Sunday, September 20, 2009

ആത്മാവിലുണരുന്ന മാധവിക്കുട്ടി

                            ഹൃദയത്തിന്റെ ഭാഷ സ്നേഹമാണ്.മരണം വരെ ആ ഭാഷയിൽ മാത്രം സംസാരിച്ച ആളാണ് മാധവിക്കുട്ടി. സ്നേഹിക്കുക എന്നത് കൊലപാതകം ചെയ്യുന്നതിനേക്കാൾ ഭീകരമാണെന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടു തന്നെ കൈയിൽ കിട്ടിയതെല്ലാമെടുത്ത് നമ്മളവരെ എറിഞ്ഞു. അധിക്ഷേപിച്ചു.


മറ്റൊരു വികാരത്തെയും തൊട്ടുരുമ്മിക്കൊണ്ടല്ല സ്നേഹം നിൽക്കുന്നത്.അത്  കലർപ്പില്ലാത്ത, കൂട്ടുകെട്ടില്ലാത്ത, ഏകാന്തമായ ഒന്നാണ്,അതിന് ഒരു പാഠവും പഠിക്കേണ്ടതില്ല. ഒരു പാഠവും പഠിക്കാൻ കൂട്ടാക്കാത്ത ഈ സ്നേഹത്തിനു വേണ്ടിയാണവർ കൊതിച്ചത്.അതുകൊണ്ടാണ് സമൂഹത്തിന്റെ കപട സദാചാരത്തിന് അവരെ ഒരു പാഠവും പഠിപ്പിക്കാൻ കഴിയാഞ്ഞത്.



സ്നേഹം സുന്ദരമാണ്.സത്യമാണ്.തപസ്സാണ്.ഒരു ഹൃദയം മറ്റൊരു ഹൃദയത്തിലലിഞ്ഞു ചേരുമ്പോൾ മാത്രമേ സ്നേഹ-മുണ്ടാകൂ. സ്നേഹമൊരിക്കലും അശ്ലീലമാകുന്നില്ല.ഈ സ്നേഹത്തെക്കുറിച്ചാണ് അവർ വീണ്ടും വീണ്ടും പറഞ്ഞത്.


ചുറ്റുപാടുമുള്ള എല്ലാറ്റിനെയും മറന്ന് പശ്ചാത്തലമില്ലാതെ നിൽക്കുന്ന സ്നേഹം .ഇങ്ങനെ സ്നേഹിക്കാൻ പുരുഷനാവില്ല.
കാരണം സ്നേഹത്തിനു വേണ്ടി ഒന്നും നഷ്ടപ്പെടുത്താൻ പുരുഷൻ തയ്യാറല്ല.പെട്ടെന്നു തന്നെ പിൻവാങ്ങി സാഹചര്യങ്ങളോട് പൊരുത്തപ്പെടുമവൻ.കൈവശം വെക്കാനാഗ്രഹിക്കുന്ന വെറുമൊരിഷ്ടത്തിനപ്പുറം മിക്കവരും പോകില്ല. ആത്മാർത്ഥതയില്ലാത്ത ഈ വികാരമാണ് അശ്ലീലമായിത്തോന്നുന്നത്.അതുകൊണ്ടാണ് പുരുഷനെ സ്നേഹിക്കുന്നത് കുഴപ്പംപിടിച്ച ഏർപ്പാടാണെന്ന് പറയേണ്ടി വരുന്നത്.


സ്നേഹം കൊടുക്കുകയും വാങ്ങുകയും ചെയ്യാതെ സ്ത്രീക്കു ജീവിക്കുവാൻ കഴിയില്ല. ഇത് സ്ത്രീയുടെ ഒരു ദൗർബ്ബല്യമാണെന്ന് പറയാം.സ്നേഹിക്കുക എന്ന ഈ ദൗർബ്ബല്യം പ്രകൃതി സ്ത്രീക്ക് അറിഞ്ഞു തന്നെ നൽകിയതാണ്.സ്ത്രീയുടെ ഈ ദൗർബ്ബല്യം കാരണമാണ് ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത്. അവൾക്ക് പക്ഷേ, സ്നേഹം മിക്കവാറും കുടുംബത്തിനകത്ത് കിട്ടാറില്ല കുടുംബജീവിതത്തിൽ സന്തോഷത്തിന് രുചിയും കഴിഞ്ഞു കൂടാനുള്ള പണവും കാമസംതൃപ്തിയും മതി.സ്നേഹമെന്ന സുന്ദരവികാരം അനാവശ്യമാണ്.


സ്നേഹത്തിന് കൊതിക്കുന്ന സ്ത്രീക്ക് തന്നെ സ്ത്രീയാക്കുവാൻ ത്രാണിയുള്ളപുരുഷനെ ആവശ്യമാണ്.തന്റെ തീവ്ര പ്രണയം ഉൾക്കൊള്ളാനും തിരിച്ചുനൽകാനും കഴിയുന്ന പൂർണ പുരുഷനെ അവൾ തേടിക്കൊണ്ടേയിരിക്കും. സ്നേഹം കിട്ടാതെ മാനസികമായി തകർന്ന പാവം സ്ത്രീകൾ അപ്പോഴാണ് തന്റെ പൂർണ്ണ പുരുഷനെ കൃഷ്ണനിൽ കാണാൻ ശ്രമിക്കുന്നത്.മീരയും രാധയുമൊക്കെയായി മാറുന്നത്.കുറെക്കൂടി ധൈര്യമുള്ളവർ ശരീരത്തിലെല്ലാവരേയും സ്വീകരിച്ച് മനസ്സിൽ നിന്നെല്ലാവരേയുമിറക്കി വിടുന്നു. സ്നേഹം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു സ്ത്രീക്ക് ഇത്തരത്തിലൊരു തലത്തിലെത്താൻ കഴിയില്ല.



ഒരു സ്ത്രീ തന്റെ ആദ്യ പുരുഷനെ ഉപേക്ഷിച്ച് മറ്റൊരു പുരുഷന്റെ കിടക്കയിലേക്കു നടക്കുമ്പോൾ അത് ഉപഹാസ്യമോ, അസാന്മാർഗ്ഗികമോ അല്ല.ദാരുണമാണ്.അവൾ അപമാനിക്കപ്പെട്ടവളാണ്.മുറിവേറ്റവളാണ്.അവൾക്ക് ശമനം ആവശ്യമാണ് എന്ന് തുറന്നു പറയുമ്പോൾ വിറളിയെടുത്തിട്ട് കാര്യമില്ല.എത്ര കണ്ട് തിരസ്കരിക്കപ്പെട്ടാലും ഭർത്താവിനെ മാത്രം എപ്പോഴും സ്നേഹിക്കുക എന്നതിന് ശീലാവതിയുടെ പാതിവ്രത്യ സങ്കൽപം പോലൊരു വിശ്വാസത്തിന്റെ പിൻബലം വേണം. മാധവിക്കുട്ടിയെപ്പോലെ ഉച്ഛൃംഖലമായ മനസ്സുളള ഒരു പ്രതിഭക്ക് ഇത്തരത്തിലൊരു വിശ്വാസത്തിൽ കടിച്ചുതൂങ്ങി നിൽക്കാനാവില്ല.



മാംസനിബദ്ധമല്ലാത്ത രാഗം ഒരു സങ്കൽപം മാത്രമാണെന്ന് അവർ വിശ്വസിക്കുന്നു.ശരീരം ആത്മീയതയിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തുവഞ്ചിയായിട്ടാണവർ കണക്കാക്കുന്നത്.ഒരിക്കൽ ചാമ്പലാവുകയോ പുഴുക്കളുടെ ഭക്ഷണമായിത്തീരുകയോ ചെയ്യാൻ പോവുന്ന ഈ ശരീരത്തിന്റെ മാനം അത്ര വില പിടിച്ചതാണോ എന്നൊരു ചോദ്യവും മാധവിക്കുട്ടി ഉന്നയിക്കുന്നു.സ്ത്രീയുടെ ശരീരത്തിനു മാത്രമേ ഈ മാനമാവശ്യമുള്ളൂ. മനസ്സിന്റെ മാനം അഥവാ അഭിമാനം അതിനിവിടെ ഒരു സ്ഥാനവുമില്ല.


വിവാഹം ചെയ്ത പുരുഷനുമായി മാത്രം ലൈംഗിക ബന്ധം പുലർത്തുക എന്നതാണ് സ്ത്രീയുടെ ശരീരത്തിന്റെ മാനം. അത് തീരുമാനിച്ചത് പുരുഷന് പ്രാമുഖ്യമുള്ള സാമൂഹ്യ വ്യവസ്ഥയാണ്.പുരുഷന് ഇത് ബാധകമല്ല താനും.സ്ത്രീയുടെ ശരീരത്തിന്റെ മാനം പുരുഷൻ ഉറപ്പിക്കുന്നത് കുടുംബത്തിന്മേലുള്ള അവകാശം ഉറപ്പിക്കാനാണ് .സ്വന്തം നിലനിൽപിനു വേണ്ടിത്തന്നെ.


സ്നേഹത്തിലേക്കുള്ള ടിക്കറ്റായി സൗന്ദര്യത്തെ കണ്ടു കമല. ശരീരത്തിന്റെ ആഘോഷം ഒരു പാപമായി അവർ കണക്കാക്കുന്നില്ല. ശരീരത്തിന്റെ ആഘോഷത്തിൽ വിശ്വസിക്കുമ്പോഴും ചില്ലറ സുഖങ്ങൾക്കുവേണ്ടി അന്യോന്യം ഉപയോഗപ്പെടുത്തി എന്ന് പരിതപി ക്കുന്നു.സുന്ദരമായ എന്തിനോടും പ്രണയം തോന്നുന്ന മനസ്.അത് പ്രേ മം നിറഞ്ഞൊഴുകുന്ന പൂർണ്ണകുംഭമാണ്.ആ പൂർണ്ണകുംഭത്തെ കൈ കാ ര്യം ചെയ്യാനറിയാത്ത സാധാരണക്കാരനായ ഭർത്താവ്.കാമവും അ ശ്രദ്ധയും കൊണ്ട് എന്റെ ഹൃദയത്തെ താറുമാറാക്കിയിരിക്കുന്നു എന്നു പറയുമ്പോൾ പ്രണയം കൊതിക്കുന്ന ഒരു മനസ്സിനെയാണ് കാണാൻ കഴിയുന്നത്.




സ്നേഹത്തിനു വേണ്ടി എന്തും ഉപേക്ഷിക്കാൻ മാധവിക്കുട്ടി തയ്യാറായിരുന്നു.അറുപത്തഞ്ച് വയസ്സിനു ശേഷവും 'താൻ പ്രണയി ക്കുന്നു'എന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം കാണിച്ചവൾ. സമൂഹം,പദവി,പ്രായം,അപമാനഭീതി ഇതൊന്നും തന്റെ പ്രണയത്തിന് ഒരു തടസ്സ മായി അവർ കണ്ടില്ല. വേണമെങ്കിലവർക്ക് തന്റെ പ്രണയം സമൂഹത്തിനു മുമ്പിൽ തുറന്നു കാണിക്കാതിരിക്കാം.സ്വന്തം ഹൃദയത്തോട് നൂറു ശത്മാനം നീതി പാലിച്ചു കൊണ്ട്, ഒരു എഴുത്തുകാരിക്കു കഴിയുന്ന ആർജ്ജവത്തോടെ അവർ പ്രഖ്യാപിച്ചു.'താൻ പ്രണയിക്കുന്നു'.




നമ്മൾ സ്നേഹമാണെന്നു വിചാരിക്കുന്ന വികാരമെടുത്ത് പരിശോധിച്ചാൽ അതിന്റെ പിന്നിൽ എന്തെങ്കിലുമൊരു ആവശ്യബോധമുണ്ടാകും.അത് സാധാരണക്കാരുടെ സ്നേഹം.അത്തരത്തിലൊരു സ്നേഹമല്ല മാധവിക്കുട്ടി കൊതിച്ചത്.സ്നേഹം അവർക്ക് ജീവൻ നിലനിർത്താനുള്ള അവശ്യവസ്തുവാണ്.അവിടെ എന്തു നഷ്ടപ്പെടുന്നു എന്നത് ഒരു വിഷയമേയല്ല.




സ്ത്രീക്കു ലഭിക്കാതിരുന്ന കുറെ അവകാശങ്ങൾ നേടിയെടു ക്കുകയാണവർ ചെയ്യുന്നത്.സ്ത്രീയോ പുരുഷനോ എന്നതല്ല കാര്യം. പ്രണയം അവനവന്റെ മനസ്സിന്റെ ആവശ്യവും അവകാശവുമാണ്,ഞാനെപ്പോൾ,ആരെ സ്നേഹിക്കണമെന്നത് എന്റെ മനസ്സാണ് തീരു മാനിക്കേണ്ടത്.മറ്റുള്ളവരല്ല. ഈ അവകാശത്തിന്റെ കടയ്ക്കലാണ് പലപ്പോഴും സമൂഹം കത്തി വെക്കുന്നത്.


വ്യക്തിയുടെ ഹൃദയവികാരങ്ങളെ സമൂഹം അതേപടി സ്വീകരിക്കില്ല.പ്രത്യേകിച്ച് സ്ത്രീയുടെ.സമൂഹത്തിന് സ്ത്രീയുടെ ത്യാഗം ആവശ്യമാണ്. അല്ലെങ്കിൽ സമൂഹത്തിന് നിലനില്പില്ല. അതു കൊണ്ട് സ്ത്രീയുടെ പ്രണയം ഒരു പാപമായി കണക്കാക്കുന്നു. പല്ലും നഖവും ഉപയോഗിച്ച് അതിനെ അടിച്ചമർത്തുന്നു. ഇത്തരം സമ്മർദ്ദങ്ങൾക്കടിപ്പെട്ട് ബാക്കിയുള്ള കാലം ജീവിക്കാൻ സ്ത്രീ നിർബ്ബന്ധിക്കപ്പെടുന്നു.അതിൽനിന്നും രക്ഷപ്പെടാൻ അവൾക്കു കഴിയാറില്ല.



പക്ഷേ,സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തിത്വങ്ങളെ ഒതു ക്കാൻ ഒരു സമൂഹത്തിനും കഴിയില്ല.ആദർശശാലിയായ അച്ഛന്റെ കടുത്ത നിയന്ത്രണങ്ങൾക്കുപോലും വഴങ്ങാത്ത ഭാവനയും സൗന്ദര്യ സങ്കൽപങ്ങളുമുള്ള കമലയെ ഒതുക്കാൻ സമൂഹത്തിന്റെ ചട്ടക്കൂടിനാവില്ല.



സ്നേഹത്തിന്റെ പരിശുദ്ധിയിലവർ വിശ്വസിക്കുന്നുണ്ട്.പക്ഷേ,അത് സമൂഹത്തിന്റെ നിർവ്വചനത്തിലൊതുങ്ങില്ല.എന്റെ ഭർത്താവിന്റെ ആശ്ലേഷത്തിൽ ഞാൻ വീണ്ടും വ്യഭിചാരിണിയായി. ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി കീഴടങ്ങുന്നവൾ  ഞാൻ എല്ലാറ്റിനുമുപരിയായി സ്നേഹിക്കുന്ന നിന്റെ കൈകൾക്കുള്ളിൽ ഞാനെന്നും നിർമ്മലയായിരുന്നു.നിന്റെ ശരീരത്തിന്റെ അതിർത്തി കൾക്കപ്പുറത്ത് പൊള്ളയായും അനന്തമായും നീണ്ടു കിടക്കുന്ന ഒരു ലോകത്തെ എനിക്കു കാണണമെന്നുണ്ടായിരുന്നു. സ്നേഹത്തിൽപ്പെട്ടു കഴിഞ്ഞ സ്ത്രീയിൽ നിന്ന് അവളുടെ പൂർവ്വകാലം ഛേദിക്കപ്പെട്ടിരിക്കും.പരിശുദ്ധമായ സ്നേഹത്തിന്റെ ഉദാത്ത സങ്കൽപ്പമാണിത്.ഇഷ്ടവും പ്രണയവുമില്ലാതെ ഭർത്താവായിപ്പോയതുകൊണ്ടു മാത്രം കീഴട ങ്ങേണ്ടി വരുന്നതിലുള്ള വെറുപ്പു നിറഞ്ഞ നിസ്സഹായാവസ്ഥ. പുരുഷൻ ഇത്തരത്തിലൊരവസ്ഥയിലെത്തിയാൽ ആ ജീവിതമവൻ പൊട്ടിച്ചെറിയും.പക്ഷേ പെണ്ണിനു വയ്യ. ജീവിത കാലം മുഴുവൻ വീർപ്പുമുട്ടി കഴിയണം.



ചലവും ശുക്ലവും മദ്യവും കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു രാസവസ്തുവാണ് അയാളുടെ സ്നേഹം.അതിൽ നിന്നു
മാത്രമേ അവൾക്കു രക്ഷപ്പെടേണ്ടതുള്ളൂ.ഉച്ഛിഷ്ടം ഭക്ഷിക്കുന്നതുപോലെ ,ഉച്ഛിഷ്ടം വീണ്ടും വീണ്ടും ഭക്ഷിക്കുന്നതുപോലെ ഞാനെന്റെ ഭാര്യാധർമ്മം അനുഷ്ടിച്ചു.ജുഗുപ്സയിൽക്കവിഞ്ഞ മറ്റൊരു വികാരവും ഇവിടെ സ്ത്രീ അനുഭവിക്കുന്നില്ല. തന്റെ ശരീരത്തിൽ അവൾക്ക് ഒരവകാശവും ഇല്ല.അതു പുരുഷന് തീറെഴുതിക്കൊടുത്തതാണ്. ലൈംഗിക വിഷയങ്ങൾ സംസാരിക്കാൻ സ്ത്രീക്കധികാരമില്ല. പുരുഷന്റെ ഏതിഷ്ടത്തെയും നിറവേറ്റിക്കൊടുക്കേണ്ടവൾ. ലൈംഗിക കാര്യങ്ങളിൽ അവൾക്ക് സ്വന്തമായി ഇഷ്ടാനിഷ്ടങ്ങൾ പാടില്ല.ഈ നിയമത്തെയാണ്
മാധവിക്കുട്ടി പൊളിച്ചഴുതിയത്.




