Friday, May 16, 2014

വൈതലിന്റെ കാവലിൽ കുളിരണിഞ്ഞ് (അവസാനഭാഗം)

ഞാനെന്റെ തൂലിക തല്‍ക്കാലം മലകയറ്റക്കാരി എന്ന നിലയിൽ പൊന്നു എന്ന അശ്വതിക്ക്  കൈമാറുകയാണ്. ഇനി അവൾ പറയട്ടെ.



                           എന്തിനു കുറയ്ക്കണം! വലിയ പര്‍വതാരോഹകയായില്ലേ.

“ എല്ലാവരും വലിയ ആവേശത്തിലാണ് ജീപ്പിൽ കയറിയത്. ഒരു കി.മീ. ദൂരം ജീപ്പ് വളഞ്ഞും തിരിഞ്ഞും കയറ്റം കയറുമ്പോൾ തമാശയൊക്കെ പറഞ്ഞ് ആഘോഷിച്ചു. ഒരു കി.മീ.കഴിഞ്ഞപ്പോൾ വഴി തടിക്കഷണങ്ങൾകൊണ്ട് തടഞ്ഞിരിക്കുകയാണ്. ഇനി ഇറങ്ങി നടക്കണം. ഞാനും അച്ഛനും വല്യമ്മാവനും കുഞ്ഞമ്മാവനും ഷീജമ്മായിയും മീനാക്ഷിയും തുമ്പിയും വെല്ലൂം മുഞ്ഞൂം കുഞ്ചൂം കുഞ്ഞേച്ചിയും ജോറായി നടന്നു. നല്ല തണുപ്പുണ്ട്. മഞ്ഞുണ്ട്. മഴപെയ്തേക്കാം. 


                                                യാത്ര തുടങ്ങി
വഴിയില്‍ ഒരു കൂറ്റൻ പാറ കണ്ടു. പാറപ്പുറത്തുകയറി നിന്നും ഇരുന്നും കിടന്നുമൊക്കെ ഫോട്ടോയെടുത്തു. 



                                           അച്ഛനോ,മകളോ വലിയ അഭ്യാസി?
സാഹസികരായ കുഞ്ഞമ്മോനും തുമ്പിയും കുഞ്ചുവും  പാറയുടെ വശത്തേയ്ക്ക് ചാഞ്ഞ മരക്കൊമ്പുകളിൽ അഭ്യാസം കാണിച്ചുമൊക്കെ  ഫോട്ടോയെടുത്തു. 


                                                           പേടിക്കേണ്ട മക്കളേ.

നവവധൂവരന്മാരായ മുഞ്ഞൂം കുഞ്ഞേച്ചിയും പാറയ്ക്കരികിലെ കൊമ്പിൽ പിടിച്ച് ഉഞ്ഞാലാടി റെക്കോര്‍ഡിട്ടു.
നേരം ഇരുട്ടാന്‍ പോകുകയാണ്.

                                                                   എങ്ങനുണ്ട്?

ഇനിയൊരടി മുന്നോട്ട് നടക്കാൻ ഞാനില്ല. കാലും വേദനിക്കുന്നുണ്ട്.പേട്യാവുന്നൂണ്ട്. ഈ പാറപ്പുറത്ത് സുഖമായിരിക്കാം.  കൂട്ടത്തിലെ ഏറ്റവും മടിച്ചിയൊന്നുമല്ല ഞാന്‍ എന്നറിഞ്ഞ പ്പോൾ സന്തോഷായി. ഷീജമ്മായിയും കുഞ്ചൂം വെല്ല്യമ്മോനും അച്ഛനും എനിക്ക് കൂട്ടിനുണ്ട്.  വെല്ലൂം മുഞ്ഞൂം കുഞ്ഞേച്ചിയും കുഞ്ഞമ്മോനും  തുമ്പിയും മീനാക്ഷിയും മാത്രം മുന്നോട്ട് നടന്നു.

                                            നമ്മക്കിങ്ങനെ നൊണേം പറഞ്ഞിരിക്കാം.

