിർണയ ക്യാമ്പ് കഴിയുമ്പോഴേക്കും എല്ലാവരുടേയും 
പത്തു വയസ്സെങ്കിലും കുറഞ്ഞിരിക്കും.തൂക്കം പത്തു 
കിലോയെങ്കിലും കൂടിയുമിരിക്കും.ഓരോരുത്തരും ഊഴമിട്ടല്ലേ 
പലഹാരങ്ങൾ കൊണ്ടുവന്ന് തീറ്റിക്കുന്നത്.ഷുഗറ് വീരന്മാരൊക്കെ 
ചായ വിത്തൌട്ടാക്കി ഐസ്ക്രീം തട്ടുന്നത് കാണേണ്ട 
കാഴ്ച തന്നെയാണ്.കൈക്ക് പിടിച്ച് തടയാൻ വീട്ടുകാരി 
അടുത്തില്ല എന്ന അഹങ്കാരം.അല്ലാതെന്താ! ഇതൊക്കെ 
കേൾക്കുമ്പോൾ മറ്റുള്ളവർക്കും ഞങ്ങളധ്യാപകരോട് ഇത്തിരി 
അസൂയയൊക്കെ തോന്നുന്നില്ലേ? എന്തിനാ ഇത്തിരിയാക്കുന്നത്.
മുഴുവൻ കേട്ടാൽ മത്തങ്ങാ വലുപ്പത്തിൽ തന്നെ അസൂയപ്പെടാം.

ഇക്കൊല്ലത്തെ വിഷു ആഘോഷമൊക്കെ തെരഞ്ഞെടുപ്പിന്റെ 
ബഹളത്തിൽ ഏതാണ്ട് മുങ്ങിപ്പോയിരുന്നു.സദ്യ ഒരുക്കിയും 
ഒരുക്കാതെയുമൊക്കെ ഓടിപ്പോന്നതാ എല്ലാവരും.അതുകൊണ്ട് 
ക്യാമ്പിൽ ഒന്നുകൂടി ആഘോഷിച്ചാലോ എന്നായി.എല്ലാവർക്കും 
പെരുത്ത് സന്തോഷം.പറഞ്ഞുതീരുന്നതിനുമുമ്പേ കൊണ്ടുവരേണ്ട 
വിഭവങ്ങളുടെ ലിസ്റ്റെഴുതാൻ തുടങ്ങി.ഉപ്പേരിതൊട്ട് പപ്പടം 
വരെയുള്ള വിഭവങ്ങളുടെ ലിസ്റ്റ് തയ്യാറായി. വിഭവങ്ങൾ 
കൊണ്ടുവരാൻ അംഗങ്ങൾ തമ്മിൽ മത്സരമായിരുന്നു.അതുകൊണ്ട് 
പലതിന്റേയും ഒന്നിലേറെ കോപ്പി ഉണ്ടായിരുന്നു. ഉപ്പേരിതൊട്ട് 
തുടങ്ങാമെന്ന് ഞാൻ പറഞ്ഞപ്പോൾ പപ്പടം കൊണ്ട് പൂർത്തിയാക്കാൻ 
പവിത്രൻ‌മാഷും തയ്യാറായി.നാലുതരം അച്ചാറുകൾ. പുളിയിഞ്ചി 
കാസർഗോട്ടുകാരൻ മുഹമ്മദുകുഞ്ഞി സ്വന്തമായി പരീക്ഷണം 
നടത്തി ഉണ്ടാക്കിക്കൊണ്ടുവന്നു. രണ്ടുതരം പായസം.
വിജയകുമാറിന്റെ സേമിയപ്പായസവും നാരായണൻ നമ്പൂതിരിയുടെ 
പാൽ‌പ്പായസവും. ദാക്ഷായണിടീച്ചറിന്റെ കൂട്ടുകറിയും ലീനടീച്ചറിന്റെ 
സാമ്പാറും സോമൻ‌മാഷിന്റെ പുളിശ്ശേരിയും രൺദിവെയുടെ 
മസാലക്കറിയും ശ്രീജയുടെ അവിയലും പഴുത്ത മാങ്ങാപ്പച്ചടിയും 
സുബ്രഹ്മണ്യന്റെ ഇടിച്ചക്കയച്ചാറും പ്രസന്നടീച്ചറിന്റെ പെരക്കും 
നിറഞ്ഞുകവിഞ്ഞപ്പോൾ ചീഫുമാരായ അനിതടീച്ചറും രവികുമാറും 
തങ്ങളാർക്കും പിന്നിലല്ലെന്ന് തെളിയിച്ചു.ഓലനില്ലാതെന്തു 
സദ്യയെന്ന് അനിതടീച്ചർ മുന്നേറിയപ്പോൾ ഇലയില്ലാതെങ്ങനെ
യെന്നായി അവരുടെ സഹപാഠി കൂടിയായിരുന്ന രവിമാഷ്.
അദ്ദേഹത്തിന്റെ പറമ്പിൽ വളരുന്ന നല്ല നാടൻ വാഴയുടെ
ഇലയിൽ സദ്യ വിളമ്പുന്നതിൽ എല്ലാവർക്കും സന്തോഷമേയുള്ളൂ.
ആവി പറക്കുന്ന കുത്തരിച്ചോറിന്റെ കുത്തകക്കാരനായി 
മനോജ് മാഷ് സദ്യയുടെ നടുനായകത്വമേറ്റെടുത്തു.

