ഉച്ചയ്ക്ക് ചോറ്റുപാത്രം തുറക്കുമ്പോള്‍ എന്നും സോയാബീന്‍ കറി കൊണ്ടു വരുന്ന സഹപ്രവര്‍ത്തകയുടെ പരിദേവനം.വൈകുന്നേരം എന്നും ചക്കയായിരിക്കും കറി.ഭര്‍ത്താവിന്റെ അമ്മ ഉണ്ടാക്കുന്നത്.കേട്ടപ്പോള്‍ മറുപടി പറയാതിരിക്കാന്‍ കഴിഞ്ഞില്ല. ‘അത് നല്ലതല്ലേ’. ‘ചക്ക ഒരുപാട് ഉണ്ടെന്നു വെച്ച് എന്നും കറി വെക്കണോ’ എന്നായി കക്ഷി.ഇങ്ങനെ സോയാബീന്‍ കറി കൊണ്ടു വരുന്നതിനേക്കാള്‍ അതാണ് നല്ലതെന്നു പറഞ്ഞതിനെ അവള്‍ക്ക് അംഗീകരിക്കാനേ കഴിയുന്നില്ല.
ചക്കയെ ഇങ്ങനെ തള്ളിപ്പറയുന്നതിനെ എനിക്കും അംഗീകരിക്കാന്‍ കഴിയുന്നില്ല.എന്റെ ഇഷ്ട വിഭവമാണ് ചക്ക.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ചക്ക കൊണ്ടുള്ള പല തരം വിഭവങ്ങള്‍ കഴിക്കുന്നതായിരിക്കാം ഈ ഇഷ്ടത്തിനു കാരണം.
അമ്മയുടെ തറവാട്ടിലും അച്ഛന്റെ തറവാട്ടിലും ഒരു പാട് പ്ലാവുകളുണ്ട്.ഓരോന്നിനും ഓരോ രുചിയാണ്.ഒരു ദിനചര്യ പോലെയാണ് ചക്ക പറിച്ചു കൊണ്ടു വരുന്നതും കറി വെക്കുന്നതും.ഇടിച്ചക്ക മുതല്‍ തുടങ്ങും.തോരന്‍,പുളിങ്കറി,അവിയല്‍, പച്ചടി,സാമ്പാര്‍ എല്ലാറ്റിനും ഇടിച്ചക്ക വേണം.
ഇത്തിരി മൂക്കുമ്പോള്‍ ചക്കച്ചുളയും കുരുവും കൂടി തോരന്‍ വെക്കും. കുരു ചേര്‍ക്കാതെ ചെറുതായി അരിഞ്ഞിട്ടു തോരന്‍ വെക്കുന്നത് പുതിയ രീതിയാണ്. ഓലന്‍ വെക്കും.പരിപ്പ് ചേര്‍ത്തും ചേര്‍ക്കാതെയും മൊളകൂഷ്യം(എരിശ്ശേരി ) വെക്കും. കടല ചേര്‍ത്ത് കൂട്ടുകറി ആയും വെക്കും.ചെറുപയർ,വന്‍പയർ,തുവര ഇവയൊക്കെ ചേര്‍ത്ത് ചക്ക പുഴുക്ക് ഉണ്ടാക്കും. അച്ഛന്റെ അമ്മ കല്ലുമരിയിലേ ചക്ക വെക്കൂ.കല്‍പാത്രത്തില്‍ വെച്ചാല്‍ ഒരു പ്രത്യേക സ്വാദാണ്.
പണ്ട് നാട്ടിപ്പണിക്ക് ചക്കയും കഞ്ഞിയും ആണ് പണിക്കാര്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുക. ചക്ക നന്നാക്കി അരിഞ്ഞിടാന്‍ ഒരാള്‍ ഉച്ചവരെ മെനക്കെടണം.അമ്മയുടെ വീട്ടില്‍ അമ്മയുടെ ചേച്ചിക്കാണ് ആ ചുമതല.വലിയ കലം നിറയെ വെക്കണം. ചക്കയുടെ കൂടെ ഇറച്ചിക്കറി ഉണ്ടെങ്കില്‍ ഭേഷായി എന്നു ചിലര്‍ പറയാറുണ്ട്.
