Friday, April 4, 2014

നീതിദേവത കണ്ണുതുറന്നപ്പോൾ


സൂര്യനെല്ലി കേസിൽ ഇന്ന്‍ നടത്തിയ വിധിപ്രസ്താവനയിലൂടെ ഇരകള്‍ക്കും നീതി ലഭിക്കും എന്നൊരു സന്ദേശമാണ് ഹൈക്കോടതി നല്‍കിയത്. 18വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും നീതി ലഭിക്കുക എന്നത് വലിയ കാര്യമാണ്.
പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് എട്ടുംപൊട്ടും തിരിയാത്ത കൌമാരക്കാരിയെ വശീകരിച്ച് പ്രണയത്തിന്റെ ചതിക്കുഴിയിലൂടെ കൊണ്ടു  പോയി നരഭോജികളുടെ മാംസദാഹം ശമിപ്പിക്കാന്‍ വില്‍പ്പനയ്ക്ക് വെക്കുകയും പച്ചമാംസം ഭക്ഷിക്കുകയും ചെയ്ത അധമന്മാരിൽ 23പേര്‍ക്ക് ശിക്ഷ ലഭിച്ചതിൽ സൂര്യനെല്ലി പെണ്‍കുട്ടിയോടും അവളുടെ കുടുംബത്തോടുമൊപ്പം ഞാനും അതിയായി ആഹ്ലാദിക്കുന്നു.
നീതിപീഠത്തിനു കളങ്കംചാര്‍ത്തിയ ജസ്റ്റിസ് ബസന്തിന്റെ ബാലവേശ്യ പ്രയോഗം തിരുത്തിയത് നീതിപീഠത്തിന്റെ മഹാമനസ്കത എന്നു കരുതുന്നു. ജസ്റ്റിസ് ബസന്തിന്റെ ബാലവേശ്യ പ്രയോഗം ഒരു വ്യക്തിയുടെ സ്വഭാവത്തിനുമേൽ മാലിന്യം വലിച്ചെറിയുന്ന അന്തസ്സില്ലാത്ത പ്രവൃത്തിയാണ്‌. അതുമൂലം ഇരയായ പെണ്‍കുട്ടിയും കുടുംബവും അനുഭവിച്ച വേദന വിവരണാതീതമാണ്.  അങ്ങനെ വ്യക്തിഹത്യ ചെയ്ത ആളിനെ നിയമാനുസൃതം ശിക്ഷിക്കേണ്ടതാണ്. ആ പ്രയോഗം പിന്‍വലിച്ചാൽ മാത്രം പോര.  ജസ്റ്റിസ് ബസന്ത് കുറ്റവാളിയും ശിക്ഷിക്കപ്പെടേണ്ട ആളുമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഏതു രീതിയിലായാലും അപകടത്തില്‍പ്പെട്ട കുഞ്ഞുങ്ങളെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. നീതിന്യായവ്യവസ്ഥ അതിനുവേണ്ടിയുള്ളതാണ്. വേട്ടക്കാരെ സംരക്ഷിക്കാനും വളര്‍ത്താനുമല്ല അതുപയോഗിക്കേണ്ടത്.
പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് കുറ്റവാളികൾ ഇനിയും ശിക്ഷിക്കപ്പെടാനുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരും ശിക്ഷിക്കപ്പെടണം. എങ്കിലേ നീതി പൂര്‍ണമാവൂ.
സൂര്യനെല്ലി പെണ്‍കുട്ടിക്കും കുടുംബത്തിനും നഷ്ടപ്പെട്ടതൊന്നും ഒരു വിധിക്കും തിരിച്ചുനല്‍കാൻ കഴിയില്ല. എങ്കിലും ആത്മാഭിമാനത്തിന് ഏറ്റ മുറിവ് അല്‍പ്പമെങ്കിലും കരിയാന്‍ അത് ഉപകരിച്ചേക്കാം.
ഇരയാക്കപ്പെട്ട പെണ്‍കുട്ടികളും കുടുംബവും സമൂഹത്തിന്റെ കല്ലേറ് ഏറ്റുവാങ്ങാൻ                    തലകുനിച്ചു നിന്നുകൊടുക്കേണ്ട ആവശ്യമില്ല. തെറ്റ് ചെയ്തവർ സമൂഹത്തിൽ വിലസിനടക്കുന്നുണ്ട്. അവരാണ് യഥാര്‍ത്ഥത്തിൽ തലകുനിക്കേണ്ടത്. കല്ലെറിയേണ്ടതും അവരെയാണ്. സൂര്യനെല്ലി എന്നൊരു സ്ഥലനാമത്തിൽ ഒളിച്ചിരിക്കാതെ അധികാരത്തോടെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് നിങ്ങളും ഇറങ്ങണം എന്ന് പെണ്‍കുട്ടിയോടും കുടുംബത്തോടും ആവശ്യപ്പെടുകയാണ്. ആരെങ്കിലും ഇനിയും നിങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചാൽ അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ നീതിബോധമുള്ളവർ നിങ്ങളോടൊപ്പമുണ്ടാകും.   
    

