Wednesday, July 8, 2009

കാവുമ്പായിയിലെ എന്റെ അങ്ങേമ്മ

ഞാൻ ഒരു കാവുമ്പായിക്കാരിയാണ്.

1940-50കാലഘട്ടങ്ങളിൽ സമരത്തിന്റെ എരിതീയിലെരിഞ്ഞ നാട്‌.അന്നന്നത്തെ അന്നമുണ്ടാക്കാനുള്ള മണ്ണിനു വേണ്ടി തുടങ്ങി ഏതെല്ലാമോ തലങ്ങളിലെത്തിച്ചേർന്ന സമരം.സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെന്റെ പൂർവ്വികർ ആ സമരത്തിലെരിഞ്ഞടങ്ങി.

കാവുമ്പായി സമരത്തിന്റെ നേതൃനിരയിലുള്ള ആളായിരുന്നു എന്റെ അച്ഛന്റെ അച്ഛൻ,
സഖാവ്‌ തളിയൻ രാമൻ നമ്പ്യാർ എന്നറിയപ്പെട്ടിരുന്ന എടക്ലവൻ കുഞ്ഞിരാമൻ നമ്പ്യാർ.

കരക്കാട്ടിടം നായനാർ കൈയടക്കി വെച്ചിരുന്ന ഭൂമിയിൽ പുനം കൊത്തിയായിരുന്നു കാവുമ്പായിക്കാർ-ചുറ്റുവട്ടത്തെ മറ്റു പ്രദേശക്കാരും-ഉപജീവനം കഴിച്ചിരുന്നത്‌.ഈ ഭൂമിയിൽ
കൃഷി ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോൾ പാവപ്പെട്ട നാട്ടുകാർക്ക്‌ സമരമല്ലാതെ
മറ്റ്‌ മാർഗ്ഗമില്ലായിരുന്നു.

പലവിധ ചൂഷണങ്ങൾക്കും മർദ്ദനങ്ങൾക്കും വിധേയരായിരുന്ന നാട്ടുകാരെ സംഘടിപ്പി
ക്കാൻ നേതൃപാടവമുള്ള സഖാവ്‌ തളിയനു കഴിഞ്ഞു.നാട്ടുകാരോടൊപ്പം ജന്മിക്കെതിരെ പോരാടാൻ അദ്ദേഹത്തിനു കുടുംബമോ മറ്റു കെട്ടുപാടുകളോ ഒരു തടസ്സമായി തോന്നിയില്ല.

ഞാൻ ജനിക്കുന്നതിന്‌ കുറെ വർഷങ്ങൾക്കു മുമ്പു തന്നെ എന്റെ മുത്തച്ഛൻ സേലം ജയിലിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

1950ഫെബ്രുവരി11ന്‌.

ഒരു നാടിന്റെയും ജനതയുടെയും സാമൂഹ്യവും രാഷ്ട്രീയവുമായ സമൂല പരിവർത്തനത്തിന്‌
നേതൃത്വം നൽകിയ ആൾ ഒരുപാടുയരത്തിൽ തന്നെയാണ്‌.കാവുമ്പായിക്കാരുടെ വീരനായകനായി ഇന്നുംഅദ്ദേഹംആരാധിക്കപ്പെടുന്നു.

ഫെബ്രുവരി11രക്തസാക്ഷി ദിനമായി നാട്ടിൽ ആചരിക്കുന്നുണ്ട്.

എന്റെ അച്ഛൻ ഇ.കെ.രാഘവൻനമ്പ്യാർ,തന്റെ പിതാവിന്റ സ്മരണ നിലനിർത്താൻ
നിർമ്മിച്ച്‌ നാട്ടുകാർക്ക്‌ സമർപ്പിച്ച ഒരു സ്ഥാപനമുണ്ട്.

തളിയൻ രാമൻ നമ്പ്യാർ സ്മാരക പൊതുജനവായനശാല$ഗ്രന്ഥാലയം'.

അതിപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്ന്ണ്ട്‌ നാടിന്റെ പുരോഗതിക്കും സാംസ്കാ
രിക വളർച്ച്ക്കും ഈ സ്ഥാപനം നിർണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്‌.ജീവിച്ചിരിക്കുമ്പോൾ
സഖാവ്‌ തളിയൻ നാടിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചു.മരിച്ചപ്പോഴും അതുതന്നെ
ചെയ്യുന്നു.



ഇതൊക്കെ പലപ്പോഴായി പലരും എഴുതിയും പറഞ്ഞും എല്ലാവരു-
മറിഞ്ഞ കാര്യം.

സഖാവ്‌ തളിയൻ എന്റെ മനസ്സിൽ ഇപ്പോൾ ഒരുമിത്തായി നിലകൊള്ളുന്നു.

അദ്ദേഹത്തിന്റെ അസാമാന്യയായ ഭാര്യ,എന്റെ അങ്ങേമ്മ,അവരെക്കുറിച്ചാണ്‌ എനിക്കുപറയാനുള്ളത്‌.അതിന്‌ എന്റെ പദസമ്പത്ത് മുഴുവനുപയോഗിച്ചാലും മതിയാവില്ല.
കുഞ്ഞി എന്നു വിളിക്കുന്ന ഉമ്മങ്ങ അമ്മ.

താനായിട്ട്‌ ഒന്നും ചെയ്യാതെ തന്നെ സമരത്തിന്റെ ഒഴുക്കിൽപ്പെട്ടുപോയവർ.അതി
ലൊഴുകിയൊഴുകി പ്രിയപ്പെട്ടതെല്ലാം കൈവിട്ടുപോയിട്ടും ജീവിതത്തെ ചൊൽപ്പടിയിൽ
ശ്രമിച്ച എന്റെ അങ്ങേമ്മ.

സുഖമില്ലാതെ ജനിച്ച കുഞ്ഞായതുകൊണ്ടും ജീവിതദുരിതങ്ങൾ കൊണ്ടും എന്റെ
മാതാപി താക്കൾ രൗദ്രമൂർത്തികളായി മാറിയിരുന്നു.അവരിൽനിന്നും രക്ഷപ്പെടാൻ ബാല്യ
ത്തിൽ ഞാൻ അങ്ങേമ്മയുടെ കൂടെയാണ്‌ താമസിച്ചിരുന്നത്‌.എന്റെ അമ്മയേക്കാൾ ഞാൻ
അങ്ങേമ്മയെ സ്നേഹിച്ചു. എന്റെ മരുന്നു എന്ന കവിത അവരെക്കുറിച്ചുള്ളതാണ്. എഴുതിത്തീരു
മ്പോഴേക്കും എന്നെ കരയിച്ച കവിത.

ഉമ്മങ്ങമ്മ








ഭർത്താവ്‌ സമരരംഗത്തിറങ്ങിയതുകൊണ്ട്‌ അമ്മയുടെ ജീവിതം യാതനക
ളുടെയും പീഡനങ്ങളുടെയും സ്ത്രീ പർവ്വമായിത്തീർന്നു. അതിലെ ഓരോ വരിയും
എനിക്കു മന:പാഠമായിരുന്നു. കാരണം കഥകളുടെ പെരുമഴക്കാലമായിരുന്നു എനിക്ക്‌
ആ കാലഘട്ടം. മുത്തശ്ശിക്കഥകളല്ല.സമരകഥകൾ.കണ്ണീരിന്റെ നനവും ചൂടുമുള്ള അനു
ഭവകഥകൾ. കുഞ്ഞ്യേടത്തിയുടെ അടുത്ത്‌ പല കാര്യങ്ങൾക്കായി ബന്ധുക്കളും നാട്ടുകാരുമെത്തിയിരുന്നു. അവരുടെ മുമ്പിൽ വിദുഷിയായ അമ്മയുടെ നാവിൽനിന്നും
ഭാഗവത-രാമായണാദി കൃതികളിലെ ഉദ്ധരണികളുടെ അകമ്പടിയോടെ കഥകൾ പ്രവഹിച്ചു.

ആ ഗംഗാപ്രവാഹത്തിൽ ഞാൻ മുങ്ങിക്കുളിച്ചു.

