Monday, March 14, 2011

സമത്വം

ഇന്നലെ മധ്യാന്ഹത്തിൽ
ഞങ്ങളുടെ ഹൃദയത്തിൻ മേൽ
എൻഡോ സൾഫാൻ പെയ്തിറങ്ങി.
ഫ്യൂരിഡാനും എക്കാലക്സും റൌണ്ടപും
പിന്നാലെയിറങ്ങി.
മഴയിൽക്കുളിച്ച് മയങ്ങും
ശീലാവതി കൺ തുറന്നില്ലിനിയും.
നാലാം വയസ്സിൽ
വാർദ്ധക്യപ്പുഴയിലിറങ്ങി-
ക്കയറാനാവാതെ.
കാണ്ടാമൃഗത്തിൻ തൊലിയുള്ളവർക്ക്
കണ്ടറക്കാൻ വരണ്ടു വിണ്ടു കീറി.
വാർദ്ധക്യത്തിൻ കൈത്താങ്ങിൽ
പൊങ്ങാനാവാഞ്ഞിഴഞ്ഞ്.
ബാല്യവും കൌമാരവും
കാലുകളിൽ പിരിച്ചിട്ട്.
പുല്പായയിൽ മലർന്ന് കിടന്ന്
മച്ചും നോക്കിച്ചിരിച്ച്.
വെച്ചൂട്ടും വാർദ്ധക്യത്തിൻ മുന്നിൽ
വാപിളർത്തും നാല്പതിൻ ശൈശവത്തിൽ.
പഴുത്ത നാവുമായൊരു പുഴുത്ത
ശാപവാക്കറിഞ്ഞോതാനാവാഞ്ഞ്.
മലർന്നു കിടന്നൊറ്റപ്പാദസരം കിലുക്കി.
എനിക്കെന്തേ വിരലുകൾ മൂന്നെന്ന്
വിരൽ ചൂണ്ടി ചോദിക്കാനാവാഞ്ഞ്.
ആർക്കോ പെരുത്ത ലാഭക്കൊതി
വീർപ്പിച്ച തലയുമായുടൽ
കൊണ്ട് തീർക്കും വട്ടത്തിൽ കറങ്ങി.
കൺ തുറക്കാനാവാതെ പിളർന്ന വായിൽ
തിരുകിക്കേറ്റിയ കരച്ചിലിൽ.
പേടിയാണ് വെളിച്ചത്തെയെന്നോതി-
യൊറ്റക്കൈയാൽ മുഖം മറച്ച്.
മരണക്കുറിയുടെയൂഴവും കാത്ത്.
ഒരു വീട്ടിലൊരു നാട്ടിൽ
എല്ലാരുമൊന്നുപോൽ
വികലാംഗരായി വാഴുന്നങ്ങു
വടക്കൊരു കോണിൽ.
വാഴുന്നോർ നൽകീ
കനിഞ്ഞവിടെ സമത്വം.
പണ്ടു പണ്ടൊരു കാലത്തല്ലെ-
ന്നെന്നുടെ കണ്ണുകൾ
കള്ളം പറയുകയാണോ!

35 comments:

ശാന്ത കാവുമ്പായി said...

എൻഡോ സൾഫാൻ ദുരന്തബാധിതരുടെ ചിത്രങ്ങൾ കണ്ട്,അവരുടെ കഥ കേട്ട് മനംനൊന്തെഴുതിയത്.

mini//മിനി said...

ദുരന്തഭൂമിയിൽ കണ്ണീരിൽ ചാലിച്ച കവിത.

Kalavallabhan said...

വികസനത്തിന്റെ ചിത്രം

moideen angadimugar said...

നന്നായിട്ടുണ്ട് ടീച്ചർ.
എന്റോസൾഫാൻ ദുരിതത്തെക്കുറിച്ച് ഞാനും മുമ്പ് ഒന്നെഴുതിയിരുന്നു.
http://moideenangadimugar.blogspot.com/2010/12/blog-post_27.html

SHANAVAS said...

നമ്മുടെ വികസനത്തിന്റെ പൊള്ളുന്ന ചിത്രം കണ്ണീരില്‍ കുതിര്‍ത്തി എഴുതിയിരിക്കുന്നു.

വിവരിക്കാനാകാത്ത വേദനകളാണ് ഈ വരികളിലൂടെ വെളിയില്‍ വരുന്നത്.എന്നിട്ടും കണ്ണ് തുറക്കെണ്ടവര്‍ അത് ചെയ്യുന്നില്ല എന്നത് മറ്റൊരു ദുരന്തം.

നന്നായി എഴുതി. ആശംസകള്‍.

ormacheppu said...

nalla kavitha..kavitha touching aayirunnu.duritha badidarude vedanana janakamayulla deenarodanangalum kavitha vaayichu kazhinjapol manasil koodi kadannu poyi.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത ചില ദുരിത ചിത്രങ്ങള്‍ മനസ്സില്‍ കോറിയിടുന്നുണ്ട്..
അഭിനന്ദനങ്ങള്‍

മുകിൽ said...

വാഴുന്നോർ നൽകീ
കനിഞ്ഞവിടെ സമത്വം.
ശരിയാണ്.. മാവേലി ഇങ്ങനെയും വാഴും.

പച്ചയായ അന്യായത്തെ വെളിച്ചപ്പെടുത്തുന്നു കവിത

ajith said...

എന്‍ഡോസല്‍ഫാനെപ്പറ്റി ഒന്നും പറയരുത് ട്ടോ. ഒരു കുഴപ്പവുമില്ലാന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. പിന്നെ ചിലര്‍ക്ക് ദുരിതമെങ്കില്‍ അതവരുടെ വിധി. ഈ ദേശത്ത് പിറന്നുപോയതിന്റെ വിധി.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

വികസനത്തിന്റെ ബാക്കിപത്രങ്ങള്‍ ആയ ജീവച്ഛവങ്ങള്‍.. ദുരിത ബാധിതരുടെ ആ വൈകല്യ ചിത്രങ്ങള്‍ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നവ തന്നെ.. :(

Ranjith Chemmad / ചെമ്മാടന്‍ said...

പണ്ടു പണ്ടൊരു കാലത്തല്ലെ-
ന്നെന്നുടെ കണ്ണുകൾ
കള്ളം പറയുകയാണോ! :(

ശ്രീനാഥന്‍ said...

വികലാംഗസമത്വം, ദാരിദ്ര്യത്തിലെ സമത്വം പോലെയാണ്. റ്റീച്ചറുടെ കവിതയിലെ വികാരത്തിൽ പങ്കു ചേരുന്നു.

കുഞ്ഞൂസ് (Kunjuss) said...

മാവേലി മാത്രമല്ല, സ്വാര്‍ത്ഥര്‍ നാട് വാണീടും കാലവും മനുഷ്യരെല്ലാം ഒന്നു പോലെ...!

ദുരിതഭൂമിയില്‍ ജനിച്ചു പോയ നിസ്സഹായരായ മനുഷ്യര്‍ , മറ്റൊരു കൂട്ടം മനുഷ്യരുടെ സ്വാര്‍ത്ഥതയുടെ ഇരകള്‍...!ഹൃദയഭേദകമായ ചിത്രങ്ങള്‍ മനസ്സില്‍ കോറിയിടുന്ന കവിത.

വര്‍ഷിണി said...

വളരെ നന്നായിട്ടുണ്ട്...മനോ വികാരം സ്പഷ്ടമാക്കുന്ന വരികള്‍..ആശംസകള്‍.

സന്തോഷ്‌ പല്ലശ്ശന said...

നന്നായി... നല്ല ശ്രമം...

മനു കുന്നത്ത് said...

നന്നായെഴുതി..!!
ഒരു വീട്ടിലൊരു നാട്ടിൽ
എല്ലാരുമൊന്നുപോൽ
വികലാംഗരായി വാഴുന്നങ്ങു
വടക്കൊരു കോണിൽ.
വാഴുന്നോർ നൽകീ
കനിഞ്ഞവിടെ സമത്വം.

അഭിനന്ദനങ്ങള്‍ ..!!

ശ്രീദേവി said...

ദുരിതങ്ങളില്‍ സമത്വം.എന്നിട്ടും അധികാരികളുടെ കണ്ണ് തുറന്നിട്ടില്ല.എൻഡോ സള്‍ഫാന്റെ പ്രയോജനങ്ങളെ പറ്റി ഈയിടെ ശരത് പവാര്‍ പറഞ്ഞത് ഓര്‍ക്കുമ്പോള്‍ കാറി തുപ്പാന്‍ തോന്നി.

ഒറ്റയാന്‍ said...

എത്ര ഭംഗിയായി എഴുതിയിരിക്കുന്നു. ഒരു വലിയ ദുരിതത്തിണ്റ്റെ ചിത്രം ഇതിലും ഭംഗിയായി എഴുതാന്‍ കിഴിയില്ല.

ഇതു കവിതയല്ല.......ഒരു രേഖാചിത്രമാണ്‌.....

ക്ഷേമാശംസകളേൊടെ . . . . .. .

nikukechery said...

നമ്മൾ തെരഞ്ഞെടുത്ത ഭരണകർത്താക്കൾ.....
നമുക്കിതേ വിധിച്ചിട്ടുള്ളൂ....
കവിതയിലെ വിഷയം എല്ലാവരിലും എത്തിക്കാൻ നമുക്കു ശ്രമിക്കണം.

വീ കെ said...

നന്നായിരിക്കുന്നു കവിത...
അവരുടെ ചിത്രങ്ങൾ മനസ്സിൽ നിന്നും മായുന്നില്ല...
അതിലും വേദന നമ്മുടെ നേതാക്കൾ ബഹുരാഷ്ട്ര കുത്തകകൾക്കു വേണ്ടി ഇതൊക്കെ കണ്ണടച്ചിരുട്ടാക്കുന്നതിലാണ്..

ആശംസകൾ...

lekshmi. lachu said...

നന്നായെഴുതി..

ഷൈജു കോട്ടാത്തല said...

മറന്നു പോകുമ്പോള്‍ ഓര്‍മിപ്പിക്കുന്നതിനു,മറക്കരുതെന്ന് പറയുന്നതിന് ഒക്കെ നന്ദി.ആ ദുരന്തം നമ്മളെ എന്നും വെട്ടയാടട്ടെ

രമേശ്‌ അരൂര്‍ said...

ദീപസ്തംഭം മഹാശ്ചര്യം ....എന്ന നിലയിലാണ് കാര്യങ്ങള്‍ ...ആത്മാര്‍ഥമായ എഴുത്ത് ..കവിത ലക്‌ഷ്യം കണ്ടു .

പള്ളിക്കരയില്‍ said...

നടുക്കം, പിന്നെ മർവിപ്പ്, ഒടുവിൽ നസ്സംഗത. അതാണിപ്പോൾ നാട്ടുനടപ്പ് ചേച്ചീ....

നന്ദന said...

കരയാൻ മാത്രം വിധിക്കപ്പെട്ടവർ.

ഗിനി said...

നന്നായിട്ടുണ്ട്.
nice lines

Sajith said...

nalla kavitha

പട്ടേപ്പാടം റാംജി said...

വാഴുന്നോർ നൽകീ
കനിഞ്ഞവിടെ സമത്വം....

എന്റൊസല്ഫാന്‍ മൂലം അനുഭവിക്കുന്ന ദുരന്തങ്ങള്‍ മനസ്സിലാവാത്തത് ഇപ്പോഴും ചില അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്കാണു. ബാക്കി എല്ലാവര്ക്കും അതിന്റെ നീറുന്ന കാഴ്ചകള്‍ ഇപ്പോഴും കണ്മുന്നില്‍ തെളിയുന്നു, അവരുടെ ഓരോ നിമിഷവും.ചെറിയ ലളിതമായ വരികളില്‍ ഒരു നീണ്ടകഥയേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയ, കാഴ്ചകള്‍ വരച്ചിട്ട വരികള്‍ നന്നായി ടീച്ചര്‍.

comiccola / കോമിക്കോള said...

ആശംസകൾ...

മുല്ല said...

മിന്നാമിനുങ്ങേ...മിന്നും മിനുങ്ങേ
പേടിയാവില്ലേ...
എന്നു പാടിയ സുജിത്തിനെ ഓര്‍ത്തു. പാവം അവനും പോയി.ഒറ്റക്കാവില്ലായിരിക്കാം അവനവിടെ.

ഞാനിവിടെ ആദ്യായിട്ടാണു. വീണ്ടും വരാം.ആശംസകള്‍

Veejyots said...

" അന്യ ദുഃഖത്തില്‍ നോന്തുരുകുന്ന

കവിയത്രിയും കവിതയും

അനുഭവിച്ച വേദനകളെ

അനുവാചകരില്‍ എത്തിക്കുന്നതില്‍

വിജയിച്ചു .. നന്നായി . .

ഇത് മലയാളിയുടെ

.. നിശബ്ദ വസന്തം ....

tharat.blogspot said...

നന്നായി.കവിതയുടെ സന്ദേശം ഭരണവര്‍ഗത്തിന്റെ കണ്ണ് തുറപ്പിച്ചെന്‍കില്‍.അഴിമതിയിലൂടെ പണം നേടുന്നവര്‍ക്ക് ഇതൊന്നും കാണ്ടല്ലോ.

മൈപ് said...

പൊള്ളുന്ന ചിത്രം നന്നായെഴുതി..
ആശംസകള്‍.

ബെഞ്ചാലി said...

കണ്ണീരിൽ ചാലിച്ച കവിത നന്നായി എഴുതി. ആശംസകള്‍.

ശാന്ത കാവുമ്പായി said...

ഈ ദുരിതഭൂമിയിൽ ജനിച്ചുപോയതിന്റെ പേരിൽ ജീവിതവും ജീവനും പിഴയൊടുക്കേണ്ടി വന്ന പാവങ്ങളുടെ സ്മരണയ്ക്കു മുന്നിൽ ഇത്തിരി നേരം നിന്നവരോട് ഞാൻ നന്ദിയല്ലാതെ മറ്റെന്തു പറയാൻ.