‘കലിയുഗത്തിലെ ഏറ്റവും ഉൽക്കൃഷ്ടമായ കർമ്മം ദാനകർമ്മമാണ്.അതിൽ ഏറ്റവും മഹത്തരം അന്നദാനമാണ്.അതിന് നിങ്ങൾ ഭവനങ്ങൾ വേദിയാക്കുക.’
ഇത് കണ്ണൂർ താഴെത്തെരുവിൽ കേനനൂർ ഗാരേജിന്റെ കവാടത്തിൽ എഴുതി വെക്കപ്പെട്ടത്.
കേനനൂർ ഗാരേജിന്റെ ഉടമ കൃഷ്ണാട്ടനെ അറിയാത്തവർ കണ്ണൂരിൽ ചുരുങ്ങും. കൃഷ്ണാട്ടൻ ഒരു സംഭവമല്ല.ഒരുപാട് സംഭവങ്ങൾ ആണ് എന്ന് പറയേണ്ടി വരും.ആ സംഭവങ്ങളിലേക്കൊന്നെത്തിനോക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നത്.
പതിമൂന്ന് കൊല്ലം മുമ്പാണ് ഞാനാദ്യമായി കൃഷ്ണാട്ടനെ കാണുന്നത്.കണ്ണൂരിൽ വെച്ച് നടത്തുന്ന സിദ്ധ സമാധി യോഗ കോഴ്സിൽ പങ്കെടുക്കുമ്പോൾ.
തോട്ടടയിലെ അമ്മുപ്പറമ്പിൽ കണ്ണായ സ്ഥലത്ത് അദ്ദേഹത്തിന് ഏതാണ്ട് അമ്പത് സെന്റ് സ്ഥലമുണ്ടായിരുന്നു.അവിടെ അദ്ദേഹം ബസിന്റെ ബോഡിയുടെ ഒരു വർക്‌ഷോപ്പ് പണിയാൻ തുടങ്ങി.പല തടസ്സങ്ങൾ കാരണം അതു പൂർത്തിയാക്കാൻ കഴിയുന്നില്ല.
നമ്മളൊക്കെ അഞ്ചിന്ദ്രിയങ്ങൾ കൊണ്ട് ലോകത്തെ അറിയുമ്പോൾ അദ്ദേഹം ആറാമതൊന്ന് കൊണ്ടുകൂടിയാണറിയുന്നത്.ഒരു അതീന്ദ്രിയജ്നാനം അദ്ദേഹത്തിനുണ്ട്.ഇവിടെ മറ്റെന്തോ ആണ് വേണ്ടതെന്ന ഉൾവിളിയിൽ ജ്യോതിഷ വിശ്വാസിയായ അദ്ദേഹം പ്രശ്നം വെച്ചുനോക്കി.ഫലം രസകരമായിരുന്നു.ഇവിടെ വാഹനങ്ങൾക്കല്ല, മനുഷ്യർക്കു വേണ്ടിയുള്ള വർക്‌ഷോപ്പാണ് വേണ്ടത്.പിന്നെ അതിനായി ശ്രമം.
അതിനിടയിൽ അദ്ദേഹം സിദ്ധ സമാധി യോഗ ക്ലാസ് നടത്തുന്ന ഒരാളെ ഒരു നിയോഗം പോലെ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു.
മനുഷ്യരുടെ വർക്‌ഷോപ്പിന്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കി. ഹാളും പൂജാമുറിയും മറ്റു സൌകര്യങ്ങളുമെല്ലാം ഒരുക്കിയതിനു ശേഷം സിദ്ധ സമാധി യോഗയുടെ ആശ്രമമായി സമർപ്പിച്ചു.അത് ഇന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന വർക്‌ഷോപ്പ് ആയി പ്രവർത്തിക്കുന്നു.കൂടാതെ ഇപ്പോൾ ഈ സ്ഥാപനം കണ്ണൂർ സെൻട്രൽ ജെയിലിലെ ജീവപര്യന്തം തടവുകാരുടെ അനാഥരായ കുട്ടികളെ ദത്തെടുത്ത് വളർത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
അദ്ദേഹം അഴീക്കോടും ഒരു ആശ്രമമുണ്ടാക്കി നൽകിയിട്ടുണ്ടത്രേ.മുംബൈയിൽ ഒരു മുത്തപ്പൻ ക്ഷേത്രവും നിർമ്മിച്ച് നൽകിയിട്ടുണ്ട്.കാഞ്ഞങ്ങാട്ടെ രാമാനന്ദാശ്രമവും നിത്യാനന്ദാശ്രമവുമായും അവിടുത്തെ സന്യാസിമാരുമായും കൃഷ്ണാട്ടന് അടുത്ത ബന്ധമാണുള്ളത്. രൂപസാദൃശ്യം മൂലം നിത്യാനന്ദ സ്വാമിയെന്ന് അദ്ദേഹത്തിന്റെ മാനസപുത്രന്മാർ കളിയാക്കി വിളിക്കാറുമുണ്ട്.
പ്രിയപ്പെട്ടവർക്കു വേണ്ടി തുലാഭാരവും മറ്റു നേർച്ചകളും നടത്തുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്.എന്റെ സഹോദരൻ അദ്ദേഹത്തിന് മകനാണ്.അവന് കുഞ്ഞുണ്ടാവാൻ വൈകിയപ്പോൾ അദ്ദേഹം അവനെ ഗുരുവായൂർ കൊണ്ടുപോയി.ഒരുപാട് നേർച്ചകൾ നടത്തി.കുഞ്ഞുണ്ടായപ്പോൾ കൽക്കണ്ടം കൊണ്ട് അമ്മയേയും കുഞ്ഞിനേയും തുലാഭാരം തൂക്കി.ഇങ്ങനെ ഒരുപാട് മക്കൾക്കു വേണ്ടി കൃഷ്ണാട്ടൻ ഗുരുവായൂരും മറ്റ് ക്ഷേത്രങ്ങളിലും തുലാഭാരം തൂക്കിയിട്ടുണ്ട്.
രസകരമായ മറ്റൊരു തുലാഭാരത്തിന്റെ കഥയുണ്ട്. ഒരുപാട് ബസുകൾ അദ്ദേഹത്തിന്റെ വർക്‌ഷോപ്പിലെത്തും.അവിടെ വണ്ടി വെക്കാൻ സ്ഥലമില്ലാതാകൂമ്പോൾ റോഡിൽ വെച്ചാവും പണി.ഇത് സമീപവാസിയായ ഡോക്ടർക്ക് അലോസരമായി തോന്നി.അദ്ദേഹം പരാതി നൽകി.ഇൻസ്പെക്റ്റർ കൃഷ്ണാട്ടനെ വിളിപ്പിച്ചു.ആ ഡോക്ടർക്ക് നല്ല ബുദ്ധിയുണ്ടാവാൻ ഗുരുവായൂർ പോയി ചേന കൊണ്ടാണത്രേ തുലാഭാരം നടത്തിയത്.നർമ്മത്തിലും ഒട്ടും പിന്നോക്കമല്ല കൃഷ്ണാട്ടൻ.
അദ്ദേഹത്തിന്റെ പരിചയത്തിൽപ്പെട്ട ആർക്കെങ്കിലും അസുഖം വന്നാൽ കുറച്ച് നെയ്യ് ഉഴിഞ്ഞ് പൂജാമുറിയിൽ വെക്കും.ഏതാണ്ട് പത്ത് കുപ്പിയാവുമ്പോൾ അതും കൊണ്ട് ഗുരുവായൂരെത്തി കണ്ണന് അഭിഷേകം ചെയ്യും.
ഗുരുവായൂർ വിശേഷങ്ങൾ കുറെയുണ്ട്. കണ്ണന്റെ വിശേഷങ്ങൾ പോലെ ഈ കൃഷ്ണനെക്കുറിച്ചുമുണ്ടേറെ പറയാൻ.അദ്ദേഹവും മിക്കവാറും എല്ലാ മാസവും മുൻ മുഖ്യമന്ത്രി കരുണാകരനെപ്പോലെ ഗുരുവായൂരെത്തും.കൈയിൽ കുറെ പണവും കരുതും.അവിടെ കുറേപേർ അദ്ദേഹത്തിന്റെ വരവും കാത്തിരിപ്പുണ്ട്.
വിളക്ക് വേലായുധൻ മുതൽ തൂപ്പുകാർ വരെ.കൈയിലെ പണം മുഴുവൻ അവർക്ക് വീതിച്ചു നൽകും.അപ്പോഴായിരിക്കും ഒരു മാധവിയോ,ഗോപാലനോ വരുന്നത്.
അവർക്ക് പണം കൊടുത്തേ തീരൂ.കൈയിലാണെങ്കിൽ കാശുമില്ല.ഇവിടെയാണ്
കൃഷ്ണാട്ടനു മാത്രം ചെയ്യാൻ പറ്റുന്ന കാര്യം സംഭവിക്കുന്നത്.ആദ്യം കൊടുത്ത
ആരോടെങ്കിലും അദ്ദേഹം അമ്പതോ നൂറോ കടം വാങ്ങി പുതിയ ആൾക്കു കൊടുക്കും.അടുത്ത വരവിന് കടം വീട്ടും.
കക്കാട്ട് സാധു ബീഡി കമ്പനി റോഡിലുള്ള കൃഷ്ണയിൽ ഒന്നു പോയി നോക്കൂ...
‘കലിയുഗത്തിലെ ഏറ്റവും ഉൽക്കൃഷ്ടമായ കർമ്മം ദാനകർമ്മമാണ്.അതിൽ ഏറ്റവും മഹത്തരം അന്നദാനമാണ്.അതിന് നിങ്ങൾ ഭവനങ്ങൾ വേദിയാക്കുക.’ കേനനൂർ ഗാരേജ് എന്ന വർക് ഷോപ്പിന്റെ കവാടത്തിൽ എഴുതി വെച്ചിരുന്ന ഈ ആപ്ത വാക്യങ്ങൾ സാർഥകമാക്കാൻ അവിടെ ഒരു അന്നപൂർണേശ്വരിയുണ്ട്. കൃഷ്ണാട്ടന്റെ ഭാര്യ രമണിയേച്ചി. അവരുടെ കൈപ്പുണ്യം അറിയാതെ നിങ്ങൾക്കവിടെ നിന്ന് തിരിച്ചു പോരാനാവില്ല. പത്തു ദിവസത്തോളം അവിടെ താമസിച്ച് അതനുഭവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.രമണി ഉപ്പ് മാത്രമിട്ട് വെച്ചാലും വളരെ സ്വാദാണെന്ന് എന്റമ്മ പറയാറുണ്ട്
എന്നും ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ആ കർമ്മയോഗി എഴുന്നേൽക്കും.
തലേദിവസത്തെ കഠിനാധ്വാനത്തിന്റെ ക്ഷീണത്തിൽ തളർന്നുറങ്ങുന്ന വാമഭാഗത്തെ രമണ്യാ എന്നൊന്ന് വിളിക്കും.കുളി കഴിഞ്ഞ് രണ്ടുപേരും കൂടി പൂജാമുറിയിലെ കണ്ണനെ കുളിപ്പിക്കും. പൂജ ചെയ്യും.അതു കഴിഞ്ഞ് ആഹാരസാധനങ്ങളുമായി പുറത്തേക്ക്.പതിവായെത്തുന്ന കാക്കകളേയും പക്ഷികളേയുമൂട്ടാൻ.അതിനുശേഷം നട്ടു നനച്ചു വളർത്തുന്ന വൃക്ഷജലതാദികൾക്ക് ദാഹജലം പകരും.ഓമനിച്ചു വളർത്തുന്ന രണ്ടു നായ്ക്കളുണ്ട്.പശുവുണ്ട്.അതിന്റെ
കിടാവുണ്ട്.നായ്ക്കളും പശുക്കളുമൊക്കെ കൃഷ്ണാട്ടനു പൂജാർഹരാണ്.അവയ്ക്ക് കൊടുക്കുന്നത് നിവേദ്യമാണ്.ബാക്കി വരുന്നതല്ല. അവരെയൊക്കെ പരിപാലിച്ചു കഴിയുമ്പോഴേ നേരം പുലരൂ.
രമണിയേച്ചി അടുക്കളയുമായി യുദ്ധം ചെയ്യുമ്പോഴേക്കും കൂടെ താമസിക്കുന്ന ജേഷ്ഠന്റെ മകൾ റീന സഹായിക്കാനെത്തും.സാധാരണ ഒരു വീട്ടിലെ അടുക്കളയല്ല അത്.ഹോട്ടലുകളിൽ പാചകത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ നിങ്ങൾക്കവിടെ കാണാം.ഭാരമുള്ള പാത്രങ്ങൾ കയറ്റി വെക്കാവുന്ന ഗ്യാസ് സ്റ്റൌ,വലിയ ദോശക്കല്ല്, ഗ്രൈൻഡർ എല്ലാം.ദിവസവും ഒരുപാട് പേരെ ഊട്ടേണ്ടതല്ലേ.
അതിഥികളില്ലാത്ത ദിവസങ്ങൾ ആ വീട്ടിൽ കുറവായിരിക്കും.ലോകം മുഴുവൻ സ്വന്തക്കാരാവുമ്പോൾ എങ്ങനെ അതിഥികളില്ലാതിരിക്കും.സന്യാസിമാർക്ക് താമസിക്കാൻ രണ്ടു നിലയുള്ളൊരു ഔട്ട് ഹൌസ് നിർമ്മിച്ചിട്ടുണ്ട്.അവർക്ക് ഭക്ഷണം റൂമിൽ കൊണ്ടു കൊടുക്കും.എന്റെ സഹോദരനും കൂട്ടുകാരും താമസിക്കുന്നിടത്ത് പോയി ‘എടാ കള്ളാ’ എന്നും വിളിച്ച് സ്വന്തം വണ്ടിയിൽ കയറ്റിക്കൊണ്ടു വന്ന് ഭക്ഷണം കഴിപ്പിക്കും.എന്നും ഇതാവർത്തിക്കുമ്പോൾ ചിലപ്പോളവനും കൂട്ടുകാരും ഒളിക്കും.അങ്ങനെ കൃഷ്ണാട്ടനെ പറ്റിക്കാൻ കഴിയില്ല എന്ന് എതാനും മിനിറ്റുകൾക്കുള്ളിൽ അവർക്ക് മനസ്സിലാവും.വണ്ടി നിറയെ വിഭവങ്ങളുമായി കൃഷ്ണാട്ടനെത്തും.സമീപത്തുള്ള വീട്ടിലേൽപ്പിച്ചിട്ട് പോകും.എന്നിട്ട് ഫോൺ ചെയ്തറിയിക്കും.അതോടെ അവർ മര്യാദക്കാരായി ഭക്ഷണം കഴിക്കാൻ കൃഷ്ണയിലെത്താൻ തുടങ്ങി.അവർ വൈകിയാൽ ഭക്ഷണം കഴിക്കാതെ അസ്വസ്ഥനായി കാത്തിരിക്കുന്ന സ്നേഹധനനായ ആ പിതാവിനെ ഏതു മക്കൾക്കാണ് മറക്കാൻ കഴിയുക..!
ഇങ്ങനെ എത്ര മക്കൾ..!എത്ര സന്യാസിമാർ..!എത്ര അയ്യപ്പന്മാർ..!എത്ര പരിചയക്കാർ..!എത്ര സുഹൃത്തുക്കൾ..!
ഹേയ് ഞാനാര് ഈ കണക്കെടുക്കാൻ.അതും ഒരു കണക്കും ഒരിക്കലും സൂക്ഷിക്കാത്ത ഒരാളുടെ. ഈ ചെറുപ്പക്കാർ ഒരു ദിവസം കൃഷ്ണാട്ടനില്ലാത്ത നേരം നോക്കി ഒരു ചാക്കരി കൃഷ്ണയിലെത്തിച്ചു. ഇതറിഞ്ഞ കൃഷ്ണാട്ടൻ അവരോട് അടുത്ത ദിവസം പുലർച്ചയ്ക്ക് നാലു മണിക്ക് കൃഷ്ണയിലെത്താനാവശ്യപ്പെട്ടു.ചീത്ത പറയാനാണോ എന്ന് സംശയിച്ച് പേടിയോടെ അവരെത്തി.അവരേയും കൂട്ടി അരിച്ചാക്കുമെടുത്ത് വണ്ടിയിലിട്ട് നേരെ അന്നദാനത്തിന് പേരുകേട്ട മാമാനത്തമ്പലത്തിലെത്തി.ഈ അരി അവിടെ ഏൽപ്പിച്ചു.ചെറുകുന്ന് അന്നപൂർണേശ്വരിക്ഷേത്രം,പറശ്ശിനിക്കടവ് മുത്തപ്പക്ഷേത്രം ഇങ്ങനെ അന്നദാനത്തിനു പേരുകേട്ട പല ക്ഷേത്രങ്ങളിലും കൃഷ്ണാട്ടൻ പതിവായി അരി കൊടുക്കാറുണ്ട്.കൈയിലൊന്നും ബാക്കി വെക്കാതെ എല്ലാം അദ്ദേഹം വാരിക്കോരി ദാനം ചെയ്തു കൊണ്ടിരിക്കുന്നു..പുണ്യം മാത്രം ബാക്കിയാവുന്നു.
രാവിലേയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണമേശ നിറഞ്ഞിരിക്കണം.വരുന്നവരുടെ
ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചാണ് ഭക്ഷണമേശയിലെ ഈ വൈവിദ്ധ്യം. തികഞ്ഞ സസ്യഭുക്കുകളായ അവർ പ്രിയപ്പെട്ടവർക്കു വേണ്ടി മത്സ്യം വാങ്ങി വെക്കാനും മടിക്കാറില്ല. ചപ്പാത്തിയും ദോശയും ഇഡ്ഡലിയും പുട്ടും വെള്ളേപ്പവും കപ്പയുമൊക്കെ ഒരേ സമയം കൃഷ്ണാട്ടന്റെ വീട്ടിൽ മാത്രമേ ഉണ്ടാക്കൂ. അതിനുള്ള അക്ഷയ പാത്രം രമണിയേച്ചിയുടെ കൈയിലുണ്ട്.നമുക്കിഷ്ടമുള്ളത് എടുത്ത് കഴിക്കാം.അല്ല കഴിക്കെടാ കള്ളാ എന്ന് പറഞ്ഞ് കൃഷ്ണാട്ടൻ നിർബ്ബന്ധിച്ച് കഴിപ്പിക്കും.രാവിലെ പതിനൊന്നു മണി വരെ ആ മേശപ്പുറത്ത് ഭക്ഷണം ആൾക്കാരേയും പ്രതീക്ഷിച്ചിരിക്കും.അതു കഴിഞ്ഞേ എടുത്തുകൊണ്ടുപോകൂ.
പരിചയമില്ലാത്ത ആര് വീട്ടിലെത്തിയാലും കൃഷ്ണാട്ടൻ ആരാണ് എന്ന് ചോദിക്കാതെ രമണ്യാ ഭക്ഷണമെടുക്ക് എന്നാണ് ആദ്യം പറയുക.ചോദ്യവും പറച്ചിലുമൊക്കെ ഭക്ഷണം കഴിച്ചതിനുശേഷം മാത്രം.
വീട്ടിൽ വരുന്നവർക്കു മാത്രമല്ല ഭക്ഷണം.അദ്ദേഹത്തിന്റെ വർക്ക്‌ഷോപ്പിലെ ജീവനക്കാർക്കുള്ള ഭക്ഷണവുമായി അദ്ദേഹം തന്നെ പുറപ്പെടും.അവിടെ ജീവനക്കാർ മാത്രമല്ല ഭക്ഷണത്തിനായി കാത്തിരിക്കുന്നത്. കൃഷ്ണാട്ടന്റെ ഫിയറ്റ് കാറിന്റെ മണം പിടിച്ച് മറ്റുള്ളവരെയൊക്കെ മറി കടന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക് കുറേ പശുക്കളെത്തും.എല്ലാ ദിവസവും എല്ലാവരുമുണ്ടാവില്ല.
അപ്പോൾ മറ്റുള്ളവരോടദ്ദേഹം ചോദിക്കും.കല്യാണിയെവിടെ?
പാറുക്കുട്ടിയെവിടെ?അവർ അദ്ദേഹത്തിന്റെ കൈയിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം സ്നേഹപൂർവം കൈയിൽ നക്കിക്കൊടുക്കും.അവർ നക്കി നക്കി അദ്ദേഹത്തിന്റെ കൈയിലെ തഴമ്പ് മാറ്റിക്കൊടുത്തു.
പരിചയത്തിൽ പെട്ട ആരെയെങ്കിലും കണ്ണൂരെ ഏതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിൽ അവർ ഭക്ഷണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട.
അവരെ ഊട്ടേണ്ട ഉത്തരവാദിത്വം കൃഷ്ണാട്ടന്റേതാണ്.തീർന്നില്ല അന്നപുരാണം.പ്രിയപ്പെട്ടവരുടെ വീടുകളിൽ പലതരം അച്ചാറുകളും പലഹാരങ്ങളും പായസങ്ങളും ഉണ്ടാക്കി ഇടക്കിടെ എത്തിക്കുക എന്നത് അവർക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്.എനിക്ക് ഇന്ന് പായസവും വെള്ളേപ്പവും കറിയും കിട്ടി.മുംബൈയിൽ പോലും അവരുടെ അച്ചാറുകളും പലഹാരങ്ങളും പറന്നെത്താറുണ്ട്.
ആളുകളുടെ ഇഷ്ടം നോക്കിയാണ് ഇവയൊക്കെ ഉണ്ടാക്കുന്നത്.ഞങ്ങളുടെ ബന്ധു മുകുന്ദൻ മാഷിന് കാരറ്റ് അച്ചാർ ഇഷ്ടമല്ല.ഒരിക്കൽ അദ്ദേഹം ചൈനയിൽ നിന്നും അവധിക്കു വന്നപ്പോൾ കൃഷ്ണാട്ടൻ സ്നേഹപൂർവം കാരറ്റ് അച്ചാർ സമ്മാനിച്ചു. കൃഷ്ണാട്ടനെ കണ്ടപ്പോൾ ഒരു മര്യാദയ്ക്കു വേണ്ടി മാഷ് അച്ചാർ നന്നായിരുന്നു എന്ന് പറഞ്ഞു.പിന്നെ മാഷ് എപ്പോൾ നാട്ടിലുണ്ടോ അപ്പോഴൊക്കെ കൃഷ്ണാട്ടന്റെ കാരറ്റച്ചാർ റെഡി.ദുബായിലെ അഷ്‌റഫിന് കല്ലുമ്മക്കായ അച്ചാറാണിഷ്ടം.
