Tuesday, April 5, 2011

ഒരു ചുവട് മുന്നോട്ട് വെച്ച് രണ്ട് ചുവട് പിന്നോട്ടാകാതെ

ചെങ്ങന്നൂരിൽ മാർച്ച് 22 ചൊവ്വാഴ്ച്ച നടന്ന കൊലപാതകം  
തിരഞ്ഞെടുപ്പിന്റെ ജ്വരത്തിൽ വലിയ വാർത്താപ്രാധാന്യം 
കിട്ടാതെ പോയ ഒന്നാ‍ണ്. പെൺകുട്ടികളുടേയും അവരുടെ
രക്ഷിതാക്കളുടേയും ജീവന് യാതൊരു സുരക്ഷിതത്ത്വവും 
നമ്മുടെ നാട്ടിലില്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ട് വർഷയുടെ  
പിതാവ് അശോകൻ അരുംകൊലചെയ്യപ്പെട്ടു.വർഷ   
ഗുരുതരാവസ്ഥയിലും.രാഹുൽ വർഗ്ഗീസ് എന്ന എ‌ൻ‌ജിനീയറിംഗ് 
വിദ്യാർഥിയുടെ ലക്ഷ്യം അശോകനായിരുന്നില്ല.വിവാഹാഭ്യർത്ഥന 
നിരസിച്ച പെൺകുട്ടി തന്നെയായിരുന്നു.പെൺകുട്ടിയെ 
അക്രമിക്കുമ്പോൾ തടയാൻ ചെന്ന പിതാവ് കുത്തേറ്റു 
മരിക്കുകയായിരുന്നു.

സൌമ്യയുടെ കൊലപാതകം കഴിഞ്ഞ് ഏറെ നാളായില്ല.അതേ 
അവസ്ഥയിൽ മറ്റൊരു പെൺകുട്ടി വീണ്ടും വധശിക്ഷയ്ക്കു 
വിധിക്കപ്പെട്ടിരിക്കുന്നു.ആദ്യത്തേതിൽ കണ്ണും കൈയുമില്ലാത്ത കാമം 
വില്ലനായപ്പോൾ  രണ്ടാമത്തേതിൽ പ്രണയത്തിന്റെ മറ പിടിച്ച 
ക്രോധം വില്ലനായി.ഇവിടെയൊക്കെ പുരുഷന്റെ സ്വേച്ഛയുടെ 
ക്രൂരമുഖങ്ങളാണ് തെളിയുന്നത്.‘എനിക്ക് ഇപ്പോൾ നിന്നെ ഇഷ്ടമാണ്.
അതുകൊണ്ട് ഇപ്പോൾ നിന്നെ കിട്ടണം.ഇല്ലെങ്കിൽ നിന്നെ 
ഞാൻ കൊന്നുകളയും.’അതായത് അവൾക്ക് ജീവിക്കണമെങ്കിൽ 
അവന്റെ ഏതിഷ്ടവും സാധിച്ചുകൊടുക്കണം.

