Sunday, November 28, 2010

മറഞ്ഞു പോയൊരു വരം


ഓ ..നേരം വല്ലാണ്ട് വൈകിപ്പോയി.ഇന്നലെ ഉറങ്ങാനും വൈകി.ഒരു ബിസിനസ്കാരനായാലിങ്ങനെയാണ്.  രാവിലെ തൊട്ടുള്ള അലച്ചില്‍.ഓടി എത്തുന്നില്ല.സുനിലിന്‍റെ ഷോപ്പില്‍ കമ്പി തീര്‍ന്നു.രാജേട്ടന്‍ വിളിച്ചു പണിക്കാരെത്തിയില്ല.ഷോപ്പ് തുറക്കാന്‍ വൈകി. തലക്കാകെ കനം പോലെ.കണ്ണ് തുറക്കാന്‍ പ്രയാസം.നേരിയ തലവേദനയും.ബാത്ത് റൂമില്‍ കയറി കതകടച്ചു.എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ മണി പത്ത്.ബ്രേക്ക്ഫാസ്റ്റ്‌ കഴിച്ചെന്നു വരുത്തി.ശ്രീജയുടെ ചോദ്യ ഭാവത്തിലുള്ള നോട്ടം കണ്ടില്ലെന്നു നടിച്ചു.
അമ്മയെ കണ്ടില്ല.അമ്പലത്തില്‍ നിന്നെത്തിക്കാണില്ല.അല്ലെങ്കില്‍ അച്ഛന്‍റെ ശബ്ദമുയര്‍ന്നു കേട്ടേനെ.തൊട്ടതിനും പിടിച്ചതിനുമെല്ലാം അച്ഛന്‍ അമ്മയെ വിളിച്ചു കൊണ്ടിരിക്കും.പ്രായം കൂടുന്തോറും കുട്ടികളുടെ വാശിയാണ്.ഒന്നും രണ്ടും പറഞ്ഞു തെറ്റാന്‍ രണ്ടുപേര്‍ക്കും മിടുക്ക് കൂടുതലാണ്.
ഗീത പറമ്പില്‍ നിന്നാരോടോ ഉറക്കെ  സംസാരിക്കുന്നു. അവള്‍ക്ക് ഉറക്കെ പറയാനേ അറിയൂ.
കുട്ടിപ്പട്ടാളം ടി.വി.യുടെ മുമ്പില്‍ തന്നെ.നടുവില്‍ അമ്മമ്മയും.അമ്മമ്മയുടെ കണ്ണില്‍പ്പെടാതെ പുറത്തിറങ്ങണം.അല്ലെങ്കിലിനിയും വൈകും.പക്ഷേ,കാന്താരി മീനാക്ഷി കണ്ടു.അവള്‍ വിളിച്ചുകൂവി.അമ്മമ്മേ സജിയമ്മോന്‍.
ഇനി നോ രക്ഷ .
എടാ സജി നീ നമ്മളെ ചക്കരേന  നോക്ക്യാട്ടെ .ഓക്കെന്തോ  ഏനക്കേട്.
ഒന്ന് ഞെട്ടി .പിന്നെ ഒന്നും ഓര്‍ത്തില്ല.നേരെ പൈപ്പിനടുത്തേക്കു നടന്നു.
ചക്കര ഞങ്ങളുടെ ഓമന മാവാണ്. അല്ലെങ്കില്‍ത്തന്നെ അവളെ മാവെന്നു പറയാന്‍ പറ്റില്ല.ന്റെ കൂട്ടുകാരിയല്ലേ അവള്‍.മറ്റാരോടും പറയാത്ത രഹസ്യങ്ങള്‍ വരെ അവളോട്‌ പറയാറുണ്ട്.അവള്‍ തലയാട്ടി കേള്‍ക്കും. കുളിർമയിൽ ലഭിക്കുന്ന സാന്ത്വനം പറഞ്ഞറിയിക്കാനാവാത്തതാണ്.
ഒരു പുതു മഴയ്ക്കാണ് അവള്‍ പുറത്തു വന്നത്. ആദ്യം കണ്ടപ്പോള്‍ത്തന്നെ വല്ലാത്തൊരിഷ്ടം.ഒരു കുഞ്ഞനുജത്തി പിറന്നതുപോലെ. പിന്നെ വെള്ളവും വളവുമായി അവളുടെ കൂടെത്തന്നെ.എത്ര തിരക്കായാലും കുറച്ചു നേരം അവളുടെ അടുത്ത് കിന്നാരം പറഞ്ഞു നിന്നില്ലെങ്കില്‍ ശരിക്കുറക്കം വരില്ല.ഉറക്കം വരാതെ കിടക്കുമ്പോള്‍ ശ്രീജ കളിയാക്കും.ഓ...ഇന്ന് ചക്കരയോടു മിണ്ടിയില്ലേ? 