പഴയ സ്ത്രീക്ക് പ്രണയിക്കാൻ സമയവും സൗകര്യവും ധൈര്യവും കുറവായിരുന്നു .ചെറുപ്പത്തിലേയുളള വിവാഹം, ഒരുപാടു പ്രസവങ്ങൾ, കുട്ടികൾ,സാമ്പത്തികാടിമത്തം, പഠിപ്പിക്കാതിരിക്കൽ ഇതൊക്കെയാണ് കാരണങ്ങൾ. പന്ത്രണ്ടുവയസ്സ് കഴിയുമ്പോഴേക്കും വിവാഹം ചെയ്തയക്കപ്പടുന്ന   പെൺകുട്ടികൾക്ക് അതിനിടയിൽ
പഠനം ചിലപ്പോൾ കിട്ടിയെങ്കിലായി. പിന്നെ തുടർപ്രസവങ്ങൾ, .കുട്ടികളെ പരിപാലിക്കൽ,ഭർത്താവിനെയും വീട്ടുകാരെയും
ശുശ്രൂഷിക്കൽ, വീട്ടുജോലികൾ.തീരെ വയ്യാതാകുന്നതുവരെ ഇങ്ങനെ ജീവിച്ചുപോകും.ഇതിനിടയിൽ ഒരു നിമിഷം പോലും തന്റേതായിട്ടുണ്ടാവില്ല. ഈ ദുരിതങ്ങളൊക്കെ അനുഭവിച്ചു തീർക്കുന്നതിനിടയിൽ സ്വപ്നങ്ങളെല്ലാം മാഞ്ഞുപോയിട്ടുണ്ടാകും ചിന്തിക്കാനുള്ള കഴിവും നഷ്ടപ്പെട്ടിരിക്കും .പിന്നെ വിധിവിശ്വാസികളായി കിട്ടിയ ജീവിതം ജീവിച്ചുതീർക്കും . പ്രണയവും കവിതയും ഇതിനിടയിൽ എത്തി നോക്കാൻ
കൂടി ധൈര്യപ്പെടില്ല.




ഈ കാലഘട്ടത്തിലാണ് കമല സ്വപ്നം കാണാൻ തുടങ്ങിയത്.ക്രാന്തദർശിയായ കവിയായി മാറി ഇന്നത്തെ കാലഘട്ടം എഴുത്തി ലാവിഷ്കരിച്ചത്. ഏതു കാലത്തെയും സ്ത്രീയുടെ സ്വപ്നങ്ങളും മോഹ ങ്ങളും മോഹഭംഗങ്ങളും അവർ വരച്ചു കാണിച്ചു. സ്നേഹത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നടന്നു കയറാനുള്ള വഴി തെളിച്ചുകൊടുത്തു.




മാധവിക്കുട്ടി ഒരു ഫെമിനിസ്റ്റായിരുന്നില്ല.പക്ഷേ,ഫെമിനിസ്റ്റുക ൾക്ക് ചെയ്യാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ അവർ ചെയ്തു. പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സ്ത്രീ ഉറക്കെ ചിന്തിച്ചാൽ പാരമ്പര്യവും സന്മാർഗ്ഗവും തകർന്നുപോവും.സ്ത്രീ അതൊക്കെ സംരക്ഷിക്കേണ്ടവളാണ്.അതിനുവേണ്ടി തന്റെ സ്വത്വത്തെ അവൾ നിഷേധിക്കണം.ഈ അവസ്ഥയിൽ നിന്നു വല്ല മാറ്റവുമുണ്ടായിട്ടുണ്ടെങ്കിൽ അതിനു പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് മാധവിക്കുട്ടിയാണ്.അതിന് ഒരുപാട് തെറി കേൾക്കേണ്ടി വന്നു.പിന്നെ ഏതു മാറ്റത്തിനും   ആരെങ്കിലും ത്യാഗം സഹിച്ചല്ലേ പറ്റൂ.




പരസ്പരം സ്നേഹിക്കുക എന്നത് നിലനില്പിന് ആവശ്യമാണ് സ്നേഹിക്കാൻ കൂടുതൽ കഴിവുള്ള സ്ത്രീയെ അടിച്ചമർത്തുകയും അവ ഗണിക്കുകയും ചെയ്യുന്ന സമൂഹത്തിന് നിലനില്പുണ്ടാവില്ല.സ്ത്രീ പുരു ഷന്റെ വൈകൃതങ്ങളെ മാത്രമാണ് വെറുക്കുന്നത്.പുരുഷനെ സ്നേഹിക്കാ തിരിക്കാൻ അവൾക്കൊരിക്കലുമാവില്ല അവൾക്കു പൂർണ്ണത ലഭിക്കണ മെങ്കിൽ പുരുഷൻ കൂടെയുണ്ടാവണം.അവളുടെ സ്നേഹമാണ് അവനെ പുരുഷനാക്കുന്നതും സുന്ദരനാക്കുന്നതും.



ഇന്നത്തെ പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കൊപ്പം എല്ലാ അവസരങ്ങളും കിട്ടുന്നുണ്ട്.പഴയ സ്ത്രീകളപ്പോലെ എല്ലാം സഹിച്ച് ജീവിക്കാൻ അവർ തയ്യാറല്ല.ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നേരിടാനും തരണം ചെയ്യാനുമുള്ള ധൈര്യവും തന്റേടവും അവരാർജ്ജിച്ചു കഴിഞ്ഞു.അതുകൊണ്ട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയാണ് അവൾക്കാവശ്യം. അങ്ങനെയാവാൻ
സ്നേഹമുള്ള പുരുഷനു കഴിയും.




ഒരു ജീവിതകാലം മുഴുവൻ അഭൗമ പ്രണയത്തിനു കൊ തിച്ച്; ഭൂമിയിലതു ലഭിക്കാതെ;മറ്റൊരു ലോകത്തേക്ക് പ്രണയം തേടി ത്തേടി പറന്ന് പറന്നു പോയ പ്രിയ മാധവിക്കുട്ടീ,അങ്ങയിൽ ഞാൻ കണ്ടത് എന്നെത്തന്നെയാണല്ലോ.  അങ്ങുപേക്ഷിച്ച
 ഈ ലോകത്ത് ഞാനെന്റെ സ്നേഹത്തെ തേടിത്തേടി
മറ്റൊരു ലോകം കാണാതുഴറുകയാണല്ല.

34 comments:

Anil cheleri kumaran said...

മനോഹരമായ നിരീക്ഷണമാണ്.
ഒരു പക്ഷേ, സ്ത്രീ പക്ഷ രചന.
നന്നായിട്ടുണ്ട്.

വീകെ said...

‘സ്നേഹം ഒരു പഠനം’

നന്നായിരിക്കുന്നു.
ആശംസകൾ.

തിരൂര്കാരന്‍ said...