Tuesday, April 1, 2014

കുമ്പസാരക്കൂട്ടിൽ തനിയെ നിന്നുകൊണ്ട്



2014മാര്‍ച്ച്‌  19ന് സലോമി ഈ ലോകത്തോട് യാത്രപറഞ്ഞു പോയപ്പോൾ മനസ് നൊന്തു. എന്തെങ്കിലും എഴുതണമെന്നുണ്ട്. ഒരക്ഷരം പുറത്തു വരുന്നില്ല.  ഉള്ളിൽ വിങ്ങലും നീറ്റലും. അതിൽ അല്‍പ്പം കുറ്റബോധവുമുണ്ട്. പ്രൊ.ടി.ജെ.ജോസഫ് എന്ന എന്റെ സഹജീവിയോട്‌ എനിക്ക് വേണ്ടത്ര നീതിപുലര്‍ത്താൻ കഴിഞ്ഞില്ല എന്ന കുറ്റബോധം.
ചോദ്യക്കടലാസ് വിവാദം കത്തിപ്പടര്‍ന്ന കാലത്ത് എനിക്ക് ജോസഫ് സാറിനെ പിന്തുണയ്ക്കാന്‍ തോന്നിയിട്ടില്ല. കാരണം അധ്യാപകന്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിൽ പാഠ്യഭാഗം കൈകാര്യംചെയ്യാൻ പാടില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ്. ആ വിവാദചോദ്യക്കടലാസ് എനിക്ക് ആരോ മെയിലിൽ അയച്ചുതന്നിരുന്നു.
ചോദ്യക്കടലാസ് തെറ്റോ,ശരിയോ എന്നത് നിലനില്‍ക്കുമ്പോൾ തന്നെ ചോദ്യക്കടലാസിൽ തെറ്റ് സംഭവിക്കുന്നത് സാധാരണകാര്യമാണ് എന്നത് മറക്കരുത്. അതിനെ ചോദ്യം ചെയ്യാനും തിരുത്താനും വേണമെങ്കിൽ ശിക്ഷിക്കാനും നിലവിൽ സംവിധാനങ്ങളുണ്ട്. പരാതിക്കാര്‍ക്ക് അധികാരികളോട് പരാതിപ്പെട്ട് പ്രശ്നം പരിഹരിക്കാം.
ഈ സാധ്യതകളൊന്നും ഉപയോഗിക്കാതെ മതതീവ്രവാദികൾ 2010 ജൂലായ് 4 ഞായറാഴ്ച രാവിലെ 8 മണിയോടെ അദ്ദേഹത്തിന്റെ വലതുകൈപ്പത്തി വെട്ടിമാറ്റിയത്, എന്നുവെച്ചാൽ മതനിന്ദ നടത്തിയെന്നാരോപിച്ച് ശിക്ഷിച്ചത്. ഇങ്ങനെ ശിക്ഷിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം നല്‍കിയത്? അന്നവർ വെട്ടിമാറ്റിയത് ഒരു കൈപ്പത്തി മാത്രമല്ല, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും മാനുഷികമൂല്യങ്ങളെയുമാണ്. ഒരു പാവം മനുഷ്യന്റെ ജീവിതവും സ്വപ്നങ്ങളുമാണ് ആ ഛേദിക്കപ്പെട്ട കൈപ്പത്തിയോടൊപ്പം മുറിഞ്ഞുപോയത്.
പിന്നീടുള്ള സംഭവങ്ങൾ മന:സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. തെറ്റുകാരനെന്നു മുദ്രകുത്തി തൊടുപുഴ ന്യൂമാന്‍ കോളേജ് അധികൃതർ അദ്ദേഹത്തെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. കോടതി കുറ്റവിമുക്തനാക്കിയിട്ടും തിരിച്ചെടുക്കാനുള്ള സന്മനസ്സ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. അദ്ദേഹത്തെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്ത കോളേജ് അധികൃതരുടെ പിടിവാശി പല സംശയങ്ങളുമുണര്‍ത്തുന്നു. അദ്ദേഹത്തെ പിരിച്ചുവിടാൻ അവർ ഒരു കാരണം കണ്ടെത്തുകയായിരുന്നോ? സത്യം എന്തായാലും സ്നേഹത്തിന്റെ പ്രചാരകര്‍ക്ക് ജോസഫ് സാറിനോടും കുടുംബത്തോടും സ്നേഹവും കരുണയും ഒട്ടുമില്ലായിരുന്നു എന്നവർ തെളിയിച്ചുകഴിഞ്ഞു.
2010മുതല്‍ ഭര്‍ത്താവിനും കുടുംബത്തിനും താങ്ങും തണലുമായി സംരക്ഷിച്ചു നിന്ന വീട്ടമ്മ അനുഭവിച്ച സംഘര്‍ഷങ്ങൾ ഊഹിക്കാൻ കഴിയും. തീവ്രവാദികളുടെ ഭീഷണിയില്‍പ്പെട്ട്,നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട്,അധികാരികളുടെ ക്രൂരതയ്ക്കിരയായി,സാമ്പത്തികഞെരുക്കത്തില്‍പ്പെട്ട് എരിഞ്ഞുതീര്‍ന്നുകൊണ്ടിരുന്ന ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു സലോമി. അവൾ തളര്‍ന്നുപോയത് ഏറ്റവുമൊടുവിലാണ്. എല്ലാ പ്രത്യാശകളും നഷ്ടപ്പെട്ട ഒരു മുഹൂര്‍ത്തത്തിൽ പ്രിയ സോദരീ, താങ്കള്‍ക്ക് പിടിച്ചുനില്‍ക്കാൻ കഴിഞ്ഞില്ല എന്ന് ഞാനറിയുന്നു. ഇപ്പോൾ ഈ അവസാനനിമിഷത്തിൽ ജോസഫ് സാറിനോട് ചെയ്ത അപരാധത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ കോളേജ് അധികാരികൾ തയ്യാറായത് താങ്കളുടെ ജീവന്‍ പകരം വാങ്ങിയിട്ടാണ്. മരണംകൊണ്ട് പോലും അധര്‍മ്മത്തിനെതിരെ പോരാടാം എന്ന്‍ സലോമി തെളിയിച്ചുകഴിഞ്ഞു.
ഇന്ന് എനിക്ക് ഇങ്ങനെയൊരു കുറ്റസമ്മതം നടത്താൻ കഴിഞ്ഞത് താനേറെ സ്നേഹിച്ച കലാലയത്തില്‍നിന്നും പടിയിറക്കി പിണ്ഡംവെച്ചെങ്കിലും  പിരിഞ്ഞുപോകാൻ മനസ്സ് വരാതെ പിന്തിരിഞ്ഞുനോക്കുന്ന ജോസഫ് സാറിന്റെ ദൈന്യരൂപം നൊമ്പരമുണര്‍ത്തിയതുകൊണ്ടാണ്   
മനുഷ്യന്‍ കരുണ കാണിച്ചില്ലെങ്കിലും ദൈവം അദ്ദേഹത്തോട് കരുണ കാണിച്ചിട്ടുണ്ട് എന്നുതന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. ഒരു കൂട്ട ആത്മഹത്യയില്‍നിന്നും ഇതുവരെ അദ്ദേഹത്തിന്റെ കുടുംബത്തെ രക്ഷിച്ചത് ദൈവം തന്നെയല്ലേ. അക്രമികൾ വെട്ടിമാറ്റിയ ഒരു കൈയ്ക്കു പകരം അനേകം കൈകൾ അദ്ദേഹത്തിന് തുണയായിരിക്കും.     