നീ കളിയാക്കണ്ട. നിന്നോട് മിണ്ടിയില്ലെങ്കിലും ഞാന്‍ അവളോട്‌ മിണ്ടും.പിണങ്ങാന്‍ അന്നതു മതി കാരണം.
എന്തു പറ്റി എന്റെ സുന്ദരിക്കുട്ടിക്ക് ?
നിറയെ മാങ്ങകളുമായി കുനിഞ്ഞു നില്‍ക്കുകയാണ്.ഒന്നും മിണ്ടാതെ.ഭാരംകൂടിയിട്ടാണോ പിണക്കം? ഒരു ചില്ല പോലും അനക്കുന്നില്ലല്ലോ.
വലിയ മാങ്ങകളാണ്.ഒരെണ്ണംപോലും ആരും പറിച്ചിട്ടില്ല ഇതുവരെ.പറിക്കാന്‍ താനാരേയും സമ്മതിച്ചില്ല എന്നതാണ് വാസ്തവം.നിറയെ മാങ്ങകളുമായി ചക്കരെയെ കാണാനാണിഷ്ടം.വീട്ടിലെല്ലാവര്‍ക്കും തന്നെ പേടിയാണ്.അതുകൊണ്ട് ആരും കൊതിയോടെ നോക്കുക കൂടിയില്ല.
വെറുതേയല്ല.പഠിക്കുന്ന കാലത്തേ തലയിലേറ്റിയതാണ് കുടുംബ പ്രാരബ്ധങ്ങള്‍.
സുഖമില്ലാത്ത അച്ഛനും അമ്മയും.പണിയില്ലാത്ത അമ്മാവന്മാര്‍.കല്യാണപ്രായമായ പെങ്ങന്മാരും.ഇല്ല ഒട്ടും പരിഭവം. എല്ലാം ഒരു നിയോഗമായി ഏറ്റെടുത്തു.
പല പണികള്‍ ചെയ്തു. ഒടുവില്‍ ഇരുമ്പ്‌ ബിസിനസിലും.അവിടെ ഭാഗ്യദേവത തുണച്ചു.പിന്നെ തിരിഞ്ഞു 
നോക്കേണ്ടിവന്നിട്ടില്ല.ഇന്ന് നഗരത്തിലെ വന്‍കിട ഇരുമ്പ് വ്യാപാരിയാണ്.
 അങ്ങനെ നോക്കി നിന്നു നേരം പോയതറിഞ്ഞില്ല.മൊബൈല്‍ഫോണ്‍ ചിലച്ചപ്പോഴാണ് ഞെട്ടിയുണര്‍ന്നത്.സഹദേവേട്ടനാണ് കടയില്‍ നിന്ന്.കാത്തിരുന്നു മടുത്തപ്പോള്‍ വിളിച്ചതാണ്.ചക്കരയെ ഒന്നു കൂടി നോക്കിയിട്ട് വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കി.
അന്നു പിന്നെ ഒന്നുമോര്‍ക്കാന്‍ സമയം കിട്ടിയില്ല.പാതിരയായി തിരിച്ചെത്തുമ്പോള്‍.കിടക്കയില്‍ വീണതോര്‍മയുണ്ട്.രാവിലെ കണ്ണു തുറക്കുമ്പോള്‍ നേരിയ തലവേദന.കൂട്ടാക്കാതെ എഴുന്നേറ്റു നടന്നു പൈപ്പിനടുത്തേക്ക്.കണ്ണും മുഖവും കഴുകി മൂഖമുയര്‍ത്തിയതും ഞെട്ടിപ്പോയി.മാവിന്റെ ഇലകള്‍ മുഴുവന്‍ വാടി താഴോട്ട് ചാഞ്ഞു കിടക്കുന്നു.ബോധംകെട്ടു വീഴുകയാണോ എന്‍റെ ചക്കര?
അവള്‍ കരയുന്നത് എനിക്ക് കാണാമല്ലോ.നിലവിളി കേള്‍ക്കാമല്ലോ.
മരിക്കുകയാണോ ഞങ്ങളുടെ ചക്കര..ഉറക്കെ നിലവിളിച്ചത് സുബോധത്തോടെ ആയിരുന്നില്ല.ബോധം വരുമ്പോള്‍ എല്ലാവരും മുമ്പില്‍.എല്ലാവരും കരയുന്നുമുണ്ട്.അമ്മമ്മ  നെഞ്ചത്തടിച്ച് നിലവിളിച്ചു.
മരുന്നോ,മന്ത്രമോ ചെയ്ത്‌ ചക്കരയെ രക്ഷിക്കൂ.
കാറെടുത്തിറങ്ങി.ലക്ഷ്യമില്ലാതെ ഓടിച്ചു.കൃഷിയോഫീസില്‍  എങ്ങനെ എത്തിയെന്നോര്‍മയില്ല.ഓഫീസറോട് വിവരം പറഞ്ഞു.
കീടബാധ ആകാം. നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കില്‍ വഴിയുണ്ടായിരുന്നു.
