Friday, April 30, 2010

കള്ളൻ

എന്റെ വീട്ടിൽ
ഞാന്‍ തനിച്ച്.
എങ്കിലും
കാവലാളേറെ.
ജനാലത്തിരശ്ശീലയ്ക്കു
പിന്നിൽ
തുറുകണ്ണുകളുമായി
ഉറക്കമിളച്ച്
അഷ്ടദിക്പാലകർ.
അദൃശ്യമന്ത്രം പഠിച്ച്;
പിന്നെ മറന്ന്
സ്വയമറിയാതെ
വെളിപ്പെട്ട്
കവർച്ച നടത്താതെ
പിന്തിരിയുന്ന
പാവം കള്ളൻ
അവന്റെ പിന്നിൽ
കവര്‍ച്ച മുതലിൻ
നിലവിളി.
എന്നുറക്കം
കെടുത്തിക്കൊണ്ട്.

Wednesday, April 14, 2010

വിഷുപ്പക്ഷിയുടെ തേങ്ങൽ

വിഷുപ്പക്ഷിയുടെ പാട്ടിൽ
വിത്തും കൈക്കോട്ടുമില്ല
പാടിപ്പഠിക്കാൻ
ജെസിബിയും മാന്തിക്കൈകളും.
അച്ഛൻ എണ്ണപ്പാടത്തും
അമ്മ വരമ്പുകളില്ലാ
ചാറ്റ്റൂമിലും
മാവും പ്ലാവും
പിണങ്ങിയെങ്കിലും
കണിക്കൊന്നയും
കണിവെള്ളരിയും
ചുരമിറങ്ങിയില്ലെങ്കിലും
കേമമാക്കാം വിഷു.
കണിയൊരുക്കാൻ
ചാനലുകൾ മത്സരം.
കണ്ണുപൊത്തിപ്പിടിച്ച്
ടിവിയോണാക്കാം.
കൈനീട്ടവുമായി
അവതാരകർ മാറിമാറി.
വോളിയം കൂട്ടി
പടക്കം പൊട്ടിക്കാം
വേണമെങ്കിൽ
ബോംബ് പടക്കവും
ഓഫറുകളാൽ സമൃദ്ധം
സദ്യയുമുണ്ണാം

Friday, April 9, 2010

ആത്മഹത്യ

ക്കളെ കണ്ടും മാമ്പൂ കണ്ടും
മത്തു പിടിച്ച്;
കള്ളർക്കായിരം
പിള്ളർക്കായിരം
ഉടയോന്
പന്തീരായിരമെന്നു മറന്നു.


കൊതിക്കണ്ണുമായുണ്ണികൾ
വഴി തടയുമിരുമ്പു ഗേറ്റിൽ.
ആയിരം ചങ്ങലപ്പൂട്ടിൽ
മരുത്തിൻ കരുത്തുമായ്‌
അടിച്ചുടക്കാൻ
കൈകൾ നീട്ടി.
മാടി വിളിച്ച് 
കണ്ണീർ പൊഴിച്ചു.
മാനം മുട്ടിയാലും
വെറുമൊരു മരമാം ഞാൻ‍.
മണ്ണപ്പം ചുടാൻ
കഞ്ഞിയും കറിയും വെക്കാൻ
ആദ്യത്തെ മാമ്പഴം
പെറുക്കുവാൻ
കൂട്ടുകാരൊത്തോടി
വന്നില്ലുണ്ണികൾ .
ഭാരത്താല്‍ കുനിയും
തോളുമായ് നിവരാൻ
പണിപ്പെട്ടു ഞാൻ കണ്ടു.
തുള്ളിത്തുളുമ്പിയെത്തും
കരുമാടിക്കുട്ടനവ‍ൻ.
പുളകിതഗാത്രയായി
പറിച്ചെടുത്താലും കുഞ്ഞേ.
കുഞ്ഞിക്കൈകളിലാ‌ർദ്രമായ്‌
വെച്ചൂ മധുരക്കനികൾ ‍.
സഫലമായെൻ ജന്മം
ഉണ്ണിവയറിനമൃതേത്തായി.
നിർവൃതിയാലടഞ്ഞെൻ
കൺകളൊരു നിമിഷം!
ആരതെന്നലർച്ചയിൽ
ഞെട്ടിത്തെറിച്ചു പോയ്‌.
ഓടിച്ചിട്ടു പിടിച്ചെൻ
കൈകളിലൊന്നൊടിച്ചു
അരുതേ പറയാൻ
നാവില്ലടി തടയാനും.
ആക്രോശങ്ങളലമുറകൾ
നേർത്തുപോം നിലവിളി.
കണ്ണീരിനിടയിൽ;
ഇരുമ്പുഗേറ്റിൻ മുരൾച്ചയിൽ
തെറിച്ചു വീഴുമെൻ
കറുത്ത മുത്ത്.
മെയ്യിൽ വരച്ചിട്ട
ചോരക്കളങ്ങൾ.
നിന്നു വിറച്ചു ഞാൻ
മണ്ണിലിറങ്ങണോ
വിണ്ണിൽ മറയണോ.
വേരുകൾ മടക്കി
ശ്വാസമടക്കി.
ഇലകൾ പൊഴിച്ച്;
കനികൾ പൊഴിച്ച്;
കമ്പുകളൊന്നൊന്നാകെ..
ഒറ്റത്തടിയിൽ
പൊട്ടിപ്പിളരും പ്രാണൻ.
കണ്ണീർ വീഴ്ത്തും മണ്ണിൽ
തണലേകില്ലിനി ഞാനും.


