Saturday, December 5, 2015

തിരിച്ചു നല്‍കാനൊരു പൊന്നുമ്മ

ഡിസംബര്‍ 3. ലോകവികലാംഗദിനം. ഇരിക്കൂര്‍ ബി.ആര്‍.സി. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ പത്തൊമ്പത് കൊല്ലം ജോലി ചെയ്ത എന്റെ വിദ്യാലയം ‘എന്നെ മറന്നോ’ എന്ന്‍ മാടിവിളിച്ചു.
എങ്ങനെ ഞാന്‍ മറക്കും! എന്നെ ഞാനാക്കിയ എന്റെ പ്രിയവിദ്യാലയം. മടുപ്പിന്റെ മാറാല തൂത്തെറിഞ്ഞ് ഞാന്‍ വെളിച്ചത്തിലേക്കിറങ്ങിയത് ഇവിടെ വെച്ചാണല്ലോ. അവിടെയുള്ളവര്‍ എന്റെ സഹപ്രവര്‍ത്തകരല്ല, കുടുംബാംഗങ്ങള്‍ തന്നെയാണ്. വിദ്യാര്‍ഥികള്‍ എന്റെ മക്കളും.
“എന്നിട്ടുമെന്തേ മൂന്നുവര്‍ഷമാകാറായിട്ടും നീ ഇങ്ങോട്ട് വരാഞ്ഞത്?”
“എന്നോട് പിണങ്ങല്ലേ. പൊട്ടിപ്പൊളിഞ്ഞ വഴിയില്‍ക്കൂടി കാലിടറിയിടറി കുന്നുകയറി വന്നത് എന്റെ സ്നേഹം കൊണ്ടല്ലേ. ഓര്‍മ്മയുടെ അവസാനതന്തുവും പൊട്ടിപ്പോവുന്നതുവരെ എനിക്ക് മറക്കാനാവില്ല.”
ഓട്ടോറിക്ഷ കഞ്ഞിപ്പുരയുടെ മുന്നില്‍ എത്തിയപ്പോഴേക്കും അന്നദാതാവ് സുമതി ഓടിവന്നു. “ടീച്ചറേ, ചോറ് വേണ്ടേ?”
വേണം. അതിനല്ലേ ഉച്ചയ്ക്ക് ഒഴിഞ്ഞ വയറോടെ വന്നത്. ഈ അക്ഷയപാത്രം എനിക്കെത്ര വിളമ്പിത്തന്നതാ!
സ്റ്റാഫ് റൂമില്‍ എന്റെ തലവെട്ടം കണ്ടപ്പോഴേക്കും അനിത ടീച്ചര്‍ ഊണ് മതിയാക്കി എഴുന്നേറ്റു. ഇടതുകൈകൊണ്ടെന്റെ കൈ പിടിച്ചു. നിഷമാരും ബിന്ദുവും ബീനയും ശ്രീമയും വത്സലയും ലതികയും മറ്റും എന്നെ വളഞ്ഞപ്പോള്‍ കൂടെ വന്ന രാജാമണിയെ ഞാന്‍ സൈഡാക്കി.
അവരെല്ലാംചേര്‍ന്ന് എന്റെ പഴയ ഇരിപ്പിടത്തില്‍ കൊണ്ടിരുത്തി. അവിടെ ഇരിക്കുമ്പോഴേക്കും ഒരു കുന്ന് ചോറെത്തി. അമ്പമ്പോ! ഇതെങ്ങനെ ഞാന്‍ തീര്‍ക്കും . ചോറില്‍ കൈവെക്കാന്‍ ഒരുങ്ങുമ്പോഴേക്കും കൈകൂപ്പിക്കൊണ്ട് എന്റെ പഴയ സഹപ്രവര്‍ത്തകന്‍,പുതിയ ഹെഡ്മാസ്റ്റര്‍ ജെ.കെ. എന്ന ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ വന്നുചേര്‍ന്നു . എന്നിട്ട് കവിതയില്‍ പറഞ്ഞു. ‘അങ്ങോട്ട്‌ ചെന്നുകാണേണ്ട മഹാജനം ഇങ്ങോട്ട് വന്നല്ലോ.’ വരിയൊക്കെ ഞാനങ്ങ് മറന്നുപോയി. വയസ്സായില്ലേ. അല്ലെങ്കിലും അദ്ദേഹത്തോട് അതിലൊന്നും മത്സരിക്കാന്‍ ഞാനാളല്ലേ.
മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ വിക്കി. മാനത്തേക്ക് പൊങ്ങാഞ്ഞത് മേല്‍ക്കൂരയുള്ളതുകൊണ്ട് മാത്രം.
അല്ല,രാധയെവിടെ? കണ്ണന്റെ രാധയല്ല. ജനാര്‍ദ്ദനന്റെ രാധ. എന്റെ കുഞ്ഞനുജത്തി. ക്ലാസിലോ, കളിസ്ഥലത്തോ, ലാബിലോ, കമ്പ്യൂട്ടര്‍ റൂമിലോ ജോലിയില്‍ മുഴുകിയിരിക്കുകയായിരിക്കും. എന്തെങ്കിലും ജോലി ചെയ്യാനുണ്ടെങ്കില്‍ അവള്‍ ഭക്ഷണത്തെക്കുറിച്ച് ഓര്‍ക്കുകയേയില്ല. ഓ..രാധ വന്നു. വന്ന ഉടനെ എന്റെ പാത്രത്തില്‍ കുറെ കറിയും കോരിയിട്ടു. പിന്നാലെ നമിതയുമെത്തിയല്ലോ. രണ്ടുപേരും നഴ്സ് കൊച്ചിന്റെ കൂടെ ലാബില്‍ ബ്ലെഡ് ടെസ്റ്റ്‌ ചെയ്യാന്‍ സഹായിക്കുകയായിരുന്നത്രേ. ഏത് ഗ്രൂപ്പായാലും രക്തത്തിന്റെ നിറം ചുവപ്പുതന്നെ.
ജയ ടീച്ചറും വന്നല്ലോ. വലതുഭാഗത്ത് അടുത്തിരുന്ന് കൊതിതീരാതെ പിരിഞ്ഞുപോയതല്ലേ. അപ്പോള്‍ ഇടതുഭാഗത്തെ ലാലിടീച്ചറെ ഓര്‍ത്തുപോയി.
ജോബിഷെവിടെ എന്ന്‍ അന്വേഷിക്കുമ്പോഴേക്കും രമേശന്‍ ബ്ലാത്തൂരിനൊപ്പം സംസാരിച്ചുകൊണ്ട് വരുന്നത് കണ്ടു. ജോബിഷ് അടുത്ത് വന്ന് മിണ്ടി. ബഷീര്‍ മാഷും കുശലം ചോദിച്ചുകൊണ്ട് വന്നു. പ്രിയമിത്രം കെ.പി.ആര്‍. നര്‍മ്മത്തിന്റെ കെട്ടഴിച്ചുവിട്ടു. എന്റെ വയസ് ആറേഴുവര്‍ഷം തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ സര്‍ട്ടിഫിക്കറ്റ് തന്നു. ഇങ്ങനെ അഞ്ചാറ് പ്രാവശ്യം അദ്ദേഹത്തെ കാണാന്‍ വന്നാല്‍ എനിക്ക് കൌമാരത്തിലേക്ക് തിരിച്ചു പോകാം എന്നുറപ്പായി. ആനന്ദലബ്ധിക്കിനിയെന്തുവേണം!
രമേശന്‍ മാഷിനോട് അല്‍പ്പം ഗൗരവമുള്ള വിഷയം, സാഹിത്യം ചരര്‍ച്ചചെയ്തു.
ഉമ്മര്‍ മാഷിനോടും ശ്രീനിവാസന്‍ മാഷിനോടും മണി മാഷിനോടും മിണ്ടി. പഴയ സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണന്‍ മാഷുമെത്തി.
പുതുമുഖങ്ങളും കുശലമന്വേഷിച്ചു.
ഊണും സംസാരവും മുന്നേറുമ്പോള്‍ സമാന്തരമായി സ്ത്രീജനങ്ങളും ഹെഡ്മാസ്റ്ററും ചേര്ന്ന്്‍ ചില ഗൂഡാലോചനകളും നടക്കുന്നുണ്ടായിരുന്നു. അവര്‍ അതിന്റെ റിസള്‍ട്ട് എന്നെ അറിയിച്ചു. ‘അന്ന്‍ സ്കൂളില്‍ നടത്താനുദ്ദേശിക്കുന്ന വികലാംഗദിനാഘോഷം ശാന്ത ടീച്ചര്‍ ഉദ്ഘാടനം ചെയ്യണം.’
പിന്നെന്താ, ഞാനെപ്പോഴേ റെഡി.
അടുത്ത നിമിഷം എല്ലാവരും കൂടി എന്നെ പൊക്കി. വായന മൂലയിലേക്ക്. എനിക്കേറെ ഇഷ്ടമുള്ള ഓപ്പന്‍ എയര്‍ ക്ലാസ് റൂം ആണല്ലോ അത്.
അവിടെ ഇരുന്നപ്പോള്‍ ഓര്‍മ്മകളിരമ്പി വന്നു. പിന്നെയും പിന്നെയും ഓര്‍ക്കാനിഷ്ടപ്പെടുന്നവ.
മുന്നില്‍ സ്റ്റുഡന്റ് പോലീസ് കാണികളായി. ആറുകുഞ്ഞുങ്ങള്‍ മാത്രമേ ഭിന്നശേഷിയുള്ളവരായിട്ടുള്ളൂ. അതും ശാരീരികാവശത അല്ല. അല്പം പഠനപിന്നോക്കാവസ്ഥ മാത്രം. ആശ്വാസം തോന്നി.
പരിപാടി തുടങ്ങി. സ്വാഗതവും ആശംസയും. നല്ല വാക്കുകളുടെ പ്രവാഹത്തില്‍ ഞാന്‍ മുങ്ങിപ്പൊങ്ങി. വീണ്ടുമൊരു ക്ലാസ്സിലെത്തിയതിന്റെ ആവശത്തില്‍ ഞാന്‍ സ്വയംമറന്ന് കുട്ടികളോട് സംസാരിച്ചു. കുട്ടികള്‍ പാട്ടും മിമിക്രിയും നാടകവുമൊക്കെയായി തങ്ങളുടെ പ്രതിഭ തെളിയിച്ചു. കൂട്ടുകാരും ഹെഡ്മാസ്റ്ററും അധ്യാപകരും അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. അവരുടെ പ്രകടനത്തില്‍ മയങ്ങിപ്പോയ രാജാമണി ഓടിപ്പോയി സമ്മാനം വാങ്ങി അവര്‍ക്ക് നല്‍കി.
ഹെഡ്മാസ്റ്റര്‍ മറ്റുള്ളവരെയും പാടാനും ആടാനും ക്ഷണിച്ചപ്പോള്‍ മിമിക്രിയും പാട്ടുമൊക്കെ അരങ്ങു തകര്‍ത്തു .
പിന്നെയത് സംഭവിച്ചു. ഒരുപൊന്നുമോള്‍ തനിക്ക് ചുറ്റുമുള്ള അവശതയനുഭവിക്കുന്നവരെ സഹായിക്കുമെന്ന് കണ്ണുതുടച്ചുകൊണ്ട് പ്രതിജ്ഞചെയ്തു. എന്നിട്ടവള്‍ പതുക്കെ എന്റെ കവിളില്‍ വിരല്‍ കൊണ്ട് ഒന്നു തൊട്ടു. എന്നിട്ട് എനിക്ക് ചിന്തിക്കനിട തരാതെ അവിടെ ഒരു പൊന്നുമ്മ നല്‍കി. ദേ, ഇവിടെ. എന്റെ കവിളില്‍.
അവള്‍ക്ക് തിരിച്ചു നല്‍കാന്‍ മറന്നുപോയ പൊന്നുമ്മ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എപ്പോഴെങ്കിലും ഞാനത് അവള്‍ക്ക് നല്‍കും.








No comments: