Saturday, February 4, 2012

കരിമ്പാറകൾ

കുഞ്ഞുന്നാളിലമ്മാവന്റെ കൈകളിൽ
പ്രാണനുവേണ്ടി പിടയും പൂവെനൻ
കണ്‍കളിൽ മഴക്കാറ് നിറച്ചു.
അടുത്ത വീട്ടിലെ തെമ്മാടി നായ
അരുമപ്പൂച്ചക്കുഞ്ഞിനെ
കടിച്ചുകീറിയെന്‍
കണ്ണുകൾ പെരുമഴയായ്
പെയ്തിറങ്ങി.
മാറത്തണച്ചുപിടിക്കു-
മമ്മൂമ്മയെന്നേക്കുമായ്
കണ്ണടച്ചപ്പോൾ
നെഞ്ചിൽ മുട്ടിത്തിരിഞ്ഞ
ഗദ്ഗദം തൊണ്ടയിൽത്തടഞ്ഞ്
കണ്ണിലൂടൊഴുകി.
അയലത്തെ പെൺ‌കിടാവാത്മഹത്യ
ചെയ്തപ്പോഴുമൊഴുക്കീ കണ്ണുനീർ.
അപമാനത്തിൻ കഠാരമുനകളാഴ്ന്നിറങ്ങി
അലകടലാക്കിയെൻ കണ്ണുകൾ.
ദു:ഖത്തിൻ വേരുകളറുക്കാൻ
കൂട്ടായ്മകളിലഭയംതേടി.
ആത്മാവ് പൊയ്പ്പോയ
പ്രണയത്തിൻ നഗ്നത;
കശക്കിയെറിയപ്പെടും പൂവുകൾ;
കയറിൽത്തൂങ്ങിയാടുമഭിമാനം;
കണക്കില്ലാതെ
സൌഹൃദസന്ദേശങ്ങൾ
കരിമ്പാറക്കഷണങ്ങളായ്
ചീറ്റിയടുത്തു.
തീവണ്ടിച്ചക്രങ്ങൾ
കണ്ടിച്ചിട്ട കഴുത്തിൽ
പാതിയടഞ്ഞ കണ്ണുകളിൽ
പാതി പിളർന്ന നിലവിളിയിൽ
കരളിൽ കിനിഞ്ഞ്
കണ്ണിലുറച്ച്
കരിമ്പാറകളെൻ
നെഞ്ചിൽ പെരുകി.