ഉച്ച കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി.അപ്പോള്‍ മാങ്ങകള്‍ വീഴുന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇരിക്കപ്പൊറുതിയില്ലാതായി.വീട്ടിലെല്ലാവരേയും വിളിപ്പിച്ചു. ഭ്രാന്തമായി  വിളിച്ചു പറഞ്ഞു.    പറയൂ.ആരാണ് എന്റെ ചക്കരയെ കൊന്നത്? കാരണമില്ലാതെ ഇങ്ങനെ സംഭവിക്കില്ല.?
ആരും മിണ്ടുന്നില്ല.ഒടുവില്‍ മാലതിയേച്ചി പതുക്കെ പറഞ്ഞു.  ഞാന്‍ അപ്പോഴെ വേണ്ടാന്നു പറഞ്ഞതാ.
എന്തായാലും പറഞ്ഞേ തീരൂ. ഒച്ച വല്ലാതെയുയര്‍ന്നു.
അറിഞ്ഞു.എല്ലാം.
വലിച്ചെറിയുന്ന സാധനങ്ങള്‍ പെറുക്കാന്‍ വന്ന കുട്ടികള്‍ മാവില്‍ കയറി മാങ്ങ പറിച്ചു.മരുമക്കള്‍ കണ്ടുപിടിച്ച് ഓടിച്ചിട്ടടിച്ചു.മാങ്ങ പിടിച്ചു വാങ്ങി.
വീണുകാല്‍മുട്ടു പൊട്ടി കരഞ്ഞു കൊണ്ടോടിപ്പോകുന്ന കുട്ടികളെ മനസ്സില്‍ കണ്ടു.നിന്നു പുകഞ്ഞു.തലമുടി പിടിച്ചു വലിച്ചു.ഈ ശാപത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടുമീശ്വരാ.ഇവര്‍ക്കൊന്നും എത്ര പറഞ്ഞാലും മനസ്സിലാവില്ലെന്നോ!ഒന്നും സ്വന്തമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല.ഒന്നും തനിച്ചനുഭാവിക്കാറുമില്ല.എന്നിട്ടും ആര്‍ക്കും തിരിച്ചറിവുണ്ടാവുന്നില്ല.
മാവില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. പോകല്ലേ ചക്കരേ,കുട്ടികള്‍ക്ക് മാങ്ങ കൊടുക്കാം.ല്ലാവര്‍ക്കും കൊടുക്കാം.ഞങ്ങളെ വിട്ടു പോകല്ലേ.    
കണ്ണീര്‍ക്കണങ്ങള്‍ പോലെ ഇലകള്‍ ദേഹത്ത് വീണുകൊണ്ടിരുന്നു.തന്റെ കണ്ണില്‍ നിന്നും കണ്ണീരും.എത്രനേരം അങ്ങനെ നിന്നെന്നോര്‍മയില്ല.ശ്രീജ വന്നു പിടിച്ചുകൊണ്ടു പോകുന്നതു വരെ.അന്ന് ആരും പരസ്പരം നോക്കിയില്ല.ഒന്നും മിണ്ടിയില്ല.ഭക്ഷണം കഴിച്ചില്ല.
ഇടയ്ക്കിടെ വീഴുന്ന മാങ്ങയുടെ ശബ്ദം ആരെയും ഉറക്കിയില്ല. പുലര്‍ച്ചയ്ക്ക്  മാഞ്ചുവട്ടില്‍ പോയി നോക്കി.എല്ലാം തീര്‍ന്നിരിക്കുന്നു. ചുറ്റും മാവിലകള്‍ കനത്തിൽ മെത്ത വിരിച്ചപോലെ.അതിൽനിറയെ മാങ്ങകളും.തടി മാത്രം ബാക്കി..ഒന്നേ നോക്കിയുള്ളൂ. ആ മൃതഭൂമിയില്‍ പിന്നെ നിന്നില്ല.തിരിച്ചോടി മുറിയില്‍ കയറി വാതിലടച്ചു. നാടോടിക്കുട്ടികളുടെ കരച്ചില്‍ കേൾക്കാതിരിക്കാൻ ചെവിയിൽ വിരലിട്ടു.
(ഇങ്ങനെ വിശ്വസിക്കുന്ന മനുഷ്യർ ഭൂമിയിൽ അവശേഷിക്കുന്നതു കൊണ്ടാണ് ഇവിടെ ഇപ്പോഴും ജീവൻ നിലനിൽക്കുന്നത്.)

23 comments:

ഒഴാക്കന്‍. said...

ചിലര്‍ അങ്ങനയാ മാങ്ങ കണ്ടാലും പറക്കില്ല :)

faisu madeena said...

‘നീ കളിയാക്കണ്ട. നിന്നോട് മിണ്ടിയില്ലെങ്കിലും ഞാന്‍ അവളോട്‌ മിണ്ടും.’

ഇതൊരു കഥ ആണെങ്കിലും ഇത് പോലെയുള്ള കുറെ ആള്‍ക്കാര്‍ ഇപ്പോഴും ജീവിക്കുന്നത് കൊണ്ടാണ് നമുടെ കാടും പുഴയും ഒക്കെ ഇപ്പോഴും നില നില്‍ക്കുന്നത് .....നല്ല കഥ .ഇഷ്ട്ടപ്പെട്ടു ........താങ്ക്സ്.

HAINA said...

നല്ല കഥ . ചക്കരയുമായുള്ള കിന്നാരം ഇഷ്ടപെട്ടു.

Muralee Mukundan , ബിലാത്തിപട്ടണം said...

തീർച്ചയായിട്ടും ഇങ്ങിനെയൊക്കെ ജീവിക്കുന്ന ചിലർ ഉള്ളതുകൊണ്ടാണല്ലോ ഭൂമിയിൽ ഇന്നും ഈ പച്ചപ്പറ്റർപ്പുകൾ നിലനിൽക്കുന്നത് ...കേട്ടൊ ടീച്ചറേ...

mini//മിനി said...

ഒരു മരത്തിന്റെ നൊമ്പരം ആരറിയാൻ?

മുകിൽ said...

nannaayi. valare nannaayi.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നന്നായി എഴുതി .ടീച്ചറേ..
എല്ലാര്ക്കും നന്മ വരട്ടെ

Unknown said...

പാവം ചക്കരമാവ്‌,,

Unknown said...

നല്ല കഥ ചേച്ചീ... നല്ല ഭാഷ

Thabarak Rahman Saahini said...

