Monday, February 27, 2017

അല്‍പ്പം സംസ്ഥാന സ്കൂള്‍ കലോത്സവവിശേഷങ്ങള്‍; കൂടെ പോലീസിനും ഒരു പൂച്ചെണ്ട്



2017ലെ സംസ്ഥാന സ്കൂള്‍ കലോത്സവം കണ്ണൂരാണ്‌ എന്നറിഞ്ഞ പ്പോള്‍ മുതല്‍ മനസ്സില്‍ മോഹങ്ങള്‍ മുളപൊട്ടാന്‍ തുടങ്ങി. എനിക്കും കാണണം. കലയുടെ കൌമാരക്കുളിരില്‍ മുങ്ങി നിവരണം. പത്തോ, പതിനാലോ വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും ഏഷ്യയിലെ ഏറ്റവുംവലിയ കലാമാമാങ്കത്തിന് ഇനി കണ്ണൂരില്‍ തിരിതെളിയുക. ‘അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം!’
എന്നിട്ടും ഘോഷയാത്രയുടെ മുഹൂര്‍ത്തം അടുക്കുംവരെ ഞാന്‍ അനങ്ങി യില്ല. നോവിന് ഇടവേളയില്ലല്ലോ. ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞപ്പോള്‍ എനിക്ക് ഭ്രാന്തിളകി. പോയേ തീരൂ എന്ന ഭ്രാന്ത്. കൂട്ടിനാളില്ല, വണ്ടി യില്ല. പരിചയമുള്ള ഓട്ടോക്കാരെ വിളിച്ചു. ആരും വന്നില്ല. അവസാനം സഹോദരനോട് കെഞ്ചി. “എന്നെ ഒന്ന് കൊണ്ടുപോകൂ. അടുത്ത കലോ ത്സവത്തിന് ഞാനുണ്ടാവില്ല.”
അത് ഫലിച്ചു.
‘അവിടെ ഇറക്കിവിടാം. പിന്നെ എന്തോ ആയ്ക്കോ.’ എന്നായി അവന്‍. കേട്ടതു പാതി കേള്‍ക്കാത്തത് പാതി എന്ന മട്ടില്‍ എണ്‍പ ത്തിയൊന്നുകാരി അമ്മയെയും വീട്ടിലെ സഹായിയെയും തുണകൂട്ടി ചാടാന്‍ വയ്യെങ്കിലും ചാടി പുറപ്പെട്ടു.പ്രധാന വേദിയായ നിളയില്‍നിന്നും അര കിലോമീറ്റര്‍ അകലെ കാര്‍ നിര്‍ത്തി ഇറക്കി. ഇനി മുന്നോട്ട് പോകാനാവില്ല. അപ്പോള്‍ സമയം നാലാകുന്നു. എന്റെ ശിവനേ, എങ്ങനെ ഞാനീ ദൂരം താണ്ടും! തൊട്ടും തൊടാതെയും പിടിക്കുന്ന സഹായി. തൊട്ടാല്‍ വീഴുന്ന അമ്മ. ഇവര്‍ക്ക് നടുവില്‍ നേരെ നില്‍ക്കാ നാവാത്ത ഞാന്‍. ഒരടി മുന്നോട്ടുവെക്കാനാവുന്നില്ല. വേദന.. .വേദന. .കിതപ്പ്..തളര്‍ച്ച..മുന്നില്‍നിരന്നും പിന്നില്‍നിന്നും ജനം തള്ളുന്നു. എങ്ങന...? ഇല്ല... ആള്‍പ്രളയത്തില്‍ ഞാന്‍ മുങ്ങിച്ചാകും. ചമ്മന്തിയാകും.