ചക്കച്ചുള മാത്രമല്ല കറിവെക്കാനുപയോഗിക്കുന്നത്.ചക്കയുടെ രണ്ടു ഭാഗങ്ങളേ കറി വെക്കാന്‍ കൊള്ളാതുള്ളൂ .പുറത്തെ കരൂളും കുരുവിന്റെ പുറത്തെ തൊലിയും(ചൂളി).കരൂള്‍ ചെത്തിക്കളഞ്ഞാല്‍ കിട്ടുന്ന മടല്‍ ചക്കയുടെ കൂടെ ഇടാം.ചക്കമടല്‍ കൊണ്ടു മൊരൊഴിച്ചു കാളനുണ്ടാക്കും. വാളന്‍പുളിയൊഴിച്ചു പുളിങ്കറി വെക്കും.പച്ചടി വെച്ചാല്‍ എന്താണ് സാധനമെന്ന് മനസ്സിലാവില്ല.. അവിയലിനും മടല്‍ ഉപയോഗിക്കും.
ചില ചക്കയ്ക്ക് ചുള കുറവും ചകിണി കൂടുതലുമായിരിക്കും.അതു നല്ല പട്ടു പോലുള്ള ചകിണി ആയിരിക്കും.പൊടിയായി അരിഞ്ഞു തോരന്‍ വെച്ചാല്‍ എന്തു സ്വാദായിരിക്കുമെന്നോ! ചില ചക്കയുടെ കൂഞ്ഞല്‍ വളരെ മൃദുവായിരിക്കും.അത് മസാലക്കറി വെക്കാന്‍ നല്ലതാണ്. ചകിണി ഉണക്കി എണ്ണയില്‍ വറുത്ത് ചമ്മന്തിപ്പൊടി ഉണ്ടാക്കാം.കൂഞ്ഞല്‍ കൊണ്ടും ചമ്മന്തിപ്പൊടി ഉണ്ടാക്കാം.
ചക്കയുടെ പോണ്ടി ഉണക്കി വെക്കും.മഴക്കാലത്ത് കുറച്ചു കുറച്ചെടുത്ത് ഉപ്പു പുരട്ടി അടപ്പിന്റെ കല്ലിനടുത്തു വെച്ച് ഒന്നുകൂടി ഉണക്കും.എന്നിട്ട് വെളിച്ചെണ്ണയില്‍ വറുത്തെടുത്താല്‍ അസ്സല്‍ കൊണ്ടാട്ടമായി.
ചക്കച്ചുള വറുത്തത് ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല.വിഷുവിനു ചക്ക ഉപ്പേരി കൂടിയേ തീരൂ.ചക്ക കൊണ്ട് പപ്പടവും ഉണ്ടാക്കാം.ചക്കച്ചുള മഞ്ഞള്‍ ചേര്‍ത്ത് വേവിച്ച് അരച്ച് കുരുമുളകുപൊടിയും എള്ളും ചേര്‍ത്ത് വൃത്താകൃതിയില്‍ പരത്തി വെയിലത്ത് വെച്ച് ഉണക്കണം.ഭദ്രമായി അടച്ചു വെച്ചാല്‍ ആവശ്യത്തിന് എടുത്ത് വെളിച്ചെണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.
ചക്കക്കുരുവിന്റെ കാര്യം പറയുകയേ വേണ്ട.പഴുത്ത ചക്കയുടെ കുരു കഴുകി വെള്ളം വറ്റാന്‍ ചാണകം മെഴുകിയ തറയില്‍ നിരത്തിയിടും.ജലാംശം തീര്‍ത്തും അപ്രത്യക്ഷമാകുമ്പോള്‍ പഴയ മണ്‍കലത്തില്‍ ഓരോ പാളിയായി ഉണങ്ങിയ മണ്ണും ചക്കക്കുരുവും നിരത്തും.എത്രകാലം വേണമെങ്കിലും ഇങ്ങനെ സൂക്ഷിക്കാം.കുട്ടികള്‍ ചെളിയില്‍ കളിച്ചു വരുമ്പോള്‍ മുതിര്‍ന്നവര്‍ പറയാറുള്ളത് ‘മണ്‍പിടിച്ച ചക്കക്കുരു പോലെ’ എന്നാണ്.എന്റെ അമ്മ പുതിയ കുരു ഉണ്ടാകുന്നതു വരെ ഇങ്ങനെ സൂക്ഷിച്ചത് കറി വെക്കും.പിന്നെ അയല്‍പക്കക്കാര്‍ക്ക് പങ്കിട്ടു കൊടുക്കും.
കൊത്തിയരിഞ്ഞ് തേങ്ങ ചിരവിയിട്ടു തോരന്‍.നാലായി കീറിയിട്ട് ഓലന്‍.വെള്ളരിക്ക,കുമ്പളങ്ങ,വഴുതിനങ്ങ,പച്ചപ്പയര്‍ ഇവ ചേര്‍ത്ത ഓലന്‍.പരിപ്പ് ചേര്‍ത്ത് മൊളകൂഷ്യം.ചെറുപയർ,മണ്‍പയർ,തുവര എന്നിവയുടെ കൂടെ പുഴുക്ക്.എല്ലാം സ്വാദിഷ്ടം തന്നെ. പച്ച മാങ്ങയും ചേര്‍ത്ത് ചക്കക്കുരു കറി വെച്ചാല്‍ നല്ല സ്വാദാണ്. പകുതി വേവിച്ച് വെളിച്ചെണ്ണയില്‍ മൊരിച്ചെടുത്ത ഉപ്പേരി പുതിയ ഒരു വിഭവമാണ്.അവിയല്‍ കഷണമായും ചക്കക്കുരു ഉപയോഗിക്കാം.ചക്കക്കുരു ചുട്ടെടുത്ത് തേങ്ങയും മുളകും പുളിയും ചേര്‍ത്ത് അരച്ച് ചമ്മന്തിയാക്കാം. അങ്ങനെ എത്രയോ വിധത്തില്‍ ചക്കക്കുരു കറി വെക്കാം.
മഴ പെയ്യുമ്പോള്‍ ചക്കക്കുരു മണ്‍കലത്തില്‍ വറുത്ത് തെങ്ങാപ്പൂളിനൊപ്പം തിന്നാന്‍ നല്ല രസമാണ്.അടുപ്പില്‍ ചുട്ടും തിന്നാം.കുട്ടികള്‍ സാധാരണ അങ്ങനെ ചെയ്യാറുണ്ട്.
പഞ്ഞക്കര്‍ക്കിടകത്തില്‍ ചക്കച്ചുള കുരുവടക്കം പുഴുങ്ങി വെളിച്ചെണ്ണ നനച്ച് തിന്നും.ചക്ക കറി വെക്കുമ്പോള്‍ പണ്ടത്തെ കുട്ടികള്‍ ആള്‍ വീതം കുരു പോണ്ടി മാത്രം കളഞ്ഞു അതിലിടും.കറി വിളമ്പുമ്പോള്‍ കൃത്യമായി കണക്ക് പറഞ്ഞു മൂടന്‍ കുരു വാങ്ങും.അതിനു വേണ്ടി കുട്ടികള്‍ തമ്മില്‍ അടികൂടാനും മടിക്കാറില്ല.
നല്ലൊരു പഴമല്ലേ ചക്ക.വരിക്കയും കൂഴയും രണ്ടു തരം.സാധാരണ ഞങ്ങളൊക്കെ വരിക്ക പഴുക്കാന്‍ മാറ്റി വെച്ച് കൂഴയാണ് കറി വെക്കുക. കൂഴച്ചക്ക പഴുത്താല്‍ മടല്‍ കൈ കൊണ്ട് പൊളിച്ചു ചുള അടര്‍ത്തിയെടുത്ത് വായിലിട്ട് കുരു വലിച്ചൂരാന്‍ നല്ല രസമാണ്. തേന്‍വരിക്ക ആയാലോ? വായിലിപ്പോള്‍ കപ്പലോടിക്കാന്‍ പറ്റില്ലേ?