ഒരാൾക്ക് മറ്റൊരാളെ ഇഷ്ടപ്പെടാനും സ്നേഹിക്കാനുമൊക്കെ 
അവകാശമുണ്ട്.അതുപോലെ തന്നെ ഇഷ്ടപ്പെടാതിരിക്കാനും.
അവൾക്ക് എന്നെ ഇഷ്ടമായേക്കില്ല എന്ന് പുരുഷനോർക്കുന്നേയില്ല.
എല്ലാ കുഴപ്പങ്ങളും തുടങ്ങുന്നതിവിടെ നിന്നാണ്.സ്ത്രീയുടെ സ്നേഹം‌
പോലും പൌരുഷംകൊണ്ടും കൈയൂക്കുകൊണ്ടും നേടാമെന്നവൻ 
വ്യാമോഹിക്കുന്നു.പെണ്ണിന് തന്റെ മുന്നിലെത്തുന്ന എല്ലാ 
പുരുഷന്മാരേയും പ്രണയിക്കാനും ജീവിതപങ്കാളിയാക്കാനും കഴിയില്ല.
അത് പുരുഷനും കഴിയില്ലല്ലോ.അപ്പോൾ ഇഷ്ടമല്ലാത്തവരെ 
നിഷേധിക്കുകയല്ലാതെ അവളെന്തുചെയ്യും?തിരഞ്ഞെടുപ്പിനുള്ള 
അവസരം  
പുരുഷനുമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതൊരവകാശമായി തുടരാനാണ് 
ഇന്നും ഭൂരിപക്ഷം പേരും ശ്രമിക്കുന്നത്.അങ്ങനെയൊരു മെസ്സേജാണ് 
സമൂഹത്തിൽനിന്നും ഇതുവരേയും ചെറുപ്പക്കാർക്ക് കിട്ടിക്കൊണ്ടിരുന്നത്.
അതുകൊണ്ട് പെൺകുട്ടികൾ തന്നെപ്പോലെ ഇഷ്ടാനിഷ്ടങ്ങൾ 
ഉള്ള വ്യക്തികളാണെന്ന് അവർ മറന്നുപോകുന്നു.ഒരു കളിപ്പാട്ടം 
കൈക്കലാക്കാൻ ശ്രമിക്കുന്ന കുട്ടിയുടെ ലാഘവത്തോടെ 
നിമിഷനേരത്തേക്കെങ്കിലും ഇഷ്ടം തോന്നിയ പെണ്ണിനെ 
അക്രമിച്ചു കീഴടക്കാനും പിച്ചിക്കീറാനും ശ്രമിക്കുന്നു.അതിൽ അവളുടെ 
അഭിമാനവും ജീവനുമൊന്നും അവർക്കൊരു വിഷയമേയല്ല.
തുടർക്കഥയായി മാറുന്ന സ്ത്രീപീഡനങ്ങൾ എക്കാലവും കണ്ണുംപൂട്ടി 
സഹിക്കാനാവില്ല. ഇതിനൊരറുതി വന്നേ തീരൂ.

ഭരണകൂടങ്ങൾ പൌരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം 
നൽകണം.തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എല്ലാ പാർട്ടിക്കാരും 
ഇക്കാര്യം ഉറപ്പ് തരുമെങ്കിലും പിന്നീടത് സൌകര്യം‌പോലെ മറന്നു
കളയും.വോട്ടർമാരിൽ കൂടുതൽ പേർ വനിതകളാണെങ്കിലും 
തെരഞ്ഞെടുപ്പുരംഗത്ത് യാതൊരു സ്വാധീനവും ചെലുത്താൻ 
വനിതാവോട്ടർമാർക്കാകുന്നില്ല.കാരണം സ്ത്രീകളുടെ 
രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ കുടുംബത്തിലെ പുരുഷന്മാരെ 
കേന്ദ്രീകരിച്ചുള്ളതായിരിക്കും.അതുകൊണ്ടുതന്നെ ശക്തമായൊരു 
വോട്ടുബേങ്കാകാൻ സ്ത്രീകൾക്ക് സാധിക്കാറില്ല.തങ്ങളുടെ 
താല്പര്യങ്ങളെ സംരക്ഷിക്കുന്നവർക്കു മാത്രമേ വോട്ട് ചെയ്യൂ 
എന്നൊരുറച്ച നിലപാടെടുക്കാനും വനിതകൾ മെനക്കെടാറില്ല.
മത്സരരംഗത്ത് വനിതകളുടെ പ്രാതിനിധ്യം പത്തുശതമാനം‌
പോലുമില്ല എന്നതും ഒരു വസ്തുതയാണ്.അതിനൊരു പ്രധാന 
കാരണം സ്ത്രീകൾക്ക് രാഷ്ട്രീയത്തിലുള്ള താല്പര്യക്കുറവാണ്.
വിദ്യാഭ്യാസമുള്ളവരാണെങ്കിൽപ്പോലും ഒരു ജോലി സമ്പാദിച്ച് 
സ്വസ്ഥമായി കുടുംബജീവിതം നയിക്കുക എന്നതിലപ്പുറമൊന്നും 
ഏറെപ്പേരുടേയും സ്വപ്നങ്ങൾ വളർന്നിട്ടില്ല.
തെരഞ്ഞെടുപ്പിൽ മത്സരിച്ച് രാജ്യം ഭരിക്കൂ എന്നു പറയുന്നവർ 
കുടുംബത്തിനുള്ളിൽ കുറവായിരിക്കും.കുടുംബത്തിൽ നിന്നും 
സമൂഹത്തിലേക്ക് സ്ത്രീയെ പറഞ്ഞയയ്ക്കാൻ കുടുംബാംഗങ്ങൾ 
തയ്യാറാവുകയില്ല.കെട്ടുപാടുകൾ പൊട്ടിച്ച് ഇറങ്ങാനുള്ള 
ധൈര്യവും പക്വതയും സ്ത്രീ ഇനിയും നേടിയെടുക്കേണ്ടിയിരിക്കുന്നു.
അങ്ങനെ ഇറങ്ങാൻ ധൈര്യം കാണിക്കുന്നവരെ ഒതുക്കി 
മൂലക്കിരുത്താൻ കക്ഷിരാഷ്ട്രീയഭേദമെന്യേ  പുരുഷന്മാർ 
തിടുക്കം കാണിക്കുന്നുണ്ട് എന്നാണ് കേരളരാഷ്ട്രീയ ചരിത്രം 
പരിശോധിച്ചാൽ മനസ്സിലാവുന്നത്.ഒരു സ്ത്രീ തങ്ങളുടെ 
നേതാവാകുന്നത് തൽക്കാലം മലയാളി പുരുഷന്മാർ 
ആഗ്രഹിക്കുന്നില്ല.രാഷ്ട്രീയത്തിൽ മാത്രമല്ല എല്ലാ തൊഴിൽ 
മേഖലയിലും ഈ മനോഭാവം നിലനിൽക്കുന്നുണ്ട്.കുറച്ചുകൂടി 
ആശ്വാസം താഴെത്തട്ടിലിങ്ങുമ്പോഴാണ്.പണ്ടുമുതലേ തൊഴിലാളി 
സ്ത്രീകൾ തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട് പൊതു
സമൂഹവുമായി നിരന്തരംഇടപെടുന്നവരാണ്.തന്നോട് അന്യായം 
കാണിക്കുന്നവനോട് പുളിച്ച രണ്ട് തെറിയെങ്കിലും പറയാൻ 
ഇത്തരക്കാർക്കു കഴിയാറുണ്ട്.കുടുംബശ്രീയുടെ പ്രവർത്തനം 
സ്ത്രീകളുടെ സ്വാതന്ത്ര്യവും സാമൂഹ്യബന്ധവും വളർത്താൻ 
ഏറെ സഹായകമായിട്ടുണ്ട്.