Monday, March 24, 2014

സ്നേഹസാന്ത്വനപരിചരണങ്ങള്‍ നല്‍കാന്‍ സഞ്ജീവനിയുണ്ട്


തളിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സഞ്ജീവനി പാലിയേറ്റീവ് കെയര്‍ യൂനിറ്റ് പറശ്ശിനിക്കടവിലെ വിസ്മയ പാര്‍ക്കില്‍ സംഘടിപ്പിച്ച കുടുംബസംഗത്തില്‍ പങ്കെടുക്കാന്‍ ഭാരവാഹികള്‍ വിളിച്ചപ്പോള്‍ പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല. ഏതായാലും പോകാന്‍ തീരുമാനിച്ചു. അടുത്ത വീട്ടിലെ പെണ്‍കുട്ടിയെയും കൂട്ടി മാര്‍ച്ച്‌ 23 ഞായറാഴ്ച രാവിലെ 9.30ന് വീട്ടില്‍ നിന്നിറങ്ങി. 10മണിക്ക് പാര്‍ക്കിനുള്ളിലെത്തി. ഗേറ്റില്‍ അന്വേഷിച്ചപ്പോള്‍ മുകളില്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത് എന്നറിഞ്ഞു. ഓഡിറ്റോറിയത്തിനു മുന്നിലെത്തിയപ്പോള്‍ കുറച്ചു ചെറുപ്പക്കാര്‍ അടുത്തേക്ക് വന്നു. 'വീല്‍ചെയര്‍ കൊണ്ടുവരാം' എന്ന് അവര്‍ പറഞ്ഞപ്പോള്‍ വേണ്ട എന്നെ ഫോണില്‍ വിളിച്ച ശോഭയെ കാണണം എന്നാവശ്യപ്പെട്ടു. ശോഭ വന്നപ്പോള്‍ എത്ര സമയം പരിപാടി ഉണ്ടാകും എന്നൊക്കെ ചോദിച്ചു. വൈകുന്നേരം നാലു   മണിവരെ ഇരിക്കാന്‍ പറ്റില്ലേ എന്ന്‍ അവര്‍ ചോദിച്ചപ്പോള്‍ 'ഓട്ടോ നാലുമണിക്ക് വന്നാല്‍ മതി'യെന്നു പറഞ്ഞു തിരിച്ചയച്ചു.
ചെറുപ്പക്കാരായ വളണ്ടിയര്‍മാര്‍ എന്റെ കൈക്കുപിടിച്ച് ഭക്ഷണ ഹാളിലേക്കാണ് കൊണ്ടുപോയത്. ചായയും പത്തിരിയും നിര്‍ബ്ബന്ധിച്ചു കഴിപ്പിച്ചു.പരിചയമുള്ളവരും ഇല്ലാത്തവരുമായി ഒരുപാടുപേര്‍ അടുത്തുവന്നു സംസാരിച്ചു.



ചായയ്ക്കുശേഷം എന്നെ ഓഡിറ്റോറിയത്തില്‍ കൊണ്ടിരുത്തി. അവിടെ കുറേപ്പേര്‍ വീല്‍ചെയറിലിരിക്കുന്നു. നടക്കാന്‍ പറ്റാത്തവര്‍ ആണെന്നു മനസ്സിലായി. വാഹനങ്ങള്‍ വന്നുകൊണ്ടിരുന്നു. അതിനനുസരിച്ച് വീല്‍ചെയറില്‍ വയ്യാത്തവരെ കൊണ്ടുവന്നിരുത്തി.ഞാനിരിക്കുന്നതിന്റെ മുന്നില്‍ ഒരു വരി നടക്കാന്‍ പറ്റാത്ത മിക്കവാറും ജന്മനാ തന്നെ വൈകല്യങ്ങളുള്ളവര്‍. പിന്നീട് പലതരം അപകടത്തില്‍പ്പെട്ട് നടക്കാന്‍ പറ്റാതായവരും ഉണ്ട്. ചെറുപ്പക്കാരായ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ ഓടിനടന്ന് അവര്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. അവര്‍ക്ക് നേതൃത്വം നല്‍കാന്‍ മുതിര്‍ന്നവരുമുണ്ട്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവര്‍,ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അധ്യാപകരും ജേര്‍ണലിസ്റ്റുകളും ബിസ്സിനസ്സുകാരും കര്‍ഷകരുമൊക്കെയുണ്ട് അക്കൂട്ടത്തില്‍.



