Wednesday, July 22, 2015

പതിനെട്ടിന്റെ ആണത്തം

എണ്‍പെത് കൊല്ലം മുമ്പ് എന്റെ വലിയച്ഛന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായപ്പോള്‍ അച്ഛന്റെ അമ്മ പറഞ്ഞു “മോനെ കല്യാണം കഴിപ്പിക്കണം. വീട്ടിലൊരു പെണ്‍കുട്ടി വേണം.” കേട്ടതുപാതി കേള്‍ക്കാത്തത് പാതി ചെക്കന്റെ അച്ഛനും കാരണവന്മാരും പെണ്ണുതേടിയിറങ്ങി. കാരണം അമ്മ ഏഴു മക്കളെ നൊന്തു പെറ്റതാണ്. അതിലൊന്ന് പെണ്‍കുട്ടിയായിരുന്നു. നാലുപേരെയും മേലോട്ട് കൊണ്ടുപോയി. മൂന്ന്‍ ആണ്മക്കള്‍ ബാക്കിയുണ്ട്. അമ്മയുടെ ദു:ഖം അറിയാവുന്ന ബന്ധുക്കള്‍ പറഞ്ഞു. “പതിനെട്ടു പൂര്‍ത്തിയായാല്‍ പത്തൊമ്പതാകും.”
എല്ലാവരുംകൂടി പതിനാലുകാരി വധുവിനെ കണ്ടെത്തി കല്യാണവും നടത്തി. അമ്മയ്ക്ക് ഓമനിക്കാന്‍ ഒരു മോളെ കിട്ടി. കൂട്ടുകാരെല്ലാം കല്യാണച്ചെക്കനെ കളിയാക്കിക്കൊന്നു. “മുലപ്പാലിന്റെ മണം മാറീല. ഓന്റ്യൊരു പൂതി.”
അന്നുരാത്രി ചെക്കന് കാര്യം പിടികിട്ടി. പെണ്ണിന്റെ മണംപോലും അവിടെങ്ങുമില്ല. കാര്യമെന്താ. അമ്മ പെണ്ണിനേയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നു. അടുത്ത പത്തുമാസവും ചെക്കന് പെണ്ണിനെ കാണാനുള്ള അനുവാദംപോലുമില്ല. പാവം. പത്തുമാസം കഴിഞ്ഞപ്പോള്‍ വലിയച്ഛന്‍ സമരത്തില്‍ പങ്കെടുത്ത് ഒളിവിലും പെണ്ണ് പെണ്ണിന്റെ വീട്ടിലേക്കും പോയി. പിന്നെയവര്‍ തമ്മില്‍ കണ്ടിട്ടില്ല.
ഈ കദനകഥ അറിയാവുന്ന എന്റെ ദു:ഖം ഇന്നലത്തെ പത്രം വായിച്ചതോടെ തീര്‍ന്നുപോയി. അന്ന് മുതിര്‍ന്നവര്‍ വലിയച്ഛന് നല്‍കാതിരുന്ന ആനുകൂല്യം ഇന്നത്തെ പതിനെട്ടുകാര്‍ക്ക് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതലസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നു. ഇനി രാജ്യത്തെ പതിനെട്ടുകാര്‍ക്ക് പ്ലസ് ടു കഴിയുന്നതിനുമുമ്പ് കല്യാണം കഴിക്കാം. സ്റ്റഡി ലീവ് പോലെ കുട്ടികള്‍ക്ക് മധുവിധു ലീവ് കൂടി അനുവദിച്ചാല്‍ മനോഹരമായിരിക്കും. മാസംതോറും ചെലവിന് കല്യാണബത്തയും അനുവദിക്കണം.
മറ്റൊരു സന്തോഷം കൂടിയുണ്ട്. പതിനാറുകാരികള്‍ക്കെല്ലാം സ്വതന്ത്രമായി ലൈംഗികബന്ധവും ശുപാര്‍ശചെയ്യുന്നുണ്ട്. അവരൊന്നു സമ്മതം മൂളിയാല്‍ മാത്രം മതി. വരുംവരായ്കയൊക്കെ സര്‍ക്കാര്‍ നോക്കട്ടെ. ആദ്യം ജീവിതം ആസ്വദിക്കുക. അതിനുശേഷം മതി പഠിത്തവും മണ്ണാങ്കട്ടയും.



12 comments:

Cv Thankappan said...

ജോലി കിടീട്ടുമതി കല്ല്യാണൊം,പിടകോഴീം എന്നുപറയണോടൊരൊക്കെ നാവടച്ചുപ്പോണ തരായി ഇപ്പോ......
ആശംസകള്‍ ടീച്ചര്‍

ഒരു കുഞ്ഞുമയിൽപീലി said...

പതിനാറുകാരികള്‍ക്കെല്ലാം സ്വതന്ത്രമായി ലൈംഗികബന്ധവും ശുപാര്‍ശചെയ്യുന്നുണ്ട്. അവരൊന്നു സമ്മതം മൂളിയാല്‍ മാത്രം മതി.


:)

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.

ഇനി അതും കൂടിയേ ഉള്ളൂ.

lekshmi. lachu said...

ആദ്യം ജീവിതം ആസ്വദിക്കുക. അതിനുശേഷം മതി പഠിത്തവും മണ്ണാങ്കട്ടയും. ..athu kalakki tou...hahhah

ajith said...

ശുഭസ്യ ശീഘ്രം!!!!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വല്ലാത്ത കാലം

ശാന്ത കാവുമ്പായി said...
This comment has been removed by the author.
ശാന്ത കാവുമ്പായി said...

സ്ത്രീശാക്തീകരണത്തിന് ഒരു കൈത്താങ്ങ്‌' എന്ന മാതൃഭൂമിയുടെ മുഖപ്രസംഗം വായിച്ചു. 'സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം ഏകീകരിക്കാന്‍ പുരുഷന്മാരുടെ വിവാഹപ്രായം 18 ആയി കുറയ്ക്കാന്‍ ശുപാര്‍ശചെയ്യുന്നു. ഏകീകരണം നല്ലതുതന്നെ. പക്ഷേ, അത് നിലവിലുള്ള പ്രായം കുറച്ചുകൊണ്ടാകുന്നതിനോട് യോജിക്കാന്‍ കഴിയില്ല. സ്ത്രീപുരുഷസമത്വം ആഗ്രഹിക്കുമ്പോള്‍ സ്ത്രീക്കും തൊഴില്‍ ലഭിക്കാനുള്ള യോഗ്യത നേടേണ്ടതുണ്ട്. അതിന് അവളുടെ വിവാഹപ്രായം പുരുഷനൊപ്പം ഉയര്‍ത്തുകയാണ് നിലവിലുള്ള സാഹചര്യത്തില്‍ വേണ്ടത്. സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് പെണ്‍കുട്ടികളുടെ പ്രായം 16 ആയി കുറയ്ക്കുന്നതും അപകടമല്ലേ? വിവാഹപ്രായം 18ആകുമ്പോള്‍ ലൈംഗികബന്ധത്തിന് 16മതി എന്ന് പറയുന്നതിലൂടെ കുട്ടികള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്? കല്യാണം വേറെ,സെക്സ് വേറെ എന്നുതന്നെയല്ലേ? കൌമാരപ്രായത്തില്‍ എതിര്‍ലിംഗത്തോട് ഇഷ്ടവും അഭിനിവേശവും തോന്നുക സാധാരണമാണ്. അതൊക്കെ അനുവദിച്ചാല്‍ പെണ്‍കുട്ടികളെ ചൂഷണംചെയ്യുന്നവര്‍ക്ക് എളുപ്പം രക്ഷപ്പെടാനുള്ള പഴുത് ഉണ്ടാക്കലല്ലേ? അറിവുള്ളവര്‍ പറഞ്ഞുതരുമെന്ന് വിശ്വസിക്കുന്നു.

വിനോദ് കുട്ടത്ത് said...

എത്ര മനോഹരമായ ആചാരങ്ങൾ...... കേട്ടിട്ട് കോള്‍മയിര്‍ കൊള്ളുന്നു....... ഞാൻ കുറച്ച് നേരത്തേ ജനിച്ചുപോയി..... ഒരു പതിനെട്ടു വര്‍ഷം കഴിഞ്ഞു ജനിച്ചിരുന്നെങ്കില്‍ ഇപ്പോ പെണ്ണുകെട്ടാമായിരുന്നു ...... ചുമ്മാ.... .വെറുതെ...... ഒരു കാര്യവുമില്ലാതെ...... ജീവിക്കാനല്ലാതെ.....

ശാന്ത കാവുമ്പായി said...

വിനോദ് താങ്കളുടെ ആഗ്രഹത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനല്ല,കൊല്ലാനാണ് തോന്നുന്നത്....ചുമ്മാ കൊല്ലാന്‍!

ramanika said...

സ്റ്റഡി ലീവ് പോലെ കുട്ടികള്‍ക്ക് മധുവിധു ലീവ് കൂടി അനുവദിച്ചാല്‍ മനോഹരമായിരിക്കും. മാസംതോറും ചെലവിന് കല്യാണബത്തയും അനുവദിക്കണം.
ha ha ha

(ithum niyamamaavoomo aayyal kollaam )

Harinath said...

അടിസ്ഥാനം ഇവിടെയെങ്ങുമല്ല. അതുകൊണ്ടുതന്നെ ഈ നിയമം എങ്ങനെയായിരുന്നാലും അതേക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയണമെന്നില്ല. അല്ലെങ്കിൽ പിന്നെ, നിയമം എന്നതല്ലാതെ മനുഷ്യന്റെ മാനസിക തലങ്ങളെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചുമെല്ലാം വിശകലനം ചെയ്തുവരണം. ഭക്ഷണക്രമം, പരിസ്ഥിതി തുടങ്ങിയ പലതും ഇതുമായി ബന്ധപ്പെട്ട് ചർച്ചചെയ്യാനുണ്ട്. വിവാഹം എന്നതാകട്ടെ ബാഹ്യമായ ഒരു നടപടിക്രമവും. സങ്കീർണ്ണമായ ഈ വിഷയം നിയമപരമായ വിഷയമായി ഒതുക്കുന്നത് പ്രശ്നത്തിന്റെ സങ്കീർണ്ണതയെക്കുറിച്ച് മനസ്സിലാകാത്തതുകൊണ്ടാണ്‌.
അതുകൊണ്ട് ഈ നിയമത്തിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ല.