ഈ തെരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഓര്‍ത്തു പോയി. ഒന്നര ദശകത്തോളം ഇന്ത്യ ഭരിച്ച കരുത്തയായ ഇന്ദിരാഗാന്ധിയെന്ന നമ്മുടെ ഏക വനിതാ പ്രധാനമന്ത്രിയെ ഭാരതസ്ത്രീകൾ ആദരവോടെയും അഭിമാനത്തോടെയും എന്നും സ്മരിക്കും.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീപങ്കാളിത്തം പുരുഷനൊപ്പം തന്നെയുണ്ടാ യിരുന്നെങ്കിലും പൂര്‍ണ്ണമായും ഭരണാധികാരത്തിൽ എത്തിയ സ്ത്രീ എന്ന് ഇന്ദിരാ ഗാന്ധിയെപ്പറ്റി മാത്രമേ പറയാന്‍ പറ്റൂ. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും പിമ്പും പ്രഗത്ഭരായ അനേകം വനിതകൾ ഭാരതത്തിൽ ജന്മംകൊണ്ടിരുന്നെങ്കിലും അവരെയൊക്കെ പുരുഷാധിപത്യം അധികാരത്തിന്റെ അരികുകളിലേക്ക് തള്ളി മാറ്റുകയായിരുന്നു.
പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ സ്ത്രീപീഡനങ്ങൾ വര്‍ദ്ധിച്ചുവരികയാണ്. ഒരു പോറല്‍പോലുമേല്‍ക്കാതെ കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ പുതിയ ഇരകളുണ്ടായിക്കൊ ണ്ടിരിക്കും. സൌമ്യക്ക് പിന്നാലെ പെരുമ്പാവൂരിലെ ജിഷയും മാനവും ജീവനും പിച്ചിച്ചീന്ത പ്പെട്ട് ബലാല്‍ക്കാരത്തിന്റെ രക്തസാക്ഷിയായി. സ്ത്രീകളെ ആക്രമിക്കുന്ന കുറ്റവാ ളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കാനുതകുന്ന നിയമനിര്‍മ്മാണം നടത്തേണ്ടത് അതിന്റെ ഗുണഭോക്താവായ സ്ത്രീ ആയിരിക്കണം എന്നതാണ് ഇതിനൊരു പരിഹാരം. സ്ത്രീകള്‍ക്ക് തുല്യനീതിയും ലിംഗസമത്വവും ഉറപ്പുനല്‍കുന്ന നിയമനിര്‍മ്മാണം നടത്തേണ്ട സഭയിൽ സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തമില്ലെങ്കിൽ സ്ത്രീകളുടെ താല്‍പ്പര്യം ഒരിക്കലും സംരക്ഷിക്കപ്പെടുകയില്ല.
ഇപ്പോഴത്തെ ലോകസഭയിൽ 12% മാത്രമാണ് സ്ത്രീപ്രാതിനിധ്യമുള്ളത്. കഴിഞ്ഞ കേരളനിയമസഭയിലാണെങ്കിൽ വെറും അഞ്ചുശതമാനവും. സ്ത്രീജനപ്രതിനിധികളുടെ സംഖ്യ ഒരക്കം കടക്കാൻ മടികാണിക്കുന്നതിന് കാരണം സ്ത്രീയുടെ നേതൃത്വം അംഗീകരിക്കാനുള്ള പുരുഷന്റെ വിമുഖത തന്നെയാണ്. രാഷ്ട്രീയരംഗത്ത് സ്ത്രീയെ വളര്‍ത്തിക്കൊണ്ടു വരാനും നേതൃത്വം കൈമാറാനും ഇന്ത്യന്‍ രാഷ്ട്രീയത്തിന്,പ്രത്യേകിച്ച് കേരളരാഷ്ട്രീയത്തിന് താല്‍പ്പര്യമില്ല. അതുകൊണ്ടാണ് നിയമനിര്‍മ്മാണ സഭകളിൽ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാത്തത്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിൽ മരുന്നിന് ഒരു പെണ്‍തരിയുണ്ടായിരുന്നു. ആദിവാസി ക്ഷേമമന്ത്രി പി.കെ.ജയലക്ഷ്മി. കോണ്‍ഗ്രസ്സിൽ ആറോളം വനിതാംഗങ്ങൾ മത്സരിച്ചെങ്കിലും വീശിയടിച്ച ഇടതുപക്ഷക്കൊടുങ്കാറ്റിൽ അവരെല്ലാം കാലിടറി വീണതുകൊണ്ട് ഇപ്രാവശ്യം പ്രതിപക്ഷത്ത് വനിതാ സാന്നിദ്ധ്യമില്ല. ഇടതുപക്ഷ ത്താണെങ്കിൽ ആകെയുള്ള മണ്ഡലങ്ങളിൽ വെറും പതിമൂന്ന്‍ ശതമാനത്തിനടുത്താണ് സ്ത്രീകളെ മത്സരിപ്പിച്ചത്. അതിൽ ജയിച്ചു വന്നത് 8പേർ. 91ൽ 8 എന്നത് ജയിച്ചുവന്ന ഇടതുപക്ഷത്തിന്റെ ഒമ്പത് ശതമാനത്തിൽ താഴെയേ വരൂ. നിയമസഭയിലെ മൊത്തം അംഗങ്ങളുടെ ആറു ശതമാനത്തിനടുത്ത് മാത്രവും. അവരില്‍നിന്ന് രണ്ട് വനിതാ മന്ത്രിമാരെയും തെരഞ്ഞെടുത്തിരിക്കുന്നു. എന്നാൽ അര്‍ഹിക്കുന്നത് കിട്ടാത്തിടത്തോളം ഇത് ഒട്ടും തൃപ്തികരമല്ല. സംവരണത്തിന്റെ ആനുകൂല്യമില്ലാതെ തന്നെ പകുതിയിലേറെ ജനപ്രതിനിധികളും മന്ത്രിമാരും സ്ത്രീകളായിരിക്കണം. കാരണം കേരളത്തിൽ 2.60കോടി വോട്ടര്‍മാരിൽ 1.35കോടിയും സ്ത്രീകളാണ്.പുരുഷന്മാർ 1.25കോടി മാത്രം. വോട്ടുബാങ്കിൽ മുന്നിട്ടുനില്‍ക്കുന്ന സ്ത്രീകൾ തങ്ങള്‍ക്ക് പങ്കാളിത്തമില്ലാത്തൊരു സംവി ധാനത്തെ താങ്ങിനിര്‍ത്തേണ്ട ബാധ്യത ഇല്ല എന്ന്‍ തിരിച്ചറിയണം.
വര്‍ഷങ്ങള്‍ക്കു്മുമ്പേ നമ്മൾ കരുത്തുറ്റ ഒരു വനിതാ മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചതാണ്. അന്ന്‍ ഗൌരിയമ്മയെ മുഖ്യമന്ത്രിയായി സങ്കല്‍പ്പിച്ചവരുടെ പ്രതീക്ഷയെ തകിടം മറി ച്ചുകൊണ്ട് ഇ.കെ.നായനാരെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഗൌരിയമ്മയെപ്പോലൊരു നേതാവിന് ത്യാഗത്തിന്റെയോ,തന്റേടത്തിന്റെയോ,കഴിവിന്റെയോ കുറവുണ്ടെന്ന് ആരും പറയില്ല. എന്നിട്ടുമദ്ദേഹത്തിന് കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ കഴിഞ്ഞില്ല.
പുരുഷന് മത്സരിക്കാൻ സീറ്റ് നിഷേധിക്കുമ്പോൾ അയാൾ അത് ലഭിക്കാനുള്ള സര്‍വ വഴികളും നോക്കും. അതുകൊണ്ടാണല്ലോ പുരുഷവിമതസ്ഥാനാര്‍ത്ഥികളുടെ എണ്ണം പെരുകുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാനുള്ള ചങ്കൂറ്റം സ്ത്രീകള്‍ക്കുണ്ടായിരുന്നെങ്കിൽ 14ആം കേരള നിയമസഭയിലെ 140മണ്ഡലങ്ങളിലേക്ക് മത്സരിച്ച 1203 സ്ഥാനാര്‍ഥികളിൽ സ്ത്രീ സ്ഥാനാര്‍ഥികൾ വെറും 109 പേരിലൊ തുങ്ങില്ലായിരുന്നു.
ഇതിന് അപവാദമായി എടുത്തു കാണിക്കാവുന്ന ഒരേയൊരു മാതൃക താൻ കൂടി വളര്‍ത്തി യെടുത്ത പാര്‍ട്ടി തള്ളിക്കളഞ്ഞപ്പോൾ സ്വന്തമായി ഒരുപാര്‍ട്ടി യുണ്ടാക്കി ഇപ്പോഴും രാഷ്ട്രീയത്തിൽ ഉറച്ചുനില്‍ക്കുന്ന തൊണ്ണൂറു കഴിഞ്ഞ കെ.ആർ.ഗൌരിയമ്മ മാത്രമാണല്ലോ. ശോഭന ജോര്‍ജ്ജും കെ.കെ.രമയും സി.കെ.ജാനുവുമൊക്കെ പ്രതിഷേധത്തിന്റെ ശബ്ദവുമായി അങ്ങിങ്ങ് മിന്നിനില്‍ക്കുന്നുണ്ട് എന്നത് മറക്കുന്നില്ല. പക്ഷെ,എത്ര കാലം അവര്‍ക്ക് പിടിച്ചുനില്‍ക്കാൻ കഴിയുമെന്ന് കണ്ടറിയണം. ഈ പരിതാപകരമായ അവസ്ഥയെ മറികടക്കാന്‍ നൂറ്റാണ്ടുകൾ കാത്തിരിക്കാൻ സാധ്യമല്ല.
ഏതു പാര്‍ട്ടിക്കുള്ളിലായാലും സ്ത്രീയെ അച്ചടക്കത്തിന്റെ വാളോങ്ങി അടക്കി നിര്‍ത്താൻ രാഷ്ട്രീയത്തിലെ പുരുഷനേതൃത്വം എന്നും ശ്രമിച്ചിരുന്നു. അപ്പോൾ അതിനെ പ്രതിരോധിക്കാന്‍ സ്ത്രീകൾ തങ്ങളെ താഴോട്ടു വലിക്കുന്ന അച്ചടക്കം തല്‍ക്കാലം മറക്കണം. കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും സ്ത്രീകളോടുള്ള കോണ്‍ഗ്രസിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കെ.പി.സി.സി. യോഗത്തില്‍നി ന്നും ഇറങ്ങിപ്പോ യത് നല്ലൊരു സൂചനയായി കണക്കാക്കാം. ബി.ജെ.പി.യിലെ ശോഭ സുരേന്ദ്രനും തന്റെ തോല്‍വിക്ക് ഉത്തരവാദികളായ പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ പരാതിപ്പെടാൻ ധൈര്യം കാണിച്ചുവെന്നതും ശുഭസൂചകമാണ്. ഇവരൊക്കെ പുതിയ ആത്മവിശ്വാസത്തിന്റെ സ്ത്രീ സ്വരങ്ങളാണ്.
ശക്തരായി രാഷ്ട്രീയത്തിൽ അധികാരം കൈയാളുന്ന മമതാ ബാനര്‍ജി യും ജയ ലളിതയുമൊക്കെയാണ് സ്ത്രീകള്‍ക്ക് മാതൃകയാവേണ്ടത്. രാഷ്ട്രീയത്തിലും ഭരണത്തിലു മൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് സ്ത്രീകളാണ് എന്നതിന് തെളിവാണ് ഇവരുടെ ഭരണരംഗത്തെ നേട്ടങ്ങൾ. ജനം അത് തിരിച്ചറിഞ്ഞു തന്നെയാണ് രണ്ടാമൂഴം നല്‍കി അവരെ അനുഗ്രഹിച്ചത്.
കുടുംബത്തിലായാലും രാഷ്ട്രീയത്തിലായാലും ഉദ്യോഗത്തിലായാലും സ്ത്രീയെന്നും അനുസരണയുള്ളവളായിരിക്കണമെന്നു തന്നെയാണ് പുരുഷസമൂഹത്തിന്റെ ആഗ്രഹം. അത് വകവെച്ചുകൊടുക്കേണ്ട കാര്യം ആധുനിക വനിതക്കില്ല. അവൾ ആവശ്യപ്പെടുന്നതും അര്‍ഹിക്കുന്നതും തുല്യതയാണ്. ഒരു വ്യക്തി എന്ന നിലയിൽ ഒരാൾ മറ്റെയാള്‍ക്ക് കീഴടങ്ങി ജീവിക്കേണ്ട കാര്യമില്ല. സ്വന്തം കഴിവനുസരിച്ച് വളരാനും പ്രവര്‍ത്തി ക്കാനുമുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. ആ നിലയ്ക്ക് സ്വന്തം സ്വത്വം സ്ഥാപിച്ചെടുക്കുക എന്നത് സ്ത്രീയുടെ ആവശ്യമാണ്. മുന്നിലെത്താന്‍ അവർ കഠിനമായി അധ്വാനിക്കുകയും വേണം. ഇപ്പോഴത്തെ സ്ത്രീകൾ എല്ലാ രംഗത്തും കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പിന്നോട്ട് തള്ളപ്പെടുമ്പോൾ അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്കു വേണ്ടി സ്ത്രീ പോരാടണം. തനിക്ക് അവകാശപ്പെട്ടത് പിടിച്ചുവാങ്ങുകതന്നെ വേണം. ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും ശോഭ സുരേന്ദ്രനുമൊക്കെ പ്രതികരിച്ചതുപോലെ തങ്ങൾ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി യില്‍നിന്നുതന്നെ അത് തുടങ്ങട്ടെ. ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ എല്ലാ പാര്‍ട്ടി കളിലെ വനിതകളുടെ ഇടയില്‍നിന്നും ഇനിയുമുയര്‍ന്നുവരണം. ജാഥയ്ക്കും സമ്മേളനങ്ങള്‍ക്കും കൊഴുപ്പുകൂട്ടാൻ മാത്രമല്ല, ഭരണത്തിലും സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ഉറപ്പുവരുത്തണം
(ഇന്നത്തെ മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം.)
No comments:
Post a Comment