Monday, February 20, 2017

അച്ഛന്‍ .....എന്റെ. അച്ഛന്‍

ഫെബ്രുവരി 4 ശനിയാഴ്ച അന്തിമയങ്ങിയത് എന്റെ ഉള്ളിലും ഇരുട്ട് കോരിനിറച്ചുകൊണ്ടാണ്. അന്നാണ് എന്റെ അച്ഛന്‍ ഈ മണ്ണില്‍നിന്നും പറന്നുപോയത്. അന്നുമുതല്‍ എന്റെ ദിനരാത്രങ്ങള്‍ അര്‍ത്ഥരഹിതമായി കടന്നുപോകുകയാണ്. അച്ഛനുവേണ്ടിയുള്ള എന്റെ വേവലാതിയും അവസാനിച്ചു.
കുറെക്കാലമായി ഉത്ക്കണ്ഠയോടെയാണ് ഞാന്‍ രാത്രിയില്‍ ഉറങ്ങാന്‍ കിടക്കാറുള്ളത്. രാത്രിയില്‍ അച്ഛന് അസുഖം കൂടുമോ? അച്ഛന് പേടിയാവുമോ? ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ലല്ലോ. ദാഹിക്കുമോ? വിശക്കുമോ? അച്ഛനെ നോക്കുന്ന ആള്‍ പോയല്ലോ. പുതിയ ആളിനെ കിട്ടുമോ? അങ്ങനെ...അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആധികള്‍.
എങ്കിലും അതിനിടയിലും എനിക്ക് സന്തോഷമായിരുന്നു. അച്ഛനുവേണ്ടി എനിക്ക് എന്തൊക്കെയോ ചെയ്യാന്‍ കഴിയുന്നുണ്ടല്ലോ എന്ന സംതൃപ്തി. സ്ട്രോക്ക് വന്ന് കുഞ്ഞിനെപ്പോലെയായ അച്ഛനെ കാണുമ്പോള്‍ എന്റെി ഹൃദയത്തില്‍ വാത്സല്യം നിറഞ്ഞുതുളുമ്പുമായിരുന്നു. ഒരു കുഞ്ഞില്ലാത്ത എനിക്ക് എന്റെ് അച്ഛന്‍ കുഞ്ഞുതന്നെയായിരുന്നു. സ്നേഹം വല്ലാതെ വരുമ്പോള്‍ അച്ഛന്‍ വാവേ, കുഞ്ഞച്ഛാ.. എന്നൊക്കെ ഓമനിച്ചു വിളിക്കും. അപ്പോള്‍ ‘നിനക്ക് എന്നെ ഇങ്ങനെ വിളിക്കാന്‍ എപ്പോഴാ ധൈര്യം വന്നത്’ എന്ന മട്ടില്‍ തുറിച്ചുനോക്കും. അടുത്തിരുന്ന് വിളിക്കുമ്പോള്‍ കണ്ണുമടച്ച് ഒറ്റ അടിയായിരിക്കും മറുപടി. അതൊക്കെ അച്ഛന്റെ കുസൃതികളായി കണക്കാക്കി ഞങ്ങള്‍ ചിരിക്കും
വീടിന്റെക മുന്‍വശത്തെ മുറിയില്‍ കുളിപ്പിച്ച്, അലക്കിയ ഷര്‍ട്ടും മുണ്ടും ധരിപ്പിച്ച് പഴയ പ്രതാപത്തോടെ ചാരുകസേരയിലിരുത്തിയാല്‍ അതൊരു ഐശ്വര്യം തന്നെയായിരുന്നു. ആ സാന്നിദ്ധ്യം തന്നെ എനിക്ക് വല്ലാത്ത ബലവും ഊര്‍ജ്ജവും നല്‍കിയിരുന്നു. ഇപ്പോള്‍ ആരൊക്കെ ഉണ്ടായാലും അച്ഛനില്ല എന്ന ബോധം എന്നില്‍ അനാഥത്വവും പേടിയും നിറച്ചിരിക്കുന്നു. മാത്രമല്ല, അച്ഛനെ വിട്ടുപിരിയാന്‍ ഞാന്‍ മാനസികമായി തയ്യാറായിരുന്നില്ല. ഇപ്പോള്‍ ആ സമയമായി എന്ന്‍ ഞങ്ങള്‍ക്ക് തോന്നിയിട്ടേയില്ല. അതുകൊണ്ടാണല്ലോ മരിക്കുന്ന അന്നുപോലും നിര്‍ബ്ബന്ധിച്ച്‌ മരുന്നും ഭക്ഷണവും കഴിപ്പിച്ചത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജാക്കി കൊണ്ടുവരുമ്പോള്‍ മരുന്നും വീട്ടിലെ പരിചരണവും ലഭിച്ചാല്‍ കഫക്കെട്ട് കുറയും എന്നാണല്ലോ കരുതിയത്. മുമ്പ് പലപ്പോഴും അങ്ങനെ സംഭവിച്ചിരുന്നു. ഞങ്ങളുടെ നിഗമനം ശരിവെക്കുന്ന തരത്തില്‍ അടുത്ത ദിവസങ്ങളില്‍ അല്‍പ്പാല്‍പ്പം സുഖപ്പെട്ടു തുടങ്ങിയതുമാണല്ലോ. എന്നിട്ടും പനി തിരിച്ചുവന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോള്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചാല്‍ മാറുമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നിട്ടും അച്ഛന്‍ തിരിച്ചുവന്നില്ല. രാത്രിയില്‍ മോര്‍ച്ചറിയുടെ തണുപ്പില്‍ അച്ഛന്‍ തനിച്ച്....വീട്ടില്‍ ആ സത്യം അംഗീകരിക്കാന്‍ കൂട്ടാക്കാതെ ഞാനും..
‘നന്നായി നോക്കിയിട്ടാണല്ലോ അച്ഛനെ അയച്ചത്’ എന്ന്‍ മറ്റുള്ളവര്‍ ആശ്വസിപ്പിക്കുമ്പോള്‍ അംഗീകരിക്കാന്‍ എനിക്കാവുന്നില്ല. മതിയായിട്ടില്ലെനിക്ക്..ഒട്ടും തൃപ്തിയായിട്ടില്ല എന്ന്‍ കുറ്റബോധത്തോടെ മന്ത്രിക്കാന്‍....അറിഞ്ഞോ, അറിയാതെയോ അച്ഛനെ വേദനിപ്പിച്ചതിന് മാപ്പ് ചോദിക്കാന്‍ മാത്രമല്ലേ ഇനിയെനിക്ക് കഴിയൂ. അച്ഛാ....എന്നോട് ക്ഷമിക്കണേ...
എന്തും ആരുടെ മുഖത്തും നോക്കി പറയുന്ന കര്ക്കശക്കാരനായ എന്റെ അച്ഛനെ ഞങ്ങളുടെ നാട്ടുകാര്‍ ശരിയായി മനസ്സിലാക്കിയിരുന്നു എന്നത് അവര്‍ അദ്ദേഹത്തിന് നല്‍കിയ അന്തിമോപാചാരത്തിലും ആദരത്തിലും നിന്ന് ഞങ്ങളറിയുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും നാട്ടുകാര്‍ അംഗീകരിക്കുന്നു എന്നത് ഈ നോവിനിടയിലും ആശ്വാസം പകരുന്നതാണ്. അദ്ദേഹത്തിന്റെ ഉള്ളിലെ നാളികേരപാകമായ മാധുര്യം ഞങ്ങള്‍ക്കൊപ്പം അവരും അനുഭവിക്കട്ടെ.

3 comments:

Punaluran(പുനലൂരാൻ) said...

രാത്രിയില്‍ മോര്‍ച്ചറിയുടെ തണുപ്പില്‍ അച്ഛന്‍ തനിച്ച്.... വല്ലാത്ത ഒരു അനുഭവം ആണത് ..എന്റെ അപ്പനും കഴിഞ്ഞ സെപ്റ്റംബറിൽ കടന്നുപോയി ..തണുപ്പ് ഒട്ടും ഇഷ്ടപ്പെടാത്ത അപ്പൻ മോര്‍ച്ചറിയുടെ തണുപ്പില്‍ ഒരുമൂന്നാല്‌ ദിവസം ...ഞങ്ങളെ ഏറ്റവും അത് സങ്കടപ്പെടുത്തി ...ജീവിതം അങ്ങനെ ആണ് ..സ്നേഹാദരവുകളോടെ ...

സുധി അറയ്ക്കൽ said...

അച്ഛന്‍ ചേച്ചിക്ക് ആരായിരുന്നുവെന്ന് എഴുത്തിൽ നിന്ന് മനസ്സിലാകുന്നു.

നന്മ വരട്ടെ!!!!

ramanika said...

Ullil thatti achanodu ulaa sneham attachment ellaam
Njanum ente achane orthu. Nandhi