നല്ല നിരീക്ഷണം ,
എന്‍റെ പഴയ ചില പോസ്റ്റുകള്‍ ഇവിടെ ചേര്കട്ടെ

കമല സുരയ്യ ഇനി ഓര്‍മ
ഒരമ്മയും മക്കളും നമുക്ക് നല്‍കുന്ന പാഠങ്ങള്‍

Typist | എഴുത്തുകാരി said...

വിശദമായ നിരീക്ഷണം.

manoj said...

എനിക്ക് വളരെ ഇഷ്ടം തോന്നി........ ഈ വാക്കുകളോട് അതിന്റെ ആര്‍ജ്ജവത്തോട്.. സന്തോഷം.! ഇങ്ങനെയാണു മാധവിക്കുട്ടിയെ വിലയിരുത്തേണ്ടത്.!

നനവ് said...

സ്വാതന്ത്ര്യവും,പ്രണയവും ഏതെങ്കിലും ഒരു പക്ഷത്ത് നിന്ന് നിരീക്ഷിക്കേണ്ടതല്ല.എല്ലാം മറന്നു പുരുഷന് സ്നേഹിക്കാൻ കഴിയില്ല എന്ന നിരീക്ഷണം ശരിയല്ല..നമ്മുടെ സാമൂഹ്യഘടനയിൽ പുരുഷന് കൂടുതൽ ഉത്തരവാദിത്ത്വങ്ങൾ സമൂഹം കൽ‌പ്പിച്ച് കൊടുത്തത് കൊണ്ടാണ് അങ്ങിനെ തോന്നുന്നത്.അല്ലെങ്കിൽ ജന്തുസഹജമൊ,ജനിതകമൊ ആകാം.ഈ വ്യവസ്ഥയിൽ നിന്നും പുറത്തു വന്നാൽ പ്രണയത്തിനും,സ്വാതന്ത്ര്യത്തിനും ലിംഗഭേദങ്ങളില്ല.എല്ലാത്തിനും അതീതമാണ് പ്രണയം....

Unknown said...

നന്നായിരിക്കുന്നു.
ആശംസകളോടെ,

ഗിരീഷ്‌ എ എസ്‌ said...

നഷ്ടപ്പെടാം
പക്ഷേ,
പ്രണയിക്കാതിരിക്കരുത്‌...

ആമിയുടെ ഈ വാക്കുകള്‍ക്കപ്പുറം
എന്തു പറയാനാണ്‌.

ശാന്ത കാവുമ്പായി said...

കുമാരൻ,വീ.കെ,തിരൂർകാരൻ,എഴുത്തുകാരി,മനോജ്‌,നനവ്‌,കെ.പി.സുകുമാരൻ വായിച്ച്‌ അഭിപ്രായം അറിയിച്ചതിൽ ഒരുപാട്‌ നന്ദി.നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ്‌ എന്നെ തുടരാൻ സഹായിക്കുന്നത്‌.
കുമാരൻ ഞാനൊരു സ്ത്രീയായതുകൊണ്ട്‌ എനിക്ക്‌ താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞ കാര്യങ്ങൾ വിശകലനം ചെയ്തു എന്നേയുള്ളൂ.സ്ത്രീയെന്നോ,പുരുഷനെന്നോ വ്യത്യാസമില്ലാതെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിലാണ്‌ ഞാൻ വിശ്വസിക്കുന്നത്‌.
നനവ്‌ ഞാൻ എന്റെ പരിചയത്തിലും അനുഭവത്തിലും പെട്ട കാര്യമാണ്‌ എഴുതിയത്‌.അതെന്തുകൊണ്ട്‌ എന്നതിലേക്കൊന്നും പോയില്ല.'ഈ വ്യവസ്ഥയിൽ നിന്നു പുറത്തു കടന്നാൽ'മിക്കവരും പുറത്തു കടക്കാറില്ല എന്നതല്ലേ സത്യം.

VEERU said...

എഴുത്തൊക്കെ നന്നായിട്ടുണ്ട്..പക്ഷേ എന്തോ എല്ലാ അഭിപ്രായങ്ങളോടും അങ്ങട്ട് യോജിക്കാൻ പറ്റണില്ല..!!ഒരു പാടുള്ളതുകൊണ്ടാട്ടോ എടുത്തു പറയാത്തത്..
തർക്കങ്ങൾക്കും വാദങ്ങൾക്കും താൽ‌പ്പര്യം കുറവാണെന്നും കൂട്ടിക്കോളൂ...
എല്ലാ വിധ ആശംസകളും !!

ഗീത said...

നന്നായിരിക്കുന്നു.

സ്ത്രീമനസ്സിലേയും പുരുഷമനസ്സിലേയും സ്നേഹസങ്കല്‍പ്പം ഏറെ വ്യത്യസ്തമാണ്. സ്ത്രീക്ക് കുറേക്കൂടി നിസ്വാര്‍ത്ഥമായി സ്നേഹിക്കാനുള്ള കഴിവുണ്ട്.

nikhimenon said...

i think the real kamala das aka late Maadhavikutty will be admired and respected only after her death.....

i dnt think she did get her due while she was alive....

OAB/ഒഎബി said...

ആമി പറഞ്ഞതും നിരീക്ഷണവും അവരവരുടെ മനസ്സിന്റേതു മാത്രമാണ്. അതു പോലെ സ്നേഹിക്കപ്പെടാനും, പിടിച്ചു വാങ്ങാനും ചില ആണുങ്ങളെങ്കിലും ആഗ്രഹിക്കാതിരിക്കുമോ...
ആശംസകളോടെ..

ഉപാസന || Upasana said...

സമൂഹത്തിന് സ്ത്രീയുടെ ത്യാഗം ആവശ്യമാണ്. അല്ലെങ്കിൽ സമൂഹത്തിന് നിലനില്പില്ല.

zraddhEyamaaya niriixaNam.

Good post
:-)
Upasana

Sabu Kottotty said...

