Wednesday, May 27, 2015

ഒ.എന്‍.വിക്ക്

പാട്ടിന്റെ പാലാഴിയിൽ നീന്തി
ആയിരം പൂര്‍ണചന്ദ്രന്മാർ കടന്നുപോയ്.
ആത്മാവിലമൃതകണമായ്‌ നിറയാൻ
പ്രിയ കവേ, മംഗളാശംസകൾ.
ആര്യ, ഭവാന് നേരട്ടെ
പിറന്നാളാശംസകൾ.
ഒരു മയില്‍പ്പീലിത്തുണ്ടം
കടമായെടുത്ത ഞാനുമങ്ങേയ്ക്ക്
ആയിരമാശംസകൾ.....

Friday, May 8, 2015

കൈവെട്ടുകാര്‍ക്കുള്ള വിധി

പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിൽ ഐ.എൻ.എ.പ്രത്യേക കോടതിവിധി പ്രഖ്യാപിച്ചു. 10പേര്‍ക്ക് 8വര്‍ഷം തടവും 3പേര്‍ക്ക് 2വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. ഇത് പ്രതികള്‍ക്ക് മതിയായ ശിക്ഷയാണോ എന്നതിനപ്പുറം സമൂഹത്തിന് അപകടകാരികളായ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതിൽ ആശ്വസിക്കാം.
പ്രൊഫ. ടി.ജെ.ജോസഫിനെ സംബന്ധിച്ചിടത്തോളം ഈ വിധിയൊന്നും അദ്ദേഹത്തെ ബാധിക്കുന്നേയില്ല എന്നാണറിയുന്നത്. കാരണം ഏത് വിധിക്കും ഇതുവരെ അദ്ദേഹം അനു ഭവിച്ച വേദനയ്ക്കും ഒഴുക്കിയ കണ്ണീരിനും പകരമാവാൻ കഴിയില്ല. നല്കുന്ന ലക്ഷങ്ങൾ നഷ്ടപരിഹാരവുമാകില്ല. കുറെ ഭീകരന്മാരുടെ കൈകൊണ്ട് ജീവിതം നശിച്ചുപോയ ആ പാവം മനുഷ്യൻ അവര്‍ക്ക് മാപ്പ് നല്കിൊക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ‘ഒരുവേള പഴക്കമേറിയാൽ കയ്പും മധുരമായ് വരാം.’ എന്നൊരു നിസ്സംഗാവസ്ഥയിൽ മനുഷ്യമനസ്സ് എത്തിച്ചേരും. അപ്പോൾ ഒരു വേദനയ്ക്കും മനുഷ്യനെ തോല്പ്പിക്കാൻ കഴിയില്ല.
പ്രൊഫ. ടി.ജെ.ജോസഫിനെ ഈ അവസ്ഥയിലേക്ക് എത്തിച്ച കൊടുംഭീകരര്‍ക്ക് ‌ അദ്ദേഹം മാപ്പുനല്കിയാലും മന:സാക്ഷി മരവിക്കാത്തവർ ഒരിക്കലും മാപ്പ് നല്കില്ല. ഏത് പ്രവാചകന്റെ പേരിലായാലും ആ പ്രവാചകനും കൈയും തലയും വെട്ടുന്നവര്‍ക്ക് മാപ്പ് നല്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അഥവാ,അങ്ങനെ ഏതെങ്കിലും പ്രവാചകനു ണ്ടെങ്കിൽ ആ പ്രവാചകമതത്തെ ഞാനൊരിക്കലും അംഗീകരിക്കില്ല. അത്തരത്തിലുള്ള സര്‍വമതങ്ങളും ഈ പ്രപഞ്ചത്തിൽ നിന്നുതന്നെ നശിച്ചുപോകട്ടെ. മനുഷ്യരിൽ സ്നേഹം വളര്‍ത്താത്ത, പകരം സ്പര്‍ദ്ധ വളര്‍ത്തുന്ന മതങ്ങൾ നമുക്കാവശ്യമില്ല.

Saturday, May 2, 2015

മരണമണി മുഴക്കുന്നവർ

കത്തുന്ന കാമത്തിന് ഡല്‍ഹി മോഡലിൽ ഒരിര കൂടി. പഞ്ചാബിലെ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് അമ്മയുടെയും ബസിലെ മറ്റു യാത്രക്കാരുടെയും കണ്മുന്നിൽ വെച്ചായിരുന്നു. അമ്മയല്ലാതെ മറ്റാരും അത് തടഞ്ഞില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പെണ്‍കുട്ടി ബസ്സിൽ നിന്നും ചാടിയില്ലായിരുന്നെങ്കിൽ ഒരു കൂട്ടബലാത്സംഗം കണ്ടാസ്വദിക്കാനും ബസ്സിലെ മന:സാക്ഷി മരവിച്ച പൊതുസമൂഹം തയ്യാറാവുമായിരുന്നു എന്നാണ് തോന്നുന്നത്. അവര്‍ക്ക് സ്ത്രീ മകളല്ല,അമ്മയല്ല,സഹോദരിയുമല്ല. ഓടിച്ചിട്ട് പിടിച്ച് കടിച്ചുകീറേണ്ട ഒരിരമാത്രം.
സ്ത്രീക്ക് നിര്‍ഭയമായി ജീവിക്കാൻ ഒരിടവും ഇന്ന്‍ ഇന്ത്യയിലില്ല. ഏതുനിമിഷവും അക്രമിക്കപ്പെട്ടേക്കാവുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് ഓരോ പെണ്‍കുഞ്ഞും പിറന്നു വീഴുന്നത്. ഒരു കണക്കിന് ഈ അവസ്ഥയേക്കാൾ എത്രയോ ഭേദമാണ് വയറ്റിൽ വെച്ചുതന്നെ നശിപ്പിക്കപ്പെടുന്നത്. വയറ്റിലെ കുഞ്ഞിന്റെ ലിംഗനിര്‍ണയം സാധ്യമായ കാലംതൊട്ടേ ഇന്ത്യയിലത് നിര്‍ബ്ബാധം നടക്കുന്നുണ്ടല്ലോ. അതിന്റെ കൂടി ഫലമായിട്ടാണ് ഇന്ത്യയിലെ സ്ത്രീപുരുഷാനുപാതത്തിൽ വലിയ അന്തരമുണ്ടായത്. ഏറ്റവുമൊടുവിലത്തെ ജനസംഖ്യാ കണക്കനുസരിച്ച് ഇന്ത്യയിൽ ആയിരം പുരുഷന്മാര്‍ക്ക് 940സ്ത്രീകളാണുള്ളത്. ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ ഇന്ത്യയിൽ അമ്പത് കൊല്ലത്തിനുള്ളിൽ191പുരുഷന്മാര്‍ക്ക് 100സ്ത്രീകൾ എന്ന അവസ്ഥ ഉണ്ടാകും എന്നാണ് പ്രവചിക്കുന്നത്. അങ്ങനെയൊരു അവസ്ഥയിൽ ന്യൂനപക്ഷമാകുന്ന സ്ത്രീശരീരങ്ങള്‍ക്ക് അറവുശാലയിൽ തൂക്കിയിടുന്ന മാംസത്തുണ്ടിന്റെ സുരക്ഷിതത്വംപോലുമുണ്ടാവില്ല. അതിനൊരു പ്രധാന കാരണം സ്ത്രീപീഡനം നടത്തുന്നവക്ക് നമ്മുടെ രാജ്യത്ത് ലഭിക്കുന്ന അംഗീകാരവും മാന്യതയുമാണ്. അവര്‍ക്കൊക്കെ എല്ലാ പൌരാവകാശങ്ങളോടെയും നമ്മുടെ രാജ്യത്ത് ഏത് തടവിനുള്ളിലും വാഴാൻ കഴിയുന്നുണ്ടല്ലോ. അര്‍ഹിക്കുന്ന ശിക്ഷ ഒരിക്കലും കിട്ടാറുമില്ല. കണ്ണില്ലാത്ത കാമത്തിന് പിന്നെ ആരെയാണ് പേടിക്കേണ്ടത്! അങ്ങനെ സ്ത്രീപീഡനം ഒരു കലയായി മാറുമ്പോൾ അമ്മമാർ പെണ്‍കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറാവാതാകും. അധികം വൈകാതെ നമ്മുടെ നാട്ടിൽ നിന്നും അമ്മമാരെന്ന വര്‍ഗ്ഗവും അപ്രത്യക്ഷരാകും. ഒടുവിലായി ഇന്ത്യയിലെ പുരുഷവര്‍ഗവും അവസാനിക്കും. ലോകത്തിന് വേണമെങ്കിൽ ക്ലോണിംഗിന്റെ സഹായത്തോടെ ഇന്ത്യൻ പുരുഷനെന്ന അപൂര്‍വജീവിയെ പരീക്ഷണശാലയിൽ നിര്‍മ്മിച്ച്‌ നിലനിര്‍ത്താം . അത് വേണോയെന്ന് മറ്റ് രാജ്യങ്ങളിലെ മനുഷ്യർ തീരുമാനിക്കട്ടെ.