പ്രാര്‍ത്ഥനയ്ക്കും സ്വാഗതോക്തികള്‍ക്കുംശേഷം പ്രശസ്ത സിനിമാസംവിധായകന്‍ ഷെറി ചടങ്ങ് ഉത്ഘാടനംചെയ്തു.പിന്നീട് മറ്റുള്ളവര്‍ ആശംസയര്‍പ്പിക്കുകയും  അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കാരണം അപ്പോഴും വാഹനങ്ങള്‍ പുറത്ത് വന്നുനില്‍ക്കുകയും വീല്‍ചെയറുകള്‍ ഹാളിലേക്ക് ഉരുണ്ടെത്തുകയുംചെയ്തുകൊണ്ടിരുന്നു. അത് കാണുമ്പോള്‍ നെഞ്ചിനകത്ത് ഭാരം കൂടിക്കൊണ്ടിരുന്നു. ശ്വാസംമുട്ടുന്നു. വിയര്‍ക്കുന്നു. അവിടെനിന്ന് പെട്ടെന്ന്‍ പുറത്തുപോകണമെന്ന് തോന്നി. ദൈവമേ,ഇത്രയുംപേര്‍ എന്നേക്കാള്‍ വയ്യാത്തവര്‍ എന്റെ തൊട്ടടുത്തുണ്ടല്ലോ. അനങ്ങാന്‍ വയ്യാതെ നോവനുഭവിക്കുന്നവര്‍ ഇതിലുമെത്രയോ അധികമായിരിക്കുമല്ലോ. വീടുകളുടെ അകത്തളങ്ങളില്‍ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ജീവച്ഛവമായി എത്രപേര്‍ ഉണ്ടാകും! 



അവര്‍ക്കിത്തിരി സാന്ത്വനമായി സഞ്ജീവനിയുടെ പ്രവര്‍ത്തകരെത്തുമ്പോള്‍ പാവപ്പെട്ട രോഗിയും വീട്ടുകാരും അനുഭവിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്. ഈ ആശ്വാസമാണ് സഞ്ജീവനിയുടെ വളണ്ടിയര്‍മാര്‍ നിസ്വരായ രോഗികള്‍ക്കും വീട്ടുകാര്‍ക്കും പകര്‍ന്നു നല്‍കുന്നത്. ഈ തിരിച്ചറിവ് എന്റെ സര്‍വ അസ്വസ്ഥതകളെയും ഒരുനിമിഷംകൊണ്ട് ഇല്ലാതാക്കി. നിസ്തുലമായ സാന്ത്വനപരിചരണസേവനത്തിന് പുരസ്കാരമേറ്റുവാങ്ങാന്‍ മടികാണിച്ചു മാറിനില്‍ക്കാന്‍ ശ്രമിക്കുന്ന ശോഭന എന്നെ ഉണര്‍ത്തി. ഒരു കൈ ചെയ്യുന്ന സഹായം മറ്റേ കൈപോലും അറിയാന്‍ പാടില്ല എന്നുറച്ചു വിശ്വസിക്കുന്ന പി.ശോഭനയ്ക്ക്  മറ്റുള്ളവരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങേണ്ടിവന്നു. ബഹുമാനപ്പെട്ട തളിപ്പറമ്പ് എം.എല്‍.എ. ശ്രീ. ജെയിംസ് മാത്യുവിന്റെ കൈയില്‍നിന്നും ഏറ്റുവാങ്ങിയ പുരസ്കാരവും വേദന അനുഭവിക്കുന്നവര്‍ക്കുവേണ്ടിത്തന്നെയുള്ളതാണ്. മുമ്പും നിരവധി തവണ അവരെത്തേടി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. അവരുടെ നേതൃത്വത്തിലാണ് വളണ്ടിയേഴ്സ് ഹോംകെയര്‍ നടത്തുന്നത്.

                                            എം.എല്‍.എ.ജെയിംസ് മാത്യു

ഞാന്‍ അവിടെ എത്തിയതുമുതല്‍ അവരെ നിരീക്ഷിക്കുകയായിരുന്നു. വൈകിയെത്തുന്ന വളണ്ടിയര്‍മാരെ ചെറുതായി ശാസിച്ചും ഓരോ രോഗിയെത്തുമ്പോഴും അവരുടെ അടുത്തേക്ക് ഓടിയെത്തിയും അവര്‍ അവിടെ നിറഞ്ഞുനിന്നു. മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുനല്‍കിക്കൊണ്ട് ആതുരസേവനരംഗത്ത്‌ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് മണ്ണിലിറങ്ങിയ ആ മാലാഖ. എന്നെ എഴുന്നേല്‍പ്പിക്കാന്‍ ചെറുപ്പക്കാര്‍ സഹായിക്കുമ്പോള്‍ അവിടെ ഓടിയെത്തിയ ശോഭയോട് അവര്‍ പറഞ്ഞു. “ശോഭേച്ചിയുടെ പേര് പറഞ്ഞാല്‍ മതി. ടീച്ചര്‍ തനിയെ എഴുന്നേറ്റോളും.” അതിനപ്പുറം ഒരവാര്‍ഡും അവര്‍ക്ക് കിട്ടാനില്ല എന്നെനിക്ക് മനസ്സിലായി.

                                                              ശോഭന

അതിനിടയില്‍ ബാബു എന്ന ചെറുപ്പക്കാരന്‍ പാട്ടുപാടി. സങ്കടം തുളുമ്പിനില്‍ക്കുന്ന ആ ഗാനം എന്റെ കണ്ണുനിറച്ചു. പയ്യന്നൂരിനടുത്തുള്ള കാനായി ആണ് അയാളുടെ നാട്. പതിമൂന്നു വര്‍ഷംമുമ്പ് മരത്തില്‍നിന്നും വീഴുന്നതുവരെ ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു അയാള്‍. ആ വീഴ്ചയില്‍ നട്ടെല്ലിനേറ്റ ക്ഷതം അയാളെ ഒരു ചക്രക്കസേരയില്‍ തളച്ചിട്ടു. ഏറ്റവും പ്രിയപ്പെട്ട ബന്ധങ്ങള്‍പോലും അതോടെ ശിഥിലമായി. ഇങ്ങനെ ഒരുപാട് കഥകളുണ്ട് ഓരോരുത്തര്‍ക്കും പറയാന്‍.

                                                                ബാബു

പരിചയപ്പെടുത്താന്‍ എനിക്കും കിട്ടി ഒരവസരം. നിന്നു പറയാന്‍ പറ്റാത്തതിനാല്‍ ഞാന്‍ അവര്‍ക്കഭിമുഖമായി സ്റ്റേജില്‍ തന്നെയിരുന്നു.എന്റെ അനുഭവങ്ങള്‍ ചുരുക്കിപ്പറഞ്ഞത് മറ്റുള്ളവര്‍ ശ്രദ്ധയോടെ കേട്ടു. എല്ലാം പോസിറ്റീവായി എടുക്കാന്‍ അവര്‍ ഇതിനകം പഠിച്ചുകഴിഞ്ഞിരുന്നല്ലോ.  

                                                             ഞാനും
  
ജിഷ കോട്ടക്കടവില്‍ എന്ന ചിത്രകാരിയെ എനിക്ക് നേരത്തെ അറിയാം.രണ്ടോ,മൂന്നോ വയസ്സുള്ള കുട്ടിയുടെ ശരീരവുമായി ജീവിക്കുന്ന ജിഷ ഇരുപത്തഞ്ചുവയസ്സിലേറെ പ്രായമുള്ള യുവതിയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെങ്കിലും യാഥാര്‍ത്ഥ്യമതാണ്. അച്ഛന്‍ ഉപേക്ഷിച്ചുപോയ, അമ്മയും അനിയനുമടങ്ങുന്ന നിര്‍ദ്ധനകുടുംബാംഗമായ ജിഷയ്ക്ക് പഠനവും ചികിത്സയുമൊക്കെ കിട്ടാക്കനികളാണ്. ജീവിക്കാനും ചികില്‍സിക്കാനുമുള്ള കാശിനുവേണ്ടി ദുര്‍ബ്ബലമായ കൈകള്‍ കൊണ്ട് തയ്യല്‍ ജോലിവരെ ഈ മിടുക്കി ചെയ്യുന്നു. 

                                                      ജിഷ കോട്ടക്കടവില്‍

എസ്.എസ്.എല്‍.സി.തുല്യതാ പരീക്ഷയില്‍ നല്ല മാര്‍ക്കോടെ പാസ്സായെങ്കിലും തുടര്‍ പഠനം സ്വപ്നംകാണാന്‍ പോലുമാവില്ല ഈ ബുദ്ധിമതിയായ പെണ്‍കുട്ടിക്ക്. ചിത്രകലയുടെ ബാലപാഠംപോലും പഠിച്ചിട്ടില്ലെങ്കിലും മനോഹരമായി അവള്‍ വരയ്ക്കും. സന്മനസ്സുള്ള ആരെങ്കിലും അവള്‍ക്കിത്തിരി അറിവോതിക്കൊടുത്തെങ്കില്‍!



                                                 ജിഷയോട് അല്പം കുശലം

 വീല്‍ചെയറില്‍ ഒരു മുസ്ലീം പെണ്‍കുട്ടിയുണ്ട്. അവളുടെ കഴുത്തില്‍ വളണ്ടിയര്‍ ടാഗ് തൂങ്ങിക്കിടക്കുന്നു. സ്വയം വേദനിക്കുമ്പോഴും മറ്റുള്ളവരുടെ വേദനയൊപ്പാന്‍ അവള്‍ സന്നദ്ധയാണ്.
എന്റെ ബന്ധു എസ്.ഐ. ആയി ജോലിചെയ്യുന്ന രാധാകൃഷ്ണനോട്, അദ്ദേഹം സാന്ത്വനപരിചരണരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്, എനിക്ക് ഇവരെയൊക്കെ കാണുമ്പോള്‍ സങ്കടം വരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. “അവരെ അങ്ങനെ കാണേണ്ട.അവര്‍ക്കാരുടെയും സഹതാപം വേണ്ട.”
അതെ. അവര്‍ക്ക് സഹതാപമല്ല,സഹായമാണ് നല്‍കേണ്ടത്. നിങ്ങളും അത് നല്‍കും അല്ലേ? എങ്ങനെ സഹായിക്കാമെന്ന് സംശയിച്ചു നില്‍ക്കേണ്ട. സഞ്ജീവനിയെപ്പോലുള്ള സംഘടനകള്‍ നമുക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്. 



ഈ കുടുംബസംഗമംപോലും അവര്‍ക്ക് ആത്മവിശ്വാസവും സന്തോഷവും പകരാന്‍ വേണ്ടി സംഘടിപ്പിച്ചതാണ്.നാലു കൊല്ലമായി സഞ്ജീവനി ഇത്തരത്തിലുള്ള പരപാടികള്‍ നടത്തുന്നുണ്ട്. രോഗികള്‍ക്കൊപ്പം പ്രവര്‍ത്തകരും പാടുകയും ആടുകയും ചെയ്യുന്നു.  പറശ്ശിനിക്കടവ് എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികള്‍ ഈ രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്നുണ്ട്. പരിചരണം മാത്രമല്ല,പാടിയും ആടിയും അവര്‍ രോഗികളെ സന്തോഷിപ്പിക്കുന്നു.