അങ്ങനെ ഞാൻ എം.എസ്‌.പി.ക്കാരുടെ വരവിന്‌.സാക്ഷിയായി. പലപ്പോഴും അവരുടെ
ബൂട്സിന്റെ ശബ്ദം കേട്ടു.കൂർമ്പൻ തൊപ്പി കണ്ടു. സബ്‌ ഇൻസ്പെക്ടർ രാമൻമേനോനെ പരിചയപ്പെട്ടു. എം.എസ്‌.പി.യുടെയും കാര്യസ്ഥൻമാരുടെയും ഗുണ്ടായിസത്തിന്‌ ഒത്താശ
ചെയ്യുന്ന വരെ കണ്ടു.പേടിച്ചരണ്ട നാട്ടുകാരെയും കണ്ടു.ഇവരൊക്കെ ഒരു ചലച്ചിത്രത്തിലെന്ന
പോലെ എന്റെ മുമ്പിലൂടെ കടന്നുപോയി.

സംഭവബഹുലമായ ആ കാലഘട്ടം എന്റെ മുമ്പിൽ തിരശ്ശീല നീക്കി.കാവുമ്പായി സമര
ത്തിന്റെ തുടക്കം മുതലേ ഭരണകൂട്ത്തിന്റെ സർവ്വവിധ സഹായവും പ്രതാപിയായ കരക്കാട്ടിടം നായനാർക്കു ലഭിച്ചിരുന്നു.അതുകൊണ്ടു തന്നെ ഈ കർഷക സമരത്തിൽ അനുരഞ്ജനമെന്ന
ഒരു വാക്കേ ഉണ്ടായിരുന്നില്ല.സമരക്കാരെ അടിച്ചമർത്താൻ വീണ്ടും വീണ്ടും പോലീസിനെ
അയച്ചു കൊടുത്തു അധികാരികൾ. എള്ളരിഞ്ഞി നായനാരുടെ പത്തായപ്പുര പോലീസിന്റെ താവളമായി.

സമരക്കുന്നിൽ കേന്ദ്രീകരിച്ച്‌ പ്രതിരോധം തുടങ്ങിയ കർഷകർക്കു നേരെ വെടിവച്ചു
പോലീസ്‌. അഞ്ചു പേർ അവിടെ പിടഞ്ഞു വീണു മരിച്ചു.

1946ഡിസമ്പർ30ന്‌.

പതിനൊന്നു പേരെ പിടികൂടി നായനാരുടെ പത്തായപ്പുരയിലടച്ച്‌ മർദ്ദിച്ചു.രക്ഷപ്പെട്ട
വർ ഒളിവിലായി .രക്ഷപ്പെട്ടവരെത്തേടി പോലീസ്‌ പടയോട്ടം തുടങ്ങി.ഒറ്റുകാരിലൊരാളുടെ
കൊല അവസ്ഥ ഒന്നുകൂടി അസഹനീയമാക്കി.വീടുകൾക്ക്‌ തീവെച്ചു .സ്ത്രീകളേയും കുട്ടിക
ളേയും ആക്രമിച്ചു.

അസാമാന്യ ധീരയായിരുന്നു എന്റെ അങ്ങേമ്മ.ജീവിതത്തിന്റെ പ്രതിസന്ധികളി
ലൊന്നും അവർ തളർന്നില്ല.തളരാൻ അവർക്ക്‌ പറ്റില്ലായിരുന്നു. ഭർത്താവും കൗമാരക്കാര
നായ മൂത്ത മകനും ആദ്യം ഒളിവിൽ;പിന്നെ ജയിലിലും.ബാക്കിയുള്ളത്‌ ബാല്യം വിട്ടു മാറാ
ത്ത എന്റെ അച്ഛനും ഇളയ അനുജനും.ഇവരുടെ സംരക്ഷണം അശരണയായ ആ സ്ത്രീയുടെ കൈയിലാണ്‌.