കുറച്ചുനേരം അവിടെ ഇരുന്നിട്ട് ഞങ്ങൾ തിരിച്ചുനടന്നു. കെ.ടി.ഡി.സി.യുടെ റിസോര്‍ട്ട് കണ്ടപ്പോള്‍ ഞങ്ങൾ അങ്ങോട്ട്‌ കയറി. 
അത് പ്രവര്‍ത്തിച്ചു തുടങ്ങയിട്ടില്ല. അടുത്ത കൊല്ലമാവുമ്പോഴേക്കും അവിടെ താമസിക്കാം. ഞങ്ങൾ താമസിക്കുന്നിടത്തുനിന്ന് 200മീറ്റർ മുകളിലാണ് ഈ റിസോര്‍ട്ട്. അവിടെനിന്ന് പലപോസിലുള്ള ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോള്‍ മലകയറാൻ പോയ സാഹസികരും തിരിച്ചെത്തി. അവരും മുകളിലെത്തിയില്ല. ഇരുട്ടിയതുകൊണ്ട് തിരിച്ചു നടക്കുകയായിരുന്നു. നടന്നുതളര്‍ന്നെത്തിയ മീനാക്ഷി കുറച്ചു സമയം ഫോട്ടോഗ്രാഫറായി. 


                                                 കെ.ടി.ഡി.സി.റിസോര്‍ട്ടിന്റെ മുറ്റത്ത്

ഞങ്ങൾ തിരിച്ചുനടക്കുമ്പോൾ  20ചെറുപ്പക്കാർ വൈതൽ മലയിലേക്ക് നടന്നുവരുന്നുണ്ടായിരുന്നു. അവർ നല്ല ഒരുക്കത്തിലാണല്ലോ. ടെന്റ് കെട്ടാനുള്ള സാമഗ്രികളും പാകം ചെയ്തു ഭക്ഷിക്കാന്‍ ചിക്കനും മീനുമൊക്കെയായി. രാത്രി വൈതൽ മലയുടെ മുകളിൽ കഴിച്ചുകൂട്ടാനുള്ള പരിപാടിയാണ്. ഈ ആണ്‍കുട്ടികളുടെ കാര്യം. ഒന്നിനും പേടിയില്ലേ!”
മടിയന്മാരുടെ കഥ കേട്ടപ്പോൾ സന്തോഷത്തോടെ ഞാനെന്റെ തൂലിക തിരിച്ചുവാങ്ങുകയാണ്.
കുളിയും മറ്റും കഴിഞ്ഞ് ഓരോരുത്തരായി ഹാളിലെത്തി. ഇനി കലാപരിപാടി. 

                                   
                                                

                                                മോളൊരു പാട്ട് പാടൂ.

കൂട്ടത്തിൽ നവ വധൂവരന്മാർ, അജി കല്യാണം കഴിച്ചിട്ട് ഒരാഴ്ച ആയില്ല, ഉള്ളതുകൊണ്ട് അവരെക്കൊണ്ട് പാടിക്കാനായി എല്ലാവരുടെയും ശ്രമം. പുത്തന്‍ പെണ്ണ് പാടാതെ പാടി രക്ഷപ്പെട്ടു. അമ്മയും മൈക്ക് കൈയിലെടുത്തു. എല്ലാവരുംകൂടി പൊന്നുവിനെ ഒരു വഴിക്കാക്കി വിട്ടു. തുമ്പിയും നാച്ചിയും കുഞ്ചുവും ഒരുകൈ നോക്കി. 


പാട്ട് ഇഴഞ്ഞുതുടങ്ങിയപ്പോൾ മനു തൊള്ളതുറന്നു. “ജഹാംഗീർ ഭായ് ആവോ. ഖാന ജാവോ”
അപ്പോഴേക്കും ജഹാംഗീർ ഷെയ്ക്ക് ഭക്ഷണവുമായെത്തിയതുകൊണ്ട് മറ്റുള്ളവർ സംഗീതത്തെ കാര്യമായി പരിക്കേല്‍പ്പിച്ചില്ല. ജഹാംഗീർ ഷെയ്ക്ക് ഒഡിഷക്കാരനാണ്. ഹിന്ദി മാത്രം പറയുന്ന നല്ലൊരു പയ്യന്‍.
ഭക്ഷണം കപ്പയും കോഴിയും മുയലിറച്ചി ഉലത്തിയതും ചപ്പാത്തിയും. വെജിറ്റെറിയന്മാർ, അമ്മയും അനിയത്തിയും കുഞ്ഞുമീനാക്ഷിയും ഇത്തിരി കഷ്ടപ്പെട്ടു. പാചകക്കാർ അവരെ കാര്യമായി പരിഗണിച്ചില്ല. മുയലിറച്ചി തിന്നുമ്പോൾ കൊല്ലുന്നത് കണ്ടിട്ടോ,എരിഞ്ഞിട്ടോ എന്നറിയില്ല, ചിലരുടെ കണ്ണുനിറഞ്ഞു. പാവം എന്നൊക്കെ പറയുന്നതും കേട്ടു. ഞാനേതായാലും താഴെ നോക്കി നടന്നതുകൊണ്ട് വരുമ്പോൾ മുയലിനെ കൊല്ലുന്നത് കണ്ടില്ല. മനുമോന്‍ നാളത്തെ മെനു ചോദിച്ചപ്പോൾ മുയലിറച്ചി എന്ന് പ്രധാന പാചകക്കാരൻ മൊഴിഞ്ഞതും കണ്ണീരോടെ അവന്‍ പറഞ്ഞു. “മുയല്‍ വേണ്ട. കൊല്ലുമ്പോള്‍ പേടിച്ച് വിറച്ചുവിറച്ച് പാവം.”           
പകരം കോഴി മതിയെന്നു നിര്‍ദ്ദേശിച്ചപ്പോൾ രണ്ടായാലും ഒരുപോലെയല്ലേ, മുയലിന് ഒരു ദിവസത്തെ ആയുസ്സേ നീട്ടിക്കിട്ടൂ എന്നൊക്കെ അയാൾ വാദിച്ചെങ്കിലും സൌമ്യ സുന്ദരജീവികളെ കൊല്ലാന്‍ അവൻ സമ്മതിച്ചില്ല.  