ഷമീം ടീച്ചർ വിട്ടുകൊടുക്കാനേ ഭാവമില്ല.പുതിയൊരു 
സ്റ്റൈലിൽ ചിക്കനുംകൊണ്ട് ടീച്ചറെത്തി മറ്റുള്ളവരെ 
അമ്പരപ്പിച്ചുകളഞ്ഞു.സതിടീച്ചർ മുളകുകൊണ്ടാട്ടവും 
അച്ചാറുംകൊണ്ട് എല്ലാവരേയും കരയിക്കുമ്പോൾ 
ചമ്മന്തിപ്പൊടിയുമായി ശാലിനിടീച്ചർ തൊട്ടു പിന്നാലെയുണ്ട്. 
പഴവുംപായസവും പച്ചടിയും പയറുതോരനും 
നാരങ്ങാക്കറിയും രസവും നമ്പൂതിരിമോരുമൊക്കെയായി
സദ്യ പൊടിപൊടിക്കുമ്പോൾ അങ്ങനെയിപ്പോൾ 
പപ്പടത്തിൽ അവസാനിപ്പിക്കേണ്ടെന്നു പവിത്രനെ 
വെല്ലുവിളിച്ചുകൊണ്ട് വിജയകുമാറിന്റെ കാസർഗോട് 
സ്പെഷ്യൽ ഹോളിഗെയും രംഗത്തെത്തി.ഇനിയിപ്പോൾ 
വിരൽ തൊണ്ടയിലിട്ട് അമർത്തിയാൽക്കൂടി 
ഒഴിഞ്ഞ സ്പേസ് കിട്ടാത്തതുകൊണ്ട് ഞാൻ 
ഹോളിഗെ പൊതിഞ്ഞുവാങ്ങി.ഒഴിയുമ്പോൾ 
സൌകര്യംപോലെ കഴിക്കാലോ.

പുളുവടിക്കുകയാണെന്നാർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഇതാ പിടിച്ചോ തെളിവ്.


                         
                            വിഭവങ്ങളെല്ലാംഎത്തിയല്ലോ.ഇല വെക്കട്ടെ


                                തിടുക്കം കൂട്ടാതെ കൂട്ടരേ.വിളമ്പിത്തുടങ്ങി

                
                            എല്ലാവരും ഇരുന്നോളൂ.ദാ..വിളമ്പിക്കഴിഞ്ഞു.


     
                            എത്ര കൂട്ടമുണ്ടെന്നെണ്ണിയിട്ടു ബാക്കി കാര്യം.


        സദ്യയുണ്ടതിനുശേഷം വിശ്രമിക്കാനൊന്നും സമയമില്ല.
        വായടക്കി,ജോലിയിൽ മുഴുകി 

ഇതുപോലുള്ള കൂട്ടായ്മകൾ സ്നേഹം വളർത്തുമെന്ന് മുഹമ്മദുകുഞ്ഞി 
പറഞ്ഞപ്പോൾ അതിനോട് പൂർണമായും യോജിച്ചു.