പഴുത്ത ചക്ക കൊണ്ട് പല വിഭവങ്ങള്‍ ഉണ്ടാക്കാം.പലഹാരങ്ങളും പ്രഥമനും.കര്‍ക്കിടകത്തിലാണ് എന്റെ ഒരു സഹോദരന്റെ പിറന്നാൾ.അന്ന് അമ്മ ഉറപ്പായും ചക്കപ്രഥമന്‍ ഉണ്ടാക്കും. പഴുത്ത വരിക്കച്ചക്ക ചെറുതായി അരിഞ്ഞ് വേവിച്ച് വെല്ലവും പശുവിന്‍ നെയ്യും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കും.ഇത് അരിപ്പൊടിയും ചേര്‍ത്താണ് പ്രഥമനും പലഹാരങ്ങളും ഉണ്ടാക്കുക.കുമ്പിളപ്പം,ഇതിന്റെ മറ്റൊരു രൂപം, ധാരാളം തെങ്ങാക്കൊത്തുകളും വറുത്ത അരിപ്പൊടിയും പഴുത്ത ചക്ക വഴറ്റിയതും ഒന്നിച്ച് കുഴച്ച്
വാഴയിലയില്‍ പൊതിഞ്ഞ് നേന്ത്രക്കായുടെ വലുപ്പത്തില്‍ ആവിക്ക് വേവിച്ചെടുക്കുന്നതിനെ ഞങ്ങള്‍ മൂടക്കടമ്പ് എന്ന് പറയും.ഇത് ഇലയടയായും ഉണ്ടാക്കാം.ചക്ക വഴറ്റിയത് പുളിച്ച അരിമാവില്‍ ചേര്‍ത്ത് മൊരിച്ചെടുത്ത ദോശ ഇതൊക്കെ ഞങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്.വഴറ്റിയ ചക്ക കുറെനാള്‍ സൂക്ഷിക്കാം.ഹല്‍വ തുടങ്ങിയ വിഭവങ്ങളും പഴുത്ത ചക്ക കൊണ്ട് ഉണ്ടാക്കാം.ഇനിയും ഒരുപാടു പരീക്ഷണങ്ങള്‍ക്ക് വഴങ്ങുന്ന ഒന്നാണ് ചക്ക.
പണ്ടു കാലത്ത് വ്യത്യസ്ത പ്രദേശങ്ങളിലുള്ളവര്‍ കണ്ടു മുട്ടിയാല്‍ ആദ്യം ചോദിക്കുന്നത് ഇക്കൊല്ലം ചക്കയും മാങ്ങയും നന്നായി ഉണ്ടോ എന്നായിരിക്കും.ഇല്ലെങ്കില്‍ അക്കൊല്ലം വറുതിക്കാലം. ‘അഴകുള്ള ചക്കയില്‍ ചുളയില്ല’ എന്ന പഴഞ്ചൊല്ല് തെളിയിക്കുന്നത് പഴയ മനുഷ്യന്റെ ജീവിതവുമായി പ്ലാവിനും ചക്കയ്ക്കും അത്രയ്ക്ക് അഭേദ്യ ബന്ധമുണ്ടെന്നാണ്.
യുവ തലമുറ ചക്കയില്‍ നിന്നും അതുപോലുള്ള ആഹാര സാധനങ്ങളില്‍ നിന്നും അകന്നു പോകാന്‍ എന്തായിരിക്കും കാരണം?അവര്‍ക്ക് ഇത്തരം ആഹാരം ഇഷ്ടമല്ല എന്നാണ് പറയുന്നത്.