                                                      ഇതാണ് മധുവിധുപ്പൂത്തിരി

ഇനി വിഷുപ്പരിപാടി. എന്നുവെച്ചാൽ പടക്കം പൊട്ടിക്കൽ. എല്ലാവരും നടപ്പാതയിലേക്കിറങ്ങിയപ്പോൾ ഞാനായിട്ടെങ്ങനെയാ മുകളിൽ ഒറ്റക്കിരിക്കുക. ഞാനും മെല്ലെ ‘കാല്‍പ്പടി’യിറങ്ങി മുറ്റത്തെത്തി. മരച്ചുവട്ടിൽ കെട്ടിയ സിമന്റ് ബെഞ്ചിൽ ഇരുന്നു.  കുട്ടികൾ പൂത്തിരിയും കമ്പിത്തിരിയും കത്തിച്ചാഹ്ലാദിക്കുമ്പോൾ പഴയൊരു വിഷുക്കാലം ഓര്‍ത്തുപോയി. 
‘അനിയത്തിയുടെ മക്കളെ ‘അജിയും മനുവും’ പറ്റുമ്പോഴൊക്കെ ഞങ്ങൾ കൂടെ കൊണ്ടുവന്ന്  നിര്‍ത്തും. വിഷുവിനും ഓണത്തിനുമൊക്കെ  ഒരാളെയെങ്കിലും അനിയത്തി ഞങ്ങള്‍ക്ക് പോറ്റാന്‍ തരും. അവരുണ്ടെങ്കിലേ ഞങ്ങളുടെ ആഘോഷം പൂര്‍ണമാവൂ. 

                                                                 പാവം അച്ഛന്‍

നരസിംഹാവതാരത്തിന്റെ ജ്യേഷ്ഠനാവാന്‍ യോഗ്യതയുള്ള എന്റെ അച്ഛന് പടക്കം പൊട്ടിക്കുന്നത് ഇഷ്ടമല്ല. അതിനൊട്ടു പണം കൊടുക്കുകയുമില്ല. എന്റെ സഹോദരന്മാര്‍ക്ക് വിഷുവിന് പടക്കം പൊട്ടിക്കണമെങ്കിൽ അമ്മ എങ്ങനെയെങ്കിലും പൈസ ഒപ്പിച്ചു കൊടുക്കണം. അത് അച്ഛന്റെ മുമ്പിൽനിന്ന് പൊട്ടിക്കാനും പാടില്ല. അതറിയാവുന്ന എന്റെ സഹോദരന്‍ അജിമോനെ പറഞ്ഞ് ശട്ടംകെട്ടി. “ഇന്ന്‍ കാവുമ്പായിയച്ഛൻ വന്നാല്‍ പടക്കം വാങ്ങാന്‍ ഫിഫ്ടി റുപ്പീസ് ചോദിച്ചു വാങ്ങണം.”
കുട്ടി അച്ഛന്‍ വയലില്‍നിന്ന് വന്ന ഉടനെ ചോദിച്ചു. “അച്ഛാ,പടക്കം വാങ്ങാന്‍ ഫിഫ്ടി റുപ്പീസ് തരണം.”
ആദ്യം അച്ഛനു കാര്യം മനസ്സിലായില്ല. അപ്പോൾ അവൻ വീണ്ടും പറഞ്ഞു. പിന്നവിടെ നടന്നതെന്താണെന്ന് ഊഹിച്ചോളൂ. അതിനുശേഷം കുറേക്കാലം അജി അച്ഛന്റെ മുമ്പിൽ നില്‍ക്കില്ലായിരുന്നു.