മനുഷ്യൻ അടിസ്ഥാനപരമായി നല്ലവനാണ്.സ്നേഹം 
കൊടുക്കാനും വാങ്ങാനും കൊതിക്കുന്നവനാണ്.അല്ലെങ്കിൽ 
മുൻപരിചയം ഏറെയൊന്നുമില്ലാത്ത ഒരുകൂട്ടം മനുഷ്യർ ഒത്തു
കൂടിയപ്പോൾ പരസ്പരം സ്നേഹം ചൊരിയാൻ മത്സരിക്കുന്നതെന്തിന്.
നൂറുകൂട്ടം ചൂടുപിടിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യാനുള്ള 
തെരഞ്ഞെടുപ്പുകാലമായിട്ടുകൂടി ഇടവേളകളിൽ മറ്റുള്ളവർക്ക് 
അഹിതമായ ഒരു വാക്കുപോലും ഞങ്ങളാരും ഉരിയാടാറില്ല.
ഒരാളുടെ പ്രശ്നം എല്ലാവരുമേറ്റെടുത്ത് പരിഹരിക്കുന്നു.
പന്ത്രണ്ടുദിവസത്തിനുശേഷം പിരിഞ്ഞുപോകേണ്ടവരാണ് 
എന്ന ബോധമായിരിക്കാം ഈ ഐക്യത്തിന്റേയും 
സ്നേഹത്തിന്റേയും സുന്ദരനിമിഷങ്ങളിൽ ഞങ്ങളെയെത്തിച്ചത്.
എന്റേത്,എനിക്ക് എന്ന സ്വാർഥമോഹങ്ങളൊന്നും ഞങ്ങളുടെ 
ഇടയിൽ വളരേണ്ട കാര്യവുമില്ല.അണുകുടുംബത്തിലേക്ക് 
പറിച്ചുനട്ടപ്പോൾ ഒറ്റപ്പെട്ടുപോയ ആധുനികമനുഷ്യന്റെ 
കൂട്ടുകുടുംബഗൃഹാതുരത്വവും മറ്റൊരു കാരണമായി 
എനിക്കു തോന്നുന്നു. സാമൂഹ്യജീവിയായ മനുഷ്യൻ 
തന്റെ സ്നേഹം മുഴുവൻ കുടുംബത്തിലെ രണ്ടോ 
മൂന്നോ വ്യക്തികളിൽ കേന്ദ്രീകരിക്കുമ്പോൾ വല്ലാതെ 
സ്വാർഥനായിപ്പോകുന്നു.ആ സ്നേഹം തിരിച്ചുകിട്ടുന്നില്ല 
ന്ന തോന്നൽ മതി ഭ്രാന്തുപിടിക്കാൻ.ഇന്ന് കാണുന്ന 
പല കുഴപ്പങ്ങൾക്കും അതാണ് കാരണം.ഒരുപാടുപേർ 
സ്നേഹിക്കാനുണ്ടെന്ന് ബോധമുണ്ടെങ്കിൽ ഒരിക്കലും അരും 
വഴിതെറ്റിപ്പോകില്ല.അതിന് കൂട്ടുകുടുംബത്തിനുപകരം 
പുതിയ കൂട്ടായ്മകൾ ഉണ്ടാകണം.പന്ത്രണ്ടു 
ദിവസത്തിനുശേഷമല്ലെങ്കിലും ഒരിക്കൽ എല്ലാവരും 
വേർപിരിയേണ്ടവരാണ്.അപ്പോൾ ചുരുങ്ങിയ 
ജീവിതകാലത്ത് പരസ്പരം സ്നേഹത്തോടെ 
കഴിയുന്നതല്ലേ നല്ലത്?

28 comments:

ശാന്ത കാവുമ്പായി said...

ഉയിർത്തെഴുന്നേല്പിന്റെ ഈ നല്ല നാളിൽ എല്ലാവർക്കും സ്നേഹവും സന്തോഷവും സമാധാനവും ആശംസിക്കുന്നു.

SHANAVAS said...

അതെ,ചുരുങ്ങിയ ജീവിത കാലത്ത് പരസ്പരം സ്നേഹവും സൌഹൃദവും പങ്കിട്ടു കഴിയുക.ഇങ്ങനെയുള്ള കൂട്ടായ്മകള്‍ ഇന്ന് അത്യന്താപേക്ഷിതമാണ്.പോസ്റ്റ്‌ നന്നായി.സദ്യയും ആസ്വദിച്ചു.

ponmalakkaran | പൊന്മളക്കാരന്‍ said...

അപ്പം ടീച്ചറു പിരിയാറായല്ലേ....
കൂട്ടായ്മകളാണ് പിടിച്ചു നിര്‍ത്തുന്നത്..
കുടുംബവും ഒരുകൂട്ടായ്മ യല്ലേ.........
ആശംസകള്‍.

മൻസൂർ അബ്ദു ചെറുവാടി said...

സദ്യയില്‍ കൂടുതല്‍ വിളമ്പിയതും കൂടുതല്‍ കഴിച്ചതും സ്നേഹം . അല്ലേ ടീച്ചറെ. .?
ഈ സ്നേഹ സദ്യ എനിക്കും ഇഷ്ടായി ട്ടോ.
സ്നേഹവും നന്മയും നിറയട്ടെ എല്ലാവരിലും

ശ്രീജിത് കൊണ്ടോട്ടി. said...

സ്നേഹവും സൌഹൃദവും പങ്കിടുന്ന കൂട്ടായ്മകള്‍ ഒരുപാടുണ്ടാവട്ടെ.. :)

Yasmin NK said...

എന്നുമുണ്ടാകട്ടെ ഈ സ്നേഹം

ajith said...

നല്ല കുറിപ്പ്. നല്ല സദ്യ. മൂല്യനിര്‍ണ്ണയക്യാമ്പ് പലപ്പോഴും പുതിയപുതിയ തമാശകള്‍ക്ക് ജന്മം കൊടുക്കുന്നു എന്ന് കേട്ടിട്ടുണ്ട്. പരീക്ഷയെഴുതുന്ന വിരുതന്മാരുടെ ചില വിചിത്രഉത്തരങ്ങള്‍

രമേശ്‌ അരൂര്‍ said...

എല്ലാവരും ഇങ്ങനെ ഒത്തുകൂടി സദ്യവട്ടങ്ങളൊക്കെ ഒരുക്കി പരസ്പരം വിളമ്പി കഴിച്ചു വെടിവട്ടം പറയുകയും കുറച്ചു ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഒക്കെ ചെയ്യുന്നത് ഒരാഘോഷ സ്മൃതി തന്നെയാണ് ..നാട്ടില്‍ ഉത്സവങ്ങള്‍ സംഘടിപ്പിച്ചതും മറ്റും ജനങ്ങള്‍ തമ്മില്‍ കൂടിച്ചേര്‍ന്നു സഹാവര്‍ത്തിക്കാന്‍ കൂടി വേണ്ടിയാണ് ..ഇത്തരം കൂട്ടയ്മക്ളിലൂടെ യാണ് നാട് ഒന്നായി നിക്കുന്നത് ..

അനില്‍ഫില്‍ (തോമാ) said...

ഉത്തരക്കടലാസിലെ തമാശകള്‍ എഴുതണേ ടീച്ചറേ.....


തുടക്കക്കാരായ ഞങ്ങളുടെ പോസ്റ്റുകള്‍ ഒക്കെ നോക്കി വേണ്ട തിരുത്തുകള്‍ നിര്‍ദേശിക്കണേ..

mini//മിനി said...

