Monday, May 24, 2010

ഉദകക്രിയ

കരിഞ്ഞു വീണൂ കുറ്റിക്കാട്ടില്‍ കൈക്കുഞ്ഞു-
ങ്ങളുമച്ഛനുമമ്മയുമെല്ലാമൊന്നായ്‌.
കാണാനുഴറും കണ്ണുകള്‍ കാവല്‍ നില്‍ക്കെ
ക്കടന്നു പോയവര്‍ കണ്ണീര്‍ മാത്രം ബാക്കി.
തകര്‍ന്നു വീഴും വീടിനു തൂണാകാനായ്‌
പൊരിയും വയറിനു പശി മാറ്റാനും.
മരുഭൂ തേടി പറന്നുപോയവിടെ
പൊരുതി നേടാനെല്ലാം പണിതുയര്‍ത്താന്‍
എരിയും തനുവില്‍ കുളിരുമൊരോര്‍മ
പൊരിയും വെയിലില്‍ തുണയായ്‌ കൂടെ.
കാത്തിരിപ്പുണ്ടുറ്റവരുടയവരൊന്നായ്‌
വഴിക്കണ്ണുമായെന്‍റെ വരവും നോക്കി.
ഓമലാളിന്‍ കണ്ണീര്‍ പുരണ്ട ചിരിയും
പിഞ്ചു പൈതലിന്‍ കിളിക്കൊഞ്ചല്‍ നാദവും.
പരിഭവിക്കുമമ്മ തന്‍ വാത്സല്യവും
അച്ഛന്‍റെയാശ്ലേഷ സ്നേഹവായ്പുമെല്ലാം
വരളും മണല്‍ക്കാട്ടിലിളം തെന്നലായ്‌
കരളില്‍ താരും തളിരുമായ് വളര്‍ന്നു.
അത്തണലിലിത്തിരി വിയര്‍പ്പാറ്റിയിട്ട്
നെയ്തെടുത്ത സ്വപ്നങ്ങളുമായി വരും
രാജകുമാരനായ്‌ കാത്തിരിപ്പോര്‍ക്കായി
കുറ്റിക്കാട്ടിലെരിഞ്ഞു തീര്‍ന്നതിന്‍ ബാക്കി
ഹൃദയത്തിലണയാതെരിയാന്‍ നല്‍കി
യാത്രയായേതു കരയിലെന്നോരാതെ.
ജീവിച്ചു കൊതി തീരാതെയാരോടുമൊ-
രുമൊഴിയോതാതെയവരന്ത്യയാത്ര.
ചെയ്യട്ടെ ഞാനുമെന്നുടപ്പിറപ്പുകള്‍ക്ക്
കണ്ണീരു കലരുമൊരുദകക്രിയ.

23 comments:

mukthaRionism said...

കണ്ണുനീർ.
പ്രാർഥനകൾ..

അലി said...

സ്വപ്നം നിറച്ച വഴിക്കണ്ണുമായി കാത്തിരുന്ന ഉറ്റവരിലേക്കൊരു കരിക്കട്ടയായ് ചെന്നെത്തേണ്ടിവന്ന ഹതഭാഗ്യർക്കായ് ഒരിറ്റു കണ്ണീർ.

ഒരു നുറുങ്ങ് said...

കണ്ണീരിനും,കരിനിറം...
നൂറുക്കണക്കിക്കിന് കുടുംബങ്ങള്‍ക്ക്,സമാശ്വാസം
ലഭിക്കാന്‍ ദൈവം തുണക്കട്ടെ,പ്രാര്‍ത്ഥന മാത്രമേയുള്ളു നമുക്കവര്‍ക്ക് നല്‍കാന്‍...

Typist | എഴുത്തുകാരി said...

വല്ലാതെ സങ്കടം തോന്നുന്നു.

ഉപാസന || Upasana said...

വായിച്ചു.
എഴുത്ത് നല്ലത്. അത്നപ്പുറം ഒന്നും പറയുന്നില്ല.
:-(

ഒരു യാത്രികന്‍ said...

പ്രാര്‍ത്ഥനകള്‍ മാത്രം....സസ്നേഹം

mahesh said...

chilappol daivam engane krooranakumo???,enthinna????

Kalavallabhan said...

വാർത്തയറിഞ്ഞ് വിഷമം തീരുമ്മുൻപ് ഇതാ ഒരു കവിതാ വാർത്ത.
ഇത്തിരി വേദനിപ്പിക്കുന്ന കവിത.

(“കവിതാ വാർത്ത” : നല്ലൊരാശയം അല്ലേ ? വാർത്തകളെ കവിതകളായി അവതരിപ്പിക്കുക.) ഇപ്പോൾ കമന്റെഴുതിയപ്പോൾ തോന്നിച്ചതാണു.)

krishnakumar513 said...

സങ്കടം ഉണര്‍ത്തുന്ന വരികള്‍ .......

ബിജുകുമാര്‍ alakode said...

ശാന്തേച്ചി, നന്നായിരിയ്ക്കുന്നു. എന്നെപ്പോലുള്ള പ്രവാസികളുടെ കണ്ണീരും വേദനയും ആവാഹിച്ച വരികള്‍ . അര്‍പ്പിക്കട്ടെ ഒരിറ്റു കണ്ണീര്‍

പട്ടേപ്പാടം റാംജി said...

തുടര്‍ക്കഥ പോലെ വിട്ടൊഴിയാതെ പ്രവാസിക്ക് മേല്‍ വീണ്ടും......

കണ്ണുനീര്‍ അര്‍പ്പിക്കുന്നു.

Nikki said...

maranam rangabodhamillatha komaliyepole veendum...
Kurachu jeevithangalude mel karinizhalayi, pratheekshakalude chirakarinju...

mun janma paapa bhalamayittu manushyan vendum janikkunnu ennu
kettittundu, angane janikkumbol nammal ariyathe thanne munjanmathil
cheytha paapathinte falam anubhavikkunnu (rogangaliloode,
dhurithangaliloode, athupole ulla mattu prayasangaliloode).
Daivathinte kanakku pusthakathil cheytha paapathinu pariharam aakumbol
nammale thirike vilikkunnu, aa samayathu orupakshe nammal jeevitha
vazhiyil pakuthiplum sancharichittundavilla....
Marichavar nammalekkal bhagyam cheythavar...
vedhanayum, rogavum, pakayum, vidhweshavum, jathi-matha chinthakalum,
kapatyavum onnumillatha oru lokathu avar vishramikkatte...

avarude athmavukalkku vendi prarthikkunnu...

Anil cheleri kumaran said...
This comment has been removed by the author.
kavitha said...

nanayitundu ..

sm sadique said...

ജീവിച്ചു കൊതി തീരാതെയാരോടുമൊ-
രുമൊഴിയോതാതെയവരന്ത്യയാത്ര.
ചെയ്യട്ടെ ഞാനുമെന്നുടപ്പിറപ്പുകള്‍ക്ക്
കണ്ണീരു കലരുമൊരുദകക്രിയ.
എന്റെ വാക്കുകൾ വിറക്കുന്നു, പ്രാർത്ഥനകൾ മാത്രം.

Anonymous said...

great

എന്‍.ബി.സുരേഷ് said...

ഒരു മരണം ദുരന്തവും ഒരു കൂട്ടം മരണം കണക്കെടുപ്പുമാണെന്ന് പറയാറുണ്ട്.

ജീവിതം എപ്പോശും നമ്മെ മരണം പഠിപ്പിക്കുന്നു.
മരണം നമ്മെ എപ്പോഴും ജീവിതവും പഠിപ്പിക്കുന്നു.
കവിതയില്‍ കരുണയുണ്ട്.
കണ്ണീരുണ്ട്.

കണ്ണീരിനെ പിന്‍‌തുടരുന്ന കവിത.

MARIYATH said...

oru njettaluyarthi,
neerumormakalaayi avar namme vittupoyi....
varikal nannayittund...

ശാന്ത കാവുമ്പായി said...

എന്തും വൈകി മാത്രം ലഭിക്കുന്ന എനിക്ക്‌ മേയ്‌ 22 ന്‌ പുലർച്ചയുണ്ടായ ദുരന്തത്തിന്റെ വാർത്തയും വൈകിയാണ്‌ ലഭിച്ചത്‌.എന്റെ ഒരു ഓൺ ലൈൻ സുഹൃത്ത്‌ പറഞ്ഞപ്പോഴാണ്‌ ആദ്യം അറിഞ്ഞത്‌.പിന്നെ ടി.വി.തുറന്ന് ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും അറിഞ്ഞു.ഹൃദയത്തിൽ നൊമ്പരമായി,വിങ്ങലായി ഒരു തീവ്ര വികാരമായി നിറഞ്ഞപ്പോൾ പുറത്തേക്കൊഴുകാതെ പറ്റില്ലെന്നായി.അതാണ്‌ അക്ഷരങ്ങളിൽ നിറഞ്ഞു കാണുന്നത്‌.
മുഖ്താർ ഉദരമ്പൊയിൽ,അലി.ഒരു നുറുങ്ങ്‌,എഴുത്തുകാരി,ഉപാസന,ഒരു യാത്രികൻ,മഹേഷ്‌,കലാവല്ലഭൻ,കൃഷ്ണകുമാർ,ബിജുകുമാർ,പട്ടേപ്പാടം റാംജി,നിക്കി,കുമാരൻ,കവിത,എസ്‌.എം.സാദിഖ്‌,അനോനിമസ്‌,എൻ.ബി.സുരേഷ്‌,മാരിയത്ത്‌ എന്റെ വേദനയിൽ പങ്കു ചേരാനെത്തിയതിൽ നന്ദി.

Anil cheleri kumaran said...

ചെയ്യട്ടെ ഞാനുമെന്നുടപ്പിറപ്പുകള്‍ക്ക്
കണ്ണീരു കലരുമൊരുദകക്രിയ.

:(

jyo.mds said...

ആകസ്മികമായുണ്ടായ ദുരന്തം-വേണ്ടപ്പെട്ടവര്‍ എങ്ങിനെ സഹിക്കുന്നു?...പ്രാര്‍ത്ഥന

വരവൂരാൻ said...

'' ഹൃദയത്തിൽ നൊമ്പരമായി,വിങ്ങലായി ഒരു തീവ്ര വികാരമായി നിറഞ്ഞപ്പോൾ പുറത്തേക്കൊഴുകാതെ പറ്റില്ലെന്നായി.അതാണ്‌ അക്ഷരങ്ങളിൽ നിറഞ്ഞു കാണുന്നത്‌.''

വരികൾ വേദനിപ്പിച്ചു
ഈ മനസ്സിനു നന്മകൾ നേരുന്നു

rajith said...

valare nannaayi..nalla vaakugal