                                 ഞാന്‍ കൂട്ടിനുണ്ടല്ലോ. കാവുമ്പായി അച്ഛന്‍ ഇനി പേടിപ്പിക്കില്ല. 

കഥയിവിടെ തീരുന്നില്ല. അക്കൊല്ലം അച്ഛന്‍ ഒരു പറമ്പിൽ എള്ള് വിതച്ചിരുന്നു. വിഷുകഴിഞ്ഞു കര്‍ക്കിടകം ചിങ്ങമാവുമ്പോഴേക്കും എള്ളിന്‍ചെടികൾ കായിട്ടു. അത് കൊത്തിത്തിന്നാന്‍ നൂറുകണക്കിന് ഏളകളെത്തി. ഇങ്ങനെ പോയാൽ ഒരൊറ്റ കായ്‌ വിളഞ്ഞുകിട്ടില്ല എന്നുറപ്പായി. അപ്പോൾ ആരോ ഉപദേശിച്ചു. “പടക്കം പൊട്ടിച്ചാൽ മതി.”
അച്ഛന്‍ പടക്കം വാങ്ങി പറമ്പിലെത്തി രാവിലെയും വൈകുന്നേരവും  പൊട്ടിച്ചു. ഒരുമാസത്തോളം ഇങ്ങനെ ചെയ്യേണ്ടിവന്നു. ഞങ്ങളുടെ കണക്കനുസരിച്ച് ആയിരം രൂപയെങ്കിലും ഇങ്ങനെ പൊട്ടിച്ചുകാണും. അങ്ങനെ അജിമോന്റെ ശാപം ഫലിച്ചു എന്ന് അമ്മയോട് സ്വകാര്യം പറഞ്ഞ് ഞാന്‍ തൃപ്തയായി. പാവം എന്റെ അച്ഛന്‍.

 
                                പൂവിരിഞ്ഞ പാതയിലെന്നും കൈകോര്‍ത്തിങ്ങനെ

 പടക്കം തീര്‍ന്നതിനുശേഷം എല്ലാവരും അവരവര്‍ക്ക് പതിച്ചുകിട്ടിയ മുറിയിലേക്ക് നീങ്ങി. കോടമഞ്ഞിന്റെ തണുപ്പിൽ മൂടിപ്പുതച്ചു കിടക്കാൻ എന്തു സുഖം! കിടന്നതോര്‍മ്മയുണ്ട്. രാവിലെ അമ്മ വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. കാക്കകളും കിളികളും കലപില കൂട്ടുന്നതിനി ടയിൽ കട്ടന്‍ കാപ്പി കിട്ടി. കാപ്പിയും കുടിച്ച് ഇരിക്കുമ്പോൾ നവദമ്പതികൾ വന്നു. അവരെ ക്കണ്ട് അതിശയംകൂറി. “നിങ്ങള്‍ വൈതൽ മല കയറാൻ പോയില്ലേ?”
പുതുമോടിയല്ലേ. പാവങ്ങൾ ഉറങ്ങിപ്പോയി.


 പുറത്തിറങ്ങി മരച്ചുവട്ടിൽ പടര്‍ന്നുപിടിച്ച ഫാഷൻ ഫ്രൂട്ടിനു താഴെ ഇരുന്നു. നനുനനുത്ത മഞ്ഞിനിടയിൽ തെളിഞ്ഞുവരുന്ന പ്രഭാതം. ഒമ്പതുമണി കഴിഞ്ഞിട്ടും സൂര്യനെ കാണാനില്ല. ഇവിടെയെത്തുമ്പോൾ സൂര്യനും മടിയനാവുകയാണോ?





സൌമ്യ നടപ്പാതയുടെ ഇടയിലും അരികിലും പടര്‍ന്നുപിടിച്ച ചെടിയുടെ ഇല നുള്ളിക്കൊണ്ടുവന്ന് മണപ്പിച്ചു. അവൾ പറഞ്ഞു. “ഇത് ആഫ്രിക്കന്‍ മല്ലിയാണ്. കറിയിൽ ചേര്‍ക്കാം.”
മല്ലിയിലയുടെ മണമുണ്ട്. എന്നാലും ഒന്ന് തര്‍ക്കിച്ചു. “നിനക്കെങ്ങനെ അറിയാം.”
“നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ മാഷ് കാണിച്ചുതന്നു”
നാലാം ക്ലാസിലെ പാഠം പത്താം ക്ലാസിലെത്തിയിട്ടും മറക്കാത്തതിൽ അവളുടെ അധ്യാപകനെ മനസ്സിൽ അഭിനന്ദിച്ചു.



                                        ആഫ്രിക്കൻ മല്ലിയാണോ?
മുകളിലേക്ക് കയറിയാൽ നന്നായി കാണാമല്ലോ. സൗമ്യയെ വിളിച്ച് കയറാന്‍ തുടങ്ങി. ചെറിയ പടികളായതിനാൽ ചെറിയ സഹായം മതി. വീണ്ടും കിഴക്ക് പടിഞ്ഞാറ് പ്രശ്നം മുന്നിൽ വന്നുനിന്നു. സൂര്യനാണെങ്കിൽ ഒന്നും മിണ്ടുന്നുമില്ല.കണ്ടുകിട്ടിയാലല്ലേ മിണ്ടാനാകൂ.

                                                       കായ്ച്ചുനില്‍ക്കുന്ന കുടംപുളി

റിസോര്‍ട്ടിന്റെ മുകളിലത്തെ ഹാളിൽ മുന്നിലെ മലമടക്കുകളിലേക്ക് കണ്ണുംനട്ട് തപസ്സിരുന്നു. കടപ്ലാവും നിറയെ കായ്ച്ചുനില്‍ക്കുന്ന മരവും, പിന്നീടറിഞ്ഞു അത് കുടംപുളിയാണെന്ന്, പേരറിയാത്ത ഒരുപാട് മരങ്ങളും കടന്ന്‍ മിഴികൾ അനന്തതയിലേക്ക് സഞ്ചരിച്ചു. മലയിറങ്ങി വരുന്ന സംഘത്തിന്റെ ബഹളത്തിൽ എന്റെ തപസ്സ് മുറിഞ്ഞുപോയി.



പ്രാതലും കൊണ്ടുവന്ന ആളോട് ദിക്കേതെന്നു ചോദിച്ചു. വൈതൽ പടിഞ്ഞാറെന്ന് അയാളും ഉറപ്പിച്ചു. അയാളുടെ വീട് റിസോര്‍ട്ടിനു തൊട്ടുതാഴെയാണ്. വീണ്ടും സംശയം. അനുജത്തിയുടെ ഭര്‍ത്താവ്, കക്ഷി അടുത്ത പ്രദേശമായ നടുവിൽ ദേശക്കാരനാണ്, സഹായത്തിനെത്തി. വൈതൽ മലയ്ക്കപ്പുറം  കുറെ ഭാഗം കേരളത്തിലാണെന്ന് പറഞ്ഞപ്പോൾ എന്റെ പ്രഹേളികക്ക് ഉത്തരം കിട്ടിയതായി തോന്നി. വൈതൽ തെക്കുവടക്കായി കിടന്നാൽ, അതിന്റെ തൊട്ടു കിഴക്ക് ഞങ്ങളെത്തിയാൽ, മറുപുറം പടിഞ്ഞാറ് ആകുമല്ലോ. തല്‍ക്കാലം സമാധാനമായി. ഇനി ഭക്ഷണം കഴിക്കാം. പര്‍വതാരോഹകരെ കാത്തിരുന്ന് വയറ് കരിഞ്ഞുണങ്ങി വിശപ്പ്‌ കെട്ടുപോയിരുന്നു. 
നല്ല ചായ,പുട്ട്,കടലക്കറി,പൂരി. പാചകം കൊള്ളാം വയറു നിറഞ്ഞു. ഇനി ഇന്നത്തെ വൈതൽ വിശേഷങ്ങൾ പൊന്നുവിനോട് ചോദിക്കാം.
“മീനാക്ഷിയുടെ ചെരുപ്പ് പൊട്ടിയതുകൊണ്ട് അവൾ നഗ്നപാദയായി മലകയറുന്നത് കണ്ടപ്പോൾ അത്ഭുതംതോന്നി. ഇളകിക്കിടക്കുന്ന കൂര്‍ത്ത പാറക്കല്ലുകൾ വെറും കാലുകൾ കൊണ്ട്  ചവിട്ടി ച്ചവിട്ടി അവൾ കയറി. വെല്യമ്മോന്‍ ചെരുപ്പ് മാറ്റി മലകയറാൻ പറ്റിയ ഷൂസിട്ടു. 