കമലയെന്ന വ്യക്തിത്വത്തെ ചെറുതായി വിശദീകരിയ്ക്കുന്നതിലൂടെ ഒരു നല്ല ചര്‍ച്ചയ്ക്കുള്ള വഴിതന്നെയാണ് തുറന്നിട്ടിരിയ്ക്കുന്നത്. സത്യത്തില്‍ സ്നേഹത്തിന്റെ മറവില്‍ കിടപ്പറയില്‍ കെട്ടിയടയ്ക്കപ്പെടുന്ന സ്ത്രീജന്മങ്ങള്‍ക്ക് തന്റെ പുരുഷനില്‍ നിന്നും ലൈംഗികമായി പൂര്‍ണ്ണമായ നീതി ലഭിയ്ക്കുന്നില്ലെന്നതു പരമാര്‍ത്ഥമാണ്. ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചാല്‍ അവളുടെ സ്വഭാവം മോശമായി ചിത്രീകരിയ്ക്കുന്നു. സ്ത്രീയും പുരുഷനും പരസ്പരം പൂരകങ്ങളാണെന്നും ലൈംഗികവൃത്തി അവര്‍ക്ക് നിര്‍ബ്ബന്ധമാക്കിയിട്ടുള്ളതാണെന്നും അതുകൊണ്ടല്ലാതെ അടുത്തതലമുറയെ സൃഷ്ടിയ്ക്കാന്‍ സാധിയ്ക്കില്ലെന്നും എല്ലാവരും അതു ചെയ്യുന്നുണ്ടെന്നും എല്ലാര്‍ക്കുമറിയാം. പിന്നെ അതിനെക്കുറിച്ച് സ്തീയോ പുരുഷനോ രണ്ടുപേരും കൂടിയോ സംസരിച്ചാല്‍ അത് അനാവശ്യമോ അസംബന്ധമോ ആണെന്ന് പറയുന്നതിലെ യുക്തി നമുക്ക് മനസ്സിലാക്കാനാവില്ല. സ്ത്രീ അതേക്കുറിച്ച് മിണ്ടാന്‍ പാടില്ല!

പിന്നെ പുരുഷന്റെ വികാരം അശ്ലീലവും ആത്മാര്‍ത്ഥതയില്ലാത്തതും ആണെന്നതിനോടു പൂര്‍ണ്ണമായും അങ്ങട് യോചിയ്ക്കാന്‍ കഴിയുന്നില്ല.

ശാന്ത കാവുമ്പായി said...

വീരു വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷമുണ്ട്‌.വ്യത്യസ്തമായ വിലയിരുത്തലുകളാണെനിക്കിഷ്ടം.അതറിയാനാഗ്രഹമുണ്ട്‌.
ഗീത എന്റെ നിരീക്ഷണങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു എന്നു വിശ്വസിക്കുന്നു.
നിഖിമേനോൻ ഞാൻ നൂറു ശതമാനം യോജിക്കുന്നു.
ഒഎബി സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ചില ആണുങ്ങളെങ്കിലും ഉണ്ടാകും എന്നു തന്നെയാണ്‌ ഞാനും വിശ്വസിക്കുന്നതും ആഗ്രഹിക്കുന്നതും.
കുറുപ്പിന്റെ കണക്കു പുസ്തകം ആശംസകൾ തന്നതിനു നന്ദി.
ഉപാസന കണ്മുന്നിൽ കാണുന്ന്തല്ലേ അത്‌.വന്നതിൽ സന്തോഷമുണ്ട്‌,
കൊട്ടോട്ടിക്കാരൻ അഭിപ്രായം വായിച്ചിട്ട്‌ എന്റെ മനസ്സ്‌ നിറഞ്ഞു.ഇങ്ങനെ ചിന്തിക്കുന്ന പുരുഷന്മാരുള്ള ലോകത്തിൽ നിന്നും സ്നേഹം തീർത്തും അപ്രത്യക്ഷപ്പെടില്ല.അവസാനഭാഗത്തെ അഭിപ്രായത്തിനടിസ്ഥാനമായ ഭാഗം ഒന്നുകൂടി വായിക്കണം.പുരുഷന്റെ വികാരം അശ്ലീലം എന്നല്ല,പുരുഷന്റെ ആത്മാർത്ഥതയില്ലാത്ത സ്നേഹം അശ്ലീലം എന്നാണ്‌ പറഞ്ഞത്‌.ഒരുപാടൊരുപാട്‌ നന്ദി.

raadha said...

എനിക്കും വളരെ ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയായിരുന്നു കമല. ഞാനും ഒരു പോസ്റ്റ്‌ സമര്‍പ്പിച്ചിട്ടുണ്ട്. എപ്പോഴും പ്രണയിച്ചിരുന്ന കഥാകാരി. പ്രായമാകുന്തോറും കൂടുതല്‍ കൂടുതല്‍ സുന്ദരിയായി മാറിയ എഴുത്തുകാരി.

പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്. പുരുഷന്‍ എപ്പോഴോ എന്തൊക്കെയോ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയാണ് സ്ത്രീയെ സ്നേഹിക്കുന്നത് എന്ന്. എന്തെങ്കിലും ഒക്കെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് മാത്രമേ അവനു സ്നേഹിക്കാന്‍ കഴിയൂ. ഒരു ഉപാധിയും കൂടാതെ സ്നേഹം മാത്രം തിരിച്ചു നല്‍കാന്‍ സ്ത്രീ ജന്മങ്ങള്‍ക്ക് മാത്രമേ സാധിക്കൂ എന്നാണ് എന്റെ എളിയ തോന്നല്‍!

ചിലപ്പോ തെറ്റാകാം. അല്ലെങ്കില്‍ ഒന്നിനുമല്ലാതെ സ്നേഹിക്കുന്ന പുരുഷനെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാവാം.

പണ്യന്‍കുയ്യി said...

mm

poor-me/പാവം-ഞാന്‍ said...

സ്നേഹം ഒരു മഹത്തയ കാര്യമാണ്. സ്നേഹിക്കപ്പെടുക വളരെ വളരെ ഭാഗ്യമുള്ള സംഗതിയും.സ്ത്രീ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു പുരുഷന്‍ ചതിച്ചു കൊണ്ടേയിരിക്കുന്നു ഇതില്‍ എനിക്കു വിശ്വാസമില്ല.നല്ലവരും ചീത്തവരും ഇരുവിഭാഗങളിലും ഉണ്ടാകും...നമ്മുക്കെല്ലാവര്‍ക്കും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യമുണ്ടാകട്ടെ

shajkumar said...

നല്ല നിരീക്ഷണം

Sureshkumar Punjhayil said...

ആത്മാവിലുണരുന്ന മാധവിക്കുട്ടി njangaludeyum pranamangal...!

Manoharam, ashamsakal...!!!

smitha adharsh said...

