Sunday, January 23, 2011

അറവുമാടുകൾ


വിശുദ്ധതാഴ്വരയിലറവു മാടുകൾ
ഇന്നലെയോളമവയുഴവു മാടുകൾ.
മാതാവിന്റെ പൈമ്പാൽ മുട്ടിക്കുടി-
ച്ചൊരേ പറമ്പിലോടിക്കളിച്ചവർ.
പിണങ്ങുമ്പോൾ കുത്തിയോടിച്ചു-
മിണങ്ങുമ്പോൾ നക്കിത്തുടച്ചും.
പൌരുഷത്തിൻ കൂത്താട്ടത്തിൽ
കൈകടത്തിയറുത്തെറിയും ക്രൂരത.
ഉടഞ്ഞുപോയ പൌരുഷത്തിലന്യം
നിന്നുറഞ്ഞുപോയ തലമുറകൾ.
വരിയുടച്ചുറപ്പിച്ച സൌമ്യതയിലാട്ടി-
ത്തെളിച്ചൊരു നുകത്തിൽ കെട്ടി.
പുളയും ചൂരലിൻ നോവുകളന്യോന്യം
നക്കിത്തുടച്ചൊരു മാത്ര കഴുത്തിൽ
കൊമ്പു ചേർത്താശ്വസിപ്പിക്കാനു-
ടപ്പിറപ്പായവനിന്നീ നിമിഷം വരെ.
കൈയിൽ തിളങ്ങും കത്തിയുമായൊരാൾ
മൂക്കു കയർ വലിച്ചു കാൽകളിൽ കുടുക്കി.
അമറുവാനാവാതെ കണ്ണീരുമൊലിപ്പിച്ച്
വീണുകിടക്കുമുടപ്പിറപ്പിൻ കൊമ്പിൽ
പിടിമുറുക്കും കരങ്ങളെ കൊമ്പാൽ
കോർത്തെടുക്കാൻ കൊതിച്ചാവാതൊ-
തൊന്നുമുരിയാടാതീ മിണ്ടാപ്രാണി.
കെട്ടിയിട്ട കുറ്റിയിൽക്കറങ്ങിത്തളർന്ന്
കണ്ണീർ കിനിയും മിഴിയാലുഴിഞ്ഞവൻ.
കുരലരിഞ്ഞു താഴും കത്തിയിൽ;
പിടഞ്ഞു തുള്ളിത്തെറിക്കുമുടലിൽ;
വേർപെടും തലയിൽത്തുറികണ്ണിൽ;
പ്രാണന്റെയവസാന ചലനത്തിൽ.
വിറകൊള്ളും കഴുത്തിലാഴും കത്തി തൻ
നോവറിഞ്ഞൊളിക്കാനിടമില്ലല്ലോ..!


28 comments:

Manoraj said...

നല്ല രചന.,

Unknown said...

കവിതയിലെ വാക്കുകളുടെ ലാളിത്യം നന്നായി ഇഷ്ടമായി, വരികളും.

ശ്രീജിത് കൊണ്ടോട്ടി. said...

ടീച്ചര്‍, കവിത വായിച്ചു.. എല്ലാ ആശംസകളും..

രമേശ്‌ അരൂര്‍ said...

മനോഹരമായി തോന്നി ..

zephyr zia said...

എനിക്കും നൊന്തു ടീച്ചറേ

മുകിൽ said...

മിണ്ടാപ്രാണിയുടെ നിശ്ശബ്ദ വേദന ആവാഹിച്ചിരിക്കുന്നു വരികളിൽ. നന്നായിരിക്കുന്നു.

jaison mathew said...

നന്നായിരിക്കുന്നു

Kalavallabhan said...

ഈ നോവിന്റെ മറ്റൊരുവശമാണ്‌ ജനുവരിയിലെ എന്റെ പോസ്റ്റും. ഈയിടെയായി അവിടെ വരാറില്ലല്ലോ ?
കഴിഞ്ഞ പോസ്റ്റിലെ ഫോട്ടോ സഹിതമുള്ള യാത്രാക്കുറിപ്പും വളരെ നന്നായി. കണ്ടറിയാൻ കഴിഞ്ഞ പോലെ.

വാഴക്കോടന്‍ ‍// vazhakodan said...

മിണ്ടാപ്രാണികളുടെ നിശ്ശബ്ദ വേദന!
നന്നായിരിക്കുന്നു.

ഏ.ആര്‍. നജീം said...

ടീച്ചറെ,

ഈ വരികളിലൂടെ അക്ഷരങ്ങളിലൂടെ കുറെ മിണ്ടാപ്രാണികൾ മനസ്സിലേക്ക് ആഴ്ന്നിറങ്ങി കുത്തിനോവിക്കുന്നു..

ഇനി ഒരുപക്ഷെ എപ്പോൾ നോൺ‌വെജ്ജ് കഴിക്കുമ്പോഴും അറിയാതെയെങ്കിലും ആ ദയനീനമുഖം മനസ്സിലെത്തിയേക്കാം..

നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ

ജോയ്‌ പാലക്കല്‍ - Joy Palakkal said...

പിടഞ്ഞു തുള്ളിത്തെറിക്കുമുടലിൽ;
വേർപെടും തലയിൽത്തുറികണ്ണിൽ;
പ്രാണന്റെയവസാന ചലനത്തിൽ.
വിറകൊള്ളും കഴുത്തിലാഴും കത്തി തൻ
നോവറിഞ്ഞൊളിക്കാനിടമില്ലല്ലോ..!

അതെ..നിശ്ശബ്ദ വേദന....
മനസ്സില്‍തട്ടുന്ന വിധം അവതരിപ്പിച്ചു..
ആശംസകളോടെ..

Muralee Mukundan , ബിലാത്തിപട്ടണം said...

അറുതിയില്ലാത്ത അറവയുടെ ദാരുണങ്ങൾ...

കുഞ്ഞൂസ് (Kunjuss) said...

നൊമ്പരപ്പെടുത്തുന്ന രചന...

the man to walk with said...

വേദന ഇട്ടു വീഴുന്ന വാക്കുകള്‍

ചന്തു നായർ said...

വിറകൊള്ളും കഴുത്തിലാഴും കത്തി തൻനോവറിഞ്ഞൊളിക്കാനിടമില്ലല്ലോ,.പൌരുഷത്തിലന്യംനിന്നുറഞ്ഞുപോയ തലമുറകൾ.വരിയുടച്ചുറപ്പിച്ച സൌമ്യതയിലാട്ടി-ത്തെളിച്ചൊരു നുകത്തിൽ കെട്ടി...... ഹാ...മനോരം.മനോഹരം,നല്ല വരികൾ-ഒരു സുഗതകുമാരി ടെച്ച്- വളരെ നന്നായിരിക്കുന്നു.കവിതകൾ അന്യം നിന്നു പൊയി എന്ന് അട്ടഹസിക്കുന്നവരും,കാസെറ്റ് കവിതകളിൽ തലകുത്തിവീണുകിടക്കുന്നവരും ഇതൊക്കെ രണ്ടാവർത്തി വായിക്കണം..‘കണ്ണീർ കിനിയും മിഴിയാലുഴിഞ്ഞിത്‘ വായിച്ചൂ റ്റീച്ചറെ..അഭിനന്ദനങ്ങൾ..ചന്തുനായർhttp://chandunair.blogspot.com/

Raghunath.O said...

നോവറിഞ്ഞൊളിക്കാനിടമില്ലല്ലോ..!

ശ്രീനാഥന്‍ said...

ഈ നോവ് അറിയുന്നു, നന്നായി!

ശ്രീജ എന്‍ എസ് said...

മിണ്ടാപ്രാണികളുടെ വേദന.നന്നായി എഴുതി

Unknown said...

മനസിനെ വേദനിപ്പിച്ച ആശയം ,സുഖമുള്ള വരികള്‍ ,മനുഷ്യരിലെ അരവുമാടുകളെയും നാം തിരിച്ചറിയുക ,
ടീചെര്‍ക്ക് ഭാവുകങ്ങള്‍ ..

-----------------------------------
നൈമിഷികമാം ജീവിതം ..
നിത്യ നിദ്രയുടെ വിഹായസിലേക്ക്
കാറ്റിന്റെ ജൽ‌പ്പനങ്ങളിൽ
മരണ മണി മുഴങ്ങിടുന്നു ...
ചെയ്തു തീർത്തതൊക്കെയും
ആര്‍ക്കോ വേണ്ടി ..
ആത്മ നിർവൃതിയിൽ ആറാടുവാൻ
ആത്മ ഹർഷങ്ങളിൽ
പുളകം കൊള്ളാന്‍ .
ആയുസിനിയില്ലീ ഭൂമിയില്‍
ആശിച്ചതൊക്കെയും നിരാശയായി..
മൌനത്തിന്റെ വാൽമീകത്തിലൊളിക്കുന്നു...
ഇന്നലെകള്‍......
പ്രിയതമന് ഒറ്റപ്പെടലിന്റെ രോദനം
പ്രണയം മൌനിയായി നിശ്ചലം ...
അകന്നിടുന്നു ബന്ധങ്ങള്‍ ...
അടക്കിടുന്നു വിതുമ്പലുകള്‍ ..
അടങ്ങാത്ത ആര്‍ത്തിയില്‍
ആടിയുലഞ്ഞ ഭൂവില്‍ നിന്നും .
അകന്നുമാറിയൊരു യാത്ര ..
വെള്ളി മേഘങ്ങൾക്കിടയിലേക്ക് .....
സ്പന്ദനം നിലച്ച്..
ഓര്‍മ്മകള്‍ ബാക്കിയായി...
ഒരു യാത്ര.....

ശ്രീ said...

വായനയില്‍ ആ അവസ്ഥ ശരിയ്ക്കു ഫീല്‍ ചെയ്യുന്നതു പോലെ...

ഒരു നുറുങ്ങ് said...

സത്യം പറയട്ടെ,കവിത രണ്ടാവര്‍ത്തി വായിക്കേണ്ടി വന്നു..ആശയം മനസ്സിലാവാന്‍ പിന്നേയും കണ്ണോടിച്ചു..
വിരണ്ടുപേടിച്ചിരിക്കുന്ന രണ്ട് മുഴുത്ത കാളകളാണ്‍ കണ്ണില്‍ പെട്ടത്.

വിശുദ്ധബലിയുടെ പേരിലായാലും,ഭക്ഷ്യാവശ്യത്തിന്‍ വേണ്ടി ആയാലും പാവം അറവമാടുകളോട് ഇത്തിരി ദാക്ഷിണ്യം കാണിക്കരുത് എന്ന് ശാഠ്യം പിടിക്കുന്നതെന്തിനാ..???
ഒന്ന് മറ്റൊന്നിനെ കാണ്‍കെ അറവ് പാടില്ലെന്നും,അറവിനുപയോഗിച്ച ആയുധം കഴുകി വൃത്തിയാക്കി മിനുക്കി മൂര്‍ച്ചപ്പെടുത്തിയേ രണ്ടാമതൊന്നിന്‍റെ കഴുത്തില്‍ ഉപയോഗിക്കാവൂ എന്ന് ഇവര്‍ക്കാരാ ഒന്ന് പറഞ്ഞ് കൊടുക്ക്വാ..

അറവമാടുകളുടെ വിലാപകാവ്യം ചിലത് നമ്മോടുണര്‍ത്തുന്നു,നൊമ്പരത്തോടെ...!

SUJITH KAYYUR said...

Best wishes...

ജയിംസ് സണ്ണി പാറ്റൂർ said...

ഒരു കൊടും ക്രൂരതയെ
മനോഹരമായ കവിതയാക്കി

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu...... aashamsakal......

MOIDEEN ANGADIMUGAR said...

നോവുന്ന വരികൾ, മനസ്സിൽ തട്ടിയ കവിത

Unknown said...

prestation is gud

ശാന്ത കാവുമ്പായി said...

പ്രിയപ്പെട്ടൊരു സുഹൃത്ത് പറഞ്ഞു തന്ന അനുഭവം മനസ്സിൽ തട്ടി.അത് നിങ്ങളുമായി പങ്കു വെക്കണമെന്ന് തോന്നി.അത് നിങ്ങൾക്കിഷ്ടമായെന്നറിഞ്ഞതിൽ സന്തോഷമുണ്ട്.നന്ദി.

നികു കേച്ചേരി said...

നൊമ്പരപ്പെടുത്തുന്ന വരികൾ.അഭിനന്ദനങ്ങൾ