ചക്ക പറിക്കണമെങ്കില്‍ മരത്തില്‍ കയറണം.മരം കയറുക തുടങ്ങിയ സിദ്ധികളൊക്കെ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ.ഇനി പറിച്ചു കിട്ടിയാലോ.അത് കഷണങ്ങളാക്കണം.ചുള ഉരിഞ്ഞെടുക്കണം.അത് പിന്നെയും നന്നാക്കിയെടുക്കണം.കൈയില്‍ മുളഞ്ഞില്‍ പറ്റും.അത് കളയാന്‍ മെനക്കെടണം.പിന്നെ ശ്രദ്ധിച്ചു പാചകം ചെയ്യണം. ഈ അതിവേഗ യുഗത്തില്‍ ആര്‍ക്ക് ഇതിനൊക്കെ നേരം.പച്ചക്കറിക്കടയില്‍ പെട്ടെന്ന്‍ കറിയാക്കാന്‍ പറ്റുന്ന തക്കാളിയും കാബേജുമൊക്കെ തിളങ്ങുന്ന സൌന്ദര്യത്തോടെ കാത്തിരിക്കുന്നുണ്ട്.കാശ് മാത്രം മതി.അപ്പോള്‍ പിന്നെന്തിനു മെനക്കെടണം? ചെറുപ്പത്തില്‍ ഉണ്ടാക്കിക്കൊടുക്കാത്ത ആഹാരം മുതിര്‍ന്നു കഴിഞ്ഞാലും ഇഷ്ടമാകില്ല.അതുകൊണ്ടാണ് ഇന്നത്തെ അമ്മമാര്‍ അഭിമാനത്തോടെ എന്റെ മക്കള്‍ ചക്കക്കറി കഴിക്കില്ല എന്നു പറയുന്നത്.അവരുണ്ടാക്കിക്കൊടുത്തിട്ടു വേണ്ടേ കുട്ടികള്‍ കഴിക്കാന്‍.
ചക്ക മനുഷ്യന്റെ മാത്രം ആഹാരമല്ല.പശുവിനും ആടിനും പ്രിയപ്പെട്ട ഭക്ഷണമാണ് ചക്ക മടല്‍. ചക്ക നമ്മള്‍ കൊടുക്കാഞ്ഞിട്ടാണേ. മിക്ക ജീവികള്‍ക്കും ചക്ക ഇഷ്ടമാണ്. കുരങ്ങന്‍,അണ്ണാന്‍ പക്ഷികൾ,എന്തിന് ആനയ്ക്കു വരെ. വെറുതെയാണോ ‘ചക്കയ്ക്കുപ്പില്ല’എന്നു വിഷുപ്പക്ഷി പാടുന്നത്.
എന്റെ വീട്ടു പറമ്പില്‍ കുറെ പ്ലാവുണ്ട്.അതില്‍ ഒരു സുന്ദരി ഞങ്ങളുടെ ബെഡ് റൂമിന്റെ അടുത്താണ്.ജനല്‍ തുറന്നു നന്നായി കൈ നീട്ടിയാല്‍ തൊടാന്‍ പറ്റുന്നത്ര അടുത്ത്.മൂന്ന് വര്‍ഷമായി കായ്ക്കാന്‍ തുടങ്ങിയിട്ട്.വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് പഠിച്ചിട്ട് കായ്ച്ചതാണോ അവള്‍ എന്നൊരു സംശയമുണ്ട്.പ്ലാവിനു ചുറ്റും നിലത്താണ് കൂടുതല്‍ ചക്കയും വളരുന്നത്..ചെളിയില്‍ പൊതിഞ്ഞു പോകാതിരിക്കാന്‍ പലകക്കഷണങ്ങള്‍ വെച്ച് ചക്ക അതില്‍ പൊക്കി വെക്കണം.നല്ല വരിക്കച്ചക്കയാണ്.
എന്റെ സങ്കടം അവളെ പ്രതിയാണ്.അവള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.ഞങ്ങളുടെ വീടും അവളും തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ പിണങ്ങാന്‍ ഏറെക്കാലം വേണ്ട.അപ്പോൾ..അപ്പോള്‍ എന്തു ചെയ്യും?