അയാൾ അവധിക്കു വരുമ്പോൾ അതും റെഡി.മുംബൈയിലാർക്കോ കൊടുക്കാൻ
കൃഷ്ണാട്ടൻ ഈത്തപ്പഴം അച്ചാറുണ്ടാക്കുന്നത് ഒരിക്കൽ കണ്ടിരുന്നു.
തീവണ്ടി യാത്രകളിലും വേണ്ടപ്പെട്ടവർ കഴിക്കുന്നത് രമണിയേച്ചിയുടെ ചപ്പാത്തിയും കറിയുമായിരിക്കും.അതിഥികളേയും പശുക്കളേയും നായ്ക്കളേയും പരിപാലിച്ച് കഴിയുമ്പോഴേക്കും രാത്രി പതിനൊന്നോ പന്ത്രണ്ടോ മണി കഴിഞ്ഞിരിക്കും.രമണിയേച്ചി നടുവിന് കൈയും കൊടുത്ത് തളർന്ന് ഇരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അതിനെക്കുറിച്ച് കൃഷ്ണാട്ടനോട് പറയുമ്പോൾ കർമ്മം പൂർത്തിയാക്കാൻ അതൊക്കെ വേണ്ടി വരും എന്നാണ് മറുപടി.
സഹധർമ്മം അനുഷ്ടിക്കുന്നവളല്ലേ സഹധർമ്മിണി.ചോതി പിറന്നാൽ ചോദിക്കേണ്ട എന്നല്ലേ ചൊല്ല്.ആ ചോദി നക്ഷത്രക്കാരി ഊട്ടിത്തളരട്ടെ.
കണ്ണൂരെ ഹോട്ടലുകളെല്ലാം അടച്ചതിനുശേഷം എത്തുന്ന ചില ബസ്സുകളുണ്ട്.
ബസ്സിലെ പാവം ജീവനക്കാർ വിശന്നു തളർന്നിരിക്കും.രമണിയേച്ചിയുടെ
അക്ഷയ പാത്രത്തിൽ അവരുടെ വയറിന്റെ പശി മാറ്റാനുള്ളതുണ്ടാവും എന്നറിയാവുന്ന അവർ ഏത് പാതിരക്കായാലും കൃഷ്ണയിലെത്തി മുട്ടി വിളിക്കും. കൃഷ്ണയിലെ അന്നപൂർണേശ്വരി ഇത്തരം മക്കളെ പ്രതീക്ഷിക്കുന്നതുകൊണ്ട് നാലഞ്ചാളുകൾക്ക് വേണ്ടുന്ന ഭക്ഷണം എന്നും അധികം ഉണ്ടാക്കാറുണ്ട്.സാക്ഷാൽ അന്നപൂർണേശ്വരി വാഴുന്ന ചെറുകുന്നമ്പലത്തിൽ എല്ലാ ഭക്തന്മാരേയും ഊട്ടിയതിനുശേഷം രാത്രിയിൽ മോഷ്ടിക്കാൻ വരുന്ന കള്ളന്മാർ പട്ടിണിയാവാതിരിക്കാൻ ആലിൻ കൊമ്പിന്മേൽ ഉറിയിൽ ആഹാരം കെട്ടിത്തൂക്കാറുണ്ടായിരുന്നുവത്രേ. കൃഷ്ണയിൽ വാഴുന്നതും അത്തരത്തിലൊരു അന്നപൂർണേശ്വരി തന്നെയാണല്ലോ.
വിപുലമായ സുഹൃദ്‌ബന്ധങ്ങളുള്ളതുകൊണ്ട് കൃഷ്ണാട്ടന് ഒരു ദിവസം തന്നെ ഒന്നിലേറെ കല്യാണങ്ങളിൽ പങ്കെടുക്കേണ്ടി വരാറുണ്ട്.കൈയയച്ച് സഹായിക്കുന്നതുകൊണ്ട് എല്ലാവരും ക്ഷണിക്കും.പലതിനും സഹായം നൽകാൻ വേണ്ടി മാത്രമാണ് പോകുന്നത്.ഒരിടത്തു നിന്നല്ലേ സദ്യ ഉണ്ണാനാവൂ.
കൃഷ്ണാട്ടന്റേയും രമണിയേച്ചിയുടേയും നേതൃത്വത്തിൽ മുപ്പതിലേറെ തീർഥാടകർ ശിവരാത്രി നാളിൽ മൂകാംബിയിലേക്ക് ഒരു യാത്രയുണ്ട്.അവിടെ നിന്ന് നടന്ന് കുടജാദ്രിയെത്തും.പാത്രങ്ങളും അത്യാവശ്യ സാധനങ്ങളും കൂടെ കരുതും.കാട്ടിൽ നിന്ന് വിറകു ശേഖരിച്ച് ഉറവ വെള്ളം കൊണ്ടു വന്ന് കഞ്ഞി വെച്ചു കുടിച്ച് അന്ന് രാത്രി ശങ്കരാചാര്യർ തപസ്സു ചെയ്ത സ്ഥലത്ത് കിടന്നുറങ്ങും.അതി രാവിലെ എഴുന്നേറ്റ് അകലെയുള്ള ഉറവയിൽ നിന്ന് വെള്ളമെടുത്ത് മല കയറി കൊണ്ടു വന്ന് കാപ്പിയുണ്ടാക്കും.അത് അവിടെയെത്തുന്ന ആയിരക്കണക്കിന് തീർഥാടകർക്ക് നൽകും.ഒഴിവാക്കാനാവാത്ത ഒരു കടമപോലെ.
കൃഷ്ണാട്ടനും രമണിയേച്ചിയും കുടജാദ്രിയിൽ വെച്ച് കാപ്പിയുണ്ടാക്കുന്നു.
കൃഷ്ണാട്ടന് വളരെ പഴയൊരു കാറുണ്ട്. കെ.എൽ.പി.4000 എന്ന കറുത്ത ഫിയറ്റ് കാർ.ഇന്ന് അത്തരത്തിലൊരെണ്ണം കാണാൻ പ്രയാസമാണ്.സാധാരണ കാറുകളുടെ വാതിൽ തുറക്കുന്നതിന്റെ നേരെ എതിർ വശത്തേക്കാണ് അതിന്റെ വാതിൽ തുറക്കേണ്ടത്.എന്നു വെച്ചാൽ ജാംബവാന്റെ കാലത്തുണ്ടാക്കിയതാണ്. പ്രായാധിക്യം കൊണ്ട് അവശനായി ചില ഊടു വഴികളിലൊക്കെ എത്തുമ്പോൾ കക്ഷി ഒന്ന് കിതച്ച് നിൽക്കും.തനിക്കും കൃഷ്ണാട്ടനും ഒരുപോലെ വയസ്സായെന്ന് ഓർമ്മിപ്പിക്കാൻ.കർമ്മം തീരുന്നതു വരെ വയസ്സനാവാൻ കൂട്ടാക്കാത്ത കൃഷ്ണാട്ടനോടാ കാറിന്റെ കളി.അവിടേം ഇവിടേമൊക്കെ തട്ടി എടാ കള്ളാ എന്നൊക്കെ തെറി വിളിച്ചാൽ കാർ പേടിച്ചിട്ട് സ്റ്റാർട്ടാകും.പിന്നെ പറക്കും.
ഒരിക്കൽ വർക്‌ഷോപ്പിൽ ബസിനടിയിൽ കിടന്ന് പണിയെടുക്കുകയായിരുന്നു.
സൌണ്ട് നോക്കി കേട് മനസ്സിലാക്കാൻ ബസ് സ്റ്റാർട്ടാക്കി.റെയിസാക്കി ശബ്ദ വ്യത്യാസം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അബദ്ധത്തിൽ ഗിയറിൽ വീണുപോയി.ടയർ കൃഷ്ണാട്ടന്റെ തുടയിൽക്കൂടി കയറിയിറങ്ങി.രണ്ട് തുടയെല്ലും പൊട്ടി.ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി.ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജാവുമ്പോൾ ആറുമാസത്തെ വിശ്രമമാണ് ഡോക്ടർ വിധിച്ചത്.പക്ഷേ കഥാനായകൻ പോയത് വീട്ടിലേക്കല്ല.നേരെ വർക്‌ഷോപ്പിലേക്കാണ്.
കസേരയിലിരുന്ന് സ്റ്റൂളിൽ കാലുകൾ നീട്ടി വെച്ച് എഞ്ചിൻ പണിയെടുത്തു.ഒരു ആക്സിഡന്റിനും അദ്ദേഹത്തിന്റെ കർമ്മത്തെ തടസ്സപ്പെടുത്താനാവില്ല എന്നിതിൽ നിന്നും മനസ്സിലാക്കാം.
ആരെങ്കിലും കൃഷ്ണാട്ടനെ ഇന്ന സ്ഥലത്ത് ഇന്ന സമയത്ത്
കാണണമെന്നാവശ്യപ്പെട്ടാൽ അദ്ദേഹം സമ്മതിക്കും.എന്ത് ത്യാഗം സഹിച്ചും അവിടെയെത്തും.പറഞ്ഞ സമയം കഴിഞ്ഞാൽ കക്ഷിയെ അവിടെ കാണാമെന്ന് ആരും പ്രതീക്ഷിക്കേണ്ട. അദ്ദേഹം തന്റെ ജോലി സ്ഥലത്തെത്തിയിട്ടുണ്ടാകും. ഞാൻ പരിചയപ്പെടുത്തിയ എന്റെ സുഹൃത്തിനെ ആദ്യമായി കാണാൻ പറഞ്ഞ സമയത്തു തന്നെ അദ്ദേഹമെത്തി.അവർ വൈകിയെത്തിയപ്പോൾ കൃഷ്ണാട്ടൻ സ്ഥലം വിട്ടിരുന്നു.അത്രയ്ക്ക് കൃത്യമായി അദ്ദേഹം സമയനിഷ്ഠ പാലിക്കും.പരിഭവിച്ചിട്ടു കാര്യമില്ല.പാഴാക്കിക്കളയാൻ അദ്ദേഹത്തിനു സമയമില്ല.കർമ്മം തീർക്കണം.
കർമ്മം എങ്ങനെയെങ്കിലും പൂർത്തിയാക്കുകയല്ല ചെയ്യുന്നത്.അർപ്പണ ബോധത്തോടെ തന്റെ ജോലിയിൽ മുഴുകുകയാണദ്ദേഹം.ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് പാസ്സായ ജ്യേഷ്ഠ സഹോദരപുത്രൻ കമ്പ്യൂട്ടറിന്റെ സഹായത്തോടെ വണ്ടിയുടെ കേടുപാടുകൾ കണ്ടെത്താൻ വർക്‌ഷോപ്പ് കമ്പ്യൂട്ടറൈസ്ഡ് ചെയ്യാം എന്നു പറഞ്ഞു.അദ്ദേഹമത് നിരസിച്ചു.വണ്ടിയുടെ ശബ്ദത്തിൽ നിന്നും ഇന്ന ഭാഗത്തിനാണ് കേടെന്നു പറയാൻ കഴിയുന്ന ആളിനെന്തിനു മറ്റൊരു കമ്പ്യൂട്ടർ..!
പൂർവാശ്രമത്തിൽ മറ്റൊരു കൃഷ്ണൻ ജീവിച്ചിരുന്നു.വണ്ടിപ്പണിയെടുത്ത് തോന്നുമ്പോൾ തോന്നുന്നിടത്ത് പോയി അര ചട്ടമ്പിയായിരുന്ന ഒരു കള്ളക്കൃഷ്ണൻ.വയനാട്ടിലൊക്കെ പോയി വാറ്റ് ചാരായവുടിച്ച് കിറുങ്ങി നടന്നിരുന്ന അന്നത്തെ കൃഷ്ണാട്ടനെ ഒന്നു സങ്കല്പിച്ചു നോക്കി.ഒട്ടും ശരിയാവുന്നില്ലല്ലോ.
അല്ലെങ്കിൽ എന്തിനത്ഭുതപ്പെടണം? രത്നാകരനിൽ നിന്ന് വാത്മീകിയിലെത്താൻ ഒരുപാടു കാലം വേണ്ടി വന്നില്ലല്ലോ.അതുപോലൊരു രാസമാറ്റം ഇവിടേയും സംഭവിച്ചു.നമ്മുടെയൊക്കെ പുണ്യവും സൌഭാഗ്യവുമായ ഇന്നത്തെ കൃഷ്ണാട്ടനിലേക്കുള്ള രൂപാന്തരം എങ്ങനെ സംഭവിച്ചുവെന്നെനിക്കറിഞ്ഞുകൂട. എങ്ങനെയായാലും സംഭവിച്ചതൊക്കെ നല്ലതിനു മാത്രമായിരുന്നല്ലോ.
ഒരു ദിവസം അദ്ദേഹം എന്നെ കാണാൻ വീട്ടിലെത്തി.
അദ്ദേഹത്തെക്കുറിച്ചെഴുതാനുള്ള ആവേശത്തിൽ എനിക്ക് കൃഷ്ണാട്ടന്റെ കുറച്ചു വിവരങ്ങളറിയണം എന്ന് പറഞ്ഞു പോയി.ഒന്നിരിക്കുന്നതിനു മുമ്പേ അദ്ദേഹം എന്റെ പുറത്തൊരടിയും തന്നിട്ട് ഭഗവാനെക്കുറിച്ചെഴുതൂ എന്നും പറഞ്ഞ് ഇറങ്ങിപ്പൊയ്ക്കളഞ്ഞു.അല്പബുദ്ധിയായ ഞാൻ മിഴിച്ചിരുന്നു.
ജ്നാനവും ഭക്തിയും കർമ്മവും ദാനവും സർവ ചരാചരപ്രേമവും ഒത്തിണങ്ങിയ ഈ മനുഷ്യനെ പൂർണമായി മനസ്സിലാക്കാൻ എനിക്ക് കഴിയില്ലല്ലോ.
ആർഷഭാരതത്തിലെ ഋഷി വംശപരമ്പരയിൽ ചേർക്കാവുന്ന ഈ കർമ്മയോഗിയുടെ പാദങ്ങളിൽ പ്രണാമമർപ്പിക്കാനല്ലാതെ മറ്റൊന്നും എനിക്കാവില്ല.
19 comments:
ഞാൻ ആദ്യമായാണു ഇവിടെ..നാട്ടുകാരനായിട്ടും ഇങ്ങനെയൊരു സംഭവം ഞാനറിഞ്ഞില്ല ടീച്ചറേ..അടുത്ത പ്രാവശ്യം ഒന്നു പോണം.ആ പുണ്യമനസ്സിനും ഈ കർമ്മത്തിനും ആശംസകൾ..
നല്ല പോസ്റ്റ്. വ്യതസ്തമായ ഒരു പോസ്റ്റ്.
"കൈയിലൊന്നും ബാക്കി വെക്കാതെ എല്ലാം അദ്ദേഹം വാരിക്കോരി ദാനം ചെയ്തു കൊണ്ടിരിക്കുന്നു..പുണ്യം മാത്രം ബാക്കിയാവുന്നു."
കള്ളക്കൃഷ്ണനില്‍ നിന്നും സാക്ഷാല്‍ കൃഷ്ണാട്ടനിലേക്കുള്ള ദൂരം അളന്ന് തിട്ടപ്പെടുത്തിയത് രസായി...
നന്മയുടെ വഴികളില്‍ കണ്ണൂര്‍കാരുടെ കെടാവിളക്കാണ്‍ എനിക്കറിയാവുന്ന “ഫിറ്റര്‍ കൃഷ്ണേട്ടന്‍..!”
ഈ പരിചയപ്പെടുത്തല്‍ സ്ഥാനത്ത് തന്നെ..!
ആശംസകൾ..
നന്മ വറ്റാത്തവര്‍ ഇനിയും പിറവി കൊള്ളട്ടെ..
നല്ല പോസ്റ്റിനു നന്ദി..
കൃഷ്ണാട്ടനും രമണിയേച്ചിയും ശരിക്കും വേറിട്ട കഥാപാത്രങ്ങൾ തന്നെയാണല്ലോ..ടീച്ചറേ ഒപ്പം വളരെ നന്നായി ഒരു പ്രത്യേകരീതിയിൽ മുഴുവനായും തന്നെ ഈ നല്ല ആതിഥേയനെ പരിചയപ്പെടുത്തുകയും ചെയ്തിരിക്കുന്നു ...!
