Friday, January 13, 2012

കുഞ്ഞിന്റച്ഛൻ

ക്ലോണിംഗ് ശിശുവല്ലിവളെങ്കിലു-
മച്ഛനില്ലാതുണ്ടായവൾ.
പതിനാലിൻ കൌമാരത്തിന്
പ്രണയവഴികളിൽ
പുത്തനറിവു പകർന്നവൻ.
ത്രസിക്കും ജീവകോശങ്ങളിലഗ്നി
പടർത്തി പിൻ‌വാങ്ങിയവൻ.
പിൻ‌വാതിലിലൂടിറങ്ങിപ്പോയവൻ.
കാണാമറയത്തൊളിച്ചവൻ.
അച്ഛനാവാനവനില്ല.
ഉദരത്തിൽ കുരുത്തത്
വിരിയിച്ചെടുത്ത്;
ചീറിവരും കല്ലുകളെ
പുറംകൈയാൽ തടുത്ത്;
കണ്ണീരുമമ്മിഞ്ഞപ്പാലുമൂട്ടി;
താഴത്തുവെക്കാനൊരു
തറയില്ലാതെ;
പ്രാണന്റെയംശത്തെ
മാറോടമർത്തിയവൾ.
രണ്ടായി പിന്നിയിട്ട
മുടിയിളക്കിയാർത്തു ചിരിച്ച്;
യൂനിഫോമിൽ
തുള്ളിത്തുളുമ്പി;
കൂട്ടുകാരികളടുക്കുമ്പോൾ
ഒക്കത്തിരിക്കും
കുഞ്ഞിന്റെ കരച്ചിലമർത്തി;
ചിരട്ടയിൽ നിറയും
റബ്ബർപ്പാലിൽ
കണ്ണുനട്ടതുകാണാതെ;
വിറക്കും കരങ്ങളാലന്നം
തേടിയവൾ.
അപശകുനം മൂശേട്ടയെന്ന്
മറ്റുള്ളോർ മുഖം തിരിക്കെ
തങ്കക്കുടത്തിനെ
മാറോടണച്ച്
കൂരയ്ക്കുള്ളിലൊളിക്കാനിടം
കാണാതുഴറുന്നവൾ.
അച്ഛനില്ലാക്കുഞ്ഞി-
നിവളമ്മയാണ്.
പേറ്റുനോവറിഞ്ഞൊരു ജീവനെ
ഭൂമിയിൽ വാഴിക്കുമമ്മ.
മാനത്തോളം വലുതല്ലാത്തൊരു
മാനത്തിന്നായേതൊരു
പാതാളത്തിൽ
താഴ്ത്താമിനിയും!

പ്രസക്തി കവിതാപതിപ്പിൽ പ്രസിദ്ധീകരിച്ചത്