പാതയുടെ വശത്ത് തറനിരപ്പിൽ കരിങ്കല്ല് കെട്ടി ഉറപ്പിച്ചിട്ടുണ്ട്. ഇടിയാതിരിക്കാന്‍ ആയിരിക്കും. കയറ്റങ്ങളും ഇറക്കങ്ങളും കഴിഞ്ഞപ്പോൾ കാട് ഒരു തുറസ്സിൽ അവസാനിച്ചു. 





പിന്നെ പുല്‍ത്തകിടികൾ കടന്ന്‍ പാറകളിൽ കയറി കുത്തനെയുള്ള ഇറക്കം കഴിഞ്ഞ് പിന്നെയും കയറ്റം. കുത്തനെയുള്ള ഇറക്കത്തിൽ ചെരുപ്പ് കാലില്‍നിന്നും പിണങ്ങിമാറി. എന്നെ ചുമക്കാന്‍ ചെരുപ്പ് വിസമ്മതിച്ചപ്പോൾ അതിനെ ചുമക്കാൻ ഞാനും തയ്യാറായില്ല.  ഒരു പാറപ്പുറത്ത് ഊരിവെച്ച് മുന്നോട്ടുപോകാൻ തുടങ്ങുമ്പോൾ മറ്റുള്ളവരും അതുതന്നെ ചെയ്തു. ഒരു കുപ്പി വെള്ളം മാത്രം കൈയിൽ കരുതി.



താഴെനിന്നും നോക്കിയപ്പോൾ വൈതൽ മല തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. ഉയരം കണ്ട് പേടിച്ചുപോയി. ഇത്രയും ദൂരം എന്നെക്കൊണ്ട് കയറാന്‍ പറ്റുമെന്ന്‍ തോന്നുന്നില്ല. എങ്കിലും പറ്റുന്നത്ര കയറണമെന്ന് തീരുമാനിച്ച് നടന്നു. മുമ്പ് വന്നവർ മദ്യക്കുപ്പികൾ അടിച്ചുപൊട്ടിച്ച കുപ്പിച്ചില്ലിൽ തട്ടി കാല് മുറിയാതെ നടക്കുക ഏറെ ശ്രമകരമാണ്. 



ഇന്നലെ കണ്ട ചെറുപ്പക്കാർ മുകളില്‍നിന്നും ഇറങ്ങിവരുന്നുണ്ടായിരുന്നു. അവർ ഞങ്ങളെ കടന്നുപോയി.





                                               ചെരുപ്പ്‌ ഇവിടെ വെക്കാം.



ഒടുവിൽ ഞങ്ങള്‍ മുകളിലെത്തി. മുകളിൽ അപ്പോൾ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.   മലമുകളിൽ നല്ല സുഖം. നല്ല കാറ്റുണ്ടായിരുന്നു. ഉച്ചയ്ക്ക് വെയിലുണ്ടാകും .എന്നാലും ചൂടുണ്ടാവില്ല.








                                                     ദാ, എത്തിയല്ലോ
മലമുകളില്‍ എത്തിയപ്പോൾ എവറസ്റ്റ്  കീഴടക്കിയ ഭാവമായിരുന്നു. അഭിമാനം തോന്നി. ശബരിമലയ്ക്കു ശേഷം കയറുന്ന മലയാണിത്. ഒരു വ്യത്യാസമുണ്ട്. ശബരിമലയിലേക്ക്  നല്ല വഴിയുണ്ട്. അച്ഛന്‍ പറഞ്ഞു. “പണ്ട് ശബരിമലയും ഇതുപോലെ ആയിരുന്നു.”  പക്ഷിയുടെ ശബ്ദം കേട്ടപ്പോൾ വെല്ല്യമ്മോൻ  പറഞ്ഞുതന്നു. അത് കാട്ടുകോഴി ആണെന്ന് 
വിശാലമായ പുല്‍പ്പരപ്പ്‌. ഒരുപാട് നടക്കാനുണ്ട്. ഉണങ്ങിയ പുല്ലിനിടയിൽ പച്ചപ്പുമുണ്ട്. 



                                അങ്ങോട്ട്‌ പോകല്ലേ, ആത്മഹത്യാ മുനമ്പാണ്

കുറേദൂരം നടന്നാലേ ആത്മഹത്യാമുനമ്പിലെത്തൂ. അതിനരുകിൽ വേലി കെട്ടിയിട്ടുണ്ട്. അബദ്ധത്തിൽ ആരും വീഴാതിരിക്കാൻ. അതിനടുത്തേക്ക് പോയില്ല. വേലിയൊക്കെ പലസ്ഥലത്തും പൊളിഞ്ഞു കിടക്കുകയാണ്. 


അച്ഛന്‍ കുറെ മലകൾ കാണിച്ചുതന്നിട്ട് ഏതൊക്കെയോ പേരുകൾ പറഞ്ഞു.  അച്ഛനു തന്നെ യാതൊരുറപ്പുമില്ല. എനിക്കറിയാത്തത് അച്ഛന്റെ ഭാഗ്യം. ഒരു മല ചൂണ്ടിക്കാണിച്ചിട്ട് അതിനപ്പുറം കര്‍ണാടകം ആണെന്നു പറഞ്ഞു. 

                                             
                                            കത്തുന്ന മല കാണാൻ വയ്യ
അകലെ ഒരു മലയില്‍നിന്നും പുക ഉയരുന്നതു കണ്ടു. മല കത്തുകയാണ്. 


      മലമുകളിൽ ഒരു നിരീക്ഷണഗോപുരം(വാച്ച് ടവർ) ഉണ്ട്.  



                             ആര്‍കിടെക്ടിന് വാച്ച് ടവർ കണ്ടിട്ട് സഹിക്കുന്നില്ല

മേല്‍ക്കൂരയുള്ളതുകൊണ്ട് അതിനുള്ളിൽ കയറിയാൽ നനയില്ല. പക്ഷേ,സന്ദര്‍ശകർ അതിനുള്ളിൽ നന്നായി പെരുമാറിയിട്ടുണ്ട്. വാതിൽ വിടവിനോട് ചേര്‍ന്നുള്ള കല്ലുകളൊക്കെ ഇളക്കിമാറ്റി. ഉള്ളിൽ പലതും കോറിയിട്ടിട്ടുമുണ്ട്.



വാച്ച് ടവറിന്റെ മുറ്റത്ത് ഇറങ്ങിയപ്പോൾ കുഞ്ഞമ്മോൻ ട്രച്ചിംഗ് എക്സര്‍സൈസ്  എന്നും പറഞ്ഞ് എടുത്തുപൊക്കി. കുനിഞ്ഞുനില്‍ക്കുന്ന കുഞ്ഞമ്മോന്റെ പുറത്ത് വീഴാതെ കിടക്കാൻ പെട്ട പാട്. ഇപ്പോൾ വീണുപോകും എന്ന് തോന്നി ശ്വാസംപിടിച്ചുനിന്നു. കുഞ്ഞമ്മോനും പുറത്തെ ഭാരവുംകൂടി മറിഞ്ഞുവീണാൽ കൊല്ലിയില്‍നിന്ന് പെറുക്കേണ്ടിവരും. കോര്‍ത്തു പിടിച്ച കൈകളിൽ ശരീരത്തിന്റെ ഭാരം മുഴുവൻ കേന്ദ്രീകരിച്ചപ്പോൾ കൈ പറിഞ്ഞുപോകുന്ന വേദന. പേടിച്ചുവിറച്ച് എക്സര്‍സൈസ് പൂര്‍ത്തിയാക്കിയപ്പോൾ ദാ വരുന്നു കുഞ്ചു. 



അവനും എന്നെ പുറത്തുയര്‍ത്തി എക്സര്‍സൈസ് ചെയ്യണം.പത്താംക്ലാസ് പരീക്ഷ കഴിഞ്ഞതോടെ വലിയ ആളായെന്നാ അവന്റെ വിചാരം. മെലിഞ്ഞുപോയതിന്റെ കഷ്ടപ്പാട് ചില്ലറയല്ല. അവന്റെ ശ്രമം പരാജയപ്പെട്ടപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു. 


                                                          ഇത്തിരിനേരമിരിക്കാം.
                                     
എല്ലാവര്‍ക്കും വയറു കരിയാൻ തുടങ്ങിയപ്പോൾ തിരിച്ചുപോകമെന്നായി. ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ ഒരു കുടുംബം മല കയറി വന്നു. ഇത്രയും നേരം ഞങ്ങളുടേതായിരുന്ന സാമ്രാജ്യം നിങ്ങള്‍ക്ക് വിട്ടുതരികയാണ്. അല്ല,വൈതല്‍കോന്റെ സാമ്രാജ്യം എങ്ങനെയാണ് ഞങ്ങളുടേത് മാത്രം ആകുന്നത്?   


                                     കുഞ്ഞമ്മോനും മീനാക്ഷിയും ഇറങ്ങിയല്ലോ.


                                           
                                    പുല്‍ത്തകിടി കഴിഞ്ഞു. ഇനി കാട്ടിലേക്ക്. 



                                                 ഇനിയെന്നു കാണും നമ്മള്‍.

ഞങ്ങളിറങ്ങി കുറച്ചു ദൂരം നടന്നപ്പോൾ അതാ വരുന്നൂ നമ്മുടെ കഥാനായകർ. മുഞ്ഞുവും കുഞ്ഞേച്ചിയും. അവരുടെ തലവെട്ടം കണ്ടതോടെ എല്ലാവരും ഉറക്കെ കൂവാന്‍ തുടങ്ങി.
രണ്ടുപേരേയും കളിയാക്കിക്കൊന്നു എന്നു പറഞ്ഞാൽ മതിയല്ലോ. മധുവിധു കാലമല്ലേ. പാവങ്ങൾ ഉറങ്ങിപ്പോയത് കുറ്റമാണോ?”

               മരം മുറിച്ചു കടത്തുന്നുണ്ടല്ലേ. റോഡ്‌ ബ്ലോക്ക് ചെയ്തത് തടിക്കഷണം കൊണ്ട്.

                                            
                                              ക്യാമറ ഒഴിവാക്കിയതിന്റെ സന്തോഷം

ഏതായാലും എനിക്ക് പോകാന്‍ കഴിയാത്തതിന്റെ നഷ്ടം പൊന്നു നികത്തിയല്ലോ. ഇനി അവളെ അവളുടെ പാട്ടിനു വിട്ടേക്കാം. അവൾ കുട്ടികളുടെകൂടെ കളിക്കട്ടെ.
അതിനിടക്ക് ഒരു ചെറിയ അപകടം. ഞങ്ങൾ വന്ന വണ്ടിയുടെ ടയർ പഞ്ചറായി. അത് അഴിച്ചെടുത്ത് മധു ജീപ്പുമെടുത്ത്  മലയിറങ്ങി. അവന്‍ തിരിച്ചെത്തുമ്പോഴേക്കും കുറേ വൈകി. ചെമ്പേരി പോകേണ്ടിവന്നുവത്രേ.

                                                          അന്നം ലഭിച്ച സന്തോഷം.

 ഉച്ചയൂണും തകര്‍പ്പൻ തന്നെ. വറുത്തുപ്പേരി മാത്രമില്ല. പായസം ഉണ്ട്. ചിക്കനും മീനും ഉണ്ട്. ജഹാംഗീർ ഷെയ്ക്ക് പറഞ്ഞത് വിശ്വസിക്കാമോ? ‘അത് അസ്സൽ രോഹു മത്സ്യമാണ്.’ ഏതായാലും മീന്‍കറിയും നന്നായിട്ടുണ്ട്. സദ്യയും തട്ടി ഗ്രൂപ്പ് ഫോട്ടോയുമെടുത്തു. ഇനി മടങ്ങാം. യോഗമുണ്ടെങ്കിൽ ഇനിയും കാണാമെന്നു വൈതലിനോട് യാത്രാമൊഴിയോതി വിടവാങ്ങി.

                                                  കുടുംബത്തില്‍ ഒരാള്‍ കൂടിയെത്തി


                                                        തനിച്ചിറങ്ങാന്‍ പഠിക്കേണ്ടേ?


                                          കൂടുതൽ ദൃശ്യങ്ങൾ



                                          മൂടല്‍മഞ്ഞ് പുതച്ച് വൈതൽ 
                             മഞ്ഞിന്റെ ചിറകിലേറി വെൺമേഘത്തുഞ്ചത്തെത്താം.
                                                പ്രകൃതിയുടെ മടിയിൽ



                                           വൈതലിന്റെ നെറുകയിലേക്ക് 


                                                    മല കത്തുന്നു

3 comments:

Anonymous said...

നന്നായിരിക്കുന്നു.

മാധവം said...

valare nannaayirikkunnu,teacher santhosham

jyo.mds said...

കുടുംബവുമൊത്തുള്ള യാത്ര രസകരം തന്നെ.മഞ്ഞും മലകളും കാടും ഒക്കെ സന്തോഷം നൽകി.