ദാരിക വധത്തിനു സമയമായ്
ദാരികന്മാരനേകര്‍ ചൂഴ്ന്നു നില്‍ക്കെ.
പിറന്നു വീഴണമായിരം കൈകളില്‍
ആയുധമേന്തിയ ദുര്‍ഗമാര്‍.
ചടുലനൃത്തമാടിയറുത്തുവീഴ്ത്തണം
അരങ്ങുവാഴും ദാരികശിരസ്സുകള്‍.
പൊടിച്ചുവളര്‍ന്നൊരുദരം മറന്നവര്‍
പിറന്നു വീണ മണ്ണു മറന്നവര്‍
നരകാഗ്നിയിലെരിക്കും പെണ്ണുടല്‍.
ആങ്ങളയല്ലച്ഛനല്ലമ്മാവനും
ആര്‍ത്തിപൂണ്ടു കടിച്ചുകീറാന്‍
ആര്‍ത്തണയും നരാധമന്മാര്.
അമ്മയും പെങ്ങളും പഴഞ്ചനായ്
പകരം വെക്കാനിരകള്‍ മാത്രം.
പകുത്തു തിന്നാനിരകള്‍ മാത്രം.
കാല്ച്ചുവട്ടിലിരുന്നു കരയും
കാമിനിയായ് മാറിടൊല്ല
കാരിരുമ്പ് കരളിലേന്തി
സംഹരിക്കാന്‍ കൈയിലേന്തി
വരുന്നു ഞങ്ങള്‍ വരിവരിയായ്
വനിതകള്‍ക്ക് വഴിയൊരുക്കാന്‍.
വനിത ഞാനുമേതു ദിനവുമെനിക്കു സ്വന്തം
ഏതു വഴിയുമെന്റെ കാല്ച്ചുവട്ടില്
ഏതു ചക്രവും തിരിക്കുമെന്റെ കൈയുകള്.