ഉത്തരക്കടലാസ് നോക്കിയാൽ ലഭിക്കുന്ന പണത്തെക്കാൾ വലുതാണ് അത്‌വഴി ഉണ്ടാവുന്ന സന്തോഷവും സൌഹൃദവും. അതെല്ലാം ഒരുപാട് അനുഭവിച്ചതാണ്.
പിന്നെ തമാശകൾ ധാരാളം ഉണ്ടാവും,
വീട്ടിൽ അച്ഛനും അമ്മയും അടിപിടി ആയതുകൊണ്ട് എനിക്കൊന്നും പഠിക്കാനായില്ല, അതുകൊണ്ട് പാസാക്കണം എന്ന അപേക്ഷ ഒരിക്കൽ ഉണ്ടായിരുന്നു.
പുത്തൻ പഠനരീതി ആയപ്പോൾ ഉത്തരക്കടലാസിൽ തമാശകൾ കുറവാണ്.
നല്ല നല്ല ഉത്തരക്കടലാസുകൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

മുകിൽ said...

നന്നായി. ധാരാളം സ്നേഹം ഉണ്ട് ജോലി ചെയ്തു ല്ലേ?

ഷമീര്‍ തളിക്കുളം said...

വായിച്ചു, നന്നായി ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ഭക്ഷണ പരിപാടി....!

ശ്രീനാഥന്‍ said...

നല്ലൊരു സദ്യയായീ ഈ പോസ്റ്റ്. ഉത്തരക്കടലാസു നോട്ടം, അന്നം പങ്കുവെച്ച് ചെയ്യുന്നതിന്റെ ഒരു സുഖം മുഴുവനും ഈ പോസ്റ്റിലുണ്ട്.സഹപ്രവർത്തകരോടുള്ള റ്റീച്ചറുടെ സ്നേഹം ഈ പോസ്റ്റിൽ വഴിഞ്ഞൊഴുകുന്നുണ്ട്. എന്റെ ഡിപ്പാർട്ട്മെന്റിൽ ഞങ്ങൾ അഞ്ചാറുപേർ ദിവസവും ഉച്ചക്ക് ഷെയർ ചെയ്താണ് ഭക്ഷണം കഴിക്കാറ്.ആ സൌഭാഗ്യത്തിനു വേണ്ടിയാണ് കോളെജിൽ പോകുന്നതെന്നു പോലും തോന്നാറുണ്ട് ഞങ്ങൾക്ക്.

MOIDEEN ANGADIMUGAR said...

സ്നേഹം വിളമ്പി വായനക്കാരെ കൊതിപ്പിച്ചു കളഞ്ഞല്ലോ ടീച്ചർ.
നല്ല പോസ്റ്റ്. വായിച്ച് മനസ്സ് നിറഞ്ഞു.

the man to walk with said...

പരീക്ഷ ഫലം വിദ്യാര്‍ത്ഥികള്‍ക്കും മധുരമുള്ളതാവട്ടെ
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചുരുങ്ങിയ
ജീവിതകാലത്ത് പരസ്പരം സ്നേഹത്തോടെ
കഴിയുന്നതല്ലേ നല്ലത്?
..സ്നേഹത്തിന്‍റെ വടിവൊത്ത ചില മുഖങ്ങള്‍ പ്രദര്‍ശിപ്പിച്ച പോസ്റ്റ്‌.
അഭിനന്ദങ്ങള്‍

വാഴക്കോടന്‍ ‍// vazhakodan said...

സ്നേഹമുള്ള മനസ്സില്‍ നിന്നും സ്നേഹമുള്ള പോസ്റ്റ്!
സദ്യ വായിലൊരു കപ്പലോട്ടം നടത്താനുള്ള വെള്ളം സമ്മാനിച്ചു!:)

Muralee Mukundan , ബിലാത്തിപട്ടണം said...

മനുഷ്യൻ അടിസ്ഥാനപരമായി നല്ലവനാണ്.സ്നേഹം
കൊടുക്കാനും വാങ്ങാനും കൊതിക്കുന്നവനാണ്.അല്ലെങ്കിൽ
മുൻപരിചയം ഏറെയൊന്നുമില്ലാത്ത ഒരുകൂട്ടം മനുഷ്യർ ഒത്തു
കൂടിയപ്പോൾ പരസ്പരം സ്നേഹം ചൊരിയാൻ മത്സരിക്കുന്നതെന്തിന്....?

Typist | എഴുത്തുകാരി said...

സദ്യയുണ്ട പോലെയായി വായിച്ചിട്ടു തന്നെ. സ്നേഹം വിളമ്പിയ സദ്യ.

Echmukutty said...

