Sunday, November 29, 2009

തിരുശേഷിപ്പ്

പൂനിലാവിൻ കുളിർമയും.
പാരിജാതപ്പൂമണവുമായ്.
വിടരുമൊരാർദ്ര മൊഴി-
കളൊഴുക്കീ രാഗസിന്ധു.
വരച്ചൂ മതി വരാതെ
മായ്ച്ചൊരനുപമ ചിത്രം.
പീലിക്കുട പിടിച്ചാടു-
മതിലേഴേഴുവർണ്ണങ്ങൾ.
പുതുവ്യാഖ്യാനങ്ങളിലൂ-
ടർത്ഥതലങ്ങളിലൂറും
സ്നേഹരസത്തിലിളക്കീ
മാധുര്യവുമുപ്പും കയ്പും.
ചവർപ്പായി നുണഞ്ഞതു
പിന്നെ പുളിപ്പായി തേട്ടി.
ദേഷ്യമായീ സങ്കടമാ-
യുഴിയാനാകാഞ്ഞിറക്കി.
സ്നേഹത്തിൻ പര്യായങ്ങളിൽ
മൊഴിയാനാവാത്തതേറെ.
മൊഴിയാതെയറിയിച്ച
മൊഴിയുടെ പൊരുളറിഞ്ഞ്;
സങ്കടത്തിരമാലകൾ
ഓടിക്കിതച്ചെത്തിയെന്റെ
കരളിൻ തീരത്തണയ്കെ
കരയാതെ കരഞ്ഞു ഞാൻ.
തല്ലിത്തകരും മനസ്സിൽ
തേടുന്നു നീയൊരു സ്വർഗ-
മതിലിടമില്ലെനിക്കെന്ന്.
ഒന്നിനുമല്ലാതെയിണ-
ങ്ങിയും പിന്നെ പിണങ്ങിയും.
ജീവിച്ചു തീർക്കുവാനാട-
ണമഭിനേതാക്കളായി.
അലിഞ്ഞു തീരുമീ സ്നേഹ-
സാന്ദ്രകാഠിന്യമാകവേ.
കരളിൻ ലോലമാം തന്ത്രി-
കളറുത്തെറിയുക നാം
പിന്നെ കോർത്തു വെയ്ക്കാം പക-
രമായുരുകാ കമ്പികൾ .
അപസ്വരങ്ങൾക്കു താള-
മേകാനാതിനീണമാകാൻ.
താളഭംഗത്തിലിടറി-
യെന്റെ ജീവിതനർത്തനം.
തനിച്ചു ചുമക്കണമ-
റിയുന്നു ഞാനീ നൊമ്പരം.
ജന്മാന്തരങ്ങളിലുമെ-
ന്നുള്ളിലതു കിടക്കട്ടെ.
കനൽ കെട്ടു പോകാതെയൊ-
രാത്മ നൊമ്പരമായെന്നും.
മാധുര്യമാർന്നൊരോർമയി-
ലെരിയും തിരുശേഷിപ്പായ്;

Saturday, November 14, 2009

ശിശുദിനത്തിൽ

കണ്ണീരുണങ്ങാ ശൈശവമുഖങ്ങൾ


കണ്മുന്നിൽ നിര നിരയായ്‌ ചുണ്ടു


പിളർത്തവേയാത്മാവിലുണരുമ-


ശാന്തിയിലുറങ്ങാമോ സ്വൈര്യമായ്‌...?