അപ്പോള്‍ ‘ഇറക്കിവിട്ട് പോകും’ എന്നുപറഞ്ഞ സഹോദരന്‍ ആള്‍ക്കൂ ട്ടത്തെ വകഞ്ഞുമാറ്റി കൈപിടിച്ചു. ആ കൈകളില്‍ വിശ്വാസമുണ്ടെ ങ്കിലും കാലുകള്‍ പണിമുടക്കുന്നല്ലോ.. ഉറക്കെ കരയണമെന്നു തോന്നി.. അപ്പോള്‍ മുന്നിലൊരു പോലീസുകാരന്‍. അയാളുടെ നേരെ കൈനീട്ടു മ്പോള്‍ ആങ്ങള ചോദിച്ചു. “എന്തിന്? നടക്കേണ്ടത് നീ തന്നെയല്ലേ?”
എന്തിനെന്ന് എനിക്കുമറിയില്ല. അയാളും ഒരുകൈ പിടിച്ചു. പോലീസ് മൈതാനത്തിന്റെ കവാടത്തില്‍ എത്തിച്ചു വനിതാ പോലീസിന് കൈമാറി. എന്റെ കിതപ്പും പരവേശവും കണ്ടിട്ട് അവര്‍ അവിടെ ഒരു കസേരയിട്ട് ഇരുത്തി. കുടിക്കാന്‍ വെള്ളവും തന്നു. അല്പ.നേരം അവിടെ ഇരുന്നു കിതപ്പാറ്റി.
ഇങ്ങനെ പാതിവഴിയില്‍ ഇരിക്കാനല്ലല്ലോ വന്നത്. അപ്പോള്‍ ഒരാള്‍ മുന്നില്‍. അയാളോട് അപേക്ഷിച്ച്. “ഒന്ന് സഹായിക്കൂ.” അയാള്‍ ഒരു കൈ പിടിച്ചു നടത്തി. ഒരടി വെച്ചാല്‍ ഒന്ന് നില്‍ക്കും.. അല്‍പ്പ സമയം..വീണ്ടും നടക്കും..അങ്ങനെ അരമണിക്കൂര്‍. ഉദ്ഘാടനസമ്മേ ളന വേദിയായ നിള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണ റായി വിജയനെ കാത്തിരിക്കുകയാണ്. പോലീസ് രണ്ടു വരിയായി നിലകൊണ്ടിട്ടുണ്ട്. അപ്പോള്‍ അമ്മയ്ക്കൊരു പൂതി അതിന്റെ നടുവി ലൂടെ കയറണം. അമ്മയെ വിലക്കി അടിവെച്ചടിവെച്ച് വേദിയുടെ മുന്നിലെത്തിയപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കസേര നീക്കി ഇരിക്കുന്നോ എന്ന് ചോദിച്ചു. അത് നിരസിച്ചു പിന്നെയും മുന്നോട്ടു നീങ്ങി. അല്പം കൂടി നടന്ന്‍ ഒരു കസേരയില്‍ വീണു. ഒരു സ്ത്രീയോട് അല്‍പ്പം വെള്ളം വാങ്ങി കുടിച്ചു. ഒടുവില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളു മെത്തി. മൊബൈലില്‍ കുറച്ചു ചിത്രങ്ങള്‍ എടുക്കണം എന്ന് മോഹിച്ചു. കൂടെയുള്ളവര്‍ക്ക് ഫോട്ടോ എടുക്കാന്‍ അറിയില്ല. എനിക്ക് എഴുന്നേ ല്‍ക്കാനും ആവില്ല. അടുത്ത് കണ്ട ഒരാളോട് ചോദിച്ചു. അദ്ദേഹം മഫ്ടിയില്‍ നിരീക്ഷിക്കുന്ന പോലീസാണത്രേ. സോറി പറയാനല്ലേ പറ്റൂ. കൂടെയുള്ളവളോട് അതിഥികള്‍ കടന്നുപോകുന്ന വഴിക്കരികില്‍ പോയി ആരോടെങ്കിലും ഒന്നെടുത്തു തരാന്‍ ആവശ്യപ്പെടൂ എന്ന് പറഞ്ഞു. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഒരു കഷണം ഫോട്ടോ കിട്ടി. കിട്ടിയതുകൊണ്ട് സായൂജ്യമടഞ്ഞു.