(മുണ്ടയാട്ടുകാരൻ സജീവൻ ഏതോ നിയോഗം പോലെ എന്റെ മുമ്പിലെത്തി.ഇത് അദ്ദേഹം പറഞ്ഞ കഥ.മാവിന്റെ കഥ.)

Thursday, April 1, 2010

മുറിവ്


വിണ്ണിന്റെ  കണ്ണീരൊപ്പി   
സാന്ത്വനപ്പൂക്കൾ തൂകി
ആർദ്രമായാഘോഷിക്കും
പൊന്നോണമെങ്ങോ പോയി.
ജീവിത മുറിപ്പാടി‍ൽ;
ആത്മാവിൻ വിങ്ങലിൽ;
കരിയും സ്വപ്നങ്ങളിൽ;
തളിരിട്ടിരുന്നോരോണം.
മങ്ങാതെ മായാതെ
കുറിച്ചയക്കുമോരോ   
സൌഭാഗ്യ സന്ദേശം
വെൺമേഘശകലമായ്.
എത്തിപ്പിടിക്കാൻ 
പണിപ്പെട്ടുയർന്നൂ.  
പൊഴിഞ്ഞു മണ്ണിൽ 
വെറും തൂവലായ് മാറി
പരാജിത ഞാനിന്നീ
വഴിയിലൊറ്റയ്ക്കും.

എങ്കിലുമോണം
 കോരിനിറച്ചത്
 സ്വപ്നത്തിൻ
കണമല്ലേ വീണ്ടും.
പൊട്ടിമുളപ്പതി-
ലോരില മൂവില
മൂവന്തിക്ക്‌ മുന്നാളിൽ.
കരിയും വയറും
കരയും മനവും
കനവിൽ നിറച്ചൂ
മാവേലിത്തമ്പുരാൻ.
കനിവാലെന്നുടെ
കണ്ണീരൊപ്പാൻ‍.

എല്ലാരുമൊന്നുപോൽ
സന്തോഷമാർന്നിടും
മാവേലി മന്നന്റെ
നാട്ടിൽ നിറയുന്നു.
പട്ടിണി പോറ്റുന്ന
ഘോഷയാത്ര.
കൺകളിൽ പന്തവും
കൈകളിൽ വാളുമായ്‌
വന്നെത്തി മറ്റൊരു
ഘോഷയാത്ര.
ചീറ്റും ചുവപ്പിനെ-
നേർപ്പിക്കാനിറ്റിറ്റു
വീഴും മിഴിനീർ
തുടയ്ക്കാതൊഴുകുന്ന
 ഘോഷയാത്ര.
 ഏതു കൊടിയുടെ 
ശീലയിൽ തോർത്താമി-
ക്കണ്ണനീരെന്നോരാതെ
മടുക്കുമെന്നോടന്ത-
ക്കരണം പിന്നെയും
 ചൊൽവൂ
വന്നേക്കാമിനി-
യുമൊരോണം