ഇ.കെ.നാരായണൻ നമ്പ്യാർ














ഇ.കെ.രാഘവൻ നമ്പ്യാർ








അമ്മയുടെ കൈയിൽ തോളിനു താഴെയായി കല്ലിച്ച മുഴ പോലൊരു തടിപ്പുണ്ട്‌.
ചിലപ്പോഴൊക്കെ ഞാനത്‌ തൊട്ടുനോക്കാറുണ്ട്‌. ഒളിവിലായിരുന്ന ഭർത്താവിനെത്തേടി എം.എസ്‌.പി.പടയിളകി വരും.മര്യദയില്ലാത്ത ചോദ്യങ്ങൾക്ക്‌ ഉരുളയ്ക്കുപ്പേരി പോലുള്ള
മറുപടി കേൾക്കുമ്പോൾ പോലീസിന്റെ അഹന്ത ആളിക്കത്തും.പിന്നെ അടി തന്നെ.സ്ത്രീ
യെന്ന പരിഗണന പോലുമില്ലാതെ. ഇന്ന് ഞാനോർക്കുകയാണ്‌ .

‘ ദൈവമേ...എന്തൊക്കെ അവരനുഭവിച്ചു കാണില്ല!’


ഏതാണ്ട് പതിനഞ്ച് വയസ്സു പ്രായമുള്ള എന്റെ അച്ഛനെ എം.എസ്പി.യുടെ കൈ
യിൽ നിന്ന് രക്ഷിക്കാൻ പെൺവേഷം കെട്ടിച്ച് ബന്ധുവീട്ടിലേക്കു നാടുകടത്തേണ്ടി വന്നു.
അതിനിടയിൽ എംഎസ്പി ആഘോഷമായി വീടും കത്തിച്ചു. (കർഷകനേതാവായ തളിയൻ
രാമൻ നമ്പ്യാരുടെ വീടിന്‌ തീ വെച്ചു-എന്റെ ജീവിതകഥ-ഏ.കെ.ജി.പേജ്‌-276)
ഇന്നലെ വരെ ഉറ്റവരും സുഹൃത്തുക്കളുമായിരുന്നവർ ഇന്ന് എം.എസ്‌.പി.ക്കാരുടെ
ഒത്താശക്കാരായി മാറി.അവർ അമ്മിക്കല്ല് വരെയുള്ള വീട്ടുപകരണങ്ങൾ കിണറ്റിലിട്ടു.
ചെറിയ മകന്റെ കൈയും പിടിച്ച് അമ്മ അത് നോക്കി നിന്നു. കത്തുന്ന വീടിന്റെ അഗ്നി
സ്വന്തം ഹൃദയത്തിലേറ്റു വാങ്ങിക്കൊണ്ട്‌.

കയറിക്കിടക്കാൻ വീടില്ലാതെ അമ്മയും മകനും പല സ്ഥലത്തും അഭയം തേടി
ച്ചെന്നു.കരക്കാട്ടിടം നായനാരുടെയും എം.എസ്‌.പി.യുടെയും ശത്രുവിന്റെ വീട്ടുകാരിക്ക്‌ ആര്‌
അഭയം നൽകും?

കുറെ പരിഹാസം;കുറെ പേടി.

എപ്പോഴും സ്വന്തമായി സമ്പാദ്യമുള്ളആളായിരുന്നുകുഞ്ഞ്യമ്മ. മടിയിൽ പണവുമായി
വിശന്നു തളർന്ന് അമ്മയും മകനും നടന്നു. ഈ അലച്ചലിനിടയിൽ മകന് മഞ്ഞപ്പിത്തം ബാധിച്ചു.ആവശ്യത്തിന് ചികിത്സയും ഭക്ഷണവും കിട്ടാതെ മകൻ മരിച്ചു. പിൽക്കാലത്ത്
ഭാഗവതത്തിൽ കൃഷ്ണലീല വായിക്കുമ്പോൾ അമ്മയുടെ കണ്ഠമിടറും.ധാരധാരയായി കണ്ണീ
രൊഴുകും.

പൊന്നുമോനെയോർത്ത്‌.

