Monday, November 21, 2016

ഘർ വാപസി

പെറുക്കിയെടുക്കാതെ
പാഴായിപ്പോയ ഉതിർമണികളെക്കുറിച്ച്
തമ്പുരാന്‍ കോപിച്ചുകൊണ്ടിരുന്നു.
വയലിലെ നാറുന്ന ചേറിൽ ചവിട്ടിത്താഴ്ത്തുമ്പോൾ;
ശ്വാസംമുട്ടി തൊണ്ടയടയുമ്പോള്‍
പാലുറച്ചുവിളഞ്ഞ് തലകുനിച്ചുനില്‍ക്കുന്ന
കതിരുകൾ കൊയ്തുനിറയ്ക്കാനെന്റെ കൈകൾ തരിച്ചു.
നാണംകൊണ്ട് വിറകൊള്ളും പാവം കതിരുകൾ.
തമ്പുരാന്റെ പത്തായവുമറയും നിറഞ്ഞുകവിഞ്ഞ് ഏമ്പക്കംവിടുമ്പോൾ;
മുറ്റത്തിനപ്പുറം കുഴികുത്തിയതിൽ എച്ചിലില വീഴുന്നതും കാത്തുനില്‍ക്കുമ്പോൾ;
നക്കിത്തുടച്ചത് വെടിപ്പാക്കുമ്പോൾ
നിങ്ങളെന്നെ നോക്കിയില്ല.
ഒന്നും മിണ്ടിയതുമില്ല.
എന്റെ പെണ്ണിന്റെ മുലയരിഞ്ഞുവീഴ്ത്തുമ്പോൾ;
പറയന്റെ മോനും പുലയന്റെ മോനും തെറിവാക്കായി,
ചാട്ടവാറായി പുറത്ത് വീഴുമ്പോൾ;
പട്ടിയോ,പൂച്ചയോ,ഞാനോയെന്നു കിടുങ്ങിയൊരു മൂലയിൽ ചുരുളുമ്പോൾ;
ആരുമൊന്നും മിണ്ടിയില്ല.
തല്ലിക്കൊല്ലുമ്പോൾ,
ചുട്ടുകൊല്ലുമ്പോൾ;
എന്റെ പെണ്മക്കളെ ബലാത്സംഗംചെയ്ത് കെട്ടിത്തൂക്കുമ്പോൾ
നിങ്ങൾ പറയുന്നു.
‘വീട്ടിലേക്ക് മടങ്ങണം.’
അനുസരണയോടെ ഞാനിറങ്ങി.
ചരിത്രത്തിന്റെ മുക്കിലും മൂലയിലും തപ്പി.
എവിടെയാണെന്റെ വീടടയാളം!
പാമ്പും പഴുതാരയും പായുന്ന നാട്ടുവഴികളന്യമായതും
അന്തിയുറങ്ങിയ കുപ്പമാടം ചുട്ടുകരിച്ചതും
കെട്ടിയ പെണ്ണിനൊപ്പം
പൊട്ടിയ ചട്ടിയും കലവും പെറുക്കി
കിടാങ്ങളെ തോളിലിട്ട് ഓടിയതും
കറുത്ത താളിലെഴുതി വെച്ചത് കണ്ടെടുത്ത്
വീടറിയാതെ മടങ്ങുകയാണ് ഞാൻ.
എവിടെയാണെന്റെ വീട്?
എവിടെയെവിടെയാണെന്റെ വീട്???????



2 comments:

Harinath said...

സ്വയം വലിച്ചെറിഞ്ഞ താക്കോൽ ആദ്യം കണ്ടുപിടിക്കൂ. അല്ലാതെ ഘർ വാപസി നടത്തിയിട്ടെന്തുകാര്യം !!
ആശംസകൾ...

Cv Thankappan said...

ദുരവസ്ഥ!
ശക്തവും തീക്ഷ്ണവുമായ വരികള്‍
ആശംസകള്‍