സൌദി അറേബ്യയിൽ താമസിക്കുന്ന ഒരു സുഹൃത്ത് 
ഫേസ്ബുക്കിൽ മെസ്സേജയച്ചതിങ്ങനെയാണ്.‘ഞാൻ രാത്രി 
എട്ടു മണിക്ക് ചെറിയ കുട്ടികളേയുംകൊണ്ട് പുറത്തിറങ്ങാറുണ്ട്.
പാതിരാത്രിയിൽ പള്ളിയിൽ പോകുന്നതും തനിച്ചാണ്.
ഒരുത്തനും പിറകെ വരാറില്ല.’ഇതു കേട്ടപ്പോൾ സത്യത്തിൽ 
എനിക്ക് അസൂയ തോന്നി.ഒരു സ്ത്രീക്ക് ഏതു സമയത്തും ഒറ്റക്ക് 
റോഡിലേക്കിറങ്ങാൻ പറ്റുന്ന അവസ്ഥ എന്നാണ് 
നമ്മുടെ നാട്ടിലുണ്ടാവുക! ലോകത്ത് ഒരിടത്ത് നടപ്പിലാക്കാൻ 
പറ്റുന്ന സഞ്ചാരസ്വാതന്ത്ര്യമെങ്കിലും നമ്മുടെ നാട്ടിലും ഉണ്ടാക്കി
യെടുക്കണം.ഇന്നത്തെ നേതാക്കന്മാർ അത് വാഗ്ദാനം 
ചെയ്യുന്നുണ്ടെങ്കിലും ഭരണരംഗത്ത് സ്ത്രീകൾക്ക് തുല്യ
പങ്കാളിത്തം ഉണ്ടായാലേ നടപ്പിലാക്കാൻ കഴിയൂ.അതിന് 
സ്വൈര്യജീവിതത്തിനപ്പുറം സമൂഹത്തിന്റെ നായക
പദവിയിലേക്കുയരാനും വെല്ലുവിളികളെ നേരിടാനും 
കേരളത്തിലെ സ്ത്രീകൾ തയ്യാറാവണം. അലങ്കാരത്തിനു
വേണ്ടി സ്ത്രീകളെ കൂടെ കൂട്ടുന്ന രാഷ്ട്രീയപ്പാർട്ടികളെ 
വെല്ലുവിളിച്ചുകൊണ്ട് മത്സരരംഗത്തേക്ക് കടന്നു വരാൻ 
തയ്യാറായ വനിതകളെ ഈ അവസരത്തിൽ അഭിനന്ദിക്കാ
നാണെനിക്ക് തോന്നുന്നത്. അർഹിക്കുന്നത് കിട്ടുന്നില്ലെങ്കിൽ 
സമരം ചെയ്ത് നേടേണ്ടി വരും.വിജയമോ പരാജയമോ 
അല്ല വിഷയം.രണ്ടായാലും അത് നേരിടാനുള്ള തന്റേടം ഒരു 
ന്യൂനപക്ഷത്തിനെങ്കിലും ഉണ്ടായല്ലോ.ദൂരവ്യാപകമായ 
ഫലങ്ങൾ ഉണ്ടാക്കാൻ ഒരുപക്ഷേ ഇതിനു കഴിഞ്ഞേക്കാം.
സ്ത്രീകളുടെ കാഴ്ച്ചപ്പാടിലും സ്ത്രീകളോടുള്ള കാഴ്ച്ചപ്പാടിലും 
മാറ്റങ്ങളുണ്ടാക്കാൻ ഈ തന്റേടം വളരട്ടെ.   

 (മാതൃഭൂമി ദിനപത്രത്തിൽ 2011 ഏപ്രിൽ 4 ന് പ്രസിദ്ധീകരിച്ചത്)






15 comments:

ശ്രീജിത് കൊണ്ടോട്ടി. said...

വായിച്ചു ടീച്ചര്‍.. വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയം തന്നെ ആണിത്. ഇവിടെ അബുദാബിയിലും സ്ത്രീകള്‍ക്ക് ഏതു സമയവും നിര്‍ഭയമായി പുറത്തിറങ്ങി നടക്കാന്‍ കഴിയുന്ന ഒരു സാഹചര്യം ആണ് ഉള്ളത്.

MOIDEEN ANGADIMUGAR said...

തീർച്ചയായും വളരെയധികം വേദനയുളവാക്കിയ ഒരു സംഭവമായിരുന്നു അത്.സ്നേഹം സമ്മർദ്ദം കൊണ്ടും,കയ്യൂക്കു കൊണ്ടും,പണം കൊണ്ടുമൊക്കെ നേടാമെന്ന ഒരു ചിന്ത ചുരുക്കം ചിലരിൽ ഉണ്ട്.
പത്തിരുപത്തഞ്ച് വർഷങ്ങൾക്കു മുമ്പ് സമാനമായ ഒരു സംഭവം കോഴിക്കോട് പന്നിയങ്കരയിൽ നടന്നതായി ഓർക്കുന്നു.അന്നു കേരളത്തിൽ ഏറെ വാർത്താപ്രധാന്യം നേടിയ ഒരു സംഭവമായിരുന്നു അത്.
പിന്നെ ടീച്ചറുടെ സ്നേഹിത ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടതു പോലെ സൌദി അറേബ്യയിലും,മുകളിൽ ശ്രീജിത് പറഞ്ഞ അബൂദാബിയിലുമൊക്കെ സ്ത്രീകൾക്ക് പാതിരാത്രിയിലും ധൈര്യമായി തനിയെ ഇറങ്ങിനടക്കാൻ കഴിയുന്നത് ഇവിടങ്ങളിലെ നിയമത്തിന്റെ ബലം കൊണ്ടാണ്.

മൻസൂർ അബ്ദു ചെറുവാടി said...

നല്ല പ്രസക്തമായ ലേഖനം.
എല്ലാ വിഷയങ്ങളും മാധ്യമങ്ങള്‍ക്ക് മുഖ്യ വാര്‍ത്തയല്ല.
താല്‍പര്യങ്ങളുടെ സംരക്ഷണം തന്നെ മുഖ്യം.
നിര്‍ഭയമായി സമൂഹത്തില്‍ ജീവിക്കേണ്ട അവസ്ഥ വരട്ടെ എല്ലാര്‍ക്കും.

ശ്രീനാഥന്‍ said...

തികച്ചൂം പ്രസക്തമായ വിഷയം.അതിനൊരു പ്രധാന
കാരണം സ്ത്രീകൾക്ക് രാഷ്ട്രീയത്തിലുള്ള താല്പര്യക്കുറവാണ്.വിദ്യാഭ്യാസമുള്ള
വരാണെങ്കിൽപ്പോലും ഒരു ജോലി സമ്പാദിച്ച് സ്വസ്ഥമായി കുടുംബജീവിതം
നയിക്കുക എന്നതിലപ്പുറമൊന്നും ഏറെപ്പേരുടേയും സ്വപ്നങ്ങൾ വളർന്നിട്ടില്ല. ... ഇതു തന്നെയാണ് സ്ത്രീക്ക് ചെറുത്തു നിൽക്കാനുള്ള ശക്തി കിട്ടാത്തത്.

SHANAVAS said...

ശാന്താജി,വളരെ വേദനിപ്പിച്ച ഒരു സംഭവം തന്നെയായിരുന്നു ഇത്.പക്ഷെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള എരിവും പുളിയും ഒന്നും ഇല്ലായിരുന്നല്ലോ.അത് കൊണ്ട് ഈ ദാരുണമായ സംഭവം തമസ്കരിക്കപ്പെട്ടു.പുറത്തിറങ്ങി നടക്കാന്‍ കേരളത്തിലെ പോലെ ഒരിടത്തും പെണ്‍കുട്ടികള്‍ നമ്മുടെ മറ്റു സംസ്ഥാനങ്ങളിലും പേടിക്കുന്നില്ല.മുംബയിലും മറ്റും രാത്രി കാലങ്ങളില്‍ യാതൊരു കൂസലുമില്ലാതെ എത്രയോ പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്നു.കേരളത്തിലെ ഈ പ്രശ്നത്തിന് ഒരു കാരണം അമിതമായ മദ്യാസക്തി ആവാം.സന്ധ്യ കഴിഞ്ഞാല്‍ പാമ്പാവാനുള്ള തിടുക്കതിലല്ലേ ആളുകള്‍.അപ്പോള്‍ അബദ്ധത്തില്‍ പെട്ട് മുന്നില്‍ ചാടുന്ന ഇരയെ വെറുതെ വിടുമോ?ചെങ്ങന്നൂര്‍ സംഭവം പകലാണെന്ന വ്യത്യാസം അല്ലെ ഉള്ളു?

Yasmin NK said...

വളരെ പ്രസ്ക്തമായ വിഷയം തന്നെ ഇത്.സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആര്‍ജ്ജവം കാണിച്ചേ പറ്റു.
ചെങ്ങന്നൂര്‍ സംഭവം പോലുള്ള കാര്യങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ച് വരികയാണു.ഇവിടെ ആരാണു കുറ്റക്കാര്‍..? ഇന്നു നമ്മുടെ കുട്ടികള്‍ വളരുന്ന രീതി ,ഒരു ചെറിയ കാര്യം പോലും സഹിക്കാനും പൊറുക്കാനും അവര്‍ക്കാവുന്നില്ല.ആറാം ക്ലാസ്സുകാരനും പ്ലസ്റ്റുകാരിയുമൊക്കെയാണു ആത്മഹത്യയില്‍ അഭയം തേടുന്നത്. ചെങ്ങന്നൂര്‍ സംഭവത്തിലെ ആ പയ്യനും കണ്ടിട്ട് നല്ല കുടുംബത്തിലെയാണെന്ന് തോന്നുന്നു. ഇത്രെം പകയും വിദ്വേഷവും എങ്ങനെയുണ്ടായ് അവനില്‍..?നമ്മള്‍ രക്ഷിതാക്കളും അല്‍പ്പം ചിന്തിക്കെണ്ടിയിരിക്കുന്നു അല്ലേ..?
കൂട്ടുകുടുംബങ്ങളൊക്കെ അണുകുടുംബമാവുകയും എല്ലാവരും ജോലിക്കാരാവുകയും ചെയ്തപ്പോള്‍ നഷ്ട്ടം വന്നത് കുട്ടികള്‍ക്ക്.നിരാശയും ഒറ്റപ്പെടലും കൂടി അവരില്‍.പങ്കു വെക്കുക എന്ന കാര്യം അവര്‍ക്കറിയില്ല. എല്ലാം തനിക്ക് മാത്രം എന്ന ചിന്ത.നേടണം എന്ന ചിന്ത.ഇതില്‍ നിന്നാണു ഇങ്ങനെയുള്‍ല സംഭവങ്ങള്‍ ഉണ്ടാകുന്നത്.
കുറച്ചൂടെ നമുക്ക് നമ്മുടെ കുട്ടികളെ മനസ്സിലാക്കാന്‍ ശ്രമിക്കാം,അവരിലേക്കെത്താം.അത് വേണം അല്ലെങ്കില്‍ എല്ലാം കൈവിട്ട് പോകും.
ദൈവം കാ‍ക്കട്ടെ.

Unknown said...

നല്ല ഉള്‍ക്കാമ്പുള്ള ലേഖനം.

പട്ടേപ്പാടം റാംജി said...

സ്ത്രീ പുരുഷന്‍ എന്ന വേര്‍തിരിവില്ലാതെ ഇത്തരം പ്രവൃത്തികല്‍ക്കെതിരെ ഒന്നിക്കുക എന്നത് തന്നെ വേണ്ടത്‌. മറ്റുസ്ഥലങ്ങളില്‍ ഇല്ല നമ്മുടെ അവിടെയാണ് കൂടുതല്‍ എന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. നമ്മുടെ കുടുമ്പ ബന്ധങ്ങളില്‍ വന്ന മാറ്റം ഇപ്പോഴത്തെ മനുഷ്യരെ എല്ലാം നേടുക എന്നതിലെക്കും അതിനുവേണ്ടി എന്തും ചെയ്യുക എന്നതിലെക്കും മാറ്റിയിരിക്കുന്നു.അവിടെ പ്രായവും ആണും പെണ്ണും ഒന്നും തന്നെ പ്രശ്നമാല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. എന്ത് ചെയ്താലും സ്വയം നേടണം എന്നായിരിക്കുന്നു.

ajith said...

പിന്നേ, തെരഞ്ഞെടുപ്പുത്സവം നടക്കുമ്പോഴാണ്...

Faizal Kondotty said...

you said it..!

Unknown said...

സൌമ്യയുടെ കൊലപാതകവും വര്‍ഷയുടെ കൊലപാതകവും ഒന്ന് പോലെ അല്ല എനിക്ക് തോനുന്നു
കാരണം
ആദ്യത്തേതിൽ കണ്ണും കൈയുമില്ലാത്ത കാമം
വില്ലനായപ്പോൾ രണ്ടാമത്തേതിൽ പ്രണയ നൈരശ്യമാണ്.
അത് വരെ കൂടെ ഉണ്ടായിരുന്നവള്‍ വിട്ടു പോയതിലുള്ള ഒരു പ്രതികാരമാണ് എനാണ് അറിയാന്‍ കഴിഞ്ഞത് അത് കൊണ്ട് തന്നെ ആണ്
ആദ്യത്തെ അത്ര വാര്‍ത്ത പ്രാധ്യാന്യം ഇതിനു കിട്ടാതെ പോയത് ...
ഏതു രാജ്യത്തും അതിക്രമങ്ങള്‍ നടക്കുന്നു അത് സ്ത്രീക്ക് നേരെ പുരുഷന് നേരെ എന്ന് അല്ല മനുഷ്യന് നേരെ എന്ന് അല്ല
എല്ലാ അതിക്രമത്തിനു എതിരെ അപലപികണം

രമേശ്‌ അരൂര്‍ said...

സ്ത്രീകള്‍ കുറെ ക്കൂടി കരുത്താര്‍ജിക്കുക യാണ് വേണ്ടത് ..പുരുഷന്റെ നിഴല്‍ ആയി നില്‍ക്കും വരെ ഈ പീഡനങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കും ..അതെങ്ങനെ എല്ലാവര്ക്കും അവരവരുടെ ജീവിതമാണ് വലുത് ..ആര്‍ക്കും റിസ്ക്‌ എടുക്കാന്‍ വയ്യ ..

Anonymous said...

karyamathra prasakthamayathu

അനാമിക പറയുന്നത് said...

വായിച്ചു...ഈ ബ്ലോഗ്ഗെര്‍നെ കണ്ടെത്താന്‍ വൈകിപ്പോയീ എന്ന് മനസ്സിലായി ...ആശംസകള്‍

ശാന്ത കാവുമ്പായി said...

സ്ത്രീ സമൂഹത്തിന്റെ ജീവനാഡിയാണ്.സമൂഹത്തിന്റെ സുസ്ഥിതിക്ക് അവൾ ശക്തയാകണം.അതിനോട് യോജിപ്പുള്ളവർ സ്ത്രീശാക്തീകരണത്തിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു.നന്ദി.