ഏഴു മക്കളെ പ്രസവിച്ച അമ്മ.മൂന്നെണ്ണം ബാക്കിയായി. മൂത്തമകനും ഭർത്താവും
ജയിലിൽ വധശിക്ഷ കാത്തു കഴിയുന്നു രണ്ടാമൻ ഒളിവിൽ.കൂടെയുള്ള പൊന്നുമോനെ
വിധിയും കവർന്നെടുത്തു. ആ അമ്മ എന്നിട്ടും തളർന്നില്ല. അധികം വൈകാതെ
ഏറ്റവും ഭീകരമായ അടിയും കിട്ടി.ഭർത്താവ്‌ സേലം ജയിലിൽ വെടിവെപ്പിൽ വധിക്ക
പ്പെട്ടു എന്ന കമ്പി വാർത്ത.മകൻ നാരായണൻ മരിച്ചോ എന്നറിയില്ല.അതുവരെ തടഞ്ഞു നിർത്തിയതൊക്കെ അണപൊട്ടിയൊഴുകി.ബോധം കെട്ടുവീണു കുഞ്ഞ്യമ്മ.

സഖാവിന്റെ വിധവയെ ആശ്വസിപ്പിക്കാൻ ഏ.കെ.ജി.യെത്തി. കെ.പി.ആറും കേര
ളീയനും മറ്റു പലരുമെത്തി. കൊത്തിപ്പറിക്കാൻ വരുന്ന കഴുകൻമാരിൽനിന്നും സ്വത്തുക്കൾ സംരക്ഷിക്കാൻ കഴിഞ്ഞത്‌ അമ്മയുടെ ധൈര്യവും തന്റേടവും കാര്യപ്രാപ്തിയും കൊണ്ടു
മാത്രമായിരുന്നു. പൊള്ളക്കാടി കണ്ടവും വലിയ വയലുമൊക്കെ പിടിച്ചുനിർത്തിയ കഥ അമ്മ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.പലർക്കും അതിൽ കണ്ണുണ്ടായിരുന്നത്രെ.

തന്നോട്‌ അന്യായം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ആട്ടിത്തെറിപ്പിക്കാൻ
ഒരാണിന്റെ പിന്തുണ ഒരിക്കലും അവർക്ക് ആവശ്യമുണ്ടായിരുന്നില്ല.അവരെക്കുറിച്ച്‌ നാട്ടുകാർ പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌.

'തളിയന്മാർ വീട്ടിലോറോട്‌ പറയാൻ കഴിയില്ല.ഭയങ്കര ദേഷ്യാ.'

ചിലപ്പോഴൊക്കെ അത്രയ്ക്കു രൂക്ഷമായി പ്രതികരിക്കാറുണ്ടായിരുന്നു അമ്മ. കനൽ
വഴികളിലൂടെ മാത്രം സഞ്ചരിച്ച ഒരാൾ പിന്നെങ്ങനെയാണ്‌ പ്രതികരിക്കേണ്ടത്‌?
വിനീത വിധേയയായ ഒരു സാധാരണ വീട്ടമ്മയായി എങ്ങനെ അവർക്ക്‌ പെരുമാറാൻ കഴിയും? പിൽക്കാലത്തെ അവരുടെ ലോകം നേടാൻ ആരാണ്‌ അവരെ സഹായിച്ചത്‌?
ഭർത്താവ്‌?
മക്കൾ?
സമൂഹം?

ആരുമല്ല. അവർ തന്നെ നേടിയെടുത്തതാണ്‌.

ഇത്‌ അമ്മയുടെ ഒരു മുഖം മാത്രം.

സ്നേഹമയിയും ദാനശീലയുമായിരുന്നു അവർ. കർക്കിടകം പോലുള്ള പഞ്ഞമാസ
ങ്ങളിൽ അമ്മയ്ക്ക്‌ സന്ദർശകരേറെയുണ്ടാകും.ചക്കയും അരിയും ചില്ലറ കാശും ഒക്കെ ചോദിച്ചുകൊണ്ട്‌.കൈയിലുള്ളത്‌ ചോദിക്കുന്നവർക്കു കൊടുക്കും.ഉടുത്ത മുണ്ടു പോലും
പോലും അഴിച്ച്‌ കൊടുക്കുന്നത്‌ ഞാൻ പലവട്ടം കണ്ടിട്ടുണ്ട്‌.ഒരേ സമയം രൗദ്രയും വരദാ
യിനിയും ആയിരുന്നു അമ്മ.