ഞാനും,ഇവിടെ എത്തിപ്പെടാന്‍ വൈകിപ്പോയി..
ആമിയെന്ന എഴുത്തുകാരിയെ അക്ഷരങ്ങളിലൂടെ അടുത്തറിഞ്ഞപ്പോള്‍ ഒരുപാട് ആരാധന തോന്നി..
പിന്നീടെപ്പൊഴോ,മാധവിക്കുട്ടി എഴുതി നിറച്ച്ചതില്‍ കൂടുതല്‍ അര്‍ത്ഥവത്തായി വേറെ ആര്‍ക്കും എഴുതാന്‍ പറ്റില്ല എന്നൊരു തിരിച്ചറിവ് ഉണ്ടായി..
നല്ല ശക്തമായ ഭാഷയില്‍ നന്നായി എഴുതിയിരിക്കുന്നു..
ഇഷ്ടപ്പെട്ടു..ഒരുപാട്..

anupama said...

Dear Santha,
thanks a lot for your visit n comment in sincerelyyours!
Aami,my favourite writer,my Achan's neighbour,always will be evergreen in teh minds of the readers those who value love.
i have dedicated two posts to Aami.
feeling nice reaching here n keep writing.
have a great day ahead!
sasneham,
anu

Mohamedkutty മുഹമ്മദുകുട്ടി said...

അങ്ങിനെ മറ്റൊരു മാധവിക്കുട്ടിയെ അല്ല കമല്‍ സുരയ്യയെ ഞാനിവിടെ കാണുന്നു.സ്ത്രീ പുരുഷ ബന്ധത്തെ കീറി മുറിച്ച അവലോകനം നന്നായി.ഒരു പക്ഷെ ആ എഴുത്തുകാരിയില്‍ നിന്നു കിട്ടിയ പ്രചോദനമായിരിക്കാം.ഏതായാലും പുരുഷന്മാര്‍ക്കും ജീവിതത്തില്‍ വലിയൊരു പങ്കുണ്ട്,സ്നേഹത്തിലായാലും.അതനുഭവിക്കാന്‍ യോഗം വേണമെന്നു മാത്രം.അപ്പോഴാണ് ഒരു ഉത്തമ കുടുംബ ജീവിതമുണ്ടാവുന്നത്.പിന്നെ എഴുത്തു വല്ലാതെ നീണ്ടു പോയി!

Thabarak Rahman Saahini said...

പരസ്പരം കൊണ്ടും കൊടുത്തും ചിലര്‍ സ്നേഹം പങ്കു വയ്ക്കുന്നു.അതിനെ മംസനിബദ്ധമെന്ന കള്ളിയില്‍ മാത്രം ഒതുക്കാന്‍
കഴിയുമോ. പരസ്പരം കാണുമ്പോള്‍ അവരവര്‍ അവരവരെ മറക്കുകകയും, അവരവരില്‍ നിന്നും അനാഥരാവുകയും ചെയ്യുന്ന എത്രയോ നിമിഷങ്ങളെ നമ്മള്‍ നേരിട്ടിട്ടില്ലേ . സ്നേഹം നിര്‍വചിക്കപ്പെടാത്ത സമസ്യായി ഇപ്പോഴും നിലനില്ക്കുന്നു.
മാധവിക്കുട്ടിയുടെ കഥകളില്‍ സ്നേഹമെന്ന സമസ്യയുടെ ഉത്തരം തേടുന്ന കധാപാത്രങ്ങലാനധികവും. ആ വലിയ എഴുത്തുകാരിയെ
സ്മരിച്ചതിനു നന്ദി .
വീണ്ടും എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
സ്നേഹപൂര്‍വം
താബു
http://thabarakrahman.blogspot.com/

jyo.mds said...

പ്രണയിക്കാന്‍ പ്രായപരിധിയില്ല-സമൂഹം കല്ലെറിഞ്ഞു-


നന്നായിരിക്കുന്നു

ശ്രീ said...

നല്ല പോസ്റ്റ്, ചേച്ചീ.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ചുറ്റുപാടുമുള്ള എല്ലാറ്റിനെയും മറന്ന് പശ്ചാത്തലമില്ലാതെ നിൽക്കുന്ന സ്നേഹം .ഇങ്ങനെ സ്നേഹിക്കാൻ പുരുഷനാവില്ല.
കാരണം സ്നേഹത്തിനു വേണ്ടി ഒന്നും നഷ്ടപ്പെടുത്താൻ പുരുഷൻ തയ്യാറല്ല.പെട്ടെന്നു തന്നെ പിൻവാങ്ങി സാഹചര്യങ്ങളോട് പൊരുത്തപ്പെടുമവൻ.കൈവശം വെക്കാനാഗ്രഹിക്കുന്ന വെറുമൊരിഷ്ടത്തിനപ്പുറം മിക്കവരും പോകില്ല. ആത്മാർത്ഥതയില്ലാത്ത ഈ വികാരമാണ് അശ്ലീലമായിത്തോന്നുന്നത്.അതുകൊണ്ടാണ് പുരുഷനെ സ്നേഹിക്കുന്നത് കുഴപ്പംപിടിച്ച ഏർപ്പാടാണെന്ന് പറയേണ്ടി വരുന്നത്.

ശക്തമായി വിയോജിക്കുന്നു ...

ശാന്ത കാവുമ്പായി said...