മരങ്ങളോടുള്ള പ്രണയം,
അങ്ങനെയുള്ളവര്‍ ഉള്ളത് കൊണ്ടാണ്
ഈ ഭൂമി ഈ വിധമെങ്കിലും
നിലനിന്നു പോകുന്നത്.
കല്ലേന്‍ പൊക്കുടന്‍ ഉദാഹരണം.
എനിക്ക് മരങ്ങള്‍ ഒരു ഗൃഹാതുരത്വം തന്നെയാണ്,
എന്റെ കഥയില്‍ എവിടെയെങ്കിലും,
മരങ്ങളെ ക്കുറിച്ചുള്ള ഒരു ചെറിയ
പരാമര്‍ശമെങ്കിലും, കൊണ്ടുവരുവാന്‍
ഞാന്‍ ശ്രമിക്കാറുണ്ട്.
നന്ദി ടീച്ചറെ
സ്നേഹപൂര്‍വ്വം, താബു.

ഒരു നുറുങ്ങ് said...

മാവ്,മാവ്...തേന്മാവ്.., ബഷീറിയന്‍ മാവും,മാഞ്ചുവടും ഓര്‍ത്തുപോയി..! കാലം തെറ്റി വന്ന മഴ ഇത്തവണ മാമ്പൂക്കളെ വന്ധ്യയാക്കിയെന്ന് തോന്നും,പൂവിട്ട മാവിന്‍റെ ശോകമൂകമായ നില്പ് കണ്ടാല്‍..! ചക്കരമാവും,ചക്കരവര്‍ത്തമാനങ്ങളും ഏറെ ഇഷ്ടം തോന്നിച്ചു,ആശംസകള്‍.

ജയരാജ്‌മുരുക്കുംപുഴ said...

assalayi paranjirikkunnu.... aashamsakal.....

Anonymous said...

ഞാൻ ആദ്യമായിട്ടാ ഇവിടെ. ഒരു സുഹൃത്ത് പറഞ്ഞു വന്നതാ ഈ വഴി ... മരങ്ങളോടുള്ള ഇഷ്ട്ടം അത് എഴുത്തിൽ നിന്നും മനസ്സിലായി വളരെ നന്നായി എഴുത്ത് .ഭാവുകങ്ങൾ...... പ്രാർഥനകൾ..

nikhimenon said...

this year's nbs film awards

http://nikhimenon.blogspot.com/2010/12/nbs-film-awards-2010-part-1.html

ശാന്ത കാവുമ്പായി said...

കഥ വായിച്ച എല്ലാവർക്കും നന്ദി.കഥയിലുൾപ്പെടുത്തിയെങ്കിലും ഒരാൾക്കെങ്കിലും ഇത് അനുഭവമാണ്.

SUJITH KAYYUR said...

നല്ല കഥ ജീവിതം തന്നെയാണ്.

Gopakumar V S (ഗോപന്‍ ) said...

ഇത് കൊള്ളാം...നന്നായിട്ടുണ്ട്...ആശംസകള്‍

ഏ.ആര്‍. നജീം said...

ടീച്ചറെ കഥ ഇഷ്ടായി, ഒരുപാട്..

മരങ്ങള്‍ക്ക് ജീവനുണ്ട് എന്ന് ശാസ്ത്രം പറയുന്നു മരങ്ങള്‍ക്കും വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്നു തോന്നലുളവാക്കുന്ന കഥയും ..

അഭിനന്ദനങ്ങള്‍

Unknown said...

nannaayo?

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

Anonymous said...

very good

Anonymous said...

This is a very good story
I LIKED THIS STORY VERY MUCH

BY ,
ANJU .ANNA. SHAJI.
ATHULYA .JACOB.

WE ARE THE STUDENTS OF

SACRED HEART HIGH SCHOOL

PAYYAVOOR

ശാന്ത കാവുമ്പായി said...

സുജിത് കയ്യൂർ,ഗോപകുമാർ,നജീം,ബിജു പ്രദീപ് അഭിപ്രായമറിയിച്ചതിൽ സന്തോഷം.
അഞ്ചു,അന്ന,ഷാജി,അതുല്യ, ജേക്കബ് നിങ്ങൾക്കു വേണ്ടിയാണ് ഞാനീ കഥ എഴുതിയത്.നിങ്ങൾക്കിഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം നോബൽ സമ്മാനം കിട്ടിയാലുണ്ടാവില്ല.