ഇങ്ങനെയുള്ള ഒരാളെക്കുറിച്ചാണ്‌ സതീഷ്‌ ബാബു പയ്യന്നൂർ എഴുതിയത്‌'കുന്നത്തൂർപ്പാടിയിൽ വെച്ച്‌ നായനാറുടെ പിടിയിൽ പെട്ട്‌ കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞ്യമ്മയെ സഖാവ്‌ തളിയൻ രക്ഷിച്ചു.(മണ്ണ്‌ പേജ്‌-94)
അക്കാലത്ത്‌ നമ്പ്യാർ സ്ത്രീകൾ കുന്നത്തൂർപ്പാടിയിൽ പോകാറില്ല.സതീഷ്‌ ബാബുവിന്റെ മണ്ണ്‌ നല്ലൊരു ഉദ്യമമാണെങ്കിലും ആ കാലഘട്ടത്തെയും കുഞ്ഞ്യമ്മയെയും ഉൾക്കൊള്ളാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ല.ദേശാഭിമാനിയിൽ ആ ലക്കം പുറത്തിറങ്ങിയ ഉടൻ തന്നെ ഞാൻ എന്റെ വിയോജിപ്പ്‌ അദ്ദേഹത്തെ എഴുതി അറിയ്ച്ചിരുന്നു.

ആദ്യം മുതൽ അവസാനം വരെ അമ്മ തനിച്ചായിരുന്നു.തന്റെ ജീവിതം ജീവിച്ചു തീർക്കാൻ
ആരും അവർക്കു തുണയായില്ല.അവർ മറ്റുള്ളവർക്കു തുണയായിട്ടേ ഉള്ളൂ. ശേഷിച്ച രണ്ട്‌ മക്കളുടെ ഭാവിയുംജീവിതവും അവർ തനിച്ച്‌ കരുപ്പിടിപ്പിച്ചെടുത്തു.അവസാനം വരെ മക്കളെപ്പോലും ആശ്രയിക്കാതെ ഒറ്റയ്ക്കു തന്നെ ജീവിച്ചു.

കയരളത്തു നിന്നും കാവുമ്പായിലേക്കു വധുവായി ആനയിക്കപ്പെട്ടവൾ.ഇവിടെ എത്തുമ്പോ
ഴേക്കും ഓലക്കുട പിടിച്ച അവളുടെ കൈ പൊള്ളിയി നായികയായിത്തന്നെരുന്നു.കൈ മാത്രമല്ല, ശരീരവും പൊള്ളിക്കുന്ന അഗ്നിയിലേക്കാണ്‌ താൻ നടന്നു കയറുന്നതെന്ന് അന്നവൾക്കറിയില്ലായി രുന്നു.അഗ്നിശുദ്ധി വരുത്തിയ അവർ ഏഴ്‌ പതിറ്റാണ്ടോളം നമ്മുടെയിടയിലുണ്ടായിരുന്നു.ആരും വാഴ്ത്തിപ്പാടിയില്ലെങ്കിലും കാവുമ്പായിയുടെ അനിഷേധ്യ നായികയായിത്തന്നെ.

"അമ്മേ,ഇഷ്ടപ്പെടാത്തതെന്തെങ്കിലും ഞാനെഴുതിയിട്ടുണ്ടെങ്കിൽ ഈ കൊച്ചുമോളോട്‌ ക്ഷമിക്കണേ...എനിക്ക്‌ ഇതുമാത്രമേ ചെയ്യാനാവൂ.ഒരുപക്ഷേ ഇതെന്റെ നിയോഗമായിരിക്കാം.

ജീവിച്ചിരിക്കുമ്പോൾ ത്യാഗത്തിലും സഹനത്തിലുമെരിഞ്ഞു തീർന്ന ഒരുപാടമ്മമാരുടെ സ്മരണയ്ക്കു മുമ്പിലർപ്പിക്കുന്നു ഞാനീ കണ്ണീർത്തുള്ളികൾ.

18 comments:

വീകെ said...

ഒരിക്കലും കേട്ടിട്ടില്ലാത്ത കാര്യങ്ങൾ..
പുതിയ അറിവുകൾ...

അഭിവാദ്യങ്ങൾ.

ശ്രീ said...

ചേച്ചീ...

നല്ല സമര്‍പ്പണം. ഒരു ചരിത്ര പുസ്തകം വായിച്ചതു പോലെ. കുഞ്ഞ്യമ്മയെ പരിചയപ്പെടുത്തിയതിനു നന്ദി.

അവസാനം കുറേ സ്പേസ് വെറുതേ കിടക്കുന്നുണ്ട് (എഴുതിയത് വീണ്ടും പോസ്റ്റില്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്) അത് ഡിലീറ്റ് ചെയ്ത് കളയാമായിരുന്നല്ലോ. :)

വരവൂരാൻ said...

പോസ്റ്റ്‌ ഞെട്ടിച്ചു കളഞ്ഞല്ലോ....ഇങ്ങനൊരു പിന്നാബുറം അറിഞ്ഞിരുന്നില്ലാ...കുറെ പുതിയ അറിവുകൾ...വേദനയോടൊപ്പം തന്റേടത്തിന്റെയും കഥ പറഞ്ഞിരിക്കുന്നു..

ചരിത്രത്തിൽ നിന്നുള്ള ഈ ഏട്‌ നന്നായിരികുന്നു

the man to walk with said...

charithrathodu thottu alle..? ishtaayi post

ശാന്ത കാവുമ്പായി said...

വി.കെ.,ശ്രീ,വരവൂരാൻ,കൂടെ നടക്കുന്ന ആൾ എല്ലാവർക്കും നന്ദി.കേട്ടറിഞ്ഞതിൽ കുറച്ചെഴുതി.

siva // ശിവ said...

ഇത്രയും വലിയൊരു പാരമ്പര്യത്തിന് ഉടമയാണെന്നതില്‍ അഭിമാനിക്കുക...

രാജന്‍ വെങ്ങര said...

ജീവിതത്തെ നേരിടാന്‍,വീഴ്ച്ചകളില്‍ ഉള്ളുലഞ്ഞു നിലവിളിക്കാതിരിക്കാന്‍ ധൈര്യം തരുന്ന ജീവിതരേഖകള്‍...
അറിയാചരിതത്തിന്റെ അകപ്പൊരുളറിഞ്ഞപ്പോള്‍...
ഈ സമര്‍പ്പണത്തിന്റെ സാംഗത്യമറിഞ്ഞപ്പോള്‍, എന്റെ കണ്ണ് നനയുക് തന്നെ ചെയ്തു...
“വയറു നിറഞ്ഞയാള്‍
അടുപ്പിലെരിഞ്ഞ വിറകിനെയോര്‍ക്കുമോ?
പട ജയിച്ചയാള്‍,പിടഞ്ഞ് വീണ കാലാളെയോര്‍ക്കുമോ?“
പക്ഷെ നമുക്കോര്‍ക്കാം,കാരണം നാമിപ്പോഴും എരിയുകയും,പിടഞ്ഞുവീഴുകയും ആണല്ലോ..

വശംവദൻ said...

വേദനിപ്പിച്ച ഒരു പോസ്റ്റ്‌.

നന്നായി എഴുതിയിരിക്കുന്നു.

കാലചക്രം said...

മോഹപ്പക്ഷിയെത്തേടി
ആദ്യമായാണ്‌ ഞാനെത്തുന്നത്‌..
ഹൃദ്യമായ ഭാഷയില്‍
ചരിത്രത്തിലെ അറിയാത്തൊരേട്‌
അടര്‍ത്തിത്തന്നതിന്‌ ഒരായിരം നന്ദി..
ആ പാരമ്പര്യത്തിന്റെ കണ്ണിയെന്നതുതന്നെ
അഭിമാനിക്കത്തതല്ലേ..
അങ്ങേമയ്‌ക്ക്‌ ഇത്‌ ഇഷ്ടാവും..തീര്‍ച്ച

പാവത്താൻ said...

അറിയപ്പെടാത്ത അങ്ങേമ്മ...
ചരിത്രത്തിലെ ആരും കാണാത്ത ഏടുകള്‍ക്ക് നന്ദി.നങ്ങേമയ്ക്കുള്ള നല്ല സ്മരണിക...ആശംസകള്‍.

ടി. കെ. ഉണ്ണി said...

മോഹപ്പക്ഷിക്ക്..........
ചരിത്രത്തിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞ ധീരസഖാക്കളുടെ പിന്‍ഗാമിത്വം
ആത്മാഭിമാനം ഉണര്‍ത്തുന്നതാണ്. അവരോടുള്ള ആദരവ്‌ കാണിക്കയായി അര്‍പ്പിക്കുന്ന ലേഖനം ആത്മസമര്‍പ്പണം ആയിതീരുന്നുണ്ട്.
ആശംസകള്‍....

ശാന്ത കാവുമ്പായി said...

ശിവ വന്നതിൽ സന്തോഷം.ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതായി കണക്കാക്കുന്നത്‌ ആ പാരമ്പര്യം തന്നെയാണ്‌.
രാജൻ വെങ്ങര വളരെ വളരെ സന്തോഷത്തോടെയാണ്‌ താങ്കളെഴുതിയത്‌ വായിച്ചത്‌.
വ്ശംവദൻ,കാലചക്രം, പാവത്താൻ,ടി.കെ.ഉണ്ണി നിങ്ങളെയൊക്കെ പരിചയപ്പെട്ടതിൽ ഒരു പാട്‌ സന്തോഷമുണ്ട്‌.എല്ലാവരും ഇനിയും വരണം.

Anil cheleri kumaran said...

ചരിത്രത്തിന്റെ നേർക്കാഴ്ച..

ശാന്ത കാവുമ്പായി said...

കുമാരൻ,
വീണ്ടും വീണ്ടും കാണുന്നതിൽ വളരെ സന്തോഷമുണ്ട്‌.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ശാന്ത,

എനിക്കഭിമാനം തോന്നുന്നു.ഇങ്ങനെ ഒരാൾ ബ്ലോഗർ ആയി വന്നതിൽ.മലയാളവും മലയാളിയും ഉള്ളിടത്തോളം കാലം ചരിത്രത്തിൽ തങ്ക ലിപികളാൽ രേഖപ്പെടുത്തേണ്ട ഒന്നാണു കാവുമ്പായി സമരം.മലബാറിലെ കർഷക സമരങ്ങൾ ഇന്നത്തെ കേരളത്തെ സൃഷ്ടിക്കാൻ നൽകിയ സംഭാവനക്ക് പകരം വയ്കാൻ മറ്റൊന്നില്ല.
ഒന്നിനുമല്ലാതെ , ജീവിക്കാനായി പടപൊരുതി വീര ചരമം പ്രാപിച്ച ആ ധീര യോദ്ധാക്കളെ ഞാൻ ഓർക്കുന്നു.

ശാന്ത, താങ്കൾക്ക് തീർച്ചയായും അഭിമാനിക്കാം.ആ മുത്തച്ഛന്റെ കൊച്ചു മകൾ ആയതിനു.

ഞാൻ കാവുമ്പായി വന്നിരുന്നു.ഈ കഥ അറിഞ്ഞതു കൊണ്ട് ഇനിയും വരും..ഉറപ്പ്.

സ്നേഹത്തോടെ,
സുനിൽ

Pramod.KM said...

ഉമ്മങ്ങമ്മക്ക് അഭിവാദ്യങ്ങള്‍..അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ച താങ്കള്‍ക്കും.

റോഷ്|RosH said...

അമ്മേ...

valsan anchampeedika said...

പിരിമുറുക്കമുണ്ട്. അതിനാൽത്തന്നെ വായന ഹ്ര്‌ദ്യം! ഒരുപാടിനിയുമെഴുതാനുണ്ടല്ലോ?