                                  ശോഭന ആടാനും പാടാനും മുന്‍നിരയിലുണ്ട് 

               'ശോഭേച്ചിക്കൊപ്പം ഞങ്ങളും.' എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ 

കലാപരിപാടി പൊടിപൊടിക്കുമ്പോഴാണ്‌ പ്രശസ്ത മൗത് പെയിന്‍റര്‍ ഗണേഷ്കുമാര്‍ കുഞ്ഞിമംഗലം എത്തിച്ചേര്‍ന്നത്. വീല്‍ചെയറില്‍ സഹായി കൊണ്ടുവരുമ്പോള്‍ തന്നെ എനിക്ക് ഗണേഷ് കുമാറിനെ മനസ്സിലായി. ഫ്ലൈ എന്ന സംഘടനയെപ്പറ്റിയും ഗണേഷ്കുമാര്‍, അനിയത്തി സുനിത എന്നിവരെപ്പറ്റിയും കേട്ടിരുന്നു.അവരുടെ ഫോട്ടോ കണ്ടിരുന്നു. 
കൂടെവന്ന കുട്ടിയോട് ഗണേഷിന്റെ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം എന്റെ അടുത്തേക്ക് ചക്രക്കസേരയെ നയിച്ചു. 

 
                                                    ഗണേഷ്കുമാര്‍ കുഞ്ഞിമംഗലം        


                                                      ഇതെന്റെ കുഞ്ഞനിയനല്ലേ


                                   ശോഭ കൂടെയുണ്ടെങ്കില്‍  സന്തോഷം ഇരട്ടിക്കുമല്ലോ



            ഇത് ഗണേഷ്കുമാറിന്റെ അമ്മ ജാനകിയമ്മ. കണ്ടില്ലേ,ഇപ്പോള്‍ എന്റെ അമ്മയും.ഈ മക്കളെല്ലാം എന്റെ മക്കള്‍ എന്ന് പറയുന്ന അമ്മയ്ക്ക് ഒരു മോളെക്കൂടി ഏറ്റെടുക്കാന്‍ കഴിയും. 


ഞാനൊരു പൊട്ടത്തി തന്നെ.ഇത് ഗണേഷ്കുമാറിന്റെ അനിയത്തി സുനിതയല്ലേ. അവള്‍ രാവിലെ മുതല്‍ ഇവിടുണ്ടായിട്ടും ഞാന്‍ തിരിച്ചറിഞ്ഞില്ല. ഉച്ചയ്ക്ക് ഗണേഷ്കുമാര്‍ കാണിച്ചു തന്നപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. സുനിതയെ കാണണമെന്ന് ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. മാതൃഭൂമി പത്രത്തില്‍ അവളെക്കുറിച്ചെഴുതിയ ലേഖനം വായിച്ചതുമുതല്‍ ആഗ്രഹം തീവ്രമായി. സുനിതയും നല്ലൊരു ചിത്രകാരിയാണ്. മൌത്ത് പെയിന്റര്‍ തന്നെ. 

                                    ഈ സൌഹൃദത്തണലില്‍ നമുക്കാശ്വസിക്കാം

രാവിലെ ഹാളിലെത്തുമ്പോഴേ സംഘാടകര്‍ പറഞ്ഞിരുന്നു. 'അങ്ങേ അറ്റത്ത് പോയാല്‍ വിസ്മയ പാര്‍ക്ക്‌ കാണാം.'അത് കാണാതെ പോയാല്‍ വലിയൊരു നഷ്ടമായിരിക്കും.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുവന്ന ഉടനെ അങ്ങോട്ട്‌ വെച്ചുപിടിപ്പിച്ചു.എന്നുവെച്ചാല്‍ മറ്റുള്ളവര്‍ മനസ് വെച്ചില്ലെങ്കില്‍ എത്തില്ലല്ലോ. ഏതായാലും കാശുമുടക്കാതെ കാര്യം നേടി. 



                      രാവിലെ ഇവിടെ മാനും മയിലുമില്ല. ഉള്ളത് മലകളും തടാകവും


                                                   കാണാനുണ്ട്


                                                        പടക്കുമിള്‍ ആണോ?

                                                                      പിന്നെയും


                                                         ആളനക്കം തുടങ്ങി


             ഇങ്ങനെയൊരു ബാല്യം കിട്ടിയിട്ടില്ലെങ്കിലും കുഞ്ഞുങ്ങളോട് അസൂയ തോന്നുന്നില്ല.

2006 ജൂലായ്‌ 1ന് തളിപ്പറമ്പില്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് കെയര്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തതോടെ സാന്ത്വനപരിചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു.  ആഴ്ചയില്‍ ആറുദിവസവും ഹോംകെയര്‍ സര്‍വീസ് നടത്തുന്നു. അതില്‍ വളണ്ടിയര്‍ ഹോംകെയര്‍,നഴ്സസ് ഹോംകെയര്‍,ഡോക്ടേഴ്സ് ഹോംകെയര്‍ എന്നിവ വളരെ ഫലപ്രദമായി നടത്തുന്നു. രോഗികള്‍ക്ക് കൌണ്‍സിലിംഗ്, ആവശ്യമായ മരുന്നും ഉപകരണങ്ങളും എത്തിക്കല്‍, ഭക്ഷണം നല്‍കല്‍, രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കല്‍, ബോധവല്‍ക്കരണക്ലാസുകള്‍, വളണ്ടിയര്‍മാര്‍ക്കുള്ള ക്ലാസുകള്‍, രോഗികളുടെ പുനരധിവാസവും തൊഴില്‍ പരിശീലനവും, ഉല്‍പ്പന്നങ്ങളുടെ വിതരണം,എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രവര്‍ത്തനങ്ങളാണ് സഞ്ജീവനിയുടെ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഞാന്‍ അവിടെ കണ്ടത് ഒരു ആത്മസമര്‍പ്പണമാണ്‌.

അന്ന് ഒ.പി. മാത്രമായി തുടങ്ങിയ ക്ലിനിക് ഇന്ന് നിരവധി പ്രവര്‍ത്തനങ്ങളില്‍ എത്തിനില്‍ക്കുന്നു. അഞ്ഞൂറില്‍ കൂടുതല്‍ രോഗികളെ പരിചരിക്കുന്നു. സുമനസ്സുകളുടെ സഹായമാണ് സഞ്ജീവനിയെ അതിനു പ്രാപ്തമാക്കിയത്. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സഞ്ജീവനിയുടെ ക്ലിനിക് വാടകയില്ലാതെ നല്‍കിയ കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ആംബുലന്‍സും സംഭാവനയായി ലഭിച്ചു. താലൂക്ക് ആശുപത്രിയില്‍ സഞ്ജീവനി ആവശ്യപ്പെട്ടതനുസരിച്ച് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് അഞ്ച് പാലിയേറ്റീവ് കിടക്കകളും അനുവദിച്ചിട്ടുണ്ട്. ആവശ്യമുള്ളതിന്റെ ചെറിയൊരു ശതമാനം പ്രവര്‍ത്തണങ്ങള്‍ മാത്രമേ ചെയ്യാന്‍ സഞ്ജീവനിയെപ്പോലുള്ള സംഘടനകള്‍ക്കും സാധിക്കുന്നുള്ളൂ. ഇനിയുമെത്രയോ ബാക്കിയുണ്ട്.
ജീവിതത്തിനും മരണത്തിനുമിടയില്‍ വേദനയനുഭവിച്ചു ജീവിതം തള്ളിനീക്കുന്ന രോഗികളെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ബാധ്യത സഹജീവികള്‍ക്കുണ്ട്. അതിനു പണം വേണം. സഹായം വേണം.  നമുക്കത് നല്‍കിക്കൂടെ? നിങ്ങള്‍ പറ്റുന്നത് ചെയ്യും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ ഇതാണ്.

'Sanjeevani'
Palliative Care Clinic
Thaliparamba
4804000100028339
IFC PUN B 0480400

   

Thursday, March 13, 2014

ദാ,ഇപ്പൊ നമ്മുടെ അബ്ദുല്ലക്കുട്ടിയും

 സരിതകേരളത്തില്‍ ഇപ്പോള്‍ നമ്മുടെ അബ്ദുല്ലക്കുട്ടിയും സജീവമായെന്ന വാര്‍ത്തയാണ് തെരഞ്ഞെടുപ്പ് വാര്‍ത്തകളെ പിന്നിലാക്കിക്കൊണ്ട് എന്റെ ചെവിയിലെത്തിയത്. സരിതയെക്കുറിച്ചുള്ള ഏതു വാര്‍ത്തയും ഇപ്പോള്‍ ചെവിക്ക് പുത്തരിയല്ലാതായിരിക്കുന്നു. എങ്കിലും ഈ വാര്‍ത്ത‍ കേള്‍ക്കുമ്പോള്‍ ചെറിയൊരു അസ്വസ്ഥത തോന്നി. ശ്രീ. അബ്ദുള്ളക്കുട്ടിയെ എനിക്ക് നേരത്തെ പരിചയമുണ്ട് എന്നതായിരിക്കാം കാരണം. അദ്ദേഹം എം.പി.ആകുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരാന്‍ വെമ്പുന്നൊരു നേതാവായിട്ടാണ് എനിക്ക് അദ്ദേഹത്തെ പരിചയപ്പെട്ടപ്പോള്‍ തോന്നിയത്. കാവുമ്പായി രക്തസാക്ഷിദിനത്തില്‍  പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അന്നദ്ദേഹം. ഇളയ സഹോദരന്‍ ആര്‍കിടെക്റ്റ് മധുകുമാറിനൊപ്പം വീട്ടിലെത്തിയ സരസനും ഊര്‍ജ്ജസ്വലനുമായ ചെറുപ്പക്കാരനെ നന്നേ ബോധിച്ചു.  മലയാളസാഹിത്യം ആണ് അദ്ദേഹം പഠിച്ചത് എന്നറിഞ്ഞപ്പോള്‍ കൂടുതലിഷ്ടം തോന്നി. ഒരേ തൂവല്‍ പക്ഷികളോടുള്ള സ്നേഹം എന്ന്‍ വേണമെങ്കില്‍ പറയാം.
അധികം വൈകുന്നതിനുമുമ്പ് അദ്ദേഹം ഇടതുപക്ഷത്തിന്റെ അത്ഭുതക്കുട്ടിയാകുന്ന കാഴ്ച യും ആസ്വദിച്ചു. രണ്ടാംവട്ടവും കടന്ന് മൂന്നാംവട്ടമിനിയില്ലെന്ന് കണ്ടപ്പോള്‍ മറു കണ്ടം ചാടിയ മിടുക്കനെയാണ് പിന്നെ ഞാന്‍ കണ്ടത്. അപ്പോഴും എനിക്ക് തോന്നിയ സൌഹൃ ദത്തിന് മങ്ങലേറ്റില്ല. പല പരിപാടികളിലും കണ്ടുമുട്ടി.അപ്പോഴൊക്കെ സൗഹൃദം പുതു ക്കി. ഇപ്പോള്‍ അദ്ദേഹത്തിന്റെ തൊട്ടടുത്താണ് ഞാന്‍ താമസിക്കുന്നതും.
ഇപ്പോള്‍ സരിത പറയുന്നു 'അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തു'എന്ന്. അത് സത്യമാണെങ്കില്‍ അതൊരിക്കലും എന്റെ മനസ്സാക്ഷിയുടെ നീതിപീഠത്തിന് ക്ഷമിക്കാ നാവാത്തതാണ്. അത് സരിത വെറുതെ പറയുന്നതാണോ എന്നൊന്നും എനിക്കറിയില്ല. എത്ര കള്ളത്തരം ചെയ്യുന്ന ആളായാലും അത്തരമൊരു കാര്യം പറയുമെന്ന് എനിക്ക് വിശ്വാസമില്ല. ആയിരം പേര്‍ക്കൊപ്പം കിടക്ക പങ്കിടുന്നവളായാലും അവളുടെ ഇഷ്ടമില്ലാതെ ഒരുത്തനും അവളുടെ ശരീരത്തില്‍ കൈവെക്കാന്‍ അവകാശമില്ല. അവളുടെ ശരീരം പുറമ്പോക്കല്ല.
അധികാരത്തിന്റെ ബലത്തിലാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാവുന്നതെങ്കില്‍ സരിതയടക്കമുള്ള ജനം നല്‍കിയ അധികാരമാണെന്ന് ജനപ്രതിനിധികള്‍ മറക്കേണ്ട.അത് തിരിച്ചെടുക്കാനും ഞങ്ങള്‍ക്കറിയാം. ഏത് കൊലകൊമ്പനായാലും സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവനെ ശിക്ഷിച്ചേ തീരൂ. ഒരു നിയമ പരിരക്ഷയും അത്തരക്കാര്‍ അര്‍ഹിക്കുന്നില്ല. 