എനിയ്ക്ക് ഹോളിഗെ കഴിയ്ക്കാൻ എത്ര കാലമായി ആഗ്രഹമുണ്ടായിട്ട്........ ഡോ അനുപമ നിരഞ്ജനയുടെ ഗോദാവരിയെ വായിച്ച അന്നു തുടങ്ങീതാ ആ കൊതി... എന്നാവോ അതു നടക്കാ?

ഇഷ്ടമായീ ഈ പോസ്റ്റ്. വളരെ നന്നായി എഴുതി. അഭിനന്ദനങ്ങൾ.

Sapna Anu B.George said...

ശാന്ത റ്റീച്ചറെ.................CBSC റിസൽറ്റ് നോക്കിയിരിക്കുന്ന ഒരു മകൾ ഇവിടെയും ഉണ്ടെനിക്ക്.നല്ല വായന,സദ്യയും നന്നായി.

വീകെ said...

സ്നേഹം സകല ദുഃഖങ്ങളും അകറ്റും..
കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതായതോടെ സ്നേഹബന്ധങ്ങൾക്കും മാറ്റം വന്നു. ഇന്ന് അഛനും അമ്മയും ജോലിക്കാരായതോടെ മക്കൾക്ക് കിട്ടിക്കൊണ്ടിരുന്ന സ്നേഹവും ഇല്ലാതായി. ഇന്നിപ്പോൾ സ്നേഹം ഒരു തരം കാട്ടിക്കൂട്ടലാണ്. സ്വന്തം വീട്ടിനകത്തു പോലും ഒരു കൂട്ടായ്മ രൂപപ്പെടുന്നില്ല. അപ്പോൾ ടീച്ചർ പറഞ്ഞതു പോലുള്ള കൂട്ടായ്മകളിൽ ഉരുത്തിരിയുന്ന സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല.

സദ്യയും നന്നായിരുന്നു...
ആശംസകൾ....

Unknown said...

“മനുഷ്യൻ അടിസ്ഥാനപരമായി നല്ലവനാണ്.സ്നേഹം കൊടുക്കാനും വാങ്ങാനും കൊതിക്കുന്നവനാണ്.” സത്യം !

സ്വാർഥമോഹങ്ങള്‍ ഒരു പരിധി വരെ അണുകുടുംബ വ്യവസ്ഥിതിയുടെ സംഭാവനയാണെന്ന് കാഴ്ച്ചപാടിനോട് 100% യോജിക്കുന്നു.

ഏ.ആര്‍. നജീം said...

ടീച്ചറേ..
രസിച്ചു.. ആദ്യം വായിച്ചു തുടങ്ങിയപ്പോൾ ഞാൻ കരുതി ഉത്തരക്കടലാസ്സിൽ അഭിനവ ടിന്റുമോന്റെ വിക്രിതികൾ എഴുതി വരികയാവുംന്നാ..

എന്തായാലും ആ ഫോട്ടോകളും വിവരണങ്ങളും ഒക്കെയായപ്പോ ഞങ്ങളും ഒരു സദ്യ ഉണ്ടത് പോലായി ...

kazhchakkaran said...

ടീച്ചറെ ആദ്യമായിട്ടാണ് ടീച്ചറുടെ ബ്ലോഗില്‍ വരുന്നത്... നൌഷാദെ അകമ്പടതിന്റെ സൈറ്റില്‍ നിന്നാണ് ഇതിലേക്കുള്ള ലിങ്ക് കിട്ടിയത് ... ടീച്ചറുടെ നിലപാടുകളോട് യോജിക്കുന്നു.. ബ്ലോഗ്‌ഗില്‍ ഇനിയും വരാം.

ശാന്ത കാവുമ്പായി said...

ഞങ്ങളുടെ സ്നേഹസദ്യയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഈ നല്ല സദ്യയുണ്ട ശേഷം നോക്കിയ പേപ്പറുകാര്‍ക്കൊക്കെ വാരിക്കോരി കൊടുതിട്ടുണ്ടാകും മാര്‍ക്ക്. അല്ലെ ടീച്ചറെ?

Unknown said...

sho kothippichu sharikkum .......