ഉദ്ഘാടന പരിപാടി അതിഗംഭീരം. ഗായിക ചിത്രയെ അല്‍പ്പം ദൂരെ യെങ്കിലും കണ്ടു. അടുത്ത് പോയിരിക്കാന്‍ എനിക്ക് വയ്യാഞ്ഞിട്ടല്ലേ എന്നാശ്വസിച്ചു. എങ്കിലും എന്റെ തട്ടകത്തില്‍ നടക്കുന്ന ഈ മഹോത്സ വത്തില്‍ ഞാനും ഭാഗമായല്ലോ.
ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ കാണുന്നവരുടെയൊക്കെ കൈകളില്‍ തൂങ്ങി പുറത്തേക്ക് തിരിച്ചു. ഗ്രൌണ്ടില്‍ വളണ്ടിയേഴ്സു കുട്ടികള്‍ കസേരയിട്ട് ഇരുത്തി. എന്നിട്ട് താങ്ങിക്കൊണ്ടുവന്ന ചെറുപ്പക്കാര്‍ ഓട്ടോ പിടിക്കാന്‍ പോയി. പോലീസിനോട് അനുവാദം ചോദിച്ചു ഗേറ്റിനുള്ളി ലേക്ക് കൊണ്ടുവരണം എന്ന് പ്രത്യേകം പറഞ്ഞയച്ചു.
അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ സൌകര്യത്തിനുപയോഗിക്കുന്ന വലിയ ഓട്ടോറിക്ഷയില്‍ കൊണ്ട് വിടാമെന്നു പറഞ്ഞു. എനിക്കാണെ ങ്കില്‍ അതിനു പോകാന്‍ അല്‍പ്പം പ്രയാസം. ഒന്നാമത് കയറാന്‍ വിഷമം, പിന്നെ പറഞ്ഞുവിട്ട ഓട്ടോ ആളെ കാണാതെ മടക്കണം. കുറേനേരം കാത്തുനിന്നു. അപ്പോള്‍ അവിടെ എത്തിയ എന്റെ സഹോ ദരന്‍ ഉണ്ണി പറഞ്ഞു. രണ്ടും അവന്‍ പരിഹരിക്കാം. അവര്‍ വണ്ടിയില്‍ കയറ്റിയപ്പോഴേക്കും ആദ്യത്തെ ചെറുപ്പക്കാര്‍ എനിക്ക് കയറാന്‍ കഴിയുന്ന ഓട്ടോയുമായി വന്നു. ഉണ്ണി അവരെ കണ്ടു. കാശുകൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ വാങ്ങിയില്ല.
രാത്രി ഒമ്പത് മണിയോടെ വീട്ടിലെത്തി. വേദനയും ക്ഷീണവും ഉണ്ടെങ്കിലും മനസ്സ് നിറയെ സന്തോഷം.
മൂന്നാമത്തെ ദിവസം വീണ്ടും കലോത്സവം എന്നെ മാടിവിളിച്ചു. ഇപ്രാവശ്യം വീല്‍ചെയര്‍ എടുക്കാം എന്നു തീരുമാനിച്ചു. സാരഥി കഥാകൃത്തും സുഹൃത്തുമായ രാജാമണി. ഏതു കൊടുമുടിയിലേക്കും വീല്‍ചെയറുരുട്ടാന്‍ സമര്‍ത്ഥ. ഉച്ചയ്ക്ക് ഓട്ടോയില്‍ എന്നെയും വീല്‍ചെയറും കയറ്റി അവള്‍ പുറപ്പെട്ടു. സഹോദരന്റെ ഓഫീസ് സ്റ്റാഫില്‍ ഒരാള്‍ കാറില്‍ കൊണ്ടുപോയി. പ്രധാന കവാടത്തില്‍ മണിയിറങ്ങി. കാര്‍ ഉള്ളിലേക്ക് കടത്താന്‍ പോലീസിന്റെ അനുവാദം വാങ്ങണം. ഞങ്ങള്‍ വീണ്ടുമൊന്നു കറങ്ങി അവിടെയെത്തി. അപ്പോഴേക്കും നമ്മുടെ രാജാത്തി പോലീസ് സമ്മതിയൊക്കെ വാങ്ങി എന്നെ രാജകീയമായി സ്വീകരിക്കാന്‍ കവാടത്തില്‍ കാത്തുനില്പ്പുജണ്ടായിരുന്നു. കാര്‍ സ്റ്റേജിന്റെ തൊട്ടുമുന്നില്‍ എത്തിച്ചു. വീല്‍ചെയറിനോട് ആള്‍ക്കാര്‍ക്കെന്തൊരു ബഹുമാനം. എല്ലാവരും വഴിയൊഴിഞ്ഞു തന്നു. ചോളപ്പൊരിയും കടലയും കൊറിച്ച് കേരളനടനം കണ്ടിരുന്നു. കുറച്ചു പരിചയക്കാരെല്ലാം അടുത്തുവന്നു മിണ്ടി. ശ്രീകണ്ടാ പുരത്തെ, എന്റെ സ്കൂള്‍, പ്രവീഷ് മാഷിനെ കണ്ടു. സന്ധ്യമയങ്ങിയ പ്പോള്‍ മനമില്ലാമനസ്സോടെ ഞങ്ങള്‍ പിന്വാിങ്ങി. ഇനിയും വരു മെന്ന ഉറപ്പോടെ.
ഇടിത്തീ പോലെയാണ് ആ വാര്‍ത്ത കാതിലെത്തിയത്. കണ്ണൂരില്‍ വീണ്ടും കൊലപാതകം. അതൊരു രാഷ്ട്രീയ കൊലയാണത്രേ. ദൈവമേ,ഇവരുടെയൊക്കെ തലയിലെന്താണ്! അടുത്ത ദിവസം ബി.ജെ.പി. ആഹ്വാനംചെയ്ത ഹര്‍ത്താല്‍..കലോത്സവം..വേദിക്ക് മുന്നിലെ രാജകീയ പാതയിലൂടെ വിലാപയാത്ര. അത് പ്രശ്നമില്ലാതെ, കലോത്സവത്തിന് ബുദ്ധിമുട്ടില്ലാതെ കൈകാര്യംചെയ്ത പോലീസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
എന്റെ ആഗ്രഹത്തിന്റെ തീയണയ്ക്കാന്‍ ഒരു ഹര്‍ത്താലിനും കഴി ഞ്ഞില്ല. സമാപനത്തിന്റെ തലേന്നാള്‍ വൈകുന്നേരം വീണ്ടും ഞങ്ങള്‍ കലോത്സവനഗരിയിലെത്തി. കൂടെ സന്തോഷത്തോടെ അമ്മയുമുണ്ട്. സാരഥി രാജാമണി തന്നെ. ഒരു വ്യത്യാസം അവളുടെ ഭര്‍ത്താവ് പുഷ്പജനും ഉണ്ടെന്നതാണ്. വേണമെങ്കില്‍ അയാള്‍ എന്നെ കൈകളി ലെടുത്ത് നടന്ന് കൊണ്ടുപോകും. അതുകൊണ്ട് എന്റെ സന്തോഷത്തിന് അതിരില്ലാതായി. ഞാനുമമ്മയും വീല്‍ചെയറും ഒരു ഓട്ടോയിലും മണിയും ഭര്‍ത്താവും സ്കൂട്ടറിലും പുറപ്പെട്ടു. അവര്‍ നേരത്തെ പോയി. പോലീസിനോട് എന്റെ ശകടം മൈതാനത്തിലേക്ക് കടത്തിവിടാനുള്ള അനുമതി വാങ്ങാന്‍. പുഷ്പം പോലെ അവളതു സാധിച്ചു. ഗ്രുണ്ടിലെത്തിയപ്പോഴേക്കും സന്നദ്ധസേവകര്‍ വളഞ്ഞു. വീല്‍ചെയറില്‍ കയറ്റലും ഉരുട്ടലുമൊക്കെ അവരേറ്റെടുത്തു. മധുരത്തില്‍ മധുരം വിളമ്പിയതുപോലെ പായസവുമെത്തി. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കൈപ്പുണ്യമറിയാതെ പോയാല്‍ അതൊരു ഭയങ്കര നഷ്ടമായിരിക്കുമല്ലോ.
എന്റമ്മോ! എന്തൊരു പുരുഷാരം! തൃശൂര്‍ പൂരം തോറ്റുപോവുമല്ലോ. അവിടവിടെ സ്ഥാപിച്ച ടി.വി.യിലാണല്ലോ ജനം പരിപാടി കാണുന്നത്. അതും അനേകം വരികളില്‍ അച്ചടക്കത്തോടെ നിന്നുകൊണ്ട്. എങ്ങും സൌമ്യസാന്നിദ്ധ്യമായി പോലീസുണ്ടല്ലോ. എന്റെ വീല്‍ചെയറിന്‍ പോലീസും ജനവുമൊന്നും തടസ്സമായില്ല. പണ്ട് കൃഷ്ണനെ കൊണ്ടുപോകു മ്പോള്‍ നദി വഴി പകുത്തു കൊടുത്ത പോലെ ജനം പിളര്‍ന്നു വഴി തന്നു. അതിനിടെ കുറച്ചുകൂടി നിപുണനായ പുഷ്പജന്‍ വീല്‍ചെയറിന്റെ സാരഥ്യം ഏറ്റെടുത്തിരുന്നു. കല്ലും മുള്ളും ജനവുമൊന്നും കണക്കിലെ ടുക്കാതെ അയാള്‍ ആള്‍ക്കൂട്ടത്തിനുള്ളിലേക്ക് വീല്‍ചെയര്‍ ഉരുട്ടി. എത്തിയത് പ്രധാന വേദിക്കരികിലുള്ള പോലീസ് പവലിയന് തൊട്ട ടുത്ത്. വേലിക്ക് പുറത്ത് ഇരുന്ന എന്നെ പോലീസ് സ്വമേധയാ ഉള്ളില്‍ കയറ്റി അവരുടെ കൂടെയിരുത്തി. കൂടെ അമ്മയെയും. മണിയും ഉള്ളി ലായി. ചെറുപ്പക്കാരനായ ഒരു പോലീസുകാരന്‍ രണ്ടുമൂന്നു വാക്കുകളില്‍ എന്റെ വിശേഷം തിരക്കി. ഞങ്ങളിരുന്നു കഴിഞ്ഞപ്പോള്‍ വേലിക്ക് പുറത്ത് ഞെരിഞ്ഞു നിന്ന സ്ത്രീകളില്‍ ഒരാള്‍ സമര്‍ത്ഥമായി ഉള്ളില്‍ കയറി ഒരു കസേര വലിച്ചിട്ടിരുന്നു. വനിതാ പോലീസ് പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും അവരെ പുറത്തിറക്കാനായില്ല. അതാ മറ്റൊരു സ്ത്രീയും ഉള്ളില്‍ കയറി ഇരുന്നു. അവരുടെ അടുത്തും പാവം പോലീസ് പെണ്‍കുട്ടിയുടെ വാദങ്ങളൊന്നും വിലപ്പോയില്ല. അവരും അവിടെ ഉറച്ചിരുന്നു.
ഏതായാലും പോലീസിന്റെ ചെലവില്‍ എനിക്ക് കുശാലായി. പ്രധാന വേദിയിലും സ്ക്രീനിലും ഒരേസമയം കാണാന്‍ കഴിയുന്ന സൌകര്യ ത്തില്‍ ഇരുന്ന്‍ സംഘനൃത്തം ആവോളം ആസ്വദിച്ചു. രാത്രി എട്ടൊമ്പതു മണിയായപ്പോള്‍ സംഘാംഗങ്ങളുടെ അഭിപ്രായമനുസരിച്ച് മടങ്ങി. എല്ലാവരും ഒത്തുപിടിച്ച് എന്നെ പുറത്തിറക്കി.
വീല്‍ചെയര്‍ സ്പെഷലിസ്റ്റുകള്‍ രാജാമണിയും പുഷ്പജനും എന്നെ ഗ്രൌണ്ടിലെത്തിച്ചു. അടുത്തനിമിഷം ഓട്ടോറിക്ഷയുമെത്തി. എന്നെയും അമ്മയെയും വീല്‍ചെയറിനെയും സുരക്ഷിതമായി ഓട്ടോയില്‍ കയറ്റിവിട്ട ശേഷം പുഷ്പജന്‍ സ്കൂട്ടര്‍ എടുക്കാന്‍ പോയി.
അങ്ങനെ ഞങ്ങള്‍ സന്തോഷത്തോടെ വീട്ടിലെത്തി. എവിടെപ്പോയി എന്ന് അച്ഛന്‍ ചോദിക്കാതെ ചോദിച്ചു. വര്‍ഷ‍ങ്ങള്‍ക്ക് മുമ്പ് അച്ഛ നൊപ്പം കലോത്സവത്തിന് പോയ കാര്യം ഓര്മ്മി പ്പിച്ചുകൊണ്ട്‌ ‘സ്കൂള്‍ കലോത്സവം കാണാന്‍ പോയതാണ് അച്ഛാ’ എന്ന് വിശദീകരിച്ചുകൊടു ക്കുമ്പോള്‍ മണിയുടെ കാള്‍. ചെറിയൊരു അപകടം പറ്റി. പുഷ്പജന്‍ എന്നെ ഉള്ളില്‍ കയറ്റാനുള്ള വേവലാതിയില്‍ ‘നോ പാര്ക്കിംഗ് ഏരിയയിലാണ് സ്കൂട്ടര്‍ വെച്ചത്. അതിന്മേല്‍ പോലീസ് സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്. ഇനി അയാള്‍ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങണം. അതുകേട്ടപ്പോള്‍ എന്റെ സര്‍വസന്തോഷവും ആവിയായിപ്പോയി. എന്നെ സഹായിക്കാന്‍ വന്നിട്ട് മറ്റൊരാള്‍ ആപത്തില്‍ പെടുക. ആലോചിക്കാന്‍ പോലും വയ്യ.
വീട്ടില്‍ വന്നിട്ടേ പോകാവൂ എന്ന് അവരെ നിര്‍ബന്ധിച്ചു. അവര്‍ വന്നു. അമ്മ ഉള്ള ഭക്ഷണം അവര്‍ക്ക് പങ്കിട്ടു. എന്റെ കുറ്റബോധം കണ്ടിട്ട് അവര്‍ സാരമില്ല എന്ന് ആശ്വസിപ്പിച്ചു.
ഉടനെ എനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നായി എന്റെ ആലോചന. ഞാന്‍ പോലീസ് സ്റ്റേഷന്റെ നമ്പര്‍ വാങ്ങി. അവര്‍ പോയതിനുശേഷം പോലീസ് കണ്ട്രോള്‍ റൂമിലേക്ക് വിളിച്ചു. പോലീസ് വളരെ മര്യാദയോടെ പ്രതികരിച്ചു. ഞങ്ങളുടെ പ്രശ്നവും എന്റെ അവ സ്ഥയും വിശദീകരിച്ചപ്പോള്‍ അവര്ക്ക് മനസ്സിലായി. നല്ലൊരു കാര്യം ചെയ്തിട്ടല്ലേ കേസ് ഒഴിവാക്കാം എന്ന മറുപടി കേട്ടപ്പോള്‍ എനിക്കെ ന്തെന്നില്ലാത്ത ആശ്വാസം തോന്നി. പോലീസ് സ്കൂട്ടറിന്റെ നമ്പര്‍ കുറി ച്ചെടുത്തു. അങ്ങനെ പോലീസിന്റെ സന്മനസ്സിന്റെയും സേവനത്തി ന്റെയും മറ്റൊരു ഫലംകൂടി ഞാന്‍ അനുഭവിച്ചു.
ഇതില്‍ നിന്ന് ഞാന്‍ ഉള്‍ക്കൊണ്ട ഒരുപാഠം. നമ്മുടെ പോലീസ് മാറുകയാണ്. ചില അവസരത്തില്‍ ചില പാളിച്ചകള്‍ അങ്ങിങ്ങ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് സംഭവിക്കുന്നതാണ്. പോലീസ് മാറണം. സമൂഹവും മാറണം.

No comments: