Monday, April 11, 2016

സ്ഥാനാര്‍ഥിയും പ്രതിനിധിയും

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നമ്മളെങ്ങനെയാണ് നമ്മുടെ പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടത്. സ്ഥാനാര്‍ഥികള്‍ പത്തുപേരുണ്ടായാലും നമുക്ക് അവരൊന്നും സമ്മതരല്ലെങ്കില്‍ എന്തുചെയ്യും? പ്രത്യേകിച്ച് അഴിമതിയുടെയും അനാശാസ്യത്തിന്റെയും നിറംപിടിപ്പിച്ച കഥകള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ആരെയാണ് വിശ്വസിക്കുക. ആര്‍ക്കും വോട്ട് ചെയ്യാതിരിക്കലും ശരിയല്ല. എന്റെ പ്രതിനിധിയെ എനിക്ക് തെരഞ്ഞെടുക്കണം. അതെന്റെ അവകാശവും ആവശ്യവുമല്ലേ? നിലവിലുള്ള സംവിധാനത്തില്‍ അത് പൂര്‍ത്തീകരിക്കപ്പെടുന്നില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന മട്ടില്‍ വോട്ടുചെയ്യുന്നു. ഇത് എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രശ്നമാണ്. ഇത് എന്നെ മാത്രം അലട്ടുന്ന പ്രശ്നമല്ലെന്ന് ഇപ്പോള്‍ മനസ്സിലായി. സ്ഥാനാര്‍ത്ഥിയെ ചൊല്ലി പ്രതിഷേധം പുകയുകയും അത് ആളിക്കത്തി വനിതകളടക്കം തെരുവിലിറങ്ങുകയും ചെയ്തത് എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടിക്കുള്ളിലെങ്കിലും ഇങ്ങനെ പ്രതിഷേധിക്കാനും തങ്ങള്‍ക്ക് അനഭിമതരായവരെ മാറ്റണമെന്ന് ആവശ്യപ്പെടാനുമുള്ള സ്വാതന്ത്ര്യം അണികള്‍ക്ക് ഉണ്ടാവണം. അണികള്‍ക്ക് മാത്രം പോര,എനിക്കും വേണം എന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം. നമ്മുടെ സാഹചര്യത്തില്‍ അതെങ്ങനെയാണ്‌ നടപ്പിലാക്കേണ്ടത് എന്ന്‍ അറിയില്ല. എന്നെക്കാള്‍ വിവരമുള്ളവര്‍ കൂടുതല്‍ ചിന്തിക്കുമെന്ന് വിശസിക്കുന്നു.

5 comments:

Harinath said...

Method 1: ബാലറ്റിൽ എത്ര സ്ഥാനാർഥികളുണ്ടോ അത്രയും വോട്ട് ഓരോ വോട്ടർക്കും ഉണ്ടായിരിക്കണം. ഉദാഹരണമായി 9 സ്ഥാനാർഥികൾ ഉണ്ടെങ്കിൽ ഓരോ വോട്ടർക്കും ആകെ 9 വോട്ടുകൾ ചെയ്യാനുള്ള അവസരമുണ്ടായിരിക്കും; ഒന്നല്ല. അത്രയും വോട്ടുകൾ വോട്ടർക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാം. ഒരോ സ്ഥാനാർഥിയും എത്രത്തോളം ജനസമ്മതനാണ്‌ എന്നറിയാൻ ഈ രീതി കൂടുതൽ ഫലപ്രദമായിരിക്കും.

Method 2: ഓരോ സ്ഥാനാർഥിക്കും മാർക്കിടുക എന്നതാണ്‌ അടുത്ത രീതി. 0 മുതൽ 10 വരെയുള്ള മാർക്ക് ഓരോ സ്ഥാനാർഥിക്കും ഇട്ടുകൊടുക്കാനുള്ള അവസരം. ഏറ്റവും കൂടുതൽ മാർക്കു നേടുന്ന സ്ഥാനാർഥി വിജയി. അതിന്‌ കുറഞ്ഞത് ഇത്ര ശതമാനം മാർക്കെങ്കിലും കിട്ടിയിരിക്കണമെന്ന നിബന്ധനയുമാകാം. നിശ്ചിത ശതമാനത്തിൽ കുറഞ്ഞ മാർക്ക് കിട്ടിയ സ്ഥാനാർഥിയിൽ നിന്നും ഫൈൻ ഈടാക്കുകയും ആകാം.

ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഒരിക്കൽ ബ്ലോഗിൽ എഴുതിയിരുന്നു. ജനാധിപത്യത്തിന്റെ കാണാപ്പുറങ്ങൾ

ശാന്ത കാവുമ്പായി said...

നിലവിലുള്ളവരെ ആരെയും ഇഷ്ടമല്ലെങ്കിലോ? അതിനൊരു പരിഹാരം പറയൂ. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പങ്കാളിയാവണം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വോട്ടിംഗ് യന്ത്രത്തെപ്പോലെയാണ് സമ്മതിദായകനെന്ന യന്ത്രവും.

ശാന്ത കാവുമ്പായി said...

ആറങ്ങോട്ടുകര മുഹമ്മദ്‌ അത് എങ്ങനെ മാറ്റും? മാറ്റം വേണ്ടേ?

Harinath said...

ഓരോരുത്തരും നാട്ടിൽ ഇഷ്ടമുള്ള ഒരാളുടെ പേരും അഡ്രസ്സും എഴുതി ബാലറ്റ് പെട്ടിയിൽ ഇടട്ടെ. അങ്ങനെ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നയാൽ ജനപ്രതിനിധി.