Saturday, March 8, 2014

വനിതാദിനം

മുന്നൂറ്ററുപത്തിയഞ്ച് സമം ഒന്ന്‍                                                                           കൂട്ടിയാലും കുറച്ചാലും                                                                            ഗുണിച്ചാലും ഹരിച്ചാലും   ഉത്തരമൊന്നുതന്നെ.                                                                                                        വനിതാദിനം!

Thursday, March 6, 2014

ഒരു അഭിമുഖം പഠിപ്പിക്കുന്നത്

ചെറുപ്പം തൊട്ടേ ഞാന്‍ ഒരു വിശ്വാസിയല്ല. ഏതു വ്യക്തിയേയും                       സംഭവത്തെയും       ആദ്യം ഇത്തിരി സംശയത്തോടെ മാത്രമേ വീക്ഷിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ദിവ്യത്വം കല്പിക്കപ്പെട്ടവരെ അംഗീകരിക്കാറുമില്ല. എങ്കിലും സുധാമണിയെന്ന മുക്കുവപ്പെണ്ണ് ലോകം ആദരിക്കുന്ന അമൃതാനന്ദമയി ആയി ഉയര്‍ന്നതില്‍ അവരെ മനസ് കൊണ്ട് അഭിനന്ദിക്കാറുണ്ടായിരുന്നു. ആരാധനയും ഇഷ്ടവുമൊന്നും തോന്നിയിട്ടേയില്ല. അവരെ ഇതുവരെ കണ്ടിട്ടില്ല. കാണണമെന്ന് തോന്നിയിട്ടുമില്ല.
24 കൊല്ലം മുമ്പ് അവിടെയുള്ള എന്റെ സുഹൃത്ത് അവരെക്കുറിച്ച് ഒരു തട്ടിപ്പുകാരി എന്ന നിലയില്‍ വളരെ അപ്രധാനമായി സംസാരിച്ചത് ഇന്നും എന്റെ മനസ്സില്‍ ഉണ്ടെന്നത് ഒരു സത്യമാണ്. കുറേക്കാലമായി മഠത്തെക്കുറിച്ച് വിവാദങ്ങള്‍ പുകയാന്‍ തുടങ്ങിയിട്ടുണ്ട ല്ലോ. അതില്‍ കുറെയൊക്കെ സത്യമുണ്ട് എന്നും തോന്നിയിരുന്നു. പ്രകൃതിയെക്കുറിച്ചും ജലത്തെക്കുറിച്ചുമൊക്കെയുള്ള അവരുടെ കാഴ്ചപ്പാട് അറിയാന്‍ കഴിഞ്ഞപ്പോള്‍,കഴിഞ്ഞ    ദിവസം വിജേഷിനോട് മാതാ അമൃതാനന്ദമയി സംസാരിക്കുന്നത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. 'കുഴല്‍ക്കിണറില്ലേ? ഞങ്ങള്‍ മാത്രമാണോ നികുതി വെട്ടിപ്പ് നടത്തുന്നത്, മറ്റ് മതങ്ങളിലുള്ളവരും നടത്തുന്നില്ലേ?'എന്നൊക്കെ. ഒരു ലോകമാതാവ് ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്നാശ്ചര്യപ്പെട്ടു. ഇതാണോ സ്നേഹത്തിന്റെ വഴി?
എന്നാല്‍ അതൊക്കെ വളരെ നിസ്സാരം എന്ന് ജോണ്‍ ബ്രിട്ടാസ് അമൃത പ്രാണ എന്നറിയപ്പെട്ടിരുന്ന ഗെയല്‍ ട്രഡ്‌വെല്‍ എന്ന അമൃതാനന്ദമയി ശിഷ്യയുമായി നടത്തിയ അഭിമുഖം പീപ്പിള്‍ ടി.വി.യില്‍ കണ്ടപ്പോള്‍,അത് എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ദൈവമേ ഇത്രയും വൃത്തികേടുകള്‍ അടിഞ്ഞുകൂടിയ ഒരിടമാണോ അമൃതാനന്ദമയീ മഠം. ഇത്തരത്തിലൊരാളെയാണോ ശാസ്ത്രജ്ഞരും ഭരണനേതാക്കളും മാധ്യമങ്ങളും ആരാധിക്കുന്നത്?കൊണ്ടാടുന്നത്? ലക്ഷങ്ങള്‍ തൊഴുതു വണങ്ങുന്നത്? ഒരു ജനത ഇത്രയും വിഡ്ഢികളാകാമോ? ഇത്തരത്തിലുള്ള അന്ധമായ ഭക്തിയില്‍ നിന്നും ഏതെങ്കിലും കാലത്ത് ജനത്തിന് മോചനമുണ്ടാകുമോ?
ജോണ്‍ ബ്രിട്ടാസിന്റെ ധീരമായ പ്രവൃത്തിയെ അഭിനന്ദിക്കുന്നു. തിരിച്ചറിവുള്ളവരെങ്കിലും സത്യം അന്വേഷിക്കട്ടെ.