Friday, June 2, 2017

പെരുമാൾ

വാക്കിനെന്തൊരു മൂര്‍ച്ചയാണ്.
ഒറ്റവെട്ടിനു മുറിക്കാം.
പക്ഷെ, വാക്കിന്റെ പെരുമാളാകണം.
നൂറ്റാണ്ടുകളുടെ ഇരുട്ടറയിൽ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു.
കെട്ടതും ചീഞ്ഞതും നാറിയതും വലിച്ചുപുറത്തിട്ട്,
അഗ്നിയിൽ ജ്വലിപ്പിച്ച്,
ചാരമാക്കി മണ്ണിൽ വിതറാൻ
നല്ല കര്‍ഷകനെപ്പോലെ അയാളെത്തുമിടയ്ക്കിടെ.
അപ്പോൾ,
കഴുത്തിനുചുറ്റും കത്തിയെറിയുന്ന കോമാളികൾ കണ്ണുരുട്ടി വന്നു.
“പൈതൃകത്തിൽ തൊട്ട് കളിക്കരുത്.”
കാവല്‍ക്കാരായവർ പെരുകുമ്പോൾ...
പടച്ചോന്‍ വരച്ച ചിത്രത്തില്‍നിന്നും
തേവരുടെ തിരുമുറ്റത്തുനിന്നും
സ്ഫോടനങ്ങളുടെ മുഴക്കം തുടരുമ്പോൾ...
വാക്കിന്റെ പെരുമാളെങ്ങനെ ഇല്ലാതാവാനാണ്!
കൂരിരുട്ടിൽ കാഴ്ച മറയുമ്പോൾ
അക്ഷരത്തിലഗ്നി നിറച്ചെത്തുമയാൾ.
അപ്പോൾ,
കണ്ണടച്ചിരുട്ടാക്കാതെ
പതുക്കെ മിഴിയൊന്നു തുറന്നാൽ മതി.


1 comment:

Cv Thankappan said...

വാക്കിന്‍റെ പെരുമാളാകണം
ആശംസകള്‍