രാധ എന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും മാധവിക്കുട്ടിയുടെ സ്നേഹസങ്കൽപങ്ങളുമായി ഒത്തുപോകുന്നതുകൊണ്ടാണ്‌ അവരെ വിശകലനം ചെയ്യാൻ ശ്രമിച്ചത്‌.അത്‌ തെറ്റിപ്പോയി എന്നിപ്പോഴും തോന്നുന്നില്ല.അതിനോട്‌ താങ്കളും കുറെയൊക്കെ യോജിക്കുന്നുണ്ട്‌ എന്നറിഞ്ഞതിൽ സന്തോഷമുണ്ട്‌.
പണ്യൻകുയ്യി വന്നതിലും എങ്ങനെയും വ്യാഖ്യാനിക്കാവുന്ന അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി.
പാവം ഞാൻ വായിച്ചതിൽ സന്തോഷം.പുരുഷൻ ചതിച്ചുകൊണ്ടേയിരിക്കുന്നു എന്ന് ഞാൻ പറഞ്ഞില്ല.സ്നേഹത്തിൽ നിന്നും കൂടുതലും പിന്മാറുന്നത്‌ പുരുഷൻ തന്നെയാണ്‌.
ഷാജ്കുമാർ വായിച്ചതിലും അഭിപ്രായമറിയിച്ചതിലും സന്തോഷിക്കുന്നു.
സുരേഷ്കുമാർ പുഞ്ചയിൽ വിലയേറിയ അഭിപ്രായത്തിനു നന്ദി.
സ്മിത ആദർശ്‌ താങ്കളുടെ അഭിപ്രായത്തിന്‌ ഞാനൊരുപാട്‌ വില കൽപ്പിക്കുന്നു.
അനുപമ സ്നേഹത്തോടെ ആശംസകൾ സ്വീകരിച്ചിരിക്കുന്നു.
മുഹമ്മദ്കുട്ടി വന്നതിൽ നന്ദി.പരസ്പരം ഒഴിവാക്കിക്കൊണ്ടുള്ള ജീവിതം അപൂർണ്ണമെന്നു തന്നെയാണ്‌ ഞാനും വിശ്വസിക്കുന്നത്‌.
താബു വായിച്ചതിലുള്ള നന്ദി അറിയിക്കട്ടെ.മാധവിക്കുട്ടി മാംസനിബദ്ധമായ സ്നേഹം ഒരു പാപമായി കണക്കാക്കുന്നില്ല.ഞാനും.ആ സ്നേഹത്തിന്‌ ഒരാത്മാവ്‌ കൂടി വേണം.സ്നേഹം നിർവചിക്കപ്പെടാത സമസ്യയെന്നതിനോട്‌ ഞാനും യോജിക്കുന്നു.എന്റെ മനസ്സിലുള്ള സ്നേഹസങ്കൽപം വാക്കുകളിലൂടെ വ്യക്തമാക്കാൻ എനിക്കിപ്പേഴും കഴിഞ്ഞിട്ടില്ല.ഒരുതരം മിസ്റ്റിക്‌ തലത്തിലതെത്താറുണ്ട്‌.
ജ്യോ പ്രണയത്തിനു നേരെ എറിയാൻ സമൂഹത്തിന്റെ കൈയിൽ ഇപ്പോഴും ഒരു കല്ലുണ്ട്‌.
നന്ദി ശ്രീ.എന്താ വൈകിയത്‌?

Anonymous said...

മാധവിക്കുട്ടിയെക്കുരിച്ചുള്ള അവലോകനം..വളരെ നന്നായിരിക്കുന്നു..ചേച്ചീ,സ്നേഹമായിരുന്നു അവരുടെ മതം ..ഏകാന്തതകള്‍ മറക്കുവാനായി..പ്രണയങ്ങളില്‍ മുഴുകിയ ഒരു സ്വപ്നാടക.......കോടാനുകോടി ആരാധകരുടെ ഉള്ളില്‍ കനല്‍ കോരിയിട്ടു മറഞ്ഞ നമ്മുടെ സ്വന്തം..ആമി.......ആ ഓര്‍മ്മകളിലേക്ക് വീണ്ടും കൊണ്ട് പോയതിനു നന്ദി......

Unknown said...

വളരെ മനോഹരമായ നിരീക്ഷണം... എനിക്കും ഏറ്റവും പ്രിയപ്പെട്ട ഒരു എഴുത്തുകാരിയായിരുന്നു അവര്‍. അവരുടെ എഴുത്തിലെ തീക്ഷ്ണതയും മനോഹരമായ പ്രണയവും എല്ലാം എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നതായിരുന്നു. എന്നും സ്നേഹം തേടിയലയുന്ന മനുഷ്യ മനസ്സിനെ അവര്‍ അതിന്റെ എല്ലാവിധ മനോഹാരിതയോടും കൂടി വായനക്കാരുടെ മുന്നില്‍ വരച്ചു കാട്ടി. ഇന്ന് കാലം വളരെയധികം മാറിയിരിക്കുന്നു. പുരുഷനും സ്ത്രീയും അവരുടെ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്നു. ഒന്നും മനസ്സിനുള്ളില്‍ മൂടി വെക്കേണ്ട കാര്യമില്ല. ആരോ എഴുതിക്കണ്ടു.. പുരുഷന് നിസ്വാര്തമായി പ്രണയിക്കാന്‍ കഴിയില്ല എന്ന്. എന്‍റെ വ്യക്തിപരമായ അഭിപ്രായം, പുരുഷനായാലും സ്ത്രീകളായാലും രണ്ടു തരത്തിലുമുള്ള ആള്‍ക്കാര്‍ ഉണ്ടെന്നുള്ളതാണ്. അതെല്ലാം ഓരോരുത്തരുടെ ചിന്താഗതികള്‍ പോലെയിരിക്കും. നല്ലതിനെയും ചീത്തയെയും വേര്‍തിരിച്ചരിയുവാനുള്ള വിവേകം ഉണ്ടാവുകയാണ് വേണ്ടത്. ഇന്നുവരെ ഈ ലോകത്ത് പ്രണയിച്ചു മതിയായ ഒരാളെ കാണിച്ചു തരാന്‍ കഴിയുമോ? അതുപോലെ സമ്പത്ത് മതിയായ മനുഷ്യരുണ്ടോ? സാധാരണക്കാരുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്. മനുഷ്യര്‍ക്ക് ഒരിക്കലും ഒന്നും മതിവരില്ല. അതുപോലെ തന്നെയാണ് പ്രണയവും. എന്തൊക്കെയാണെങ്കിലും പുതിയ കാലത്തിനെ പോക്ക് കണ്ടിട്ട് പേടിയാവുന്നു... മാറ്റങ്ങള്‍ നമ്മള്‍ ഉള്‍ക്കൊള്ളണം എന്നറിയാമെങ്കിലും. എന്തായാലും ചതിക്കുഴികള്‍ ആര് തീര്‍ക്കുന്നതായാലും... അത് കണ്ടാല്‍ മനസ്സിലാവാനുള്ള സാമാന്യ ബുദ്ധി പ്രണയം അന്വേഷിക്കുമ്പോള്‍ മനുഷ്യര്‍ക്കുണ്ടാവട്ടെ...

എന്തായാലും മനോഹരമായ എഴുത്ത്... ആശംസകള്‍...

Unknown said...

the article echoes those areas of Amy's interest for which she had been.

Your article on Kamala is quite lengthy .Please try to confine your expression

ചേച്ചിപ്പെണ്ണ്‍ said...

നല്ല നിരീക്ഷണം ടീച്ചര്‍ അമ്മെ

Unknown said...

സത്യ സന്ദമായ വിലയിരുത്തല്‍, ആശംസകള്‍ നേരുന്നു