പോസ്റ്റ് നന്നായി, ചേച്ചീ
പുതുവത്സരാശംസകള്‍!
സ്വയം സമർപ്പിച്ചയാൾ
ആശംസകൾ..
നല്ല പോസ്റ്റ്
ആശംസകൾ
:)
കൃഷ്ണേട്ടനെപ്പോലുള്ള സുമനസുകള്‍ ഉള്ളതുകൊണ്ടാണ് ശാന്തേച്ചീ,ഈ ഭൂമി നശിക്കപ്പെടാതിരിക്കുന്നത്.
അദ്ധേഹത്തെ പരിചയപ്പെടുത്തിയ ചേച്ചിക്ക് ആശംസകള്‍ !
please give me your contact number.......... send it to info@emizhi.com
ടീച്ചറെ ഏറെ ഹൃദ്യമായി ഈ പരിചയപ്പെടുത്തല്‍. വല്ലാതെ അത്ഭുതം തോന്നുന്നു. കൃഷ്നാട്ടനും രമണിയേച്ചിയും മഞ്ഞു തുള്ളിപോലെ മനസ്സില്‍ നിറയുന്നു.......സസ്നേഹം
ശാന്ത..
.കൃഷ്നാട്ടനെ പോലുള്ളവര്‍ ഇപ്പോഴും കര്‍മ്മങ്ങളില്‍ മുഴുകുന്നത് കൊണ്ടാകാം ഈ നാട് നശിച്ചു പോകാത്തത്.
എന്തായാലും ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി...
അദ്ദേഹത്തെയും ഭാര്യയെയും ഒന്ന് കാണണം എന്ന മോഹം കലശ്ശലായിരിക്കുന്നു.
ആശംസകള്‍....
വളരെയധികം സന്തോഷം തോന്നുന്നു . ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ നല്ല രണ്ടു മനുഷ്യരെ പറ്റി അറിയുനത് ... . ഇങ്ങനെയും ചിന്തികുവാനും പ്രവര്‍ത്തിക്കുവാനും കഴിയുന്ന നല്ല ആളുകള്‍ ഇ യുഗത്തില്‍ ജീവിചിരികുനല്ലോ എന്നോര്‍ത്ത് എനിക്ക് അത്ഭുദം തോന്നുന്നു ............!!!!!!!!!!!!!!!.
ഏറ്റവും പരിചയപ്പെടേണ്ട വ്യക്തിത്വം... ഈ പരിചയപ്പെടുത്തലിനു വളരെ നന്ദി ചേച്ചി...
ഇതിനകം കുരുതി കൊടുക്കപ്പെട്ടു കഴിഞ്ഞ ഭാരത സംസ്കാരത്തിന്റെ ഉജ്ജ്വലതയെ പ്രകീര്‍ത്തിച്ച്, വേദികളില്‍ കാവിവസ്ത്രമണിഞ്ഞു നിന്ന്, ഒഴിഞ്ഞ കൈകളുയര്‍ത്തി ഭേരിമുഴക്കുന്ന പ്രഭാഷകരേ, ഇറങ്ങിവരൂ... ഈശ്വരനാമം ചുണ്ടുകള്‍ക്കിടയില്‍ തിരുകിവെച്ച്, ദിവ്യസ്തോത്രങ്ങള്‍ ഉരുളിയില്‍ കയിലികൊണ്ടിളക്കി പാടിത്തീര്‍ക്കുന്ന, കര്‍മ്മയോഗിയായ ഈ കൃഷ്ണാട്ടനെ പുല്‍കൂ...
കൈയില്‍ കയിലിയുമായി നിന്ന്, കനലിന്റെ ചൂടേറ്റ് ഉരുളിയില്‍ അന്നം വേവിക്കുന്ന കൃഷ്ണാട്ടാ, താങ്കള്‍ക്കു കൂപ്പുകൈ!
പക്ഷെ, ശ്രേഷ്ഠനായ താങ്കളോട് ഈ ബുദ്ധിഹീനന്ന് ഒരു പരാതിയുണ്ട്: താങ്കള്‍, ഉള്ള കഞ്ഞി, പാത്രം നോക്കാതെ വിളമ്പുന്നു(?) പൊറുത്താലും, ഇത് ഞാന്‍ പഠിച്ചിട്ടില്ലാത്ത പാഠങ്ങളിലൊന്നാവാം. ലോകദാതാവ് ചെയ്തതും, ചെയ്യുന്നതും ഇതു തന്നെയാണല്ലോ...
ശാന്ത ടീച്ചര്‍ വിതരണം ചെയ്ത തനിമയാര്‍ന്ന 'കൃഷ്ണാട്ടനൈവേദ്യം' ആകൃഷ്ടം. ഭുജിച്ച് തൃപ്തിപ്പെടാന്‍ വൈകിയെത്തി, എന്നതില്‍ ഖേദം.
(കണ്ണൂരില്‍ ഫോട്ടോസ്റ്റൂഡിയോ നടത്തി പ്രശസ്തനായ (കൈരളീ സ്റ്റൂഡിയോ) കൃഷ്ണാട്ടനെ(പരേതന്‍) ഓര്‍മ്മവന്നു. പരസഹായി എന്ന പുകള്‍പ്പും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.)
ഇങ്ങനെ ഉള്ള ആളുകള്‍ ഉള്ളത് കൊണ്ടാണ് നമ്മുടെ മനസ്സിലെ നന്മ ഇനിയും ചോര്‍ന്നു പോവാത്തത്.... അവര്‍ക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ .... കൂടുതല്‍ ആളുകളെ സഹായിക്കാന്‍ കഴിയട്ടെ .